ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
ദുരൂഹസാഹചര്യത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയല്‍വാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി. തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചെണ്ടുവര എസ്റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജയുടെയും തൊഴിലാളിയായ ദീപയുടെയും മകനാണ് സിദ്ധാര്‍ഥ്. ഏക സഹോദരി മൂന്നാര്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നാറില്‍ നിന്നും ഏറെ അകലെയുള്ള ചെണ്ടുവര എസ്റ്റേറ്റില്‍ മികച്ച ആശുപത്രിയോ ഫ്രീസര്‍ സൗകര്യങ്ങളോ ഇല്ലാത്തതു കാരണം ബുധനാഴ്ച രാവിലെയോടെയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അടിമാലിയില്‍ എത്തിച്ചത്.
പ്രാഥമിക നിഗമനത്തില്‍ കുട്ടിയുടെ മരണം കൊലപാതകമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.കുട്ടിയുടെ തുടയുടെ ഭാഗത്തും തോളിലും കണ്ട പാടുകളാണ് സംശയത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
പ്രശസ്ത ഗായിക അനുരാധ പദ്വാളിന്റെ പുത്രിയാണെന്ന അവകാശവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനിയായ കർമല മോഡക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കുടംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തന്റെ മാതാപിതാക്കൾ അനുരാധ പദ്വാളും അരുണ്‍ പദ്വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കർമല മോഡക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. അനുരാധയുടേയും അരുണിന്റെയും സ്വത്തിന്റെ നാലിൽ ഒന്ന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും തനിക്കു ലഭിക്കേണ്ട മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ടതിലും തന്നെ ഉപേക്ഷിക്കപ്പെട്ടതിലുമുള്ള നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും കർമല പറഞ്ഞു.
മാതാവിൽ നിന്നും കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീർന്നപ്പോൾ ആണ് യഥാർഥ മാതാവിനെ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ടി വന്നത്. താൻ ജനിച്ചപ്പോൾ വളർത്താനായി ഏല്പിച്ചത് പൊന്നച്ചനേയും അദ്ദേഹത്തിന്റെ ഭാര്യ ആഗ്നസിനേയുമാണ്. വളർത്തച്ഛനായ പൊന്നച്ചൻ തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുന്‍പ് അനുരാധ പദ്വാളാണ് തന്റെ യഥാർഥ മാതാവെന്നു വെളിപ്പെടുത്തിയത്. പൊന്നച്ചനും ആഗ്നസും സ്വന്തം മാതാപിതാക്കളാണെന്നു വിശ്വസിച്ചാണ് താൻ വളർന്നത്.
എന്നാൽ മരണത്തിനു തൊട്ടു മുന്‍പായി പൊന്നച്ചൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്: 1969ൽ അനുരാധ പദ്വാളിന്റെയും അരുണിന്റെയും വിവാഹം കർണാടകത്തിൽ കാർവാർ എന്ന സ്ഥലത്തു നടന്നു. മാതാവിന്റെ അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയിൽ പൊന്നച്ചൻ അവരോടൊപ്പമുണ്ടായിരുന്നു.
1974ൽ അനുരാധയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. സംഗീതലോകത്ത് പ്രശസ്തിയിൽ നിൽക്കുന്ന സമയം ആയതിനാൽ അനുരാധയ്ക്ക് കുഞ്ഞിനെ നോക്കാൻ സമയം ലഭിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ പൊന്നച്ചനെയും ഭാര്യ ആഗ്നസിനേയും ഏല്പിച്ചു. പട്ടാളത്തിൽ ജോലി നോക്കിയിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊന്നച്ചനിൽ നിന്നും തന്നെ തിരികെ വാങ്ങാനായി അനുരാധയും അരുണുമെത്തി.
എന്നാൽ തന്റെ വളർത്തച്ഛനായ പൊന്നച്ചനും ആഗ്നസിനും കുഞ്ഞിനെ അവർക്ക് കൈമാറാൻ മാനസീകമായി ബുദ്ധിമുട്ടായിരുന്നു. ഇതോടെ പൊന്നച്ചനോടും ആഗ്നസിനോടുമൊപ്പം കുട്ടി വളരട്ടെയെന്ന നിലപാട് അനുരാധ സ്വീകരിക്കുകയായിരുന്നുവെന്നും പൊന്നച്ചൻ മരണത്തിനു തൊട്ടുമുന്‍പ് തന്നോട് പറഞ്ഞതായി കർമല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പൊന്നച്ചനൊപ്പം വർക്കലയിൽ എത്തിച്ചേർന്നു. എന്നാൽ തുടർന്ന് കർമലയെപ്പറ്റി തിരക്കുവാനോ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുവാനോ യഥാർഥ മാതാപിതാക്കൾ തയാറാവാത്തത് പൊന്നച്ചനിൽ കടുത്ത അമർഷത്തിന് ഇടയാക്കി. സാന്പത്തീക പരാധീനതയെ തുടർന്ന് പത്താം ക്ലാസോടെ തന്റെ പഠനം അവസാനിച്ചതായി കർമല പറഞ്ഞു .
വിവാഹപ്രായമായ സമയം പൊന്നച്ചൻ അനുരാധ പദ്വാളിനെ നേരിട്ട് സന്ദർശിച്ചപ്പോൾ ഈ സാഹചര്യത്തിൽ തന്റെ മകളായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അനുരാധയുടെ മറുപടി. തുടർന്ന് വളർത്തച്ഛനായ പൊന്നച്ചൻ 1992ൽ വിവാഹം നടത്തിത്തന്നു. വളർത്തച്ഛൻ മരണത്തിനു തൊട്ടു മുന്‍പ് വെളിപ്പെടുത്തിയ ഈ സത്യം തന്നെ ഏറെ ധർമസങ്കടത്തിലാക്കി.
തുടർന്ന് നിരവധി തവണ ശ്രമിച്ചതിന്റെ ഫലമായി അനുരാധ പദ്വാളിന ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ തന്റെ മാതൃത്വം നിഷേധിക്കുകയാണ് അനുരാധ ചെയ്തത്. ഇത് ഏറെ ദു:ഖത്തിലാക്കി. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. മാതൃത്വം സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടാനാണ് താൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കർമല പത്രസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചി: തീരദേശപരിപാലന നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകൾ 11,12 തീയതികളിലായി പൂർണമായും തകർക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങൾ തകർക്കുന്നത്. ഇതിനായി ഫ്ലാറ്റുകളിൽ വെള്ളിയാഴ്ച മുതൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുമെന്ന് പൊളിക്കൽ കരാർ എടുത്തിട്ടുള്ള ഏജൻസികൾ പറഞ്ഞു.
ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിലായിരിക്കും സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച നിറയ്ക്കുക. അങ്കമാലിയിലെ മഞ്ഞപ്രയിൽ കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച രാവിലെ ഫ്ലാറ്റുകളിലെത്തിക്കും. അതീവ സുരക്ഷ നൽകി സ്ഫോടക വസ്തുക്കൾ പ്രത്യേകം തയാറാക്കിയ രണ്ട് വാനുകളിലായാണ് മരടിൽ എത്തിക്കുക.
തുടർന്ന് ഫ്ലാറ്റുകളിലെ വിവിധ നിലകളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കും. ഹോളിഫെയ്ത്തിലായിരിക്കും ആദ്യം സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പെളിക്കാൻ കരാറേറ്റെടുത്തിരിക്കുന്ന എഡിഫൈസായിരിക്കും ഇവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക. ആറിന് ആൽഫാസെറീൻ ഇരട്ട സമുച്ചയത്തിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കും.
ഹോളി ഫെയ്ത്ത്, ജെയ്ൻ, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കുന്നതിന് 150 കിലോ സ്ഫോടക വസ്തുക്കളും ആൽഫ സെറീനിലെ രണ്ട് ടവറുകൾക്ക് 500 കിലോഗ്രാം സ്ഫോടക വസ്തുക്കളുമാണ് ഉപയോഗിക്കുക. എമൽഷൻ എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട വസ്തുക്കളാണ്
ന്യൂഡൽഹി: മിഷനറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ വിദേശത്തുപോയാൽ ബീഫ് കഴിക്കുമെന്നും അതിനാൽ സ്കൂളുകളിൽ ഭഗവത് ഗീത പഠിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു. സ്വന്തം മണ്ഡലമായ ബഗുസരായിയിൽ സ്വകാര്യപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ നമ്മുടെ കുട്ടികളെ മിഷനറി സ്കൂളുകളിൽ അയക്കുന്നു. ഇവർ ഐഐടികളിലൂടെ എൻജിനീയർമാരും കളക്ടർമാരും എസ്പിമാരും ആകുന്നു. അതല്ലെങ്കിൽ വിദേശത്ത് പോകുന്നു. ഇവരിൽ ഭൂരിപക്ഷവും ബീഫ് കഴിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു- മന്ത്രി ആരോപിച്ചു.
നമ്മുടെ സംസ്കാരവും പാരമ്പര്യവും പഠിപ്പിക്കാത്തതു മൂലമാണ് ഇതുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ കുട്ടികൾ ബീഫ് കഴിക്കാൻ തുടങ്ങും. ഇത് വളരെയധികം ആശങ്കാജനകമാണ്. പരമ്പരാഗത മൂല്യങ്ങൾ വളർത്തിയെടുക്കാൻ സ്കൂളുകളിൽ ഹനുമാൻ മന്ത്രം ഉരുവിടണമെന്നും അദ്ദേഹം നിർദേശിച്ചു.
രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ ആശുപത്രിയിലെ ശിശുമരണനിരക്ക് 100 കടന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാത്രം ഒമ്പത് കുഞ്ഞുങ്ങളാണ് മരിച്ചത്. ജനനസമയത്തെ ഭാരക്കുറവാണ് കുട്ടികളുടെ മരണകാരണമെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ ആശുപത്രപത്രിയിലെ തുടര്‍ച്ചയായ ശിശുമരണങ്ങള്‍ രാജ്യവ്യാപകമായ ചര്‍ച്ചയായിട്ടുണ്ട്.
ലോകേത് ചാറ്റര്‍ജി, കാന്ത കര്‍ദാം എന്നീ എംപിമാരടങ്ങുന്ന ബിജെപി പാര്‍ലമെന്ററി സംഘം കഴിഞ്ഞദിവസം ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ദയനീയമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു കുട്ടികളെ വരെ ഒരു ബെഡ്ഡിലാണ് കിടത്തിയിരിക്കുന്നത്. ആശുപത്രി കോമ്പൗണ്ടില്‍ പന്നികള്‍ അലഞ്ഞുതിരിയുന്ന കാഴ്ചയും തങ്ങള്‍ കണ്ടതായി അവര്‍ പറഞ്ഞു.
നേരത്തെ ശിശു അവകാശസംരക്ഷണ ദേശീയ കമ്മീഷന് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഷോകോസ് നോട്ടീസ് കൊടുത്തിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെന്നാണ് രാജസ്ഥാന് സര്‍ക്കാര്‍ പറയുന്നത്.
കോട്ടയിലെ ഏറ്റവും വലിയ സര്‍ക്കാരാശുപത്രിയാണ് ജെകെ ലോണ്‍. ഇവിടെ പീഡിയാട്രിക്സ് വിഭാഗത്തില്‍ നാല്‍പ്പതോളം പേര് ദിവസവും പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. മൂന്നൂറോളം രോഗികള്‍ ഒപി വിഭാഗത്തില്‍ ചികിത്സ തേടുന്നു.
ശിശുമരണങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ്വര്ധന് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നല്‍കുകയും ചെയ്തു.
കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോരിറ്റി ഉദ്ഘാടനച്ചടങ്ങിലാണ് നിലവിളക്ക് കൊളുത്തുന്നതിനെ ആചാരപരമാക്കാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എതിർത്തത്. ഉദ്ഘാടനത്തിന്റെ ഭാഗമായാണ് നിലവിളക്ക് കൊളുത്തുന്നത് എന്നിരിക്കെ അവതാരക എല്ലാവരോടും എഴുന്നേറ്റു നിൽക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. തിരിഞ്ഞു നിന്ന് ‘അനാവശ്യ അനൗൺസ്മെന്റൊന്നും വേണ്ട’ എന്നദ്ദേഹം അവതാരകയോട് പറഞ്ഞു. തുടർന്ന് സദസ്സിലുള്ളവരോട് എഴുന്നേൽക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനവും നിർവ്വഹിച്ചു.
നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരത്തിന്റെ ഭാഗമാണെന്നും അത് ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിക്കരുതെന്നുമുള്ള വാദഗതികൾ നേരത്തെ ഉയർന്നു വന്നിരുന്നതാണ്. എന്നാൽ നിലവിളക്ക് ഏതെങ്കിലും മതത്തിന്റേതല്ലെന്ന നിലപാട് സ്വീകരിച്ചവർ തുടർന്നും ചടങ്ങുകളിൽ അവ കൊളുത്തുന്നതിനോട് വിമുഖത കാട്ടിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും നിലവിളക്ക് കൊളുത്തുന്നതിൽ ഇതുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.
മാഫിയ എന്ന ആക്ഷേപത്തിന് അർഹരാകേണ്ടവരല്ല റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ചിലരുടെ പ്രവർത്തനത്തിന്റെ പേരിലാണ് ഒരു മേഖല ആകമാനം ഈ ആക്ഷേപം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിലെ വലിയൊരു വിഭാഗം അനുഭവ സമ്പത്തും വിശ്വാസ്യതയുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു. റോയി വധക്കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്
കേസിൽ നാല് പ്രതികളാണ് ഉള്ളത്. റോയിയുടെ ഭാര്യയായിരുന്ന ജോളിയാണ് ഒന്നാം പ്രതി, എം.എസ് മാത്യു, പ്രജികുമാർ, മനോജ് എന്നിവരും കേസിലെ പ്രതികളാണ്. കൊലപാതകം, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 266 സാക്ഷികളേയും കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കും. 322 രേഖകളാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ചത്.
കേസിൽ ഡി.എൻ.എ ടെസ്റ്റിെൻറ ആവശ്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ പറഞ്ഞു. േജാളിക്ക് വേണ്ടി വ്യാജരേഖ ചമച്ചതും വിൽപത്രത്തിൽ ഒപ്പിട്ടതും മനോജാണ്. വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിൽ പിന്നീട് നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യൻസർ എന്ന മഹാവ്യാധി നേരിടുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവൻ. രോഗം പിടിമുറുക്കുമ്പോഴും അതിനെ ഉറച്ച മനക്കരുത്തുമായി നേരിടുകയാണ് നന്ദു. താനെ രോഗ വിവരത്തെ കൂട്ടുകാരുമായും പങ്കുവെക്കുന്ന സ്വഭാവവും നന്ദുവിനെ വേറിട്ടതാക്കുന്നു. ഒരു രോഗത്തിനും നന്ദുവിന്റെ മനോശക്തിയെ തകർക്കാൻ സാധിക്കില്ല എന്ന അറിവ് മറ്റു രോഗികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. രോഗ വിവരത്തിനൊപ്പം കൂട്ടുകാരന്റെ വിശേഷവും കുറിക്കുന്നു നന്ദു… കുറിപ്പ് വായിക്കാം
ചങ്കുകളേ..
നാളെ എന്റെ രണ്ടാമത്തെ കീമോ തുടങ്ങുകയാണ്..!!
ഞാനും ട്യൂമറും സ്ട്രോങ് ആയതിനാല്‍ മരുന്ന് കുറച്ചു കൂടി സ്ട്രോങ് ആക്കിയിട്ടുണ്ട്..!!
വേദനകള്‍ക്കിടയിലും മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവയ്ക്കാനുണ്ട്..!!
എന്റെ പ്രിയ സുഹൃത്ത് വിജയകരമായ അവന്റെ സംരംഭത്തിന്റെ അടുത്ത ഘട്ടം എന്റെ കൈകൊണ്ട് തന്നെ തുടങ്ങണം എന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ശരിക്കും എന്റെ കണ്ണു നിറഞ്ഞു..!!
Royale Impero Clothing Co. എന്ന അവന്റെ Clothing ബ്രാന്‍ഡിന്റെ ഇകൊമേഴ്സ് വെബ് സൈറ്റിന്റെ തുടക്കമാണ്..
നമുക്ക് നല്ലൊരു സെലിബ്രിറ്റിയെ കൊണ്ട് തുടങ്ങി വയ്ക്കാം എന്നു പറഞ്ഞപ്പോള്‍ അവന് പറയുകയാണ് എനിക്ക് നിന്നെക്കാള്‍ വലിയ വേറെ ആരെയാടാ കിട്ടുക എന്ന്..
എന്നെ അറിയുന്നവര്‍ക്കെല്ലാം അവനെ അറിയുമായിരിക്കും..
കാരണം അര്ജ്ജുനന് കൃഷ്ണന് എന്ന പോലെയാണ് എനിക്ക് അവന്..
ഞാന്‍ എവിടെയൊക്കെ പോകണമെന്ന് പറഞ്ഞാലും എന്നെ കൊണ്ട് പോകുന്ന എന്റെ തേരാളിയാണ് പ്രിയ കൂട്ടുകാരന് ശ്രീരാഗ് Shree Rakh !!
ഞാനുള്‍പ്പെടെ പ്രഭു ജസ്റ്റിന് വിഷ്ണു അതിജീവനത്തിലെ ഞങ്ങള്‍ നാല് ചങ്കുകള്‍ക്ക് ഒന്നു കറങ്ങണം എന്നു പറഞ്ഞപ്പോള്‍ ഞങ്ങളെയും കൊണ്ട് മൂവായിരത്തില്‍ അധികം കിലോമീറ്റര്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പൊന്നുപോലെ ഞങ്ങളെയും കൊണ്ടു നടന്നവന് !!
ഞങ്ങള്‍ മൂന്നുപേര്‍ കാലുകള്‍ നഷ്ടപ്പെട്ടവര്‍ ആണ്..
വിഷ്ണുവിന് ബ്ലഡ് ക്യാന്‍സര്‍ ആയിരുന്നു..
ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയത് അവനാണ് !!
അവന്റെ കണ്ണ് നിറയുന്നതും അസ്വസ്ഥനാകുന്നതും ഞാന്‍ കണ്ടിട്ടുള്ളത് എനിക്ക് വയ്യാതെ ആകുമ്പോള്‍ മാത്രമാണ്..
അത്രയ്ക്ക് ഉയിരാണ് അവനെന്നോടുള്ള സ്നേഹം !!
എനിക്ക് 2 ദിവസമേ ആയുസ്സുള്ളൂ എന്ന് ഡോക്ടര്‍ അവനോട് പറഞ്ഞപ്പോള്‍ അവന് ഡോക്ടറോട് പറഞ്ഞത് രണ്ട് ദിവസമല്ല രണ്ട് മണിക്കൂര്‍ ഡോക്ടര്‍ പറഞ്ഞാലും കാര്യമില്ല അവന് തിരികെ വരും എന്നാണ്..!!
ഇത് തുടങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ അവനോട് ഞാന്‍ ഒരേ ഒരു ആവശ്യമാണ് പറഞ്ഞത്..
എന്തെങ്കിലും ഒരു നന്മയുള്ള പ്രവര്‍ത്തനത്തോടെ ഇത് ആരംഭിക്കണം എന്ന്..
അപ്പോള്‍ തന്നെ നൂറോളം ടീഷര്‍ട്ട് എന്നെ ഏല്പിച്ചിട്ട് കഷ്ടത അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്കാന് പറഞ്ഞു..!!
ആ ടീഷര്‍ട്ടുകള്‍ സായീഗ്രാമത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതിനായി കൈവശം ഉണ്ടെന്ന് സയീഗ്രാമം ഡയറക്ടര്‍ ഈശ്വരതുല്യനായ K.N. Anandkumar സര് നെ ഈ അവസരത്തില്‍ അറിയിക്കുന്നു..
അവന്റെ ഈ സംരംഭത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ..!!
ഇനിയും ഒരുപാട് പേര്‍ക്കും തൊഴിലും തണലും ആകുന്ന ഒരു പ്രസ്ഥാനമായി ഇത് വളരാന്‍ പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം !!
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതിന്റെ ക്യാപ്ഷന്‍ ആണ്..
‘ Only For The Few
Who Dare To Live
Their Dreams ‘
അതേ ജീവിതം പൊരുതുവാന്‍ ധൈര്യമുള്ളവര്‍ക്ക് ഉള്ളതാണ്..
അങ്ങനെയുള്ളവര്‍ തന്നെയാണ് ലോകത്തെ സ്വാധീനിക്കുക !!
ഈ ഓണ്‍ലൈന്‍ വെബ്സൈറ്റിന്റെ ഉല്‍ഘാടനം ഓണ്‍ലൈനായി തന്നെ പ്രഖ്യാപിക്കുന്നു !!
ഇതിന് എനിക്ക് കിട്ടുന്ന പ്രതിഫലമാണ് ആ കുട്ടികള്‍ക്ക് കിട്ടുന്ന ടീ ഷര്‍ട്ട് !!
ഒപ്പം അവരുടെ പ്രാര്‍ത്ഥനകളും…!
നന്മകള് പൂക്കട്ടെ…
നന്മയുള്ളവര് വളരട്ടെ..!!
www.royaleimpero.com
സമൂഹത്തില്‍ പ്രകാശം പകര്‍ന്നുകൊണ്ട് തുടങ്ങിയ ഈ സംരംഭത്തിന് പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളും ആശംസകളും മാത്രം മതി !!
സ്നേഹപൂര്‍വ്വം ??
ഞാന്‍ ഉഷാറാണ് ട്ടോ..
രണ്ടാം ഘട്ട യുദ്ധം നാളെ തുടങ്ങും..!!
https://www.facebook.com/nandussmahadeva/posts/2696872667061860
പുതുവത്സരത്തില്‍ ‘ഷൈലോക്ക്’ന്റെ രണ്ടാം ടീസറുമായി മമ്മൂട്ടി. മാസ്റ്റര്‍ പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ആദ്യ ടീസര്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തിയിരുന്നു.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ‘തിയാമേ’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരും മമ്മൂട്ടിയുമാണ് ടീസറിന്റെ ഹൈലൈറ്റ്.ഗുഡ്വില് എന്റെര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന് രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.