ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഒരു ഉമ്മ കൊടുക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ രണ്ടു പേർക്കും നാണം, പിന്നെ നിറഞ്ഞ ചിരി. ചുമ്മാതെ ഉമ്മ വെച്ചാൽ മതിയെന്നേ എന്നാൽ ഭാര്യ മുൻകൈ എടുക്കും. എന്നാൽ പിന്നെ അങ്ങനെ ആയ്ക്കോട്ടെ എന്ന് കവിളിൽ ഒരു ചെറുമുത്തം നൽകി ഭർത്താവും. കണ്ട് നിൽക്കുന്നവർക്ക് പോലും കണ്ണും മനസ്സും നിറയും. എങ്കിലും, സംഭവം ക്യാമറയിൽ പതിഞ്ഞോ എന്ന് ആരായാൻ മറക്കാറില്ല ഇരുവരും. കോട്ടയം ജില്ലയിലെ മാധവൻനായരും മീനാക്ഷി അമ്മയുമാണ് ഈ മാതൃകാ ദമ്പതികൾ.

മാധവൻനായർക്ക് പ്രായത്തിൽ സെഞ്ചുറി തികഞ്ഞു, മീനാക്ഷിയമ്മ ഒരു വയസ് ഇളയതാണ് 99. എന്നാൽ ഇരുവരുടെയും പ്രണയത്തിന് പ്രായത്തിന്റെ അവശതകൾ ഒട്ടും ബാധിച്ചിട്ടില്ല. നാൾക്കുനാൾ അതിങ്ങനെ ശക്തിപ്പെട്ട് തുടർന്നുകൊണ്ടിരിക്കുന്നു.എൺപത്തി രണ്ട് വർഷമായി ജീവിതത്തിലെ ഓരോ നിമിഷവും ഒരുമിച്ചാണ് കഴിച്ചുകൂട്ടുന്നത് എങ്കിലും വിവാഹ ദിവസത്തെ കുറിച്ച് ചോദിച്ചാൽ ഇരുവരുടേയും മുഖം നാണം കൊണ്ട് ചുവക്കും. തങ്ങളുടേത് ഒരു സാധാരണ വിവാഹമായിരുന്നു എന്ന് മാധവൻ നായർ വിനയം കൊള്ളും. പണ്ടത്തെ വിവാഹങ്ങൾക്ക് ഇന്നത്തെ പോലെയുള്ള ആഡംബരമോ ആഘോഷമോ ഒന്നും ഇല്ലായിരുന്നു എന്ന് അഭിമാനിക്കും.

വിവാഹത്തിനു മുൻപേ ഇരുവർക്കും പരസ്പരം പരിചയമുണ്ട്. ഒരേ പള്ളിക്കൂടത്തിൽ ഒരേ ക്ലാസ്സിൽ കുറെ നാൾ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. പക്ഷെ ക്ലാസ്സിൽ വച്ച് അധികം സംസാരിച്ചിട്ടൊന്നുമില്ല. പള്ളിക്കൂടത്തിൽ പോകുന്ന പിള്ളേർക്ക് എന്താ കൂടുതൽ സംസാരിക്കാനിരിക്കുന്നത് എന്ന് അറുത്തുമുറിച്ചു ചോദിച്ചു കളയും അദ്ദേഹം. 4 ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ട് അതിനുശേഷം വെവ്വേറെ പള്ളിക്കൂടങ്ങളിൽ ആയിരുന്നു.

കല്യാണം നടന്നത് വീട്ടിൽ വച്ചായിരുന്നു. അന്നത്തെ പതിവ് അതാണ്. മുറ്റത്തൊരു പന്തൽ ഇടും, അവിടെയാണ് ചടങ്ങുകൾ എല്ലാം. കല്യാണങ്ങൾ ഒക്കെ അമ്പലത്തിൽ വച്ച് നടത്താൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അന്നൊന്നും ആരും ഒളിച്ചോടി പോയി കല്യാണം കഴിച്ചതായും ഓർമ്മയില്ല എന്നും അദ്ദേഹം പറയുന്നു.

മാധവൻനായർ ഒരു സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. വീട്ടിൽനിന്ന് അകന്നുള്ള നിൽപ്പും, രാത്രിയിലുള്ള ജോലി സമയവുമൊന്നും അത്ര സുഖകരമായിരുന്നില്ല എന്ന് അദ്ദേഹം ഓർക്കുന്നു. എന്നാൽ മീനാക്ഷി അമ്മയ്ക്ക് തന്റെ ഭർത്താവിനെ ഒറ്റയ്ക്ക് അങ്ങനെ വിടാനൊട്ട് ഉദ്ദേശവും ഇല്ലായിരുന്നു. ജോലി കാര്യത്തിനായി എത്ര ദൂരെ പോയാലും എത്ര ആളുകളോട് ഇടപഴകിയാലും തന്റെ ആൾ കൂടുതൽ വളരുകയേ ഉള്ളൂ എന്ന് മീനാക്ഷി അമ്മയ്ക്കറിയാമായിരുന്നു. അതിനാൽ ഭർത്താവ് വീട്ടിൽ നിന്ന് എത്ര അകലെ പോകുന്നതിനോട് ഒരു വിരോധവും ഉണ്ടായിരുന്നില്ല.

വിവാഹദിനം എന്നായിരുന്നു എന്ന് ചോദിച്ചാൽ മാധവൻനായർ കിറു കൃത്യമായി പറയും. കൊല്ലവർഷം പ്രകാരം, 1111 വൃശ്ചികത്തിൽ ആയിരുന്നു കല്യാണം. ഈ കണക്കിന്റെ കണിശതയിൽ മീനാക്ഷി അമ്മയ്ക്കാകട്ടെ പെരുത്ത് സന്തോഷം. അതവർ പ്രകടിപ്പിക്കുകയും ചെയ്യും. വിവാഹ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾക്ക് പിടിവാശി കാണിക്കുകയും, വിവാഹമോചനത്തെ പറ്റി ചിന്തിക്കുകയും ചെയ്യുന്ന യുവ ദമ്പതിമാർക്ക് പകർത്താവുന്ന ഏറ്റവും മികച്ച ഒരു മാതൃകയാണ് ഇരുവരുടേയും ജീവിതം.