India

പൗരത്വ നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കുമെന്ന് തന്നെയാണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂരില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കും. ബംഗ്ലാദേശില്‍ നിന്നോ അഫ്ഗാനിസ്താനില്‍ നിന്നോ പാകിസ്താനില്‍ നിന്നോ കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നേയില്ല. പിതാവിന്റെയോ പിതാവിന്റെ പിതാവിന്റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്’. മുഖ്യമന്ത്രി പറഞ്ഞു.

നിയമത്തിന്റെ ബലംവെച്ച് എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇന്ന് രാജ്യത്ത് നിയമഭേദഗതിക്കെതിരെ എല്ലാവരും അണിനിരന്ന് പോരാട്ടം നടത്തുന്നത്.

നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ്’ -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ അസം മുഖ്യമന്ത്രി സർബാനന്ദ സോണാവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഗുവാഹത്തിയിൽ ചേർന്ന ബി.ജെ.പി എംപിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ട് ബോധ്യപ്പെടുത്താൻ തീരുമാനിച്ചത്.

പൗരത്വനിയമഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന് സൂചിപ്പിച്ച് അമിത് ഷാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് ആഭ്യന്ത്ര മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു റാലിയിലാണ് വെളിപ്പെടുത്തല്‍. അതേസമയം പൗരത്വനിയമത്തിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പൊലീസ് വെടിവയ്പില്‍ പരുക്കേറ്റയാളാണ് മരിച്ചത്.

സോണിത്പുരിൽ ടാങ്കർ ലോറി പ്രതിഷേധക്കാർ തീയിട്ട സംഭവത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. നിയമഭേദഗതിക്കെതിരെ അസമിലെ സർക്കാർ ജീവനക്കാർ ബുധനാഴ്ച പണിമുടക്കും. ബംഗാളിലും സംഘർഷത്തിന് അയവുവന്നിട്ടില്ല. ബംഗാളിൽ ഇന്നലെ മാത്രം അഞ്ചു ട്രെയിനുകളും മൂന്നുറെയിൽവേ സ്റ്റേഷനുകളും 25 ബസുകളുമാണ് പ്രക്ഷോഭകർ തീയിട്ടത്.

ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീണു. പടിക്കെട്ടുകൾ കയറുന്നതിനിടെയിലാണ് അദ്ദേഹം കാലുതെന്നി വീണത്. അപ്പോൾ തന്നെ സമീപത്തുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. നാഷണല്‍ ഗംഗാ കൗണ്‍സിലിന്‍റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്‍റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിഡിയോ കാണാം.

 

മഹാരാഷ്ട്രയിലെ ബിജെപി പതനത്തിന് പിന്നാലെ രാജ്യം ചർച്ചചെയ്തത് ബിജെപിയുടെ ജനസമ്മതിയെ പറ്റിയാണ്. ഇപ്പോഴിതാ ബിജെപി ക്യാംപിന്റെ നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു സർവെ കൂടി പുറത്തുവരുന്നു. ഡൽഹി പിടിക്കാൻ ഇറങ്ങിത്തിരിച്ച മോദി–ഷാ കൂട്ടുകെട്ടിന്റെ ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാവുന്നതാണ് ഇൗ സർവെയിലെ ജനങ്ങളുടെ അഭിപ്രായം. ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് നടത്തിയ സര്‍വ്വേയിൽ ആംആദ്മി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനും മികച്ച പിന്തുണയാണ് ജനം നൽകുന്നത്. 2298 വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആം ആദ്മി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സർവെയിൽ പങ്കെടുത്ത 53 ശതമാനം ആളുകളും തൃപ്തരാണ്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രവര്‍ത്തനത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ആളുകളും പൂര്‍ണ തൃപ്തരാണ്. നാലു ശതമാനം ആളുകളാണ് കെജ്‍രിവാളിന്‍റെ പ്രവര്‍ത്തനം മോശമാണെന്ന് പ്രതികരിക്കുന്നത്. കെജ്‍രിവാളിനെയാണോ മോദിയെയാണോ താല്‍പര്യമെന്ന ചോദ്യത്തിനും ഡൽഹിയിലെ വോട്ടര്‍മാര്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മോദിയേക്കാള്‍ കെജ്‍രിവാളാണ് മികച്ചത് എന്ന് 42 ശതമാനം വോട്ടര്‍ പറയുമ്പോൾ 32 ശതമാനം പേർ മോദിയെ പിന്തുണയ്ക്കുന്നു.

വിവിധ തരത്തിലുള്ള ചൈനീസ് നിര്‍മ്മിത സെക്സ് ടോയ്സ് ഇന്ത്യയിലേക്ക് കടത്താന്‍ നടത്തിയ ശ്രമം തകര്‍ത്ത് ഭൂട്ടാന്‍ റോയല്‍ പൊലീസ്. ആയിരക്കണക്കിന് സെക്സ് ടോയ്സുമായെത്തിയ ബൊലേറോയാണ് ഭൂട്ടാന്‍ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഭൂട്ടാന്‍ ചൈന അതിര്‍ത്തിയില്‍ നിന്നാണ് വാഹനം പിടികൂടിയത്.

ചൈനയില്‍ നിന്ന്  കഴുതപ്പുറത്തേറ്റിയാണ്  ഇവ ഹിമാലയം കടത്തിയത്. ഇവ ബൊലേറോയിലേക്ക് നിറയ്ക്കുന്നതിനിടയിലാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് ഇവരെ പിടികൂടിയത്. ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്സ് ടോയ്സ് കടത്തല്‍. മൂന്ന് ബൊലേറോ വാഹനങ്ങളാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് പിടികൂടിയത്.

ഇതില്‍ ഒരു വാഹനത്തില്‍ പുതപ്പും ചായപ്പൊടിയുമാണ് കണ്ടെത്തിയതെന്നും റോയല്‍ ഭൂട്ടാന്‍ പൊലീസ് വിശദമാക്കുന്നു. ഭൂട്ടാന്‍ മീഡിയ പ്രസിഡന്റും ഭൂട്ടാനീസ് ന്യൂസ് പേപ്പറിന്‍റെ എഡിറ്ററുമായ ടെന്‍സിങ് ലാംസാങ് ആണ് വിവരം പുറത്ത് വിട്ടത്.

 

ക്രിസ്മസ് കാലം പത്രോസിനും കുടുംബത്തിനും പ്രതീക്ഷകളുടെ കാലമാണ്. നക്ഷത്രങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ട് അടുത്ത വർഷത്തെ ഡയാലിസിസിനുള്ള പണം ലഭിക്കുമെന്ന പ്രതീക്ഷ. നക്ഷത്ര വിപണി സജീവമാകുന്നതോടെ ആ പ്രതീക്ഷകൾ ഉയരും. ഈറ്റയും വർണക്കടലാസും കൊണ്ടുണ്ടാക്കുന്ന നക്ഷത്രങ്ങൾ വിറ്റു കിട്ടുന്ന പണമാണ് ആനപ്പാറ പുതുവ പത്രോസിന്റെ ജീവൻ നിലനിർത്തുന്നത്. വൃക്കരോഗിയായ പത്രോസിന് ആഴ്ചയിൽ 3 ഡയാലിസിസ് വേണം. ഡയാലിസിസിനുള്ള പണം സ്വരൂപിച്ചു വയ്ക്കാനുള്ള ശ്രമത്തിലാണ് അൻപത്തെഞ്ചുകാരനായ പത്രോസ്.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു ഡയാലിസിസ്. മറ്റു ദിവസങ്ങളിൽ നക്ഷത്രങ്ങളുണ്ടാക്കും. ഈറ്റയിൽ ഉണ്ടാക്കിയ ചട്ടയിൽ പശകൊണ്ട് ചൈനീസ് പേപ്പറും മറ്റും ഒട്ടിച്ചു പരമ്പരാഗത രീതിയിലാണു നക്ഷത്ര നിർമാണം. വീട്ടിൽ നക്ഷത്രങ്ങൾ വാങ്ങാനെത്തുന്നവരുണ്ട്. ആവശ്യക്കാർ ഫോണിൽ വിളിച്ചാൽ വീടുകളിൽ നക്ഷത്രമെത്തിക്കും. വൃക്കരോഗത്തെ തുടർന്നു ഡയാലിസിസ് തുടങ്ങിയിട്ട് 8 വർഷമായി. സന്മനസ്സുള്ളവർ സഹായിക്കുന്നുണ്ട്. പത്രോസിന്റെ രോഗവിവരം അറിയാവുന്നവർ എൽഇഡി തുടങ്ങിയവ ഉപയോഗിച്ചുള്ള പുതുതലമുറ നക്ഷത്രങ്ങൾക്കിടയിൽ പത്രോസിന്റെ നക്ഷത്രവും തൂക്കുന്നു. പ്രതിദിനം ആറോ ഏഴോ നക്ഷത്രങ്ങൾ ഉണ്ടാക്കാനാവും. ഭാര്യ ലിസിയും മകൻ ഡാർവിനും സഹായിക്കും. വാങ്ങാനെത്തുന്നവർ ആഗ്രഹിക്കുന്ന വലുപ്പത്തിലും വർണങ്ങളിലും നക്ഷത്രങ്ങൾ നൽകും.

ആനപ്പാറ ഫാത്തിമമാതാ പള്ളിയിലെ ദേവാലയ ശുശ്രൂഷകനായിരുന്നു പത്രോസ്. ഇലക്ട്രിക്കൽ ജോലിയും നാടക രചനയുമൊക്കെയായി സജീവമായിരുന്നു. പക്ഷെ, വൃക്കരോഗം തളർത്തി. ദുശ്ശീലങ്ങളല്ല പത്രോസിനെ രോഗിയാക്കിയത്. പ്രഷറിനുള്ള മരുന്ന് ഉപയോഗിച്ചതിനു ശേഷമാണു വൃക്കരോഗം തുടങ്ങിയതെന്നു പത്രോസ് പറഞ്ഞു. മോട്ടർ, ഫാൻ വൈൻഡിങ്ങിനായി വീടിനടുത്തു തുടങ്ങിയ ചെറിയ കട അനാരോഗ്യം മൂലം വല്ലപ്പോഴുമാണു തുറക്കുക.

കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നതോടെ ആരോരുമില്ലാതായി ഒരു ആറാം ക്ളാസുകാരന്‍. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കള്‍ കയ്യൊഴിഞ്ഞത്. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബപ്രശ്നങ്ങള്‍ മൂലം മകനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് ജോലിക്ക് പോകുകയാണെന്നും അതിനാല്‍ പഠിക്കാന്‍ സംരക്ഷണകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴി മകന്‍റെ കണ്‍മുന്നില്‍ വച്ചാണ് പ്രേംകുമാര്‍ പൊലീസ് പിടിയിലാകുന്നത്.

കാമുകിയുടെ സഹായത്തോടെ ഭര്‍ത്താവ് ഭാര്യയെ കൊന്ന് തള്ളി. വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം ഈ കൊലയുടെ യഥാര്‍ത്ഥ ഇര അവരുടെ ഇളയ മകനാണ്. ഒറ്റ നിമിഷംകൊണ്ട് അച്ഛനും അമ്മയും സഹോദരിയും അവനില്ലാതായിരിക്കുകയാണ്. കൊലപാതകം പുറത്തറിയുന്നതിന് മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തില്‍ പേടിതോന്നിയ 9 ാം ക്ളാസുകാരി സ്കൂള്‍ കൗണ്‍സിലറോട് പരാതി പറഞ്ഞതോടെ കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മകളെ മാത്രം ഏറ്റെടുത്തു.

ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ സി.ഡബ്ളിയു.സിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. വിദേശത്ത് ജോലിക്ക് പോയി ഉടന്‍ വരാമെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലാക്കാന്‍ വരുന്ന വഴിക്കാണ് പൊലീസ് പിടിക്കുന്നത്. കണ്‍മുന്നിലുള്ള അച്ഛന്റെ അറസ്റ്റ് ആറാം ക്ളാസുകാരന് ഇരട്ടി ആഘാതമായി. ഏറ്റെടുക്കാന്‍ തയാറാണോയെന്ന് ബന്ധുക്കളോട് ഒരിക്കല്‍കൂടി അന്വേഷിക്കും. ഇല്ലങ്കില്‍ ഇനി ആ കുട്ടി അനാഥനാണ്.

ഉണ്ണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് മാമാങ്കത്തിൽ നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ താരത്തിനോട് ഒരു ആരാധകൻ നടത്തിയ സംഭാഷണമാണ് വിഡിയോയിൽ. ‘പടം സൂപ്പർ ആയിരുന്നു മോനെ, അല്ല മോൻ ഏതാ ഈ പടത്തിൽ..’ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

തലയിൽ കൈവച്ച് ചിരിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ മറുപടി. ‘ചേട്ടാ അതിൽ ചന്ദ്രോത്ത് പണിക്കർ എന്ന ആളാണ് ‍ഞാൻ. ഇപ്പോൾ തടി കുറഞ്ഞു അത്..’ ചിരിച്ച് കൊണ്ട് ഉണ്ണിയുടെ മറുപടി. മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി. മുൻപ് മാമാങ്കം പോസ്റ്റർ പുറത്തുവന്നപ്പോൾ ഇതിൽ ഉണ്ണി മുകുന്ദൻ എതാണെന്ന് ചോദ്യം വന്നിരുന്നു.

അന്നും ഇതാണ് ഞാനെന്ന് ചൂണ്ടിക്കാട്ടി താരം എത്തിയിരുന്നു. ഇപ്പോഴത്തെ വിഡിയോയിൽ അക്കാര്യവും ഉണ്ണി സൂചിപ്പിക്കുന്നുണ്ട്. എന്നെ തിരിച്ചറിയേണ്ട കഥാപാത്രത്തെ തിരിച്ചറിഞ്ഞാ മതി എന്ന് അന്ന് ഞാൻ ഒരു പഞ്ചിന് പറഞ്ഞതാ കോട്ടോ.. ഉണ്ണി പറയുന്നു. വിഡിയോ കാണാം.

മുംബൈയിലെ പനവേൽ കിയ ഷോറൂമിലെ ഡ്രൈവർക്ക് പറ്റിയ അബദ്ധമാണ് അപകടത്തിലേക്ക് നയിച്ചത്.. ഷോറൂമിന്റെ ഒന്നാം നിലയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അബദ്ധവശാൽ വാഹനം ചില്ലുകൾ തകർത്ത് താഴെ വീഴുകയായിരുന്നു.

ഷോറൂമിന് മുകളിൽ പ്രദർശനത്തിനായി വാഹനം തയാറാക്കുമ്പോൾ ഗിയർ ഇട്ടത് മാറിപ്പോയതാണ് അപകടകാരണം. അപകട സമയത്ത് ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വീഴ്ചയില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. താഴെ പാർക്ക് ചെയ്ത മറ്റൊരു സെൽറ്റോസിന് മുകളിലാണ് വാഹനം വീണത്. വിഡിയോ കാണാം

ലണ്ടന്‍: പൗരത്വഭേദഗതി ബില്ലിന്റെ സാഹചര്യം വിലയിരുത്തുകയാണെന്ന് യു.എന്‍. ഇതിന്റെ മനുഷ്യാവകാശ തത്വങ്ങള്‍ പരിശോധിക്കുമെന്നും യു.എന്‍ വ്യക്തമാക്കി.

‘പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ പാരത്വഭേദഗതി ബില്ലിനെക്കുറിച്ച് അറിഞ്ഞു. അതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം നടക്കുകയാണെന്നും അറിഞ്ഞു. ഞങ്ങള്‍ ഈ നിയമത്തിന്റെ അനന്തരഫലങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.’ യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് നേരത്തെ യു.എസും ആശങ്കയറിച്ചിരുന്നു. ബില്ലിനെ സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമായിരുന്നു യു.എസ് വക്താവ് അറിയിച്ചത്.

പൗരത്വ ഭേദഗതി ബില്‍ പ്രകാരം രാജ്യത്ത് അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105നെതിരെ 125വോട്ടുകള്‍ക്കായിരുന്നു ബുധനാഴ്ച ബില്‍ രാജ്യസഭ പാസാക്കിയത്.

പിന്നാലെ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാരണം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചിരുന്നു. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാരണമാണ് ആബെ യാത്ര മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിവരങ്ങള്‍.

നേരത്തെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമെന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved