കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. 23 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.
നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും. നേരത്തെ തീരുമാനിച്ചത് പോലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്നെ ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി തുഴയെറിയുക. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം നടക്കുക.
ഒമ്പത് ക്ലബുകളാണ് സിബിഎല്ലിൽ പങ്കെടുക്കുക. ദേശീയ, അന്തർദേശീയ ചാനലുകൾക്കാണ് ഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. 12 മത്സരങ്ങളാണ് സിബിഎല്ലിൽ ഉള്ളത്. 25 ലക്ഷമാണ് സമ്മാനത്തുക.
അതേസമയം, ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയിൽ ഇന്ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭയുടെ പരിധിയിൽപ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
മുംബൈ: മുംബൈയിൽ ചലച്ചിത്രനടി ബഹുനില കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി. പേൾ പഞ്ചാബി(25) ആണു ഒഷിവാരയിലെ ലോഖണ്ഡ്വാല കോംപ്ലക്സിലെ കെൻവുഡ് അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽനിന്നു ചാടിയത്. സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിൽ പേൾ പഞ്ചാബി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണു പറയപ്പെടുന്നത്.
രണ്ടാംഘട്ട സാന്പത്തിക ഉത്തേജന നടപടിയുടെ ഭാഗമായി നാലു സുപ്രധാന ബാങ്ക് ലയനങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. പത്തു പൊതുമേഖലാ ബാങ്കുകളെയാണ് നാലു കുടക്കീഴിലാക്കി ലയിപ്പിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് ആക്കും.യൂണിയൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒന്നാക്കും. കനറാ ബാങ്കും സിൻഡിക്കറ്റ് ബാങ്കും തമ്മിലും ഇന്ത്യൻ ബാങ്കും അലാഹാബാദ് ബാങ്കും തമ്മിലുമാകും മറ്റു രണ്ടു ലയനങ്ങൾ. കൂട്ടു പ്രവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്.
ഇന്ത്യക്ക് എണ്ണത്തിൽ കുറവും ശക്തവും ബൃഹത്തായതുമായ ബാങ്കുകളാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളിലെ വൻകിട വായ്പകളുടെ സ്ഥിതി പരിശോധിക്കും. ഭവനവായ്പകളുടെ പലിശ കുറച്ചു തുടങ്ങി. വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത തലമുറ പൊതുമേഖലാ ബാങ്കുകൾ (നെക്സ്റ്റ് ജൻ പിഎസ്ബി) എന്ന് വിശേഷിപ്പിച്ചാണ് ധനമന്ത്രി ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. അഞ്ചു ട്രില്യണ്‍ (ലക്ഷം കോടി) ഡോളറിന്റെ സാന്പത്തികവളർച്ചാ ലക്ഷ്യം ഉന്നംവച്ചാണ് ബാങ്കുകളുടെ ലയനവും. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറുമെന്ന കണക്കുകൂട്ടലോടെയാണു പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ലയനം. പഞ്ചാബ് നാഷണൽ ബാങ്കായിട്ടാണ് പ്രവർത്തിക്കുക. 17.95 ലക്ഷം കോടി രൂപയുടെ ബിസിനസുള്ള ബാങ്ക് ആക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യം. പുതിയ ബാങ്കിനു കീഴിൽ 11,437 ബ്രാഞ്ചുകൾ ഉണ്ടാകും.
യൂണിയൻ ബാങ്കും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും ലയിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും. 14.59 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഇതിൽനിന്നു ലക്ഷ്യമിടുന്നത്. കനറാ ബാങ്ക്, സിൻഡിക്കറ്റ് ബാങ്കുമായി ലയിച്ച് നാലാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും. 15.20 ലക്ഷം കോടി രൂപയുടെ ബിസി നസാണ് ഈ ലയനത്തിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ബാങ്ക്, അലാഹാബാദ് ബാങ്കുമായി ലയിച്ച് ഏഴാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും. 8.08 ലക്ഷ്യം കോടി രൂപയുടെ ബിസി നസാണ്് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലയന നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. രാജ്യത്തിന് പുറത്തും ആഗോളതലത്തിൽ സാന്നിധ്യമുള്ള വലിയ ബാങ്കുകളാണു സർക്കാരിന്റെ ലക്ഷ്യം. വമ്പൻ വായ്പകൾക്ക് ഏജൻസി വലിയ വായ്പകൾ നൽകുന്നതിനായി പ്രത്യേക ഏജൻസികൾ രൂപീകരിക്കും. ഈ വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്നു നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. 250 കോടി രൂപയിൽ അധികമുള്ള വായ്പകളെ നിരീക്ഷിക്കുന്നത് പ്രത്യേക ഏജൻസിയുടെ ചുമതല ആയിരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
മദ്യ- കഞ്ചാവ് ലഹരിയിൽ തല ഭിത്തിയിലിടിപ്പിച്ചും ചവിട്ടിയും ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. മാമ്മൂട് ശാന്തിപുരത്തിനു സമീപം കാവുങ്കൽപ്പടിയിൽ വാടക വീട്ടിൽ താമസക്കാരനായ കോലത്ത്മലയിൽ സുബിൻ മോഹന്റെ(25) ഭാര്യ അശ്വതി(19)യാണ് കൊല്ലപ്പെട്ടത്. സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 10.30നാണ് ക്രൂരമായ ആക്രമണത്തിൽ അശ്വതിയുടെ തലയ്ക്ക് അതീവ ഗുരുതരമായ പരിക്കേറ്റത്. കറുകച്ചാൽ പോലീസ് എത്തി ആംബുലൻസിലാണ് അശ്വതിയെ കോട്ടയം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അശ്വതി ഇന്നലെ പുലർച്ചെ 6.15നു മരിച്ചു. സംഭവസ്ഥലത്തുനിന്നു പോലീസ് വലയിലാക്കിയ സുബിൻ മാനസിക വിഭ്രാന്തി കാട്ടി അക്രമാസക്തനാവുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പോലീസ് നിരീക്ഷണത്തിൽ ഇയാളെ ചികിത്സയ്ക്കു വിധേയമാക്കിയിരിക്കുകയാണ്.
നേരത്തെ അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ കൈയിൽ കടിച്ചും ഇയാൾ ബഹളം സൃഷ്ടിച്ചു. പിന്നീട് അത്യാഹിത വിഭാഗത്തിനു മുൻപിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടർന്ന് ഇയാളെ ഗാന്ധിനഗർ പോലീസ് പിടികൂടി. ഇയാൾ ഗാന്ധിനഗർ എസ്ഐ റെനീഷിന്റെ കൈക്കും കടിച്ചു പരിക്കേൽപ്പിച്ചു. സ്റ്റേഷനിലേക്കു കൊണ്ടു പോകവേ പോലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്തു രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് മൽപ്പിടിത്തത്തിലാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
പോലീസ് പറയുന്നതിങ്ങനെ: മദ്യത്തിനും കഞ്ചാവിനും അടിമയായ സുബിൻ നിരവധി ക്വട്ടേഷൻ, അടിപിടി, അക്രമ കേസുകളിൽ വിവിധ പോലീസ് സ്റ്റേഷനുകളിലെ പ്രതിയാണ്. മദ്യപിച്ച് വീട്ടിൽ എത്തി ഭാര്യയെയും മാതാപിതാക്കളെയും അക്രമിക്കുന്നതു പതിവാണ്. മദ്യലഹരിയിലായിരുന്ന സുബിൻ വ്യാഴാഴ്ച രാത്രി അശ്വതിയെ ക്രൂരമായി മർദിച്ചു. അർധരാത്രിയോടെ അശ്വതിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചു. തലയുടെ പിന്നിൽ മാരകമുറിവേറ്റ് അശ്വതി നിലത്തു വീണു. തുടർന്ന് അശ്വതിയുടെ നെഞ്ചിൽ സുബിൻ ചവിട്ടിയതായി സുബിന്റെ അമ്മ കുഞ്ഞുമോൾ പറഞ്ഞതായി പോലീസ് പറഞ്ഞു. തടസം നില്ക്കാനെത്തിയ സുബിന്റെ പിതാവ് മോഹനനെയും മാതാവ് കുഞ്ഞുമോളെയും സുബിൻ മർദിച്ചു.
മോഹനൻ അറിയിച്ചതു പ്രകാരം കറുകച്ചാൽ പോലീസ് എത്തിയപ്പോൾ തുണികൊണ്ടു തലമൂടി രക്തം വാർന്നൊഴുകി അബോധാവസ്ഥയിൽ അശ്വതി നിലത്തുകിടക്കുകയായിരുന്നു. പോലീസ് കറുകച്ചാലിൽനിന്ന് ആംബുലൻസ് വരുത്തി അശ്വതിയെയും സുബിനെയും മോഹനനെയും കുഞ്ഞുമോളെയും അതിൽ കയറ്റി ആദ്യം കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചു. പോലീസ് പിന്നാലെ ജീപ്പിൽ അനുഗമിച്ചു. പുലർച്ചെ രണ്ടിന് അശ്വതിയെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. അശ്വതിയെ വിദഗ്ധ പരിശോധനയ്ക്കു ശേഷം ഉടൻ സർജറി തീവ്രപരിചരണത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സബ് കളക്ടർ ഈശ പ്രിയയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. അശ്വതിയുടെ തലക്കേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പോലീസ് പറഞ്ഞു.
റാന്നി ഉതിമൂട് സ്വദേശിനിയായ അശ്വതി മാതാവിന്റെ സഹോദരി താമസിക്കുന്ന കുന്നന്താനത്തിനടുത്തുള്ള മാന്താനത്ത് ഇടയ്ക്കിടെ പോകുകയും അങ്ങനെയുള്ള പരിചയത്തിൽ മാതൃസഹോദരിയുടെ അയൽവാസിയായ സുബിനുമായി അടുപ്പത്തിലാവുകയുമായിരുന്നു. പഠനം പൂർത്തിയായ ശേഷം സുബിൻ അശ്വതിയെ വീട്ടിലേക്കു വിളിച്ചു കൊണ്ടുപോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കുകയായിരുന്നു. നാലു മാസം മുന്‍പാണ് സുബിനും കുടുംബവും മാമ്മൂട് കാവുങ്കൽപ്പടിയിൽ വാടകവീട്ടിൽ താമസത്തിനെത്തിയത്. ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ്കുമാർ, കറുകച്ചാൽ സിഐ പി.എ. സലിം, എസ്ഐ രാജേഷ്കുമാർ, ഗാന്ധിനഗർ എസ്ഐ റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
കൊച്ചിയുടെ ജൂത മുത്തശ്ശി സാറ ജേക്കബ് കോഹൻ (97) വിടവാങ്ങി. ജൂ ടൗണിലെ സെനഗോഗ് ലൈനിൽ താമസിച്ചിരുന്ന സാറ, റിട്ടയേർഡ് ഇൻകം ടാക്സ് ഇൻസ്പെക്ടർ പരേതനായ ജേക്കബ് കോഹന്റെ പത്നിയാണ്. സംസ്കാരം നാളെ രണ്ടിന് മട്ടാഞ്ചേരി ചക്കാമാടത്തെ ജൂത സെമിത്തേരിയിൽ നടക്കും. ഭർത്താവിന്റെ മരണത്തിനുശേഷം തനിച്ചായിരുന്നു സാറയുടെ താമസം. മക്കളില്ല. മട്ടാഞ്ചേരി സിനഗോഗിന് സമീപമുള്ള സാറ ഹാൻഡ് എംബായ്ഡറിയുടെ ഉടമസ്ഥയായിരുന്ന സാറ കോഹൻ, കേരളത്തിൽ അവശേഷിക്കുന്ന ജൂതസമുദായാംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാഗ്ദാദിൽനിന്നു കൊച്ചിയിലേക്ക് കുടിയേറിയ ജൂതകുടുംബങ്ങളുടെ പിന്മുറക്കാരിയായ സാറ കൊച്ചിയിലാണ് ജനിച്ചത്. കുടുംബാംഗങ്ങളെല്ലാം 1948ൽ ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും ഇവർ കൊച്ചിയിൽതന്നെ തുടരുകയായിരുന്നു.മട്ടാഞ്ചേരിലെ ജൂതരുടെ ഉടമസ്ഥതയിലുള്ള അപൂർവം ചില ബിസിനസ് സ്ഥാപനങ്ങളിൽ ഒന്ന് സാറയുടെ എംബ്രോയ്ഡറി കടയാണ്.
ഇവർ സ്വയം തുന്നിയുണ്ടാക്കുന്ന തൊപ്പിയും തുവാലയും വാങ്ങാൻ ടൂറിസ്റ്റുകൾ സാറയുടെ കടയിലെത്തിയിരുന്നു. താഹ ഇബ്രാഹിം എന്ന മട്ടാഞ്ചേരി സ്വദേശിയായിരുന്നു സഹായി. ഒരു മകനെപ്പോലെ താഹ ഇബ്രാഹീം അവസാന സമയം വരെ കൂടെയുണ്ടായിരുന്നു.വാർധക്യത്തിന്റെ അവശതയിലും മടിയിൽ സൂക്ഷിക്കുന്ന വിശുദ്ധ പുസ്തകമായ തോറയും കൈയിലേന്തി ജൂതരുടെ ആഘോഷങ്ങളായ ഷബാത്തും സിംഹത്തോറയുമൊക്കെ സാറാ കോഹൻ ആഘോഷിച്ചിരുന്നു. ജൂത സാംസ്കാരിക ചടങ്ങുകളിൽ ജൂത നാടൻപാട്ടുകളുടെ ഗായികയായി ഏറെ ശ്രദ്ധേയയായിരുന്നു സാറാ കോഹൻ. ഇവരുടെ മരണത്തോടെ കൊച്ചിയിൽ ശേഷിക്കുന്ന ജൂതന്മാരുടെ എണ്ണം രണ്ടായി ചുരുങ്ങി. രണ്ടു കുടുംബങ്ങളിലായി ഒരാണും ഒരു പെണ്ണും. ക്വിനി ഹലേഗ്വയും കിത്ത് ഹലേഗ്വയും. ക്വിനി ഹലേഗ്വയാണ് നിലവിലെ ജൂത പ്രാർഥനയ്ക്കുള്ള കാരണവർ. നിലവിൽ സംസ്ഥാനത്ത് 20 ഓളം ജൂതന്മാരാണുള്ളത്.
റോഡുകളിലെ നിയമലംഘനങ്ങൾക്കു കർശന നടപടികൾ നിർദേശിക്കുന്ന കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തിയതുൾപ്പെടെ നിരവധി ഭേദഗതികളാണ് പുതിയ നിയമപ്രകാരം നടപ്പാക്കുക. ഇതോടെ ഗതാഗത നിയമലംഘനങ്ങൾക്കു ചുമത്തുന്ന പിഴ ഗണ്യമായി വർധിക്കും. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യതവണ ആറുമാസം തടവും 10,000 രൂപ പിഴയും ലഭിക്കും. കുറ്റകൃത്യം ആവർത്തിക്കപ്പെട്ടാൽ 15,000 രൂപ പിഴയും രണ്ടു വർഷം തടവും ലഭിക്കും. ഇൻഷ്വറൻസ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യ തവണ 2000 രൂപ പിഴയും മൂന്നു മാസം തടവും ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ 4000 രൂപയായി ഉയരും. മൂന്നുമാസം വരെ തടവുശിക്ഷയും ലഭിക്കും. പെർമിറ്റില്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും ആറുമാസം തടവും ലഭിക്കും.
ഇതേ കുറ്റകൃത്യത്തിനു വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും ഒരു വർഷം തടവുശിക്ഷയും ലഭിക്കും. അപകടകരമായ ഡ്രൈവിംഗിന് ആദ്യതവണ 5000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കും. രണ്ടാം തവണ ഇതേ കുറ്റകൃത്യത്തിനു പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും രണ്ടു വർഷം തടവും ലഭിക്കും. വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരേയും മോട്ടോർ വാഹനവകുപ്പ് നാളെ മുതൽ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി സ്കൂൾ, കോളജ്, ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തും. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ സ്വന്തമായി ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചതിനെ തുടർന്നാണിത്. പുതിയ നിയമപ്രകാരം പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്ന വ്യക്തിക്ക് 25,000 രൂപ വരെ പിഴ ചുമത്തുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്കു റദ്ദാക്കുകയും ചെയ്യും.
വര്ഗീയസംഘര്ഷമുണ്ടാക്കാന് ക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞയാള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കരേക്കാട് സികെ പാറ നെയ്തലപ്പുറം ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അതിക്രമം നടത്തിയ കേസിലെ പ്രതി രാമകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്.
ആഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരേക്കാട് സികെ പാറ നെയ്തലപ്പുറം ശ്രീധര്‍മശാസ്താക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠയും തകര്‍ത്ത സംഭവത്തില്‍ വളാഞ്ചേരി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്. സികെ പാറ ശാന്തിനഗര്‍സ്വദേശി രാമകൃഷ്ണനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി.
ആരാധനാലയം തകര്‍ക്കാനുള്ള ശ്രമം നടന്നത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. വളാഞ്ചേരി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മനോഹരന് ടി, സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത് കെആര്‍, എഎസ്ഐ ശശി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. നിഷയെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകൾ കേരള കോൺഗ്രസ്-എമ്മിനുള്ളിൽ സജീവമായിരിക്കുകയാണ്. നിഷയെ സ്ഥാനാർഥിയാക്കണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. പാലായിൽ സ്ഥാനാർഥിയെന്ന നിലയിൽ അവതരിപ്പിക്കാവുന്ന മുഖങ്ങൾ വേറെയില്ല എന്നതാണ് നിഷയ്ക്ക് സാധ്യത വർധിപ്പിക്കുന്നത്.
സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് പാലായിൽ ജോസ് വിഭാഗം നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിനുശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ. മാണി സ്ഥാനാർഥിയാകേണ്ടെന്നാണ് യുഡിഎഫിലെ പൊതുവികാരം. ജോസ് സ്ഥാനാർഥിയാകുമെന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം: കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകൾ റിലയൻസ് ജിയോക്ക് അനുവദിക്കാനുള്ള നീക്കം വിവാദത്തിൽ. സംസ്ഥാന സർക്കാരിന്റെ കെ-ഫോണ്‍ പദ്ധതി അട്ടിമറിക്കാനാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി ഭരണ പ്രതിപക്ഷ യൂണിയനുകൾ രംഗത്തെത്തി. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരാണെന്നാണ് കെഎസ്ഇബി നിലപാട് അറിയിച്ചിരിക്കുന്നത്.
ഫൈബർ ടു ഹോം പദ്ധതിക്ക് അഞ്ചുലക്ഷം പോസ്റ്റുകൾ ആവശ്യപ്പെട്ട് ജിയോ കെഎസ്ഇബിക്ക് കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെ സാധ്യതാ പഠനം നടത്താൻ എല്ലാ സെക്ഷൻ ഓഫീസുകൾക്കും കെഎസ്ഇബി നിർദേശം നൽകിയിരുന്നു. നിലവില്‍ കെഎസ്ഇബിയുടെ പോസ്റ്റ് ചെറുകിട കേബിള്‍ ഓപ്പറേറ്റേര്മാര്ക്കുള്പ്പെടെ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവരെ ഒഴിവാക്കിയാണ് റിലയന്‍സിനു വാടകയ്ക്ക് നല്കാന് നീക്കം നടക്കുന്നത്.
സിറോ മലബാർ സഭ ഭൂമിയിടപാടിൽ കർദിനാൾ അടക്കമുള്ളവരുടെ കൂട്ടുത്തരവാദിത്വത്തിൽ വീഴ്ച സംഭവിച്ചെന്ന് സിനഡ്. എന്നാൽ കർദിനാൾ അടക്കമുള്ളവർ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. റിയൽ എസ്റ്റേറ്റ്കാരൻ സമ്പത്തിക നേട്ടം ലക്ഷ്യമിട്ടു പ്രവർത്തിച്ചത് കണ്ടെത്താൻ അതിരൂപത ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉന്നയിച്ചവരുടെ വികാരം സിനഡ് മനസിലാക്കുന്നു. വ്യാജരേഖാ കേസിൽ സിനഡിന്റെ നിർദേശപ്രകാരം വൈദികൻ നൽകിയ മൊഴിക്ക് വിരുദ്ധമായാണ് ബിഷപ്പിനെയും വൈദികരെയും പ്രതിചേർത്തത്. മൊഴിക്ക് വിരുദ്ധമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായെന്നു സംശയിക്കുന്നതായും സിനഡ് വിലയിരുത്തി.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മാർ ആന്റണി കരിയലിന്. അതിരൂപതയുടെ മെത്രാപ്പൊലീത്തൻ വികാരിയായാണ് നിയമനം. മാറ്റി നിർത്തിയിരുന്ന സഹായ മെത്രാൻമാരിൽ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതാധ്യക്ഷനായും ജോസ് പുത്തൻവീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും നിയമിച്ചു. അതേസമയം കർദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസ് പിൻവലിക്കേണ്ടതില്ലായെന്നാണ് സിനഡിന്റെ തീരുമാനം.
എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന വിവാദത്തെ തുടർന്ന് അതിസങ്കീർണമായിത്തീർന്ന സിറോ മലബാർ സഭയിലെ പ്രശ്നങ്ങൾക്ക് പരിഹരിക്കാനാണ് ഭരണച്ചുമതലാ മാറ്റം. നിലവിൽ മാണ്ഡ്യ രൂപതാധ്യക്ഷനായ മാർ ആന്റണി കരിയിലിനെ സ്വതന്ത്രാധികാരങ്ങളുള്ള മെത്രാപ്പൊലീത്തൻ വികാരിയായാണ് നിയമിച്ചിരിക്കുന്നത്. സാമ്പത്തികം, അതിരൂപതയിലെ സ്ഥാനമാറ്റങ്ങൾ അടക്കമുള്ള കാര്യങ്ങളുടെ ചുമതല പുതിയ മെത്രാപ്പൊലീത്തൻ വികാരിക്കാണ്.
പ്രശ്നങ്ങളെ തുടർന്ന് മാറ്റിനിർത്തപ്പെട്ട സഹായമെത്രാൻമാർക്ക് കേരളത്തിന് പുറത്ത് പുതിയ ചുമതല നൽകി. ഒഴിവുവന്ന മാണ്ഡ്യരൂപതാധ്യക്ഷനായി സെബാസ്റ്റ്യൻ എടയന്ത്രത്തിനെ നിയമിച്ചു. ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായാണ് ജോസ് പുത്തൻവീട്ടിലിനെ നിയമിച്ചിരിക്കുന്നത്. അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുതിയ മെത്രാപ്പൊലീത്തൻ വികാരിയെ സിനഡ് ചുമതലപ്പെടുത്തി.