കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോരിറ്റി ഉദ്ഘാടനച്ചടങ്ങിലാണ് നിലവിളക്ക് കൊളുത്തുന്നതിനെ ആചാരപരമാക്കാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എതിർത്തത്. ഉദ്ഘാടനത്തിന്റെ ഭാഗമായാണ് നിലവിളക്ക് കൊളുത്തുന്നത് എന്നിരിക്കെ അവതാരക എല്ലാവരോടും എഴുന്നേറ്റു നിൽക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. തിരിഞ്ഞു നിന്ന് ‘അനാവശ്യ അനൗൺസ്മെന്റൊന്നും വേണ്ട’ എന്നദ്ദേഹം അവതാരകയോട് പറഞ്ഞു. തുടർന്ന് സദസ്സിലുള്ളവരോട് എഴുന്നേൽക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനവും നിർവ്വഹിച്ചു.
നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരത്തിന്റെ ഭാഗമാണെന്നും അത് ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിക്കരുതെന്നുമുള്ള വാദഗതികൾ നേരത്തെ ഉയർന്നു വന്നിരുന്നതാണ്. എന്നാൽ നിലവിളക്ക് ഏതെങ്കിലും മതത്തിന്റേതല്ലെന്ന നിലപാട് സ്വീകരിച്ചവർ തുടർന്നും ചടങ്ങുകളിൽ അവ കൊളുത്തുന്നതിനോട് വിമുഖത കാട്ടിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും നിലവിളക്ക് കൊളുത്തുന്നതിൽ ഇതുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.
മാഫിയ എന്ന ആക്ഷേപത്തിന് അർഹരാകേണ്ടവരല്ല റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ചിലരുടെ പ്രവർത്തനത്തിന്റെ പേരിലാണ് ഒരു മേഖല ആകമാനം ഈ ആക്ഷേപം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിലെ വലിയൊരു വിഭാഗം അനുഭവ സമ്പത്തും വിശ്വാസ്യതയുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു. റോയി വധക്കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്
കേസിൽ നാല് പ്രതികളാണ് ഉള്ളത്. റോയിയുടെ ഭാര്യയായിരുന്ന ജോളിയാണ് ഒന്നാം പ്രതി, എം.എസ് മാത്യു, പ്രജികുമാർ, മനോജ് എന്നിവരും കേസിലെ പ്രതികളാണ്. കൊലപാതകം, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 266 സാക്ഷികളേയും കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കും. 322 രേഖകളാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ചത്.
കേസിൽ ഡി.എൻ.എ ടെസ്റ്റിെൻറ ആവശ്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ പറഞ്ഞു. േജാളിക്ക് വേണ്ടി വ്യാജരേഖ ചമച്ചതും വിൽപത്രത്തിൽ ഒപ്പിട്ടതും മനോജാണ്. വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിൽ പിന്നീട് നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യൻസർ എന്ന മഹാവ്യാധി നേരിടുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവൻ. രോഗം പിടിമുറുക്കുമ്പോഴും അതിനെ ഉറച്ച മനക്കരുത്തുമായി നേരിടുകയാണ് നന്ദു. താനെ രോഗ വിവരത്തെ കൂട്ടുകാരുമായും പങ്കുവെക്കുന്ന സ്വഭാവവും നന്ദുവിനെ വേറിട്ടതാക്കുന്നു. ഒരു രോഗത്തിനും നന്ദുവിന്റെ മനോശക്തിയെ തകർക്കാൻ സാധിക്കില്ല എന്ന അറിവ് മറ്റു രോഗികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. രോഗ വിവരത്തിനൊപ്പം കൂട്ടുകാരന്റെ വിശേഷവും കുറിക്കുന്നു നന്ദു… കുറിപ്പ് വായിക്കാം
ചങ്കുകളേ..
നാളെ എന്റെ രണ്ടാമത്തെ കീമോ തുടങ്ങുകയാണ്..!!
ഞാനും ട്യൂമറും സ്‌ട്രോങ് ആയതിനാല്‍ മരുന്ന് കുറച്ചു കൂടി സ്‌ട്രോങ് ആക്കിയിട്ടുണ്ട്..!!
വേദനകള്‍ക്കിടയിലും മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവയ്ക്കാനുണ്ട്..!!
എന്റെ പ്രിയ സുഹൃത്ത് വിജയകരമായ അവന്റെ സംരംഭത്തിന്റെ അടുത്ത ഘട്ടം എന്റെ കൈകൊണ്ട് തന്നെ തുടങ്ങണം എന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ശരിക്കും എന്റെ കണ്ണു നിറഞ്ഞു..!!
Royale Impero Clothing Co. എന്ന അവന്റെ Clothing ബ്രാന്‍ഡിന്റെ ഇകൊമേഴ്‌സ് വെബ് സൈറ്റിന്റെ തുടക്കമാണ്..
നമുക്ക് നല്ലൊരു സെലിബ്രിറ്റിയെ കൊണ്ട് തുടങ്ങി വയ്ക്കാം എന്നു പറഞ്ഞപ്പോള്‍ അവന്‍ പറയുകയാണ് എനിക്ക് നിന്നെക്കാള്‍ വലിയ വേറെ ആരെയാടാ കിട്ടുക എന്ന്..
എന്നെ അറിയുന്നവര്‍ക്കെല്ലാം അവനെ അറിയുമായിരിക്കും..
കാരണം അര്‍ജ്ജുനന് കൃഷ്ണന്‍ എന്ന പോലെയാണ് എനിക്ക് അവന്‍..
ഞാന്‍ എവിടെയൊക്കെ പോകണമെന്ന് പറഞ്ഞാലും എന്നെ കൊണ്ട് പോകുന്ന എന്റെ തേരാളിയാണ് പ്രിയ കൂട്ടുകാരന്‍ ശ്രീരാഗ് Shree Rakh !!
ഞാനുള്‍പ്പെടെ പ്രഭു ജസ്റ്റിന്‍ വിഷ്ണു അതിജീവനത്തിലെ ഞങ്ങള്‍ നാല് ചങ്കുകള്‍ക്ക് ഒന്നു കറങ്ങണം എന്നു പറഞ്ഞപ്പോള്‍ ഞങ്ങളെയും കൊണ്ട് മൂവായിരത്തില്‍ അധികം കിലോമീറ്റര്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പൊന്നുപോലെ ഞങ്ങളെയും കൊണ്ടു നടന്നവന്‍ !!
ഞങ്ങള്‍ മൂന്നുപേര്‍ കാലുകള്‍ നഷ്ടപ്പെട്ടവര്‍ ആണ്..
വിഷ്ണുവിന് ബ്ലഡ് ക്യാന്‍സര്‍ ആയിരുന്നു..
ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയത് അവനാണ് !!
അവന്റെ കണ്ണ് നിറയുന്നതും അസ്വസ്ഥനാകുന്നതും ഞാന്‍ കണ്ടിട്ടുള്ളത് എനിക്ക് വയ്യാതെ ആകുമ്പോള്‍ മാത്രമാണ്..
അത്രയ്ക്ക് ഉയിരാണ് അവനെന്നോടുള്ള സ്‌നേഹം !!
എനിക്ക് 2 ദിവസമേ ആയുസ്സുള്ളൂ എന്ന് ഡോക്ടര്‍ അവനോട് പറഞ്ഞപ്പോള്‍ അവന്‍ ഡോക്ടറോട് പറഞ്ഞത് രണ്ട് ദിവസമല്ല രണ്ട് മണിക്കൂര്‍ ഡോക്ടര്‍ പറഞ്ഞാലും കാര്യമില്ല അവന്‍ തിരികെ വരും എന്നാണ്..!!
ഇത് തുടങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ അവനോട് ഞാന്‍ ഒരേ ഒരു ആവശ്യമാണ് പറഞ്ഞത്..
എന്തെങ്കിലും ഒരു നന്മയുള്ള പ്രവര്‍ത്തനത്തോടെ ഇത് ആരംഭിക്കണം എന്ന്..
അപ്പോള്‍ തന്നെ നൂറോളം ടീഷര്‍ട്ട് എന്നെ ഏല്പിച്ചിട്ട് കഷ്ടത അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പറഞ്ഞു..!!
ആ ടീഷര്‍ട്ടുകള്‍ സായീഗ്രാമത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതിനായി കൈവശം ഉണ്ടെന്ന് സയീഗ്രാമം ഡയറക്ടര്‍ ഈശ്വരതുല്യനായ K.N. Anandkumar സര്‍ നെ ഈ അവസരത്തില്‍ അറിയിക്കുന്നു..
അവന്റെ ഈ സംരംഭത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ..!!
ഇനിയും ഒരുപാട് പേര്‍ക്കും തൊഴിലും തണലും ആകുന്ന ഒരു പ്രസ്ഥാനമായി ഇത് വളരാന്‍ പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം !!
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതിന്റെ ക്യാപ്ഷന്‍ ആണ്..
‘ Only For The Few
Who Dare To Live
Their Dreams ‘
അതേ ജീവിതം പൊരുതുവാന്‍ ധൈര്യമുള്ളവര്‍ക്ക് ഉള്ളതാണ്..
അങ്ങനെയുള്ളവര്‍ തന്നെയാണ് ലോകത്തെ സ്വാധീനിക്കുക !!
ഈ ഓണ്‍ലൈന്‍ വെബ്‌സൈറ്റിന്റെ ഉല്‍ഘാടനം ഓണ്‍ലൈനായി തന്നെ പ്രഖ്യാപിക്കുന്നു !!
ഇതിന് എനിക്ക് കിട്ടുന്ന പ്രതിഫലമാണ് ആ കുട്ടികള്‍ക്ക് കിട്ടുന്ന ടീ ഷര്‍ട്ട് !!
ഒപ്പം അവരുടെ പ്രാര്‍ത്ഥനകളും…!
നന്മകള്‍ പൂക്കട്ടെ…
നന്മയുള്ളവര്‍ വളരട്ടെ..!!
www.royaleimpero.com
സമൂഹത്തില്‍ പ്രകാശം പകര്‍ന്നുകൊണ്ട് തുടങ്ങിയ ഈ സംരംഭത്തിന് പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളും ആശംസകളും മാത്രം മതി !!
സ്‌നേഹപൂര്‍വ്വം ??
ഞാന്‍ ഉഷാറാണ് ട്ടോ..
രണ്ടാം ഘട്ട യുദ്ധം നാളെ തുടങ്ങും..!!
https://www.facebook.com/nandussmahadeva/posts/2696872667061860
പുതുവത്സരത്തില്‍ ‘ഷൈലോക്ക്’ന്റെ രണ്ടാം ടീസറുമായി മമ്മൂട്ടി. മാസ്റ്റര്‍ പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ആദ്യ ടീസര്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തിയിരുന്നു.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ‘തിയാമേ’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരും മമ്മൂട്ടിയുമാണ് ടീസറിന്റെ ഹൈലൈറ്റ്.ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് സംയുക്ത പ്രതിഷേധ റാലി. പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി മറൈന്‍ ഡ്രൈവില്‍ നടക്കും.
വൈകിട്ട് മൂന്ന് മണിയോടെ നെഹ്‌റു സ്റ്റേഡിയം പരിസരത്ത് നിന്ന് തുടങ്ങുന്ന ചെറുജാഥകള്‍ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. മുസ്ലീം സംഘടന നേതാക്കളും, മതനേതാക്കളുമടക്കം നിരവധി പേരാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.
ഇന്‍ഡോര്‍: ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ ഫാം ഹൗസിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യ. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മധ്യപ്രദേശ് ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് സംഭവം.
പ്രമുഖ ബിസിനസ് കുടുംബാംഗങ്ങളായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് തകര്‍ന്നു വീണതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ധര്‍മ്മരാജ് മീന പറഞ്ഞു.
ലിഫ്റ്റ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് ഓടികൂടിയവര്‍ പരിക്കേറ്റവരെ പുറത്തെടുത്ത് സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിധി അഗര്‍വാള്‍(40) എന്ന ബന്ധു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കവിയൂരിലെ കൂട്ടമരണകേസ് അന്വേഷണത്തില്‍ സിബിഐക്ക് വീണ്ടും തിരിച്ചടി. മരണം ആത്മഹത്യയാണെന്ന സി.ബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് നാലാമത്തെ റിപ്പോര്‍ട്ടാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുന്നത്.
2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയേയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. മരിച്ചതില്‍ ഒരു പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമമാണ് കുടംബത്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാത്രമല്ല, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ക്ക് താമസസൗകര്യം നല്‍കിയത് പുറംലോകം അറിഞ്ഞതിലുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. എന്നാല്‍, ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സി.ബി.ഐയുടെ ആദ്യ മൂന്ന് റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപ്പോര്‍ട്ട്. സി.ബി.ഐയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹര്‍ജി.
നികുതി വെട്ടിക്കുന്നതിനായി പുതുച്ചേരിയിൽ വാഹന രജിസ്‌ട്രേഷന്‍ നടത്തിയെന്ന കേസിൽ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് സുരേഷ് ഗോപി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും സ്ഥിരീകരിക്കുന്നത്.
കാറിന്റെ പുതുച്ചേരി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ റജിസ്ട്രേഷന്‍ ചെയ്തതെന്നതിനായി വ്യാജ മേല്‍വിലാസവും സീലും ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കും
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാൻ പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍, ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് കണ്ടെത്തല്‍. 2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.
കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട നടന്‍ ഫഹദ് ഫാസില്‍ പിഴത്തുക ഒടുക്കി കേസ് ഒത്തുതീര്‍ത്തിരുന്നു.
ആഘോഷത്തിമിർപ്പിൽ 2020നെ വരവേറ്റ് കൊച്ചിയും. പതിവുപോലെ ഫോർട്ട്‌കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ ആയിരങ്ങൾ ഒത്തുചേർന്നു. ഹരിത പ്രോട്ടോകോൾ പാലിച്ച് ഒരുക്കിയ പച്ച പാപ്പാഞ്ഞി പുതുവർഷം പിറന്നപ്പോൾ കത്തിയമർന്നു
കിടുവാണ് പൊളിയാണ് അന്ന്യായമാണ്. പാട്ടിനൊപ്പം ചടുലനൃത്തമാടിയ ആയിരങ്ങൾക്ക് പറയാൻ മറിച്ചൊന്നുമില്ലായിരുന്നു …വൈകീട്ട് അഞ്ചുമണി മുതലങ്ങോട്ട് മിനിറ്റ് വച്ചാണ് ഫോർട്ട് കൊച്ചിയിലെ കാർണിവൽ മൈതാനം ജനങ്ങളാൽ നിറഞ്ഞത്.
മൈതാനത്തോട് ചേർന്നാണ് 50 അടിയോളം ഉയരത്തിൽ പപ്പാഞ്ഞിയെ ഒരുക്കിയത്. ഹരിത പ്രോട്ടോകോൾ പാലിച്ഛ് പച്ചയുടുപ്പും പച്ച പാന്റുംമൊക്കെയണിഞ്ഞാണ് പപ്പാഞ്ഞി തലയുയർത്തി നിന്നത്. വന്നവരെല്ലാം പപ്പാഞ്ഞിയെ കണ്ട് വണങ്ങി, സെൽഫിയെടുത്തു, രാത്രിയോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ളവർ ഫോർട്ട് കൊച്ചിയിലെത്തി. ഒരു ദശാബ്ദത്തിന് അന്ത്യം കുറിച്ച് 2020 പിറന്നു ..പപ്പാഞ്ഞി എരിഞ്ഞടങ്ങി
സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിനിമാ മേഖലയിലെ പല നടീ നടന്മാരും അപ്രഖ്യാപിത വിലക്കിന് ഇരയാകുന്നു. ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ലോബികളാണ്. ആര് അഭിനയിക്കണം ആര് അഭിനയിക്കരുതെന്ന് തീരുമാനിക്കുന്നത് ഇവരാണെന്നും, പ്രമുഖരായ പല നടീ നടന്മാരും ഇപ്പോഴും വിലക്ക് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സിനിമ ലൊക്കേഷനുകളില്‍ മദ്യം-മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ പരാതി പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്നും, ശക്തമായ നിയമത്തിലൂടെ മാത്രമേ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളുവെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനൊപ്പം ഓഡിയോ വീഡിയോ പതിപ്പുകളും സമര്‍പ്പിച്ചിട്ടുണ്ട്.