യുഎഇയില്‍ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് എ.ജി നൈനാന്റെ മകന് അനില്‍ നൈനാന് (32) ആണ് മരിച്ചത്. തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റാണ് അനിൽ മരിച്ചത്.
അനിലും നീനുവും നാല് വയസുള്ള മകനൊപ്പം ഉമ്മുല്‍ ഖുവൈനിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

അപ്പാര്‍ട്ട്മെന്റിലെ ഇടനാഴിയില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് ബോക്സില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിക്കുകയായിരുന്നു. നീനുവിന്റെ ശരീരത്തിലേക്കാണ് ആദ്യം തീപടര്‍ന്ന്.ഈ സമയം വീടിന്റെ കിടപ്പുമുറിയിലായിരുന്ന അനില്‍, ഭാര്യയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനിലിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.പൊള്ളലേറ്റ ഭാര്യ നീനു ചികിത്സയിലാണെങ്കിലും അപകട നില തരണം ചെയ്തിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചു തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം ഫലംകണ്ടു. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ടെലിക്കോം കമ്പനികള്‍ കുടിശ്ശിക നല്കി തുടങ്ങി. എയർടെൽ 10000 കോടി ഇതിനകം അടച്ചു. വോഡഫോൺ ഐഡിയ കുടിശ്ശിക ഇനത്തില്‍ 2500 കോടി നല്‍കിയിട്ടുണ്ട്. ആകെ 147000 കോടി രൂപ കമ്പനികൾ സർക്കാരിന് അടയ്ക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം കുടിശ്ശിക അടയ്ക്കാനായി ടെലിക്കോം കമ്പനികള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. അതിരൂക്ഷ വിമര്‍ശനമാണ് ടെലികോ കമ്പനികള്‍ക്കെതിരെ കേസ് പരിഗണിക്കവേ സുപ്രീകോടതി നടത്തിയത്. കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച മൊബൈല്‍ കമ്പനികള്‍ക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചു. എജിആര്‍ കുടിശ്ശിക തീര്‍ക്കാത്ത ടെലികോം കമ്പനികളുടെ മേധാവിമാര്‍ക്ക് നോട്ടീസ് അയച്ച കോടതി, കമ്പനി മേധാവിമാരോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. കുടിശ്ശിക അടയ്ക്കാന്‍ കമ്പനികള്‍ക്ക് സാവകാശം നല്കിയ ഉദ്യോഗസ്ഥനും കോടതി നോട്ടീസ് അയച്ചിരുന്നു.
‘ആരാണ് ഈ അസംബന്ധമൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല, ഈ രാജ്യത്ത് ഒരു നിയമവും നിലവില്‍ ഇല്ലേ…, കുടിശ്ശിക തീര്‍ക്കാത്തതിനെ വിമര്‍ശിച്ചു കൊണ്ട് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചതിങ്ങനെയായിരുന്നു. മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍,വോഡാഫോണ്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികളുടെ മേധാവിമാരോട് മാര്‍ച്ച് 17-ന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എജിആര്‍ കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ സമയം നീട്ടി ചോദിച്ച് ജനുവരിയിലാണ് മൊബൈല്‍ സേവനദാതാക്കള്‍ ഹര്‍ജി നല്‍കിയത്. എയര്‍ടെല്‍ – 23000 കോടി, വോഡാഫോണ്‍ – 19823 കോടി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ – 16456 കോടി എന്നിങ്ങനെയാണ് വിവിധ മൊബൈല്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക. എന്തായാലും സുപ്രീംകോടതിയുടെ അന്ത്യശാസനത്തില്‍ നടുങ്ങിയ ടെലിക്കോം കമ്പനികള്‍ കുടിശ്ശികയുമായി വരിവരിയായി എത്തുന്നുണ്ട്.
“കരുണ’ വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ ആഷിഖ് അബു പരിഹസിച്ചു യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. സർക്കാരിനു കൈമാറിയ ചെക്കിലെ തിയതി ചൂണ്ടിക്കാട്ടിയാണു സന്ദീപിന്റെ പരിഹാസം. കരുണ പരിപാടിയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതു സംബന്ധിച്ച വിവരങ്ങൾ ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഫെബ്രുവരി പതിനാലിനു തുക കൈമാറിയെന്നാണു ചെക്കിൽനിന്നു വ്യക്തമാക്കുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണു സന്ദീപ് ആഷിഖിന്റെ വിശദീകരണങ്ങൾ തള്ളുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കഐംഎഫ്) നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയില്ലെന്ന വിവരാവകാശരേഖ സന്ദീപ് വാര്യരാണു പുറത്തുവിട്ടത്.
ആഷിഖ് അബു നൽകിയ വിശദീകരണങ്ങൾക്കു മറുപടിയുമായി ഹൈബി ഈഡൻ എംപി. ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് സംഗീത നിശയെന്ന് റീജണൽ സ്പോർട്സ് സെന്ററിനു നൽകിയ കത്തിൽ വ്യക്തമാണെന്നും രണ്ടുദിവസം മുന്‍പ് മാത്രമാണ് സർക്കാരിന് 6,22,000 രൂപ നൽകിയതെന്നും ഹൈബി ചൂണ്ടിക്കാട്ടി. കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്നും അദ്ദേഹം പരിഹസിച്ചു.
ഹൈബി ഈഡന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ട ആഷിഖ് അബു,
ഒരു സംവിധായകനായ താങ്കൾക്ക് പോലും വിശ്വസനീയമായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയിൽ നടന്നതെന്നാണ് നിങ്ങളുടെ മറുപടി കാണുന്പോൾ മനസിലാവുന്നത്. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്ത് വിട്ട ചെക്കിന്റെ ഡേറ്റ് ആരോപണം വന്നതിന് ശേഷം, അതായത്, 14.2.2020 ആണ്. അതിപ്പോ സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാർക്ക് പുതുമയല്ല. കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി.
കാര്യങ്ങൾ അറിയാതെയല്ല, വ്യക്തമായി അന്വേഷിച്ച് തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആഷിക് മറുപടിയിൽ പറയുന്നത് റീജിയണൽ സ്പോർട്സ് സെന്റർ തങ്ങളുടെ ആവശ്യം “സ്നേഹപൂർവ്വം അംഗീകരിച്ചു’ എന്നാണ്. എന്നാൽ നിങ്ങളുടെ അപേക്ഷ ഞടഇ കൗണ്‍സിൽ പല തവണ നിരാകരിക്കുകയും, അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദത്തെ തുടർന്ന് അനുവദിക്കാൻ തീരുമാനിക്കുകയും, ഈ തീരുമാനം എടുത്ത കൗണ്‍സിലിൽ ഒരു അംഗം ഈ പണം ദുരിതാശ്വാസ നിധിയിൽ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. നിഷേധിക്കുമോ? മാത്രവുമല്ല, ഒക്ടോബർ 16 ന് ബിജിബാൽ ആർഎസ് സി ക്ക് നൽകിയ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ അങ്ങയുടെ വാദം പച്ചക്കള്ളമല്ലേ? കത്തിന്റെ പകർപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നു. മെട്രോയുടെ തൂണുകളിൽ ഇതിന്റെ പരസ്യം സൗജന്യമായി സ്ഥാപിക്കുന്നതിന് പോലും ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദമുണ്ടായി.
പ്രളയം ഉണ്ടായപ്പോൾ രാവും പകലുമില്ലാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട എം.എൽ.എ.യും ഈ സംഗീത നിശ നടക്കുന്പോൾ എം.പി.യുമായിരുന്നു ഞാൻ. പ്രളയാനന്തരം 46 വീടുകൾ സുമനസുകളുടെ സഹായത്തോടെ പൂർത്തീകരിച്ച തണൽ ഭവന പദ്ധതി നടപ്പിലാക്കിയ ഒരു ജനപ്രതിനിധിയാണ് ഞാൻ. ചോരക്കൊതിയന്മാരായ, താങ്കളുടെ പാർട്ടിക്കാർ കൊന്നൊടുക്കിയ കൃപേഷിന്റെയും ശരത് ലാലിന്റെയും ഒന്നാം ഓർമ്മ ദിവസമാണ് നാളെ. കൃപേഷിന്റെ ഒറ്റമുറി വീടിന് പകരം വെറും 41 ദിവസം കൊണ്ട് പുതിയ ഭവനം ഒരുക്കിയതും ഇതേ തണൽ ഭവന പദ്ധതിയാണ്. പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ അടക്കം എറണാകുളത്തെ ജനങ്ങളോടൊപ്പം നിന്ന ഒരു ജനപ്രതിനിധിയാണ് ഞാൻ. ഇതെങ്കിലും ആർക്കെങ്കിലും നിഷേധിക്കാനാകുമോ?? അങ്ങനെയുളള സ്ഥലം എം.പി.യെ ക്ഷണിക്കാത്ത പരിപാടിക്ക് സൗജന്യ പാസിനായി ഞാൻ ആഷിക്കിനോടോ സംഘാടകരിൽ ആരോടെങ്കിലുമോ ഇരന്നിട്ടുണ്ടോ? സൗജന്യ പാസ് ആരോപണം നിങ്ങൾ ഉന്നയിച്ചത് പരിപാടി ദുരിതാശ്വാസ സഹായം സ്വരൂപിക്കുന്നതിനല്ല എന്ന് സമർത്ഥിക്കാനാണല്ലോ? അപ്പോൾ ഈ പരിപാടിക്കായി ആർഎസ് സി സൗജന്യമായി ചോദിച്ചത് ആർഎസ് സി യെ കബളിപ്പിക്കുവാനായിരുന്നോ?
ഞാൻ പറഞ്ഞതിൽ അങ്ങ് മറുപടി പറയാതെ ഒഴിഞ്ഞു മാറിയ ഒരു ചോദ്യമുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് പ്രതിഫലം കൊടുത്തിരുന്നോ? അതോ, അവർക്കും ആർഎസ് സി ക്ക് കൊടുത്തത് പോലെ ഒരു കത്ത് കൊടുക്കുകയായിരുന്നോ? ഇതിന്റെ പാപഭാരത്തിൽ നിന്ന് അവരെയെങ്കിലും ഒഴിവാക്കിക്കൂടെ? മേൽപ്പറത്ത കാര്യങ്ങളെല്ലാം കൂട്ടിയും കിഴിച്ചും നോക്കുന്പോൾ തിരക്കഥ ഒരു പരാജയമാണല്ലോ! ചോദ്യങ്ങൾ ഇനിയും ബാക്കിയാണെങ്കിലും താങ്കൾ ചെക്ക് നൽകിയതിലൂടെ ഒരു ജനപ്രതിനിധിയുടെ കർത്തവ്യം പൂർത്തീകരിക്കാനായി എന്നതിൽ ആത്മാഭിമാനമുണ്ട്. താങ്കൾ നൽകിയ ചെക്കിന്റെ തീയതി മൂന്ന് മാസം മുൻപ് ഉള്ളത് ആയിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ..
സ്നേഹപൂർവ്വം
ഹൈബി ഈഡൻ
കൂടുതൽ അന്വേഷണം നടത്താൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഐജിക്കും കമ്മീഷണർക്കും നിർദേശം നൽകി. താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിനോട് അന്വേഷിക്കാൻ കളക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ അറിയിച്ചു. പരിപാടിയിലൂടെ സംഭരിച്ച തുക സംഘാടകർ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയില്ലെന്നാരോപിച്ച് സന്ദീപ് വാര്യർ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതു തെളിയിക്കുന്നതിനായ് വിവരാവകാശ രേഖയും അദ്ദേഹം പോസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചെക്ക് കൈമാറിയതായി ആരോപണങ്ങൾക്ക് മറുപടിയായി ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാൽ ആരോപണങ്ങൾ ഉയർന്നതിനു ശേഷമാണ് പണം നൽകിയതെന്ന് ചെക്കിന്റെ തിയതി കാട്ടി ഹൈബി ഈഡൻ എംപി രംഗത്തുവന്നതോടെ ഇതു സംബന്ധിച്ച് വീണ്ടും വിവാദങ്ങളുയർന്നു. കൊച്ചിയിൽ കഴിഞ്ഞ നവംബറിൽ സംഘടിപ്പിച്ച കരുണ സംഗീത നിശ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ നടത്തിയ പരിപാടില്ലെന്നായിരുന്നു ആഷിഖിന്റെ നിലപാട്. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ഫേസ്ബുക്കിൽ ആഷിഖ് കുറിച്ചു.
ഫൗണ്ടേഷൻ എന്തു തട്ടിപ്പാണ് നടത്തിയതെന്ന് തെളിയിക്കാൻ ഹൈബിയെ ആഷിഖ് വെല്ലുവിളിക്കുകയും ചെയ്തു. ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേയ്ക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥാനത്തിലാണ് തട്ടിപ്പാണെന്ന് പറയുന്നതെന്നുമാണ് ആഷിഖ് ചോദിക്കുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റയെ പരിഹസിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവ് അജയ് മാക്കാൻ. ഡൽഹി രാജ്യത്തെ ഏറ്റവും സാന്പത്തിക ഭദ്രതയുള്ള സംസ്ഥാനമായി മാറിയെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഡൽഹിയുടെ സാമ്പത്തിക നില മികച്ച പുരോഗതി നേടിയെന്നും ഇതാണ് യഥാർഥ സാന്പത്തിക മാനേജ്മെന്റെന്നും മിലിന്ദ് ദേവ്റ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസ് വിട്ടു പോകാനാണ് താൽപര്യമെങ്കിൽ അതു ചെയ്യു, എന്നിട്ടാകാം ഈ അർധസത്യങ്ങൾ പ്രചരിപ്പിക്കൽ എന്നാണ് ഇതിനു മറുപടിയായി ഡൽഹിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അയജ് മക്കൻ പറഞ്ഞത്. ഷീല ദീക്ഷിത് മന്ത്രിസഭയിൽ അംഗമായിരുന്നു അജയ് മാക്കൻ. മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന്റെ യുവശബ്ദമാണ് മിലിന്ദ് ദേവ്റ. നിലവിൽ മുംബൈ റീജനൽ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റാണ്.
റോസ്മല വനം കാണാനെത്തി വനത്തിനുള്ളിൽ കാണാതായ യുവാവിനെ കണ്ടു കിട്ടി. കോട്ടയം പുതുപ്പള്ളി കൊച്ചുപാറയിൽ വീട്ടിൽ സുമേഷിനെ(22)യാണ് പോലീസും വനപാലകസംഘവും ചേർന്ന് രാവിലെ തെന്മല പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സുഹൃത്ത് അജേഷിനൊപ്പം ഇരുവരും ബൈക്കിൽ റോസ്മല മേഖലയിലെത്തിയത്. വന യാത്രയ്ക്കിടയിൽ ഉൾവനത്തിൽവച്ച് കാട്ടുപോത്തിനെ കണ്ട് ഇരുവരും ഭയന്നോടി. ഇതിനിടയിൽ സുമേഷ് വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഇയാൾ വിവരം മൊബൈൽ ഫോണിൽ പോലീസിലറിയിക്കുകയും ലൊക്കേഷനും മറ്റും വെളിപ്പെടുത്തുകയും ചെയ്തു.
പിന്നീട് മൊബൈൽ ഫോണിന്റെ ചാർജ് തീർന്നതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനായില്ല. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനമേഖലയിലെത്തി രാത്രി വൈകിയും പോലീസും വനപാലകരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് സുമേഷിനെ കണ്ടെത്തിയത്. സുമേഷ് രാത്രി മുഴുവനും മരത്തിന് മുകളിൽ കഴിച്ചുകൂട്ടിയതായാണ് വിവരം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തുന്ന ഒരുക്കങ്ങള്‍ ഇന്ത്യയുടെ അടിമ മനോഭാവമാണ് കാണിക്കുന്നതെന്ന് ശിവസേന. പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗത്തിലാണ് ഗുജറാത്ത് സര്‍ക്കാരിനെയും മോദിയേയും പത്രം രൂക്ഷമായി വിമര്‍ശിച്ചത്.
ചക്രവര്‍ത്തി സാമന്ത രാജ്യം സന്ദര്‍ശിക്കുന്നതുപോലെയാണ് ട്രംപിന്റെ വരവിന് മുന്നോടിയായുള്ള ഒരുക്കങ്ങളെന്ന് പത്രം കുറ്റപ്പെടുത്തി.
ട്രംപിന്റെ വാഹന വ്യൂഹം കടുന്നുപോകുന്ന സ്ഥലങ്ങളിലെ ചേരി പ്രദേശങ്ങള്‍ മതിലുകെട്ടി മറക്കുന്നതിനെയും പത്രം രൂക്ഷമായി വിമര്‍ശിച്ചു. ഇങ്ങനെ ചെയ്തതുകൊണ്ട് ഇന്ത്യന്‍ രൂപയുടെ മുല്യം വര്‍ധിക്കുകയോ, അല്ലെങ്കില്‍ ചേരികളിലെ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുകയോ ചെയ്യുകയോ ഇല്ലെന്നും മുഖപത്രമായ സാമ്ന ചൂണ്ടിക്കാട്ടി.
‘ സ്വതന്ത്ര്യത്തിന് മുമ്പ് ബ്രീട്ടിഷ് രാജ്ഞി കൊളനി രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. നികുതി ദായകരുടെ പണം ഉപയോഗിച്ച് ഇപ്പോള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്നത്തെ മനോഭാവത്തെയാണ് ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്. ‘ ട്രംപ് എന്നത് ലോകത്തെ കുറിച്ച് ധാരണയോ വിവേകമോ ഉള്ള ആളല്ല. അതേസമയം അമേരിക്കയുടെ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട് എന്നാല്‍ ഇപ്പോഴുള്ളത് അടിമ മനോഭാവമാണെന്നും പത്രം കുറ്റപ്പെടുത്തി. ട്രംപും മോദിയും തമ്മിലുള്ള രാഷ്ട്രീയ ഇടപെടുകളാണ് ഇപ്പോൾ നടക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തി വലിയ വിഭാഗം ഗുജറാത്തികൾ അമേരിക്കയിൽ കഴിയുന്നുണ്ട്. അവരെ അവിടുത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനിക്കാനാണ് ഇപ്പോൾ ഈ പരിപാടി സംഘടിപ്പിക്കുന്നെതെന്നും ശിവസേന മുഖപത്രം വിമർശിച്ചു.
ട്രംപിന്റെ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനത്തിന് വേണ്ടിയാണ് 100 കോടി ചെലവഴിച്ച് മതിലു പണിയുന്നതെന്നും പത്രം കുറ്റപ്പെടുത്തി.ഈ മാസം 24 നാണ് ട്രംപ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ട്രംപ് പിന്നീട് പ്രധാനമന്ത്രി മോദിയോടൊപ്പം റോഡ് ഷോയും നടത്തും. മോടെറയിൽ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യും. ഒരു ലക്ഷത്തിലേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നമസ്തെ ട്രംപ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
അതിനിടെ ചേരികള്‍ കാണാതിരിക്കാന്‍ മതിലുകള്‍ പണിയുന്നത് ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായല്ലെന്ന് വിശദീകരണവുമായി അഹമ്മദ്ബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന് രംഗത്തെത്തി. സന്ദര്‍ശന പരിപാടികൾ ആലോചിക്കും മുമ്പ് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നതായും മുന്‍സിപ്പല്‍ കോര്പ്പറേഷന് വ്യക്തമാക്കി. ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാര്‍ ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന
കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടിത്തിനിടയില്‍ കണ്ടെത്തി. ഒന്നരവയസ്സ് മാത്രമേ കുഞ്ഞിന് പ്രായമുള്ളൂ. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. കണ്ണൂര്‍ തയ്യില്‍ കടപ്പുറം റോഡില്‍ കടല്‍ഭിത്തിക്ക് സമീപമാണ് സംഭവം.
പ്രണവ്-ശരണ്യ ദമ്പതികളുടെ മകനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. രാത്രി ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാനില്ലായിരുന്നു. സംഭവത്തില്‍ ബന്ധുക്കളെയും നാട്ടുകാരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
ബിജോ തോമസ് അടവിച്ചിറ
പുളിങ്കുന്നു താലൂക്ക് ആശുപത്രി നവീകരണത്തിനായി പുളിങ്കുന്ന് സെന്റ്. മേരിസ് ഫൊറോനാ പള്ളി രണ്ടേക്കർ സ്ഥലം സൗജനമായി നൽകി. ഏതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറി. കഴിഞ്ഞ കേരളം ബഡ്ജറ്റിൽ പുളിങ്കുന്ന് ആശുപത്രി നവീകരണത്തിനായി 150 കോടി രൂപ അനുവദിച്ചിരുന്നു. ഈ പണം ഉപയോഗിച്ചുള്ള വികസന പ്രവർത്തങ്ങൾക്കായി ആണ് പള്ളികമ്മറ്റി അടിയന്തരയോഗം വിളിച്ചു സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചത്.
വർഷങ്ങൾക്കു മുൻപ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പള്ളി കുറച്ചു സ്ഥലം കണ്ണാടി മങ്കൊമ്പു റോഡ് സൈഡിൽ നൽകിയിരുന്നു.ഇപ്പോൾ അതിനോട് ചേർന്ന് കിടക്കുന്ന രണ്ടര ഏക്കറോളം സ്ഥലമാണ് പള്ളി കുട്ടനാട്ടിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പൊതു ആവിശ്യത്തിനായി വിട്ടു നൽകിയിരിക്കുന്നത്.
മുൻപ് 1956ൽ പള്ളി നൽകിയ സ്ഥലത്തു ആശുപത്രിയുടെ നവീകരണ അനുമതിക്കായി പഞ്ചായത്തിൽ സമീപിച്ചപ്പോൾ ആണ് രേഖകൾ ഹാജരാക്കാനും രേഖകൾ പള്ളിയുടെ കൈവശം ആണെന്നും അറിഞ്ഞത്. തുടർന്ന് ആശുപത്രി സൂപ്രണ്ട് പള്ളിക്ക് കത്തുനല്‍കി. പള്ളി വികാരിയുടെ നേത്രത്തിൽ പള്ളികമ്മറ്റി അടിയന്തരം യോഗം കൂടി എടുത്ത സുപ്രധാന തീരുമാനമാണ്. അന്ന് നൽകിയ സ്ഥലത്തിനൊപ്പം കിടക്കുന്ന പള്ളി വക സ്ഥലത്തിൽ നിന്നും രണ്ടേക്കർ കൂടി നല്കാൻ തീരുമാനം എടുക്കുകയായിരുന്നു.സഭയുടെ അംഗീകാരത്തിനായി പള്ളി വികാരി ഫാദർ മാത്യു ചൂരവടി ആർച്ച് ബിഷപ് മാർ ജോസഫ് പെരുത്തൊട്ടത്തിന്റെ അനുമതി വാങ്ങിയിരുന്നു
ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ തലയെടുപ്പോടെ പമ്പയാറിന്റെ തീരത്തു സ്ഥിതി ചെയുന്ന പുളിങ്കുന്ന് വലിയ പള്ളി പഴമയുടെ പെരുമയുമായി ഇന്ത്യൻ സിനിമയിലെ പല ഭാഷ ചിത്രങ്ങളിലൂടെ രാജ്യമൊട്ടാകെ പ്രസിദ്ധമാണ്. അതോടൊപ്പം പ്രാത്ഥനയുടെയും സ്നേഹത്തിന്റെ മാനവികതയുടെ പ്രതീകമായി നാനാജാതി മതസ്ഥർ കാണുന്ന വലിയപള്ളിയിൽ നിന്നും നാട്ടുകാരുടെ നന്മ്മയ്ക്കായ് സ്ഥലം വിട്ടുനൽകിയതിലൂടെ ജനഹൃദയങ്ങളിലേക്ക് ഒരു പടികൂടി ഇറങ്ങിച്ചെന്നിരിക്കുകയാണ്
തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ചിത്രീകരണം മുടങ്ങിയ വെയില് ചിത്രത്തിന്റെ നിര്‍മാതാവിനോട് നടന് ഷെയ്ന് നിഗം. ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന് നിഗം കത്തയച്ചു. വെയില് സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന് പറഞ്ഞു.
പ്രോഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോര്‍ജ് മറുപടി നല്കി. നിലവില്‍ നല്കിയ 24 ലക്ഷം രൂപയ്ക്ക് അഭനയിക്കാം. കരാര്‍ പ്രകാരമുള്ള 40 രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന് കത്തിലൂടെ അറിയിച്ചു.
അമ്മയുമായി ചര്‍ച്ച നടത്തിയ പ്രോഡ്യൂസേഴ്സ് അസോസിയേഷന് കടുത്ത നിലപാടുകളാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. തുടര്‍ന്ന് അമ്മയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ആറ്റിങ്ങലിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആറ്റിങ്ങൽ കടുവയിൽ സ്വദേശികളായ സന്തോഷും ശാന്തികൃഷ്ണയുമാണ് മരിച്ചത്. കൊലപാതത്തിന്റെ കാരണം വ്യക്തമല്ല. മറ്റ് കുറിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് അയൽവാസികളുടെ മൊഴി കിട്ടിയതായി പൊലീസ് പറഞ്ഞു. ഇത് ഇരുവീട്ടിലും പ്രശ്നമായപ്പോൾ റസിഡൻസ് അസോസിയേഷൻ ഇടപെട്ടിരുന്നു. സംഭവത്തില്‍ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സന്തോഷും ശാന്തികൃഷ്ണയും അയൽവാസികളാണ്. ശാന്തികൃഷ്ണയുടെ ഭർത്താവ് വിദേശത്താണ്. രണ്ട് മക്കളും പഠിക്കാൻ പോയിരുന്ന സമയത്താണ് സന്തോഷ് ശാന്തികൃഷ്ണയുടെ വീട്ടിലെത്തിയത്. സന്തോഷിന്റെ ഭാര്യയും കുട്ടികളും ബന്ധുവിട്ടീൽ പോയിരുന്നു. ശാന്തികൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സന്തോഷ് പുതുതായി നിർമ്മിക്കുന്ന വീട്ടിൽ തൂങ്ങി മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.