India

കണ്ണീർപ്പെയ്ത്തിനു നടുവിലേക്ക് സന്തോഷക്കടലായി അവർ ഇരമ്പിയെത്തി. 4 നാൾ മുൻപു കടലിൽ കാണാതായ 4 മത്സ്യത്തൊഴിലാളികൾ സ്വന്തം പരിശ്രമത്താൽ ആശ്വാസതീരമണഞ്ഞതു അദ്ഭുതകരമായ രക്ഷപ്പെടലും അതിജീവനവുമായി. പുല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരാണ് ഇന്നലെ ഉച്ചയോടെ സുരക്ഷിതരായി മടങ്ങിയെത്തിയത്. കേടായ എൻജിനുകളിലൊന്നു പ്രവർത്തനക്ഷമായതാണു രക്ഷയായത്.

ബുധനാഴ്ച ഉച്ചയ്ക്കു കടലിൽ പോയ ഇവർ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ 2 ഔട്ട്ബോർഡ് എൻജിനുകളും കേടാവുകയായിരുന്നു. പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ഇവർ രൂക്ഷമായ കടൽക്ഷോഭത്തിനിടെ പലവട്ടം മരണത്തെ മുഖാമുഖം കണ്ടു. ‘ഒഴുക്കിൽ പെട്ടു വള്ളം കന്യാകുമാരി ഭാഗത്തേക്കു നീങ്ങി. രക്ഷയ്ക്കായി ഞങ്ങൾ നിലവിളിച്ചു. അതിനിടെ നങ്കൂരം പാരുകളിൽ വള്ളം നിന്നു. സമീപത്തു കൂടി കപ്പലുകൾ കടന്നുപോയപ്പോൾ സഹായത്തിനായി അലമുറയിട്ടു. ആരും ഗൗനിച്ചില്ല. ഒരു കൂറ്റൻ ചരക്കു കപ്പൽ വള്ളത്തിനു നേർക്കു വന്നപ്പോൾ പേടിച്ചു. ഭാഗ്യത്തിന് അതു ഗതിമാറി. പക്ഷേ ശക്തമായ തിരമാലകളിൽ വള്ളം പലപ്പോഴും തലകീഴായി മറിയാനാഞ്ഞു. പകുതിയോളം വെള്ളം കയറി.

കനത്ത കാറ്റിൽ വാരിയെല്ലിൽ വള്ളത്തിന്റെ അടിയേറ്റു ലൂയിസ് അതിനിടെ കടലിൽ മുങ്ങി. ഒരു വിധത്തിലാണു തിരികെ നീന്തിക്കയറിയത്. വാരിയെല്ലിനു ഗുരുതരമായ പരുക്കുണ്ട്. കൂട്ടത്തിൽ പ്രായം ചെന്ന യേശുദാസൻ ആകെ അവശനായി. ശ്വാസതടസ്സം നേരിട്ടു. രക്ഷാദൗത്യത്തിന്റെ സൂചനകളൊന്നുമില്ല. എങ്കിലും പ്രാർഥനയോടെ കാത്തു, കരയണയാൻ പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചു. എൻജിൻ അറ്റകുറ്റപ്പണി അൽപം അറിയാവുന്നതു തുണച്ചു. ഇന്നലെ രാവിലെ ഏഴോടെ എൻജിൻ സ്റ്റാർട്ടായി.’– നാലു ദിവസങ്ങളുടെ ദുരിതാനുഭവം മടങ്ങിയെത്തിയവർ പങ്കുവച്ചു.

ഇതിനിടെ, തിരച്ചിൽ നടത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ തീരവാസികൾ പ്രതിഷേധമുയർത്തി. കോസ്റ്റ് ഗാർഡ്-നാവിക സേനാ കപ്പലുകളുൾപ്പെടെയുള്ളവയുടെ തിരച്ചിലിലൊന്നും വള്ളത്തെ കണ്ടെത്താനായില്ലെന്നത് ആക്ഷേപത്തിനിടയാക്കി. ഇതുവഴി പോയ എല്ലാ കപ്പലുകൾക്കും സന്ദേശം കൈമാറിയെന്നുള്ള അധികൃതരുടെ വെളിപ്പെടുത്തലും പൊള്ളയാണെന്നു തെളിയിക്കുന്നതായി രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ.

നാവികസേനയുടെ സഹായത്തിനായി 2 ദിവസമായി തീരദേശവാസികൾ അഭ്യർഥിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ സാന്ത്വനവുമായി ഇന്നലെ രാവിലെ ഇവിടെയെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അതിനിടെ തീരത്തു നിന്നു 10 വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികൾ തന്നെ തങ്ങളുടെ കൂടപ്പിറപ്പുകളെത്തേടി കടലിലിറങ്ങുകപോലും ചെയ്തു.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

Image result for british-oil-tanker-indians-safe-says-authorities

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. കപ്പലിലെ 23 ജീവനക്കാരില്‍ പതിനെട്ടുപേര്‍ ഇന്ത്യക്കാരാണ്. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിന്റെ ഉടമകളായ കമ്പനി അറിയിച്ചു.

പത്തനംതിട്ട∙ കുപ്പിവെള്ളം ലിറ്ററിന് 11 രൂപയ്ക്ക് ഇനി റേഷൻ കടകളിലും ലഭിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. റേഷൻ കടകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായും റേഷൻ വ്യാപാരികൾക്കു വരുമാന വർധനയും ലക്ഷ്യമിട്ടാണ് റേഷൻ ഇതര സാധനങ്ങളും റേഷൻ കടകൾ വഴി വിതരണം െചയ്യുന്നത്. റേഷൻ കടകള്‍ വഴി മറ്റു സാധനങ്ങൾ വിൽക്കുന്നതിനുള്ള തടസം ഒഴിവാക്കിയാണു പുതിയ സർക്കാര്‍ ഉത്തരവ്. സപ്ലൈകോ ശബരി ബ്രാൻഡിന്റെ 23 സാധനങ്ങൾ ഉൾപ്പെടെ ഇനി ലഭിക്കും.

കുപ്പിവെള്ളത്തിന്റെ കാര്യത്തിൽ കൃത്യമായ നിബന്ധനയുണ്ട്. ബിഐഎസ് അംഗീകാരമുള്ള കുപ്പിവെള്ളം മാത്രമേ വിൽക്കാൻ പാടുള്ളു. 11 രൂപ എന്നതു വില വിവരപട്ടികയിൽ ഉൾപ്പെടുത്തണം. സപ്ലൈകോയുടെ ശബരി ഉൽപന്നങ്ങൾ അല്ലാതെ മറ്റൊന്നും വിൽക്കാനും പാടില്ല. വെളിച്ചെണ്ണ, തേയില, വാഷിങ് സോപ്പ്, പുട്ടുപൊടി, അപ്പം പൊടി, കായം, ഉപ്പ് പൊടി തുടങ്ങി 23 ശബരി ബ്രാൻഡുകളാണ് വിൽപനയ്ക്കു വരുന്നത്.

ഇതൊക്കെ എംആർപി വിലയെക്കാൾ താഴ്ന്ന വിലയ്ക്കു നൽകാനാകുമെന്നാണു സർക്കാർ വാദം. റേഷൻ കടകൾ ജിഎസ്ടിയുടെ പരിധിയിൽ വരാത്തതിനാലാണ് ഇത്തരത്തിൽ വില താഴ്ത്തി വിൽക്കാനാകുന്നതത്രെ. 14,336 റേഷൻ കടകളാണു കേരളത്തിലുള്ളത്. തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ നിന്ന് ശബരി സാധനങ്ങൾ വാങ്ങണമെന്നാണ് റേഷൻ കടകൾക്ക് നൽകിയ നിർദേശം.

എന്നാൽ തുവരപരിപ്പ്, കടല, പയർ, വൻപയർ, ചെറുപയർ, ഉഴുന്ന്, വറ്റൽ മുളക്, പഞ്ചസാര, മല്ലിപ്പൊടി തുടങ്ങി മാവേലി സ്റ്റോറുകൾ വഴി വിലകുറച്ച് നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ റേഷൻ കടകൾ വഴി ലഭ്യമാക്കിയാലെ ജനങ്ങൾക്ക് ഇൗ തീരുമാനംകൊണ്ടു ഗുണമുണ്ടാകുവെന്നാണു റേഷൻ കടക്കാരുടെ അഭിപ്രായം. റേഷൻകടകളെ വിലനിയന്ത്രണ വിൽപന കേന്ദ്രമാക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നത്. ഇൗ ലക്ഷ്യത്തിലെത്താൻ വില കുറച്ചു നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്നതാണ് ഉയരുന്ന ആവശ്യം.

ഇറാന്‍ സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുടെ മോചനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കപ്പലില്‍ കുടങ്ങിയ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് കപ്പല്‍ കമ്പനി അറിയിച്ചിരിക്കുന്നത്

സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചുവെന്നാരോപിച്ചാണ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ടാങ്കറിലുള്ളവരുമായി ആശയവിനിമയം നടത്താനോ സാധിക്കുന്നില്ലെന്ന് ടാങ്കർ ഉടമകൾ അറിയിച്ചിരുന്നു.

അതേസമയം, ടാങ്കർ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഇറാന് മുന്നറിയിപ്പ് നൽകി. തെഹ്റാനിലുള്ള ബ്രിട്ടീഷ് സ്ഥാനപതി ഇറാൻ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും ഹണ്ട് അറിയിച്ചു. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതിയ് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്.

കഴിഞ്ഞ ദിവസം ജിബ്രാള്‍ട്ടര്‍ കടലില്‍ നിന്ന് ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണകപ്പൽ ഇറാൻ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി അമേരിക്ക അറിയിച്ചിരുന്നു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്(81) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലേക്ക് വീഴുകയായിരുന്നു.

മൂന്ന് തവണ തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഭരണം നഷ്ടപ്പെട്ടത്. 2014ൽ കേരള ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.

ജനുവരി 2009 ൽ ഷീല ദീക്ഷിത് തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയാവുകയായിരുന്നു (1998 മുതൽ 2013 വരെ). ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല ദീക്ഷിത് എം.എൽ.എ ആയി വിജയിച്ചത്.

2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടതോടുകൂടി 2013 ഡിസംബർ എട്ടാം തിയതി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു.

2014 മാർച്ച് 11-നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യുപിഎ സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് 2014 ഓഗസ്റ്റ് 24ാം ആം തീയതി ഷീലാ ദീക്ഷിത് രാജിവച്ചത്. അഞ്ചു മാസമാണ് അവർ കേരള ഗവർണറായിരുന്നത്.

ഗവർണറായിരുന്ന കാലത്തെ അവരെടുത്ത നിർണായകമായ ഒരു തീരുമാനം, എം.ജി. സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എ.വി. ജോർജിനെ പിരിച്ചുവിട്ടതാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വി.സി യെ ചാൻസലറെന്ന നിലയിൽ ഗവർണർ പിരിച്ചുവിടുന്നത്.

സാങ്കേതിക തരാറിനെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യത്തിന് തുടക്കം കുറിക്കാന്‍ ഇനി രണ്ടു ദിവസം മാത്രം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് പറന്നുയരുക. വിക്ഷേപണം എട്ടുദിവസം വൈകിയാണെങ്കിലും മുന്‍നിശ്ചയിച്ച സെപ്റ്റംബര്‍ ഏഴിനു തന്നെ പേടകം ചന്ദ്രനിലിറങ്ങും

ഭൂമിയെന്ന വാസസ്ഥലം കഴിഞ്ഞാല്‍ മനുഷ്യനില്‍ ഇത്രയധികം കൗതുകമുയര്‍ത്തിയ മറ്റൊരു ഗ്രഹമില്ല. സാഹിത്യങ്ങളില്‍ ചന്ദ്രക്കല പ്രത്യാശയുടെ പ്രതീകമാണ്.മൂന്നൂലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍ അകലയെുള്ള അമ്പിളിമാമന്റെ രഹസ്യങ്ങള്‍ തേടിയുളള യാത്രകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല നീല്‍ ആംസ്ട്രോങും സംഘവും ചന്ദ്രനില്‍ കാലുകുത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ട് രണ്ടുദിവസ,ം കഴിയുമ്പോള്‍ ഭാരതത്തിന്റെ രണ്ടാം ദൗത്യം കുതിച്ചുയരും. കഴിഞ്ഞ ഞായറാഴ്ച പുലര്‍‍ച്ചെ നിശ്ചയിച്ചിരുന്ന വിക്ഷേപണം വിക്ഷേപണ വാഹനമായ ജി.എസ്.എല്‍വി മാര്‍ക്ക് ത്രി റോക്കറ്റില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. റോക്കറ്റിലെ ക്രയോജനിക് എന്‍ജിനിലെ മര്‍ദ്ദം ക്രമീകരിക്കുന്നതിനാണ് ഹീലിയം ഉപയോഗിക്കുന്നത്

പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് എട്ടുദിവസം വൈകിയാണ് വിക്ഷേപണമെങ്കിലും മുന്‍നിശ്ചയിച്ചതനുസരിച്ച് സെപ്റ്റംബര്‍ ഏഴിനു തന്നെ പേടകം ചന്ദ്രനില്‍ ഇറങ്ങും. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യം വച്ചുള്ള ആദ്യ പര്യവേക്ഷണമായതിനാല്‍ ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. ഒരിക്കല്‍ വിക്ഷേപണം മാറ്റിവെയ്ക്കേണ്ടിവന്നതിനാല്‍ അതീവ ജാഗ്രതയിലാണ് എസ്റോ.

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റിനെ ചൊല്ലി ബിഡിജെഎസിൽ ആശയക്കുഴപ്പം. അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്ന നിലപാടിലാണ് ബിഡിജെഎസിലെ ഒരു വിഭാഗം നേതാക്കൾ. എന്നാൽ നേരത്തെ മത്സരിച്ച അരൂ‍ർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി.

ബിഡിജെഎസിന് ഭേദപ്പെട്ട സംഘടനാസംവിധാനമുള്ള മണ്ഡലമാണ് അരൂർ. എന്നാൽ മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങൾ പാർട്ടിക്ക് പ്രതികൂലമാണെന്നാണ് ബിഡിജെഎസിന്‍റെ വിലയിരുത്തല്‍. എസ്എൻഡിപിയുടെ പിന്തുണയില്ലാത്തതുതന്നെയാണ് പ്രധാന കാരണം. അങ്ങനെയെങ്കിൽ അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്നാണ് സംസ്ഥാന കൗൺസിലിൽ വന്ന നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കോന്നി മണ്ഡലത്തിൽ കാര്യമായി വോട്ട് വ‍ർധിച്ചിരുന്നു. സാമുദായിക ഘടകങ്ങൾ അരൂരിനെക്കാൾ അനുകൂലം കോന്നിയിലാണെന്നും ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അടുത്ത ദിവസങ്ങളിൽ ബിജെപിയുമായുള്ള ഉഭയകക്ഷിചർച്ചകളിൽ സീറ്റ് സംബന്ധിച്ച അന്തിമധാരണയുണ്ടാകും. എന്നാൽ അരൂർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകാൻ ബിജെപി ഒരുക്കമല്ല. തുഷാർ തന്നെ മത്സരിക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. വട്ടിയൂർക്കാവ് പോലെ മുതിർന്ന നേതാക്കളെ രംഗത്ത് ഇറക്കാൻ ബിജെപി ലക്ഷ്യമിടുന്ന മണ്ഡലം കൂടിയാണ് കോന്നി.

ചിറിപാഞ്ഞുവന്ന ബസില്‍ നിന്നും തലനാരിഴക്കാണ് കാര്‍ യാത്രികര്‍ രക്ഷപെട്ടത്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ ജീവന് എത്രത്തോളം ഭീഷണിയുണ്ടെന്ന് വ്യക്തമാക്കും വിധമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ഈ വീഡിയോ.

മരണം മുന്നില്‍ കണ്ട നിമിഷത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കാര്‍ യാത്രികരായ ഈ കുടുംബം.മലപ്പുറം തിരൂര്‍-താനൂര്‍ റോഡില്‍ കാര്‍ യാത്രികരായ കുടുംബം എതിര്‍ ദിശയില്‍ പാഞ്ഞുവന്ന ബസില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അമിത വേഗത്തില്‍ വരികയായിരുന്ന ബസ് മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റുകയും ഉടന്‍ ബ്രേക്ക് പിടിക്കുകയും ചെയ്ത ബസ് എതിരെ വന്ന കാറിന് തൊട്ടുമുന്നില്‍ റോഡിന് വിലങ്ങനെ നിന്നു. കാറില്‍ ഇടിക്കാതിരുന്നത് തലനാരിഴക്ക് മാത്രമാണ്.

 

വിവിധ വിഷയങ്ങളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നു.ജൂലൈ 21 ഞായറാഴ്ച  രാത്രി 7 മണിമുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത്. സിപിഎം കേരളയുടെ ഫേസ്ബുക്ക് പേജിലാണ് അറിയിപ്പ് വന്നത്.

L

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിവയ്പ്പില്‍ പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് നടപടി. സംഭവം അസ്വസ്ഥപ്പെടുത്തുന്നതും യോഗി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥ വെളിവാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് നടപടി. തടഞ്ഞു വെച്ചിരിക്കുന്ന ചുനാര്‍ ഗസ്റ്റ് ഹൌസിലും പ്രതിഷേധ ധർണ തുടരുകയാണ് പ്രിയങ്ക ഗാന്ധി. കുടുംബാംഗങ്ങളെ സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക.

ഇതോടെ പ്രിയങ്കയും അനുയായികളും റോഡില്‍ കുത്തിയിരുന്നു.നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് തടഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ബുധനാഴ്ച്ച സോന്‍ഭദ്രയില്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വത്തുതർക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

RECENT POSTS
Copyright © . All rights reserved