India

ബെംഗളൂരു: കർണാടകയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 20 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ രണ്ട് മലയാളികളും ഉണ്ട്. പെരുമ്പാവൂർ സ്വദേശി സിദ്ദീഖ് (50) ഭാര്യ റെജീന (48) എന്നിവരാണ് മരിച്ചത്.

ചിക്കബല്ലാപുര ജില്ലയിലെ മുരുഗമലയ്ക്ക് സമീപം ചിന്താമണിയിലാണ് അപകടമുണ്ടായത്. ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന മിനി വാന്‍ പിൻവശം മൂടി ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കുകയായിരുന്നു. സ്വകാര്യ ബസുമായാണ് വാന്‍ കൂട്ടിയിടിച്ചത്.

മുരുഗമല്ലയിലെ ദർഗയിലേക്ക് തീർഥാടനത്തിന് പോയതായിരുന്നു സിദ്ദീഖും റെജീനയും. മുരുഗമല്ലയിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസ് എന്ന സ്വകാര്യ ബസ്, ചിന്താമണിയിൽനിന്നും മുരുഗമല്ലയിലെ ദർഗയിലേക്ക് തീർഥാടനത്തിന് പോവുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ടാറ്റ ഏയ്സ് മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ അനുസരിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇന്ത്യന്‍ ബജറ്റ് അവതരിപ്പിച്ച ഏക വനിതാ ധനകാര്യമന്ത്രി. 1970 ഫെബ്രുവരി 28നാണ് ഇന്ദിര കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഇനി മുതല്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍.

നിര്‍മ്മലയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ വ്യത്യസ്തമാണ്. സാമ്പത്തിക സ്ഥിതി ഗണ്യമായി മാറി, മുന്‍ഗണനകള്‍ മാറി. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇപ്പോള്‍ പ്രതിബദ്ധതകളാണ്, വോട്ടര്‍മാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുപോകുന്നതുവരെ ലക്ഷ്യം മാറി.
കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. പ്രളയാനന്തര പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതാണ് പ്രധാന ആവശ്യം. കർഷകരുടെ കടം എ‍ഴുതിത്തള്ളണം, റബ്ബറിന്‍റെ താങ്ങുവില ഉയർത്തണം, കേരളത്തിന് എയിംസ് അനുവദിക്കണം എന്നിവയും സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമാന്ദ്യവും ഗൾഫിൽ നിന്നുള്ള പണം കേരളത്തിലെയ്ക്ക് എത്തുന്നത് കുറഞ്ഞതും സംസ്ഥാനത്തിന്‍റെ സമ്പത്ത്ഘടനയെ സാരമായി ബാധിച്ചു. ഒപ്പം പ്രളയം വിതച്ച ദുരിതവും. ഈ സാഹചര്യത്തിലാണ് പ്രളയ പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തിന്‍റെ മുന്നിൽ വച്ചിരിക്കുന്നത്. നിലവിലെ മൂന്ന് ശതമാനം എന്ന വായ്പാ പരിധി നാലര ശതമാനമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.

കർഷകരുടെ കടങ്ങൾ എ‍ഴുതിത്തള്ളുക, റബ്ബറിന്‍റെ താങ്ങുവില ഉയർത്തുക, കാർഷിക മേഖലയ്ക്ക് കൂടുതൽ വായ്പ അനുവദിക്കുക എന്നിവയാണ് കാർഷികമേഖലയിൽ സംസ്ഥാനം ആവശ്യപ്പെടുന്നത്. കോഴിക്കോട് 200 ഏക്കര്‍ സംസ്ഥാനം കണ്ടെത്തിയ സാഹചര്യത്തില്‍ ഇത്തവണയെങ്കിലും എയിംസ് അനുവദിക്കണം, നിപ്പ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാന്‍ തുക അനുവദിക്കണം എന്നും സംസ്ഥാന നിവേദനത്തിൽ ഉൾപ്പെടുന്നു.

കോണ്‍ഗ്രസിനെ നയിക്കാനില്ലെന്ന് വ്യക്തമാക്കി രാജിക്കത്ത് പുറത്തുവിട്ട് രാഹുല്‍ഗാന്ധി. പ്രവര്‍ത്തകസമിതിയില്‍ രാജിപ്രഖ്യാപിച്ച് 39–ാം ദിവസമാണ് നേതാക്കളെ ഞെട്ടിച്ചുള്ള രാഹുലിന്റെ നീക്കം. തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പല ഘട്ടങ്ങളിലും ഒറ്റയ്‍ക്കായിരുന്നുവെന്ന് നേതാക്കളെ ഉന്നംമിട്ട് രാഹുല്‍ രാജിക്കത്തില്‍ തുറന്നടിച്ചു.

കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സന്നദ്ധതയല്ല. രാജി തന്നെയെന്നു തീർത്തു പറഞ്ഞ് രാഹുൽ. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ രാജിസന്നദ്ധത അറിയിച്ച രാഹുൽ 39 ദിവസം പിന്നിടുമ്പോഴാണ് രാജി പ്രഖ്യാപിച്ചത്. തന്റെ ജീവരക്തം കോൺഗ്രസാണ്. പാർട്ടിയുടെ പുനർനിർമാണത്തിനു കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്ന് ട്വിറ്ററിലൂടെ പുറത്തു വിട്ട രാജിക്കത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർട്ടി അധ്യക്ഷ പദവിയിലേക്ക് താൻ ഒരാളെ നിർദേശിക്കില്ല. ഒട്ടും വൈകാതെ പാർട്ടി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണം.

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ തന്നെ തിരഞ്ഞെടുപ്പ് സമയത്ത് ഒറ്റക്ക് പോരാടിയതിൽ അഭിമാനിക്കുന്നുവെന്നു പറഞ്ഞ് നേതാക്കളെ പരോക്ഷമായി വിമർശിക്കുകയാണ് രാഹുൽ.

ബിജെപി എന്ന സംഘടനയോട് വിദ്വേഷമില്ല. പക്ഷേ അവരുടെ ആശയത്തോട് തന്റെ ശരീരത്തിലെ ഓരോ അണുവും പോരാടും. രാജ്യത്തെ ഭരണഘടന ആക്രമിക്കപ്പെടുന്നു. അതിനെതിരായ പോരാട്ടത്തിൽ നിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടില്ല. രാജിക്കത്ത് പുറത്തു വിട്ടതിനു പിന്നാലെ ട്വിറ്റർ പേജിൽ നിന്ന് കോൺഗ്രസ്‌ അധ്യക്ഷൻ എന്നെഴുതിയത് രാഹുൽ നീക്കം ചെയ്തു.

എതിരാളികളെ തേടിപ്പിടിച്ച് ഒതുക്കുന്ന ‘വിച്ച്-ഹണ്ട്” നടപടിയാണ് തനിക്കെതിരെ സി.ബി.ഐ എടുക്കുന്നതെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ ആരോപിച്ചു. തെറ്രായ ആരോപണങ്ങളാണ് സി.ബി.ഐ ഉന്നയിക്കുന്നത്. കിംഗ്‌ഫിഷർ എയർലൈൻസിനായി ബാങ്കുകളിൽ നിന്നെടുത്ത വായ്‌പാത്തുക മുഴുവനായി തിരിച്ചടയ്‌ക്കാൻ തയ്യാറാണ്. ജീവനക്കാർക്ക് നഷ്‌ടപരിഹാരവും നൽകാമെന്ന് അദ്ദേഹം പറഞ്ഞു.

എസ്.ബി.ഐ നയിക്കുന്ന ബാങ്കിംഗ് കൺസോർഷ്യത്തിൽ നിന്ന് കിംഗ്‌ഫിഷർ എയർലൈൻസിന് വേണ്ടി 9,000 കോടി രൂപ വായ്‌പയെടുക്കുകയും തിരിച്ചടയ്‌ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്‌ത മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് സി.ബി.ഐ നടത്തുന്നത്. മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ഡിസംബറിൽ ബ്രിട്ടനിലെ വെസ്‌റ്റ്‌ മിൻസ്‌റ്റർ മജിസ്‌ട്രേറ്ര് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ കഴിഞ്ഞദിവസം വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് റോയൽ ഹൈക്കോടതി അനുമതി നൽകി. മല്യ അപ്പീൽ പോകുമെന്നതിനാൽ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച വാദം വീണ്ടും ഹൈക്കോടതിയിൽ നടക്കും.

അമ്മയും കാമുകനും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ സംസാരിച്ചതാണ് നെടുമങ്ങാട്ട് പതിനാറുകാരി മീരയെ കൊലപ്പെടുത്താൻ കാരണമെന്ന് വെളിപ്പെടുത്തൽ. അമ്മ മഞ്ജുഷയുടെ അവിഹിതബന്ധത്തെ മീര സ്ഥിരം എതിര്‍ത്തിരുന്നു. സംഭവദിവസവും ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നൽകി.

കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പിന് ഇരുവരെയും എത്തിച്ചു. തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകൻ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നൽകി. മകൾ മരിച്ചുവെന്ന് ഉറപ്പായതോടെയാണ് മൃതദേഹം പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുന്നത്. മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിെലത്തിച്ചു. രാത്രി ഒൻപതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരികിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.

കിണറ്റിന്റെ അടുത്തെത്തിച്ചപ്പോൾ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നിയിരുന്നു. എന്നാൽ ഉടന്‍ തന്നെ ശരീരത്തിൽ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് ഇവരുടെ മൊഴിയിൽ പറയുന്നു. രാത്രി തന്നെ മീരയെ കൊല്ലാൻ ഉപയോഗിച്ച ഷാളടക്കമുള്ളവയുമായി അവർ നാഗർകോവിലിലേക്ക് പോയെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ട്.

തെളിവെടുപ്പിലുടനീളം യാതൊരു കൂസലുമില്ലാതെയാണ് മഞ്ജുഷ സംസാരിച്ചത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ വൻ പ്രതിഷേധവും ഉയർന്നു. സ്ത്രീകളടക്കമുള്ളവർ മഞ്ജുഷയെ തല്ലാൻ പാ‍ഞ്ഞടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് അവരെ തടഞ്ഞത്.

മലയാളം യുകെ ന്യൂസ് ബ്യുറോ

ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷത്തെതുടർന്ന് കേരളത്തിലെ വിദ്യാലങ്ങളിൽ വ്യാഴാഴ്ച വിദ്യാഭ്യാസ പഠിപ്പുമുടക്കം ആയിരിക്കും . എബിവിപി യുടെ സെക്രട്രിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വിദ്യാഭ്യാസ പഠിപ്പുമുടക്കമായിരുന്നു .

വിവിധ വിദ്യാർത്ഥി സംഘടനകളുടെ ശക്തി പ്രകടനത്തിൻെറ ഭാഗമായി പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ പഠി പ്പു മുടക്കുകൾ പഠന നിലവാരത്തെ ബാധിക്കുന്നതായി അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.പല സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തി സിലബസ്സുകൾ പൂർത്തീകരിക്കാറുള്ളത്കൊണ്ട് സർക്കാർ മേഖലയിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികളെയാണ് വിദ്യാഭ്യാസ പഠിപ്പുമുടക്ക് ഏറ്റവും കൂടുതലായി ബാധിക്കുന്നത്.

പല വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സമര ദിവസങ്ങളിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അവധി പ്രഖ്യാപിക്കാറാണ് പതിവ്.ഹർത്താലിൻെറ കാര്യത്തിൽ എന്നപോലെ വിദ്യാഭ്യാസ പഠിപ്പുമുടക്കുകളുടെ കാര്യത്തിലും കോടതിയുടെ ശക്തമായ ഇടപെടലാണ് വേണ്ടത്എന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം.

 

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ പേഷ്യന്റ് കെയർ മാനേജർ, പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ തസ്തികയിലായി 90 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ജൂലൈ 12 വരെ അപേക്ഷിക്കാം.

യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ

പേഷ്യന്റ് കെയർ മാനേജർ (പിസിഎം)-20 ഒഴിവ്: ലൈഫ് സയൻസസിൽ ബിരുദം, ഹോസ്പിറ്റൽ/ഹെൽത്ത്കെയർ മാനേജ്മെന്റിൽ ഫുൾടൈം പിജി, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്, 30,000

പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ (പിസിസി)-70 ഒഴിവ്: ലൈഫ് സയൻസസിൽ ഫുൾടൈം ബിരുദമുള്ളവർക്ക് മുന്‍ഗണന അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്, 17916 രൂപ.

റജിസ്ട്രേഷൻ ഫീസ്:300 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. ‌ BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ നേരിട്ടു പണമായോ ഫീസ് അടയ്ക്കാം.

വിശദവിവരങ്ങൾക്ക്: www.becil.com

ന്യൂഡല്‍ഹി: പാര്‍ട്ടി നേതാക്കളുടെ അച്ചടക്കത്തെ കുറിച്ചുളള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയുമായി ബിജെപി നേതാക്കള്‍ സംവദിക്കും. ഇതിന്റെ ആദ്യ പടിയെന്നോണം ബിജെപി എംഎല്‍എമാര്‍ ഇന്ന് രാവിലെ മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി എംഎല്‍എ ആകാശ് വിജയ്‍വാര്‍ഗിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മർദിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നതിനിടയിലാണ് നടപടി. 45 എംഎല്‍എമാരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.

മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ച്​ മർദിച്ച ആകാശ് വിജയവാര്‍ഗിയയെ തളളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു. ബിജെപി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്രട്ട​റി കൈ​ലാ​ശ് വി​ജ​യ്‌വാ​ര്‍ഗി​യ​യു​ടെ മ​ക​നാണ് ആകാശ്. എന്നാല്‍ കുറ്റം ചെയ്തയാൾ ആരുടെ മകനാണെന്ന് നോക്കേണ്ടതില്ലെന്ന് മോദി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റ രീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ മോദി വ്യക്തമാക്കി. കൂടാതെ അദ്ദേഹം മർദിക്കുന്നതിനിടെ ഉപയോഗിച്ച വാക്കുകള്‍ക്കെതിരേയും മോദി പരാമര്‍ശിച്ചു. ‘എത്തരത്തിലുളള ഭാഷയാണ് നിങ്ങള്‍ ഉപയോഗിച്ചത്’ എന്ന് മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ചാണ് ബിജെപി എംഎൽഎ മർദിച്ചത്. ആ​കാ​ശ് വി​ജ​യ്‌വാര്‍ഗി​യ​യെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ഗ​ഞ്ചി കോ​മ്പൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. പട്ടാപ്പകൽ പൊതുജന മധ്യത്തിൽ നടന്ന മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ​പ്രചരിച്ചിരുന്നു.
ആകാശിന് ഭോപ്പാല്‍ സ്‌പെഷ്യല്‍ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുരേഷ് സിങ് ജാമ്യം അനുവദിച്ചതിനെ തുടർന്ന് എംഎല്‍എ ഇന്‍ഡോര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മർദിക്കുകയും സംസ്ഥാനത്തെ പവര്‍ കട്ടിനെതിരെ ഇന്‍ഡോറിലെ രാജ്ബറയില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ത രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്. ആക്രമണ കേസില്‍ 50,000 രൂപയും മറ്റ് കേസില്‍ 20,000 രൂപയും വ്യക്തിഗത ജാമ്യ ബോണ്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജയിലില്‍ വളരെ മികച്ച അനുഭവമാണ് തനിക്കുണ്ടായതെന്ന് പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മയെയും കാമുകനെയും വിശദമായ തെളിവെടുപ്പിനു വേണ്ടി കോടതി ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥരായ നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറും എസ്.ഐ സുനില്‍ ഗോപിയും കോടതിയില്‍ നിന്ന് പ്രതികളുമായി പുറത്തേയ്ക്ക് വന്നപ്പോള്‍ രോഷാകുലരായ ജനക്കൂട്ടം മഞ്ജുഷയ്ക്ക് നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തു. സ്ത്രീകളടക്കം കോടതി പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തില്‍ നിന്ന് ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മഞ്ജുഷയെ ജീപ്പില്‍ കയറ്റിയത്.

കൊലയ്ക്ക് ശേഷം ഇരുവരും ഒളിച്ചോടിപ്പോയ നാഗര്‍കോവിലില്‍ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ഇവിടെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചാണ് ഇരുവരും പിടിയിലായത്. മരിക്കും മുമ്പ് മീരയെ കിണറ്റില്‍ ഉപേക്ഷിച്ചതായുള്ള സംശയമുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവരില്‍ നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു.

വെള്ളത്തില്‍ വീണ ശേഷമാണോ മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ശ്വാസ കോശത്തിലോ ആമാശയത്തിലോ കിണറിലെ വെള്ളം കടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കുകയാണ് പ്രധാനം. ഇതിനായാണ് ഡോക്ടര്‍മാരെയും ഫോറന്‍സിക് വിദഗ്ദ്ധരെയും വീണ്ടും കാണുന്നത്.കൊല ആസൂത്രണം ചെയ്തത് ആറു മാസം മുന്‍പ്മകളെ കൊലപ്പെടുത്താന്‍ ആറുമാസം മുമ്പേ പദ്ധതി തയ്യാറാക്കിയിരുന്നതായാണ് പ്രതികള്‍ മൊഴി നല്‍കിയത്.

അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമല്ലെന്നു മീരയ്ക്കു ബോദ്ധ്യമായത് ആറുമാസം മുമ്പാണ്. അന്നുമുതല്‍ അനീഷിന്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ഇതോടെ മകളുടെ ശല്യം അവസാനിപ്പിക്കാന്‍ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു പദ്ധതി. പല തവണ അതിനു തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാത്തതിനാല്‍ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയില്‍ കഴുത്തുഞെരിച്ച് കൊന്നത്.

അനീഷിനെ മുറിയില്‍ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്ത മകളെ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. മഞ്ജുഷ ചുരിദാറിന്റെ ഷോള്‍ കൊണ്ടു കഴുത്തില്‍ മുറുക്കി. കരഞ്ഞ് ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്കു തള്ളിയിട്ടു. പിന്നീട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ കട്ടിലിനു സമീപം കിടത്തി പുതപ്പു കൊണ്ടു മൂടി. അര്‍ദ്ധരാത്രിയോടെ മീരയെ അനീഷിന്റെ ബൈക്കിനു പിന്നില്‍ വച്ച് കാരാന്തലയിലെ കിണറ്റില്‍ തള്ളി. മരിച്ച ശേഷം മകളെ മോശം നടപ്പുകാരിയായി ചിത്രീകരിക്കാനും മഞ്ജുഷ ശ്രമിച്ചു.

തന്റെ അച്ഛനേയും അമ്മയേയും ഫോണില്‍ വിളിച്ച് മീര കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതായും അവളെ തേടി പോകുയാണെന്നും പറഞ്ഞിരുന്നു. മീരയുടെ കാമുകരായി ഒത്തിരിപ്പേരെ പൊലീസിനോടും മഞ്ജുഷ പറഞ്ഞു. ഇവരെല്ലാം നിരന്തരം മീരയെ വിളിക്കാറുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍,ആരോപണ വിധേയരായ യുവാക്കളുടേയും മീരയുടേയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്നു വ്യക്തമായതായി പൊലീസ് സൂചിപ്പിച്ചു. മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. രത്‌നഗിരിയിലെ തിവാരെ അണക്കെട്ട് തകർന്ന് ആറു മരണം. 27 പേരെ കാണാതായി. ഏഴ് ഗ്രാമങ്ങളില്‍ വെള്ളംകയറി, 12 വീടുകള്‍ ഒലിച്ചുപോയി അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്‌ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. . മുംബൈ നഗരവും താനെ, പൽഘർ മേഖലകള്‍ വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും ഗതാഗതം പൂർണമായി സ്തംഭിച്ച നിലയിലാണ്.

Copyright © . All rights reserved