India

വൈക്കം: പണം കടം കൊടുത്തയാളുടെ വീട്ടിലെത്തി കടം വാങ്ങിയ വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. വൈക്കപ്രയാര്‍ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകന്‍ വടയാര്‍ കൃഷ്ണനിവാസില്‍ ബിജു (48) ആണ് ആത്മഹത്യ ചെയ്തത്. ബിജു വൈക്കത്തെ കൃഷ്ണാ ടെക്സ്റ്റൈല്‍സ് എന്ന വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു. കടം മേടിച്ച പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ.

ബിജു വായ്പയായി ബാബുവിന്റെ പക്കല്‍നിന്ന്‌ മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ ബാബു, ബിജുവിന്റെ കടയില്‍ എത്തി പണം തിരികെ ചോദിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതില്‍ മനംനൊന്താണ് ബിജു ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ 10.30-ന് വൈക്കത്തെ ബെസ്റ്റ് ബേക്കറി ഉടമ ആറാട്ടുകുളങ്ങര ചന്ദ്രാലയത്തില്‍ ബാബുവിന്റെ വീട്ടിലെത്തിയാണ് ബിജു പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

വീടിന്റെ കാര്‍പോര്‍ച്ചില്‍ എത്തി തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെ ബാബുവിന്റെ ഭാര്യ ജയയ്ക്കും പരിക്കേറ്റു. ഇവര്‍ വൈക്കം താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മരിക്കുന്നതിനുമുമ്ബ് ബിജു പാലാ മജിസ്ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് വൈക്കം പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ഭാര്യ: മഞ്ജു. മക്കള്‍: കൃഷ്ണ, നന്ദന.

നാക്കുപിഴയ്ക്ക് ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി എം.എം.മണി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദമെന്ന് ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.

ശിശുദിനം പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മരിച്ച സുദിനമാണെന്ന് എം.എം മണി പറഞ്ഞത്. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി കട്ടപ്പനയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് വൈദ്യുതി മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചത്. സംഭവം വിവാദമായപ്പോഴാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്.

കുന്ദമംഗലത്ത് കിണറ്റിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടതിന് പിന്നിൽ ദുരൂഹത. കീഴരിയൂർ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കു​ഞ്ഞിനെയും ഭർത്താവും കുടുംബവും ചേർന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സ്ത്രീധനത്തിൻറെ പേരിൽ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരൻ നിജേഷ് പറഞ്ഞു.

തിങ്കളാഴ്ചയാണ് മുപ്പതുകാരി നിജിനയേയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭർത്താവ് ഫോൺ വിളിച്ചതാണ് സഹേദരനിൽ സംശയം ഉളവാക്കിയത്. സാധാരണ ഒറ്റയ്ക്ക് ഇവർ വീട്ടിലേക്ക് വരാറില്ല. രാത്രി വീട്ടിൽ വച്ചു കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അതിനാൽ സ്വന്തം വീട്ടിലേക്ക് വന്നിരുന്നോയെന്ന് അറിയാനാണ് ചോദിച്ചതെന്നും നിജിനയുടെ ഭർത്താവ് പറഞ്ഞു.

ഒരു മരണ ചടങ്ങിൽ സംബന്ധിക്കാൻ വീട്ടിൽ നിന്ന് എല്ലാവരും പോയതാണെന്നും അതുകഴിഞ്ഞു മടങ്ങിവീട്ടിൽ വന്നപ്പോൾ ഇവരെ കണ്ടില്ലെന്നും ഭർത്താവ് പറഞ്ഞു. സഹോദരൻ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് ഇവർ കിണറ്റിൽ ചാടിയെന്ന് സഹോദരനെ നാട്ടുകാരൻ വിളിച്ചറിയിക്കുകയായിരുന്നു.

സുഹൃത്തുക്കളാണ് നിജിനയേയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവോ വീട്ടുകാരോ ആശുപത്രിയിലോ മറ്റു ചടങ്ങുകളിൽ സംബന്ധിക്കാൻ എത്താതിരുന്നതും സംശയത്തിന് കാരണമായി. തലേ ദിവസം രാത്രി തന്നെ സംഭവം നടന്നിരിക്കാമെന്നും തെളിവു നശിപ്പിക്കാനായി ഭർതൃവീട്ടുകാർ യാത്രപോയതാകാമെന്നുമാണ് ബന്ധുക്കളുട സംശയം. വിവാഹത്തിനു ശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നെന്നും അതിന്റെ പേരിൽ നിജിന ഭർതൃവീട്ടുകാരുടെ പീഡനത്തിനിരയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മഹ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പേനിയില്‍ കുടുങ്ങിപോയ മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. എന്നാല്‍ തകര്‍ന്ന മല്‍സ്യബന്ധന ബോട്ട് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉള്‍ക്കടലില്‍ താഴ്ന്നുപോയി. അറുപത് ലക്ഷം രൂപ വരുന്ന മല്‍സ്യബന്ധന ബോട്ടാണ് കാറ്റിലും തിരമാലയിലും നഷ്ടമായത്. ആളപായമില്ല.

കഴിഞ്ഞ 26 നാണ് പൊഴിയൂര്‍ സ്വദേശികളായ പത്തുപേരടക്കം അന്‍പത്തെട്ട് മല്‍സ്യത്തൊഴിലാളികളടങ്ങിയ ബോട്ട് കല്‍പേനിയിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചുകയറിയത്. ഇതില്‍ നാല്‍പത്തിയെട്ടുപേരെ ലക്ഷദ്വീപ് ഭരണകൂടം രക്ഷപെടുത്തി നാട്ടിലേക്ക് അയച്ചു. മണലിലുറച്ചുപോയ ബോട്ട് തിരിച്ചെടുക്കാനുളള ശേഷിച്ചവരുടെ ശ്രമം വിജയിച്ചെങ്കിലും ബോട്ട് തിരികെയെത്തിക്കാന്‍ ആരും തയാറായില്ല. ഒരു ലക്ഷത്തോളം രൂപ കിട്ടണമെന്ന വ്യവസ്ഥയോടെ ലക്ഷദ്വീപിലുള്ള ഒരു സംഘം ബോട്ട് കരയിലെത്തിക്കാമെന്ന് സമ്മതിച്ചു.

ഇതുമായി തിരികെ വരുന്നതിനിടെയാണ് ശ്കതമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് രണ്ടായിപിളര്‍ന്നത്. ഇതോടെ ഇതിലുണ്ടായിരുന്നവര്‍ കടലില്‍ ചാടി ഒപ്പമുണ്ടായിരുന്ന ബോട്ടില്‍ കയറി. അധികം വൈകാതെ അകപടത്തില്‍പെട്ട ബോട്ട് കടലില്‍ ആഴ്ന്നുപോയി.അറുപതുലക്ഷത്തോളം രൂപവരുന്ന മല്‍സ്യബന്ധനബോട്ട് മുങ്ങിപ്പോയതോടെ നിരവധിപ്പേരുടെ ജീവനോപാദി കൂടിയാണ് നഷ്ടമായത്. തെങ്ങാപ്പട്ടണം ഹാര്‍ബഹറിലാണ് രക്ഷപെട്ടവര്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‍കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നാണ് ലത മങ്കേഷ്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് ലത മങ്കേഷ്‍കര്‍ എന്ന് വാര്‍ത്തകള്‍ വന്നതിനാല്‍ ആരാധകര്‍ ആശാങ്കാകുലരായിരുന്നു. എന്നാല്‍ ആരോഗ്യനില മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ലത മങ്കേഷ്‍കറുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. പക്ഷേ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുക്കും. ന്യുമോണിയ ബാധിച്ചിരുന്നു. ഏതൊരാള്‍ക്കും അങ്ങനെയുള്ള അവസ്ഥയില്‍ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുക്കും- ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ലത മങ്കേഷ്‍കര്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യം ഭാരതരത്ന നല്‍കി ആദരിച്ച ഗായികയാണ് ലത മങ്കേഷ്‍കര്‍.

അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയവും കടല്‍കയറ്റവും മൂലം മറ്റൊരു മണ്‍റോതുരുത്തായി മാറുമെന്ന ഭീതിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ നിന്നും നാട്ടുകാര്‍ പാലായനം ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കൈനകരിയിലും ആര്‍ ബ്‌ളോക്കിലുമായി വീട് ഉപേക്ഷിച്ചു പോയത് 30 കുടുംബങ്ങള്‍.

1450 ഏക്കര്‍ വരുന്ന ആര്‍ ബ്ലോക്കില്‍ 250-ല്‍ ഏറെ കുടുംബങ്ങള്‍ വസിച്ചിരുന്നു. ഇപ്പോഴുള്ളതു 30 കുടുംബങ്ങള്‍ മാത്രം. കൃഷിഭൂമിയില്‍ വലിയൊരുപങ്കും ഇന്നു ടൂറിസം മാഫിയയുടെ പക്കലാണ്.

കാലാവസ്ഥാ വ്യതിയാനത്തേത്തുടര്‍ന്നുള്ള കടല്‍കയറ്റ ഭീഷണി ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഗട്ടറസിന്റെ ഈ മുന്നറിയിപ്പിനെക്കുറിച്ചൊന്നും അറിയാതെതന്നെ, സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടില്‍നിന്ന് നാട്ടുകാര്‍ പലായന പാതയിലാണ്.

ഇവിടെ ഭൂമി താഴുന്നതും പതിവായി വെള്ളം കയറുകയും ചെയ്യുന്നതിനാല്‍ പലരും കുട്ടനാട് ഉപേക്ഷിച്ചു പോകുകയാണ്.
പലരും വീടും പുരയിടവും വിറ്റു. ചിലര്‍ വാടകയ്ക്കു നല്‍കി.

മുട്ടാര്‍, നെടുമുടി, പുളിങ്കുന്ന്, ചമ്പക്കുളം പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിലുള്ളവരെല്ലാം നാടുവിടേണ്ടിവരുമെന്ന ആശങ്കയിലാണ്. മഹാപ്രളയാനന്തരം ജീവിതം ദുഷ്‌കരമായതുതന്നെ കാരണം. മഹാപ്രളയത്തിനുശേഷം കുട്ടനാടിന്റെ കരഭൂമി കൂടുതല്‍ താഴുകയും ചെയ്തു.

സമുദ്രനിരപ്പ് ഉയരുന്നത് ആഗോള പ്രതിഭാസമാണെങ്കിലും അതേറ്റവും ഭീഷണി ഉയര്‍ത്തുന്ന പ്രദേശങ്ങളിലൊന്ന് കേരളത്തിന്റെ സ്വന്തം കുട്ടനാടാണ്. അപ്രത്യക്ഷമാകുമെന്ന ആശങ്ക ഏറെക്കാലമായി ചര്‍ച്ചചെയ്യപ്പെടുന്ന കൊല്ലത്ത് അഷ്ടമുടിക്കായലിനും കല്ലടയാറിനുമിടയില്‍ സ്ഥിതിചെയ്യുന്ന മണ്‍റോ തുരുത്തിന്റെ സമാന അവസ്ഥയിലാണു കുട്ടനാട്ടിലെ പല പ്രദേശങ്ങളും.

അമിത ലവണസാന്നിധ്യവും ജലവിതാനം ഉയരുന്നതും മൂലം താഴ്ന്നപ്രദേശങ്ങളില്‍ ജനവാസം അസാധ്യമാകുകയും കൃഷിനാശം പതിവാകുകയുമാണ്.

കൈനകരി പഞ്ചായത്തിലെ തന്നെ തോട്ടുവാത്തല, പരുത്തിവളവ്, ആറുപങ്ക്, വലിയതുരുത്ത്, കുട്ടമംഗലം എന്നിവിടങ്ങളില്‍നിന്ന് ഒരുവര്‍ഷത്തിനിടെ ഏകദേശം 30 കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്കു മാറിയതായി ബ്ലോക്ക് പഞ്ചായത്തംഗം മധു സി. കൊളങ്ങര ചൂണ്ടിക്കാട്ടി.

മഹാപ്രളയത്തില്‍ കുട്ടനാട്ടിലെ വീടും സര്‍വസമ്പാദ്യവും ഒലിച്ചുപോയ കൈനകരിക്കാരി. പാടത്തു മടവീണ് വെള്ളം ഇരച്ചുകയറിയതോടെ പ്രാണരക്ഷാര്‍ഥം മകള്‍ക്കൊപ്പം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ശശിയമ്മ ആഴ്ചകള്‍ക്കുശേഷമാണു മടങ്ങിയെത്തിയത്. അപ്പോള്‍ കണ്ടതാകട്ടെ, മൂന്നരവര്‍ഷം മുമ്പു മാത്രം നിര്‍മിച്ച വീട് തകര്‍ന്നടിഞ്ഞു കിടക്കുന്നതും. പുരയിടത്തിന്റെ ഭൂരിഭാഗവും പ്രളയം കവര്‍ന്നു.

വിദേശത്തുള്ള മൂത്തമകളുടെ അടുത്തേക്കു പോകാന്‍ സൂക്ഷിച്ചുവച്ച പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ രേഖകളെല്ലാം നഷ്ടപ്പെട്ടു. കൈനകരി പുതുപ്പറമ്പില്‍ചിറ ശശിയമ്മയുടെ ദുരവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കാരുണ്യഹസ്തങ്ങള്‍ നീണ്ടു. ആലപ്പുഴ സബ് കലക്ടറായിരുന്ന വി.ആര്‍. കൃഷ്ണതേജ മുന്‍കൈയെടുത്ത്, ”ഐ ആം ഫോര്‍ ആലപ്പി” പദ്ധതിപ്രകാരം ശശിയമ്മയ്ക്കും കുടുംബത്തിനും ഹട്ട് മാതൃകയിലുള്ള വീടൊരുങ്ങി. എന്നിട്ടും ശശിയമ്മ കുട്ടനാടിനോടു വിടപറയാന്‍ ഒരുങ്ങുകയാണ്.

ഈവര്‍ഷം ഇതുവരെ എട്ടുതവണയാണു വെള്ളപ്പൊക്കമുണ്ടായതെന്നു ശശിയമ്മയുടെ സഹോദരി കൃഷ്ണകുമാരി പറഞ്ഞു. കുട്ടനാടിനു പുറത്ത്, മുഹമ്മ പഞ്ചായത്തില്‍ സ്ഥലം വാങ്ങി നിര്‍മിച്ച വീട്ടിലേക്കു മാറാനൊരുങ്ങുകയാണു ശശിയമ്മയുടെ കുടുംബം. ജനിച്ച നാടുവിട്ടുപോകാന്‍ വിഷമമുണ്ടെങ്കിലും പോകാതെവയ്യ.

വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് വെണ്‍മണി. എപി ചെറിയാനും ഭാര്യ ലില്ലിയുമാണ് കൊല്ലപ്പെട്ടത്. അന്യ സംസ്ഥാന തൊഴിലാളികുളുടെ അടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇപ്പോള്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളുടെ പ്രതികരണമാണ് ഏവരെയും ഈറനണിയി്കുന്നത്. ‘മോഷണം നടത്താനാണെങ്കില്‍ അവരെ പൂട്ടിയിട്ടാല്‍ പോരായിരുന്നോ, വയ്യാത്തവരല്ലേ, എന്തിനാ കൊന്നുകളഞ്ഞത് ?’ ദമ്പതികളുടെ മകള്‍ ബിന്ദു ചോദിക്കുന്നു.

ഷാര്‍ജയില്‍ നിന്നും പപ്പയെയും മമ്മിയെയും വീഡിയോകള്‍ ചെയ്യുമായിരുന്നു, ഞായറാഴ്ചയും ചെയ്തിരുന്നു,. പണിക്കാര്‍ ഉള്ള വിവരം പറഞ്ഞിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വിധത്തിലാണ് പ്രതികളെത്തിയത്. വേണ്ടെന്ന് പറഞ്ഞിട്ടും ഞായറാഴ്ച അവര്‍ എത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങില്‍ കയറി തേങ്ങയിട്ടു. ഞായറാഴ്ച പള്ളിയില്‍ പോകാനൊരുങ്ങിയ ലില്ലിയുടെ ആഭരണങ്ങള്‍ ഇവര്‍ കണ്ടിട്ടുണ്ടാകാം.-ബിന്ദു പറഞ്ഞു. ഭര്‍ത്താവ് രെജു കുരുവിളയ്‌ക്കൊപ്പമാണ് ഷാര്‍ജയില്‍ നിന്നും ബിന്ദു എത്തിയത്. സഹോദരന്‍ ബിബു ഭാര്യ ഷാനിക്കും മകനും ഒപ്പം ദുബായില്‍ നിന്നും എത്തി. ബന്ധുക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ബിബു.

പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ പ്രയാസമായിരുന്നു. പ്രതികളിലൊരാള്‍ നേരത്തേ ബംഗ്ലദേശില്‍ നിന്നു കേരളത്തിലെ സുഹൃത്തിനെ വിളിച്ചതൊഴിച്ചാല്‍ പിന്നീട് ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ട്രെയിന്‍ യാത്രയില്‍ സഹയാത്രികരുടെയും വെണ്‍മണിയില്‍ ഉണ്ടായിരുന്നപ്പോള്‍ സുഹൃത്തുക്കളുടെയും ഫോണുകളില്‍ നിന്നാകും ഇവര്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നത് എന്നാണു പൊലീസ് നിഗമനം. എന്നാല്‍ പ്രതികളില്‍ നിന്നു 3 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായാണു വിവരം. മരിച്ച ചെറിയാന്റേതു തന്നെയാണോ ഈ ഫോണുകള്‍ എന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്പി അനീഷ് വി.കോരയുടെ മൊബൈല്‍ ഫോണില്‍ ഇവയുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഇതല്ല ഫോണ്‍ എന്നായിരുന്നു പേരക്കുട്ടി സ്‌നേഹയുടെ മറുപടി.

ശബരിമല വിധി നിരാശപ്പെടുത്തുന്നില്ലെന്ന് ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ്ഗ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്നും കനകദുർഗ്ഗ വ്യക്തമാക്കുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള യുവതികള്‍ക്ക് സുപ്രീംകോടതിയില്‍ പ്രവേശിക്കാമെന്ന ഉത്തരവിനെ തുടര്‍ന്ന് സന്നിധാനത്ത് എത്തിയ ആദ്യ യുവതികളില്‍ ഒരാളാണ് കനകദുര്‍ഗ.

വിധിയിലെ മാറ്റങ്ങൾക്ക് കാരണം രാഷ്ട്രീയവൽക്കരിച്ചതാണ്, ഇനിയുള്ളകാര്യങ്ങള്‍ വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ എന്നും യുവതി പ്രവേശന വിധിടെ അനുകകൂലിച്ചും തങ്ങൾക്ക് ഭീഷണി നേരിടുന്നെന്നും കാട്ടി കോടതിയെ സമീപിച്ച അവർ പ്രതികരിച്ചു. കനകദുർഗയുടെയും ബിന്ദുവിന്റെയും ശബരിമലദർശനം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

അതേസമയം, ശബരിമല വിധി അനുകൂലമായാല്‍ ശബരിമലയില്‍ ഉടനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയിൽ യുവതികൾക്ക് പ്രവേശക്കാമെന്ന വിധി വന്നതിന് ശേഷം ശബരിമലയിൽ പ്രേവേശിക്കാനിരിക്കെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനൊടുവിൽ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാനാകാതെ തിരിച്ചു പോകുകയായിരുന്നു തൃപ്തി ദേശായി.

സ്ത്രീകളെ പൊലീസ് അകമ്പടിയോടെ ശബരിമലയിലെത്തിച്ച് സര്‍ക്കാര്‍ ഇനിയും പ്രതിസന്ധി ഉണ്ടാക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയെ സങ്കര്‍ഷഭൂമിയാക്കരുത്. സ്റ്റേ ഇല്ലെങ്കിലും വിധി അന്തിമമല്ല, ധൃതിപിടിച്ച് സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചല്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും ചെന്നിത്തല പ്രതികരിച്ചു. വിധി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. യുഡിഎഫിന്‍റെ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം, പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ട സാഹചര്യത്തില്‍ യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയാല്‍ സര്‍ക്കാര്‍ ഇടപെട്ട് തളളണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

ശബരിമല യുവതീപ്രവേശനവിധി വിശാല ബെഞ്ചിന് വിട്ട നടപടി സന്തോഷവും ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി അംഗം ശശി കുമാര്‍ വര്‍മ്മ. അയ്യപ്പ ഭക്തന്മാരുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് കേസ് മാറ്റുവാന്‍ അ‍ഞ്ചംഗ ബെഞ്ച് തീരുമാനിച്ചിരിക്കുന്നു. അയ്യപ്പ ഭക്തജനങ്ങള്‍ക്കെല്ലാം ഇത് ആശ്വാസകരവും സന്തോഷകരവുമാണെന്നും ശശികുമാര്‍ വര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിധിക്ക് പിന്നാലെ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സുപ്രീം കോടതി വിധി വിശ്വാസ സമൂഹത്തിന്‍റെ വിജയമാണെന്ന് എൻഎസ്എസ് പ്രതികരിച്ചു. സുപ്രീം കോടതി വിധി സ്വാഗതാർഹമെണെന്നും മുൻ വിധിക്കെതിരെ പുനഃപ്പരിശോധന ഹർജി നൽകിയ എൻഎസ്എസ് പറയുന്നു.

കേസ് വിശാലബെഞ്ചിനു മുന്നിൽ എത്തിയാലും വിശ്വാസികൾക്ക് ഒപ്പമുള്ള നിലപാടായിരിക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റേതെന്ന് നിയുക്ത പ്രസിഡന്‍റ് എൻ വാസു പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങൾ പഠിച്ച ശേഷം ബോർഡ് യോഗം ചേർന്നു തീരുമാനങ്ങൾ എടുക്കും. ബോർഡ് ഇതുവരെ സ്വീകരിച്ച നിലപാട് എല്ലാം വിശ്വാസികളുടെ വികാരം മാനിച്ചുള്ളതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ 36 യുവതികൾ ശബരിമല ദർശനത്തിന് അപേക്ഷ നൽകിയതായി റിപ്പോർട്ട്. ഓൺലൈനിലൂടെയാണ് ഇവർ അപേക്ഷ നൽകിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച മുൻ വിധിയെ സ്റ്റേ ചെയ്യാതെയുള്ള സുപ്രീംകോടതി അഞ്ചംഗ ബഞ്ചിന്റെ പുതിയ വിധിയുടെ പശ്ചാത്തലത്തിലാണ് യുവതികളുടെ അപേക്ഷ വന്നിരിക്കുന്നത്. നവംബർ 17നാണ് ശബരിമല നട മണ്ഡലപൂജയ്ക്കായി തുറക്കുക.

കഴിഞ്ഞ സീസണിൽ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ എതിർക്കാൻ സംഘപരിവാർ സംഘടനകൾ സംഘടിച്ചെത്തി നടത്തിയ നീക്കങ്ങൾ ശബരിമലയെ ചരിത്രത്തിലെങ്ങുമില്ലാത്ത വിധത്തിൽ സംഘർഷഭരിതമാക്കിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ആവശ്യവുമായെത്തിയ സ്ത്രീകളെ അതിനനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചെത്തിയ അക്രമികൾ തടഞ്ഞത് ഭക്തജനങ്ങള്‍ക്ക് ഉപദ്രവമായി മാറി.

കോഴിക്കോട് രണ്ടിടങ്ങളില്‍ നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം ക്രൈംബ്രാഞ്ച് തയ്യാറാക്കി. തലയോട്ടി പരിശോധിച്ച്‌ കംപ്യൂട്ടര്‍ സഹായത്താലാണ് രേഖാചിത്രം തയ്യാറാക്കിയത്. മൂന്ന് രൂപത്തിലുള്ള ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രേഖാചിത്രവും പരിശോധിച്ച അന്വേഷണസംഘം കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരനായിരിക്കുമെന്ന നിഗമനത്തിലാണ്.

ചാലിയത്തും മുക്കത്തുമാണ് മനുഷ്യശരീരങ്ങള്‍ കണ്ടെത്തിയത്. വെട്ടിമാറ്റിയ കൈകളും തലയും ഉടലും രണ്ടുവര്‍ഷംമുന്‍പാണ് വിവിധ ദിവസങ്ങളിലായി കണ്ടെത്തിയത്. കൊല്ലപ്പെട്ട ആളെകുറിച്ചോ കൊലപാതകം നടത്തിയവരെകുറിച്ചോ ഇതുവരെയും ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. 2017, ജൂണ്‍ 28 നാണ് അറത്തുമാറ്റിയ ഇടതു കൈ ചാലിയം കടല്‍ തീരത്തുനിന്ന് ആദ്യം കണ്ടെത്തിയത്. വീണ്ടും അഞ്ച് ദിവസത്തിന് ശേഷം മലയോര മേഖലയായ മുക്കം എസ്‌റ്റേറ്റ് റോഡരികില്‍ നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി.

ഒരാഴ്ച കഴിഞ്ഞതോടെ കൈകള്‍ ലഭിച്ച തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. മൂന്ന് ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. മൂര്‍ച്ചയേറിയ യന്ത്രം ഉപയോഗിച്ചാണ് ശരീരം മുറിച്ചതെന്നും സംശയിക്കുന്നു. ഏകദേശം ഇരുപത്തിയഞ്ചുവയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തുനിന്ന് കാണാതയവരെകുറിച്ച്‌ അന്വേഷിച്ചെങ്കിലും ഈ കേസിലേക്ക് ഒരു സൂചനയും ലഭിച്ചില്ല. ഡിഎന്‍എ പരിശോധനയിലാണ് എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തിയത്. വിദഗ്ധ പരിശോധനയില്‍ കൊല്ലപ്പെട്ട ആളുടെ നാല് വിരലടയാളങ്ങള്‍ ശേഖരിച്ചു. കഴുത്തില്‍ ബലം പ്രയോഗിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മലയാളികൾ ധാരാളമായി സന്ദർശിക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റു കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സ്‌കൂൾ കുട്ടികൾ, ഹണിമൂൺ ദമ്പതിമാർ, ഫാമിലികൾ തുടങ്ങി ഏതു തരക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മനോഹരമായ കുറെ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഊട്ടിയിൽ ഉണ്ട്.

തുറന്നു പറയാമല്ലോ, ബാച്ചിലേഴ്‌സ് അടക്കമുള്ള, നമ്മുടെ കൂട്ടത്തിൽ തന്നെയുള്ള മറ്റു പ്രായമായ ചിലരൊക്കെ ഇത്തരം ടൂറിനിടയിൽ സ്വൽപ്പം രസത്തിനായി മദ്യം സേവിക്കാറുണ്ട് എന്നത് ഒരു സത്യമാണ്. ഇതിലിപ്പോൾ പ്രത്യേകിച്ച് രഹസ്യമോ മറയോ ഒന്നുമില്ല താനും. പക്ഷെ ഊട്ടിയിൽ ചെന്നിട്ട് മദ്യപാനത്തിനുശേഷം ഒഴിഞ്ഞ കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ ഇനി മുട്ടൻ പണിയായിരിക്കും നിങ്ങളെ തേടി വരുന്നത്.

കാരണം മറ്റൊന്നുമല്ല, ഊട്ടിയിലും പരിസരപ്രദേശങ്ങളിലും മദ്യപാനത്തിനു ശേഷം കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ അവരുടെ പക്കൽ നിന്നും 10,000 രൂപ പിഴയീടാക്കും. ഇതിനായുള്ള ഉത്തരവ് നീലഗിരി ജില്ലാ കലക്ടറായ ഇന്നസെന്റ് ദിവ്യ നൽകിയിട്ടുണ്ട്.

നീലഗിരി ജില്ലയിൽ സർക്കാർ വക 55 മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലേതു പോലെ നീലഗിരിയിൽ ഇത്തരം മദ്യഷാപ്പുകളോടനുബന്ധിച്ച് ബാറുകൾ (മദ്യം കുടിക്കുവാനുള്ള ചെറിയ സെറ്റപ്പ്) ഇല്ല. ഇക്കാരണത്താൽ മദ്യഷാപ്പുകളിൽ നിന്നും ആളുകൾ മദ്യം വാങ്ങുകയും, എവിടെയെങ്കിലും മാറിയിരുന്നു കുടിച്ചശേഷം കുപ്പി പൊതുസ്ഥലങ്ങളിലും, കാടുകളിലുമൊക്കെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ദിവസേന പതിനായിരക്കണക്കിനു കുപ്പികൾ ഇപ്രകാരം നീക്കം ചെയ്യേണ്ടി വരുന്നുണ്ട്. ഇങ്ങനെ കുപ്പികൾ പൊതുസ്ഥലങ്ങളിൽ എറിയുന്നത് വലിയ തോതിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടവരുത്തും എന്നതിനാലാണ് അവ നിക്ഷേപിക്കുന്നവരിൽ നിന്നും ഉയർന്ന തുക പിഴയീടാക്കുവാൻ കളക്ടർ ഉത്തരവിട്ടത്.

അതുകൊണ്ട് ഊട്ടിയിലേക്കും, കോത്തഗിരിയിലേക്കും ഒക്കെ ടൂർ പോകുന്നവർ ശ്രദ്ധിക്കുക. അവിടത്തെ ടീം നമ്മൾ വിചാരിക്കുന്ന പോലെയല്ല, നല്ല സ്‌ട്രോങ് ആണ്. കുപ്പികൾ വലിച്ചെറിയുന്നതു ആരെങ്കിലും കണ്ടാൽ നല്ല പണി കിട്ടും എന്നുറപ്പാണ്. ഇനി ആരും കാണാതെ കാടുകളിലേക്കോ മറ്റോ കളയാമെന്നു വെച്ചാലും പിടിക്കപ്പെട്ടാൽ പിഴ കൊടുക്കേണ്ടി വരും.

മദ്യക്കുപ്പികൾ നിക്ഷേപിക്കുന്നതിനായുള്ള പ്രത്യേക വേസ്റ്റ് ബിന്നുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. കുപ്പികൾ കൃത്യമായി അവയിൽ നിക്ഷേപിക്കുക. ഒരിക്കലും പിഴയെ മാത്രം പേടിച്ച് നിങ്ങൾ ഒതുങ്ങണം എന്നല്ല, നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്ന ഒന്നിലും നമ്മൾ പങ്കാളികൾ ആകരുത് എന്ന ദൃഢനിശ്ചയമാണ് നമുക്ക് വേണ്ടത്. കാഴ്ചകൾ ആസ്വദിക്കുവാനുള്ളതാണ്. അവ കണ്ണുകൾ കൊണ്ട് ആസ്വദിക്കുക. നമ്മൾ ആസ്വദിച്ച ശേഷം അടുത്തയാൾക്കും കൂടി അത് ആസ്വദിക്കുവാനുള്ളതാണെന്ന ബോധം വേണം. പ്രകൃതി സുന്ദരിയായിത്തന്നെ നിലകൊള്ളട്ടെ. നമുക്ക് എക്കാലവും ആസ്വദിക്കാം.

RECENT POSTS
Copyright © . All rights reserved