India

ആലുവയിൽ ഫ്ലാറ്റിൽ സ്ത്രീപുരുഷന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യമായ നിഗമനത്തിൽ എത്താനാകാതെ പോലീസ്. ഇരുവരും ഒന്നിച്ച് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന് റൂറൽ എസ്പി കെ.കാർത്തിക് പറഞ്ഞു.

നാലു ദിവസം മുൻപാണ് ആലുവ മണപ്പുറത്തിന് സമീപത്തെ ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിൽ പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കവും ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഇരുവരുടെയും ശരീരത്തിൽ മുറിവുകളോ മരണത്തിന് കാരണമായേക്കാവുന്ന പരുക്കുകളോ കണ്ടെത്തിയില്ല. കഴുത്തിൽ ഷാൾ മുറുകി ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ.

ജനലഴിക്ക് മുകളിലൂടെയെടുത്ത ഷാൾ ഇരുവരും കഴുത്തിൽ കെട്ടി മരിക്കാൻ ശ്രമിക്കാൻ ശ്രമിച്ചതായാണ് സൂചന. എന്നാൽ കെട്ടുപൊട്ടി ഒരാൾക്ക് മേൽ മറ്റൊരാൾ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ മൂന്നാം ദിനം കണ്ടെത്തിയത്. ഇങ്ങനെയെല്ലാം സാഹചര്യതെളിവുകൾ ആത്മഹത്യയെന്ന സൂചന നൽകിയിട്ടും ഇതിലേക്ക് നയിച്ച കാരണം വ്യക്തമാകാത്തത് കൊണ്ട് ഒരു നിഗമനവും ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉളളത്.

രമേശിനോടോപ്പം താമസിച്ച് ജോലി ചെയ്തിരുന്ന മോനിഷയോട് തിരിച്ച് നാട്ടിലെത്താൻ കഴിഞ്ഞ 24ന് ഭർത്താവ് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറ്റേന്നാണ് മരണം ഉണ്ടായത് എന്നാണ് നിഗമനം. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന ഷിബു എന്നയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

മരടിലെ ഫ്ലാറ്റുകൾ വിട്ടൊഴിയാൻ കൂടുതൽ സമയം അനുവദിക്കില്ലെന്ന് സർക്കാർ. നാളെ വൈകുന്നേരത്തിനുള്ളിൽ എല്ലാവരും ഒഴിഞ്ഞു പോകണം. പുനരധിവാസത്തിന് അപേക്ഷ നൽകിയത് 94 പേർ മാത്രമാണെന്നും ഇവർക്ക് ഇടം ഒരുക്കുമെന്നും സബ് കലക്ടർ വ്യക്തമാക്കി.

സർക്കാരിന് മുന്നിൽ വേറെ വഴിയില്ല. കോടതിയിൽ സമർപ്പിച്ച കർമപദ്ധതി പ്രകാരം എല്ലാം മുറ പോലെ നടക്കും. അതുകൊണ്ട് നാളെ കഴിഞ്ഞാൽ പൊളിക്കാനുള്ള ഫ്ലാറ്റുകളിൽ താമസക്കാർ ഒരാളുപോലും പാടില്ല. കർശന നിലപാട് വ്യക്ത്മാക്കിയിരിക്കുകയാണ് സർക്കാർ. സെപ്റ്റംബർ 16, സെപ്റ്റംബർ 30, തുടങ്ങി പല തിയതികളിൽ പുനരധിവാസം ആവശ്യം ഉള്ളവർ അപേക്ഷിക്കണം എന്ന് അറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ 94 പേർ മാത്രം ആണ് സർക്കാരിനെ സമീപിച്ചത്. ഇവരുടെ അപേക്ഷ പരിഗണിക്കും.

സബ് കളക്ടർ സ്നേഹിൽ കുമാർ വ്യക്തമാക്കി. ഒഴിയാനുള്ള സൗകര്യത്തിനായാണ് വെള്ളവും വൈദ്യുതിയും നൽകിയത്. സമയപരിധി കഴിഞ്ഞാൽ ഇത് രണ്ടും വിച്ഛേദിക്കും. സബ് കലക്ടർ വരുന്നതിനു മുൻപ് h20 ഫ്ലാറ്റിൽ എത്തിയ സെക്രട്ടറി ആരിഫ് ഖാനുമായി ഫ്ലാറ്റ് ഉടമകൾ തർക്കിച്ചു.

സബ് കളക്ടർ നേരിട്ട് ഫ്ലാറ്റിലിലെത്തി ഒഴിപ്പിക്കൽ നടപടികൾ വിലയിരുത്തി. ഉടമകളുമായി സംസാരിച്ചു. ഫ്ലാറ്റുകൾ ഒഴിയാൻ 15 ദിവസം ആണ് ഉടമകൾആവശ്യപെട്ടത്. വാസസ്ഥലങ്ങൾ ലഭിക്കാത്ത പലരും ബന്ധുവീടുകളിലേക്ക്‌ സാധനങ്ങൾ മാറ്റി. താമസസൗകര്യം ലഭിക്കാത്തവർ ഫ്ലാറ്റുകളിൽ നിന്ന് സാധങ്ങൾ ഇതുവരെ മാറ്റിയിട്ടില്ല.അതിനിടെ H2O ഫ്ലാറ്റിലും, ജെയിൻ ഫ്ലാറ്റിലും ലിഫ്റ്റ് തകരാറിൽ ആയത് പ്രതിസന്ധി വർധിപ്പിച്ചു.

പഠനസമയത്ത് ആദ്യം വല്ലാത്ത ടെൻഷനായിരുന്നു. ഹെവി ബസ് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന യുഎഇയിലെ ആദ്യ വനിതയാണ് ഞാനെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും ഇൻസ്ട്രക്ടറുമെല്ലാം ഇടയ്ക്കിടെ പറയുമ്പോൾ അത് ഇരട്ടിയാകും. പക്ഷേ, പതിയെ ടെൻഷനെല്ലാം പോയി. എങ്കിലും ഡ്രൈവിങ് ടെസ്റ്റ് ആറു പ്രാവശ്യം കൊടുത്തപ്പോഴും സുന്ദരമായി പൊട്ടി. ഏഴാം തവണ വിജയം നേടി.

ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കുന്ന ആദ്യത്തെ വനിതയാണ് സുജ തങ്കച്ചൻ എന്ന് അൽ അഹ്‌ലി ഡ്രൈവിങ് സെന്റർ അവരുടെ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. മാനേജിങ് പാർട്ണർ ആദിൽ നൂറി, അഡ്മിനും ലീഗൽ മാനേജറുമായ വഹാബ്, സെയിൽസ് ആൻഡ് ഡെവലപ്മെന്റ് മാനേജർ അംജത്, കസ്റ്റമർ സർവീസ് മാനേജർ ഗസ്സാൻ, അക്കൗണ്ട്സ് മാനേജർ ഷര്‍മിള തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സുജ തങ്കച്ചനെ ആദരിച്ചു.

നാട്ടിൽ സ്കൂട്ടർ ഒാടിച്ച പരിചയമേയുള്ളൂ, ദുബായ് ഖിസൈസിലെ സ്വകാര്യ സ്കൂൾ ബസ് കണ്ടക്ടറായ സുജ തങ്കച്ചന്.  എന്നാൽ, വളയം തിരിക്കുന്ന ജോലി ഇൗ കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലമേറെയായിരുന്നു. അതാണ് തിങ്കളാഴ്ച ദുബായിലെ ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കിയതിലൂടെ യാഥാർഥ്യമായിരിക്കുന്നത്.

ബസിൽ ജോലി ചെയ്യുമ്പോൾ സുജയുടെ ഒരു കണ്ണ് ഡ്രൈവറുടെ കൈകളുടെ ചലനത്തോടൊപ്പം കറങ്ങും. പക്ഷേ, ആ സീറ്റിലിരിക്കാൻ ഏറെ പരിശ്രമം വേണമെന്നും 32കാരിക്ക് അറിയാമായിരുന്നു. ആത്മാർഥ പരിശ്രമുണ്ടെങ്കിൽ എന്തും നേടിയെടുക്കാമെന്നാണല്ലോ, ഒടുവിൽ സുജ ഹെവി ബസ് ഡ്രൈവിങ്ങിനുള്ള സൈലൻസ് സ്വന്തമാക്കി.

സുജയുടെ അമ്മാവൻ നാട്ടിൽ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹം ഒാടിക്കുന്നത് കണ്ടതു മുതല്‍ കൊച്ചുമനസിൽ ആ ആഗ്രഹം മൊട്ടിട്ടു–എങ്ങനെയെങ്കിലും അതുപോലത്തെ വാഹനം ഒാടിക്കുന്ന ഡ്രൈവറാവുക. പക്ഷേ, കോളജ് പഠനത്തിന് ശേഷം മൂന്നു വർഷം മുൻപ് ജോലി തേടി യുഎഇയിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസിലെ കണ്ടക്ടർ ജോലിയായിരുന്നു. അന്നുമുതൽ ചിന്തിച്ചു തുടങ്ങിയതാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസ് നേടുക എന്നത്. ഇക്കാര്യം ദുബായിൽ നഴ്സായ സഹോദരൻ ഡൊമിനിക്കിനോടും പിതാവ് തങ്കച്ചൻ, അമ്മ ഗ്രേസി എന്നിവരോടും പങ്കുവച്ചപ്പോൾ അവരുടെ ഭാഗത്ത് നിന്നും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും പൂർണ പിന്തുണ ലഭിച്ചു.

പ്രിൻസിപ്പൽ അംബിക ഗുലാത്തി, അധ്യാപകരായ ശ്രീജിത്, റീത്ത ബെല്ല, ബസ് ഡ്രൈവർമാർ, മറ്റു ജീവനക്കാർ എന്നിവരെല്ലാം നിറഞ്ഞ പ്രോത്സാഹനം നൽകി. ഒൻപത് മാസം മുൻപ് ദുബായിലെ അൽ അഹ് ലി ഡ്രൈവിങ് സെന്ററിൽ ചേർന്നപ്പോൾ ഡ്യൂട്ടി സമയവും പഠന സമയവും തമ്മിൽ പ്രശ്നമായി. സ്കൂൾ എംഎസ്ഒ അലക്സ് സമയം ക്രമീകരിച്ചു തന്നതോടെ ആ കടമ്പയും കടന്നു. ഖിസൈസിലെ സ്കൂളിൽ നിന്ന് അൽ ഖൂസിലെ ഡ്രൈവിങ് സ്കൂൾ വരെ ചെന്നു തിരിച്ചുപോരാൻ നിത്യേന 32 ദിർഹം വേണമായിരുന്നു. എന്നാല്‍, ഇൻസ്ട്രക്ടർ ഗീവർഗീസിന്റെ സഹകരണം കൊണ്ട് ക്ലാസുകൾ പെട്ടെന്ന് പൂർത്തീകരിച്ചു. അൽ അഹ്‌ലി സ്കൂള്‍ അധികൃതരും ജീവനക്കാരും പിന്തുണച്ചു.

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം മല്‍സരിക്കാന്‍ തയാറെടുത്തിരുന്നുവെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമില്ലെന്നും കുമ്മനം പറഞ്ഞു.വ്യക്തിപരമായി ഒരു താല്‍പര്യവുമില്ലെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം നേടുകയാണ് ലക്ഷ്യമെന്നും കുമ്മനം വ്യക്തമാക്കി.

ഇതിനിടെ വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി പാലമെന്ററി ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനു മുന്നേ ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

രാജഗോപാലിനെ വേദിയിലിരുത്തി പേരെടുത്ത് പറയാതെയായിരുന്നു ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. വട്ടിയൂര്‍ കാവില്‍ ബിജെപി മത്സരിക്കുമെന്നും കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ഥിയെന്നുമായിരുന്നു രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ അറിയിപ്പ് വന്ന് 24 മണിക്കൂറിനകം മണ്ഡലത്തില്‍ കുമ്മനത്തിന് പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്പുവിന്റെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഭജന്‍ പാടിക്കൊണ്ടിരുന്ന സംഘത്തോടൊപ്പം അല്‍പസമയം ഇരിക്കുകയും ചെയ്തു.

”സ്‌നേഹത്തോടെ ബാപ്പുവിന് ആദരം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഞങ്ങള്‍ മാനവികതയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ സംഭാവനകള്‍ക്ക് എന്നും കടപ്പെട്ടവരാണ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സത്യമാക്കാന്‍ ഇനിയും കഠിനാധ്വാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഒരു പുതിയ ലോകം കെട്ടിപ്പടുക്കുമെന്നും”, എന്ന് രാജ്ഘട്ടിലെത്തും മുന്‍പ് മോദി ട്വീറ്റ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും, സ്പീക്കര്‍ ഓം ബിര്‍ളയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, വി മുരളീധരന്‍ എന്നിവരും പുഷ്പാര്‍ച്ചന നടത്താനെത്തി. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി എന്നിവരുമെത്തി.

പാര്‍ലമെന്റിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടക്കും. രാവിലെ 9.30-ന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. രാജ്യത്തെ വെളിയിട വിസര്‍ജന വിമുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.

സർക്കാർ അനുവദിച്ച സമയം അവസാനിക്കുന്നു. ഫ്ലാറ്റ് ഉടമകൾക്ക്‌ വരുന്ന ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. വർഷങ്ങളായി താമസിക്കുന്ന ഇടങ്ങളിൽ നിന്ന് എല്ലാം വാരിപ്പെറുക്കി മാറണം. അൻപതിൽ താഴെ കുടുംബങ്ങൾ മാത്രം ആണ് ഇതുവരെ ഫ്ലാറ്റുകൾ ഒഴിഞ്ഞിരിക്കുന്നത്.താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യതിയും നാളെ വിച്ഛേദിക്കും. ഭൂരിപക്ഷം താമസക്കാരും വീട്ടുസാധനങ്ങൾ പോലും ഇതുവരെ മാറ്റിതീർന്നിട്ടില്ല. താൽക്കാലിക പുനരധിവാസം അവശ്യമുള്ളവർ ആണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

പലർക്കും ഇപ്പോഴും താമസ സൗകര്യം ലഭിച്ചിട്ടില്ല. കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയിൽ ആണ് ഓരോ കുടുംബവും. പല ഫ്ളാറ്റുകളിലും പകുതി സാധങ്ങൾ പോലും മാറ്റി തുടങ്ങിയിട്ടില്ല. വിലകൂടിയ ഇലക്ട്രോണിക് ഉപകാരങ്ങളും, കട്ടിലും, കിടക്കയുമൊക്കെ കേടുപാടുകൾ കൂടാതെ പാക്ക് ചെയ്തു മാറ്റുന്നതിനുള്ള കഷ്ടപ്പാട് തുടരുകയാണ്.

നാളെ വൈകീട്ടോടെ 4 ഫ്ലാറ്റുകളിലും താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും. ഇതോടെ ലിഫ്റ്റുകൾ അടക്കം ഒന്നും പ്രവർത്തിക്കില്ല. മുകളിലെ നിലകളിൽ നിന്ന് സാധനങ്ങൾ താഴെ ഇറക്കുന്നത് ദുഷ്കരമാകും.

ഒഴിയാം എന്ന് സമ്മതിച്ചതാണെന്നും സർക്കാർ മാനുഷിക പരിഗണന നൽകണം എന്നുമാണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്. അതിനിടെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിൽ കൂടുതൽ പരിസരവാസികൾ ആശങ്ക അറിയിച്ചു. ഇവർ പ്രതിഷേധസൂചകമായി ഇന്ന് വൈകീട്ട് ആൽഫാ സെറിൻ ഫ്ലാറ്റിനു മുന്നിൽ ഒത്തുചേരും. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.

മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍. നാഷണല്‍ റിമോട്ട് സെന്‍സിങ് െസന്‍ററിലെ ശാസ്ത്രജ്ഞനായ എസ്. സുരേഷാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ അമീർപേട്ടിലെ ഫ്ലാറ്റിൽ സംശയാസ്പദമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ തലയുടെ പിന്നിൽ മൂന്ന് പരിക്കുകൾ പോലീസ് കണ്ടെത്തി.

എൻ‌ആർ‌എസ്‌സിയുടെ ഫോട്ടോ വിഭാഗത്തിൽ ജോലി ചെയ്യുന്ന ശ്രീ കുമാറിന് ഭാര്യയും മകളും മകനുമുണ്ട്. ഭാര്യ ഇന്ദിര, ബാങ്ക് ജീവനക്കാരൻ മകളോടൊപ്പം ചെന്നൈയിൽ താമസിക്കുന്നു, മകൻ യുഎസിലാണ്. ധരം കരം റോഡിലെ അപ്പാർട്ട്മെന്റിൽ കുമാർ തനിച്ചായിരുന്നു താമസിച്ചിരുന്നത്.

തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ അദ്ദേഹം ജോലികഴിഞ്ഞു ഫ്ലാറ്റിലേക്ക് മടങ്ങി. അയൽക്കാർ മഴയിൽ പൂർണ്ണമായും നനഞ്ഞു കുമാർ വരുന്നത് കണ്ടിരുന്നു.ചൊവ്വാഴ്ച അദ്ദേഹം ജോലിക്ക് പോയില്ല.

മൊബൈൽ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ച സഹപ്രവർത്തകർ ചൊവ്വാഴ്ച രാവിലെ സ്വിച്ച് ഓഫ് ചെയ്തതായി പോലീസ് പറഞ്ഞു. ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന ബന്ധുക്കൾ ഭാര്യയെ അറിയിച്ചു. വാതിൽ തുറന്ന പോലീസ് ആണ് ഹാളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ശ്രീകുമാറിനെ കണ്ടത്. തലയ്ക്ക് പിന്നിൽ മൂന്ന് പരിക്കുകളുണ്ടെന്ന് എസ്ആർ നഗർ പോലീസ് ഇൻസ്പെക്ടർ എസ് മുരളി കൃഷ്ണ പറഞ്ഞു. പഴയ അപ്പാർട്ട്മെന്റിൽ സിസിടിവി ക്യാമറകളില്ല, ഫ്ലാറ്റിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും കാണുന്നില്ല.

കോഴിക്കോട്: സൗത്ത് ബീച്ചിലെ പഴയ കടൽപ്പാലം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴര കഴിഞ്ഞതോടെയായിരുന്നു സംഭവം. പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാർഡുകളുടെ വിലക്ക് ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപെട്ടത്.42 കോടിക്ക് പകരം 47 കോടി, ടെണ്ടർ രേഖകളിൽ തിരുത്തൽ: പാലാരിവട്ടം പാലത്തിൽ വൻ തിരിമറിയെന്ന് വിജിലൻസ്

പരിക്കേറ്റ സുമേഷ് (29), എൽദോ (23), റിയാസ് (25), അനസ് (25), ശിൽപ (24), ജിബീഷ് (29), അഷർ (24), സ്വരാജ് (22), ഫാസിൽ (21), റംഷാദ് (27), ഫാസിൽ (24), അബ്ദുൾ അലി (35), ഇജാസ് (21) എന്നിവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ ശില്പയ്ക്ക് തലയ്ക്ക് മുറിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നുള്ള യൂണിറ്റിന്റെയും ടൗൺ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് സ്ലാബുകൾ മുറിച്ചുനീക്കുകയായിരുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്.സാംബശിവ റാവു എന്നിവർ സ്ഥലത്തെത്തിയിരുന്നു.

25 വർഷത്തിനിടയിലെ ഏറ്റവും വലിയ മൺസൂൺ സീസൺ അവസാനിക്കുമ്പോൾ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 1600ലധികമായതായി റിപ്പോർട്ട്. ചൊവ്വാഴ്ച കേന്ദ്ര സർക്കാർ‌ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. വടക്കൻ സംസ്ഥാനങ്ങൾ ചിലയിടങ്ങളിൽ ഇപ്പോഴും വെള്ളപ്പൊക്കക്കെടുതികൾ നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ അമ്പതു വർഷത്തേക്കാൾ ഉയർന്ന ശരാശരി മഴയാണ് ജൂൺ മാസത്തിനും സെപ്തംബർ മാസത്തിനും ഇടയിൽ ലഭിച്ചത്. ഏതാണ്ട് 10% കൂടുതൽ മഴ ഇക്കാലയളവിൽ ലഭിച്ചു. ഒക്ടോബർ ആദ്യവാരത്തോടെയേ മഴ പൂർണമായും ഒഴിയൂ എന്നാണ് കരുതപ്പെടുന്നത്. സാധാരണ സംഭവിക്കാറുള്ളതിനെക്കാൾ ഒരുമാസം പിന്നിട്ടാണ് മഴ അവസാനിക്കുന്നത്.

മഴ നീണ്ടു നിന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയാണ് ഏറ്റവും മോശമായി ബാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ശക്തമായ മഴയിൽ ഇതുവരെ 144 പേരാണ് ഉത്തർപ്രദേശിലും ബിഹാറിലും മരിച്ചത്. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ ഇനിയുമിറങ്ങാത്ത വെള്ളം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ ലഭ്യതയടക്കം പ്രശ്നമായിരിക്കുകയാണ്.

തിങ്കളാഴ്ച ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും രക്ഷാപ്രവർത്തകരെത്തി മാറ്റേണ്ടതായി വന്നിരുന്നു. രക്ഷാപ്രവർത്തനം പലയിടത്തും എത്തിയിട്ടില്ല. സാധാരണക്കാരായവർ ധാരാളമായി കുടുങ്ങിക്കിടപ്പുണ്ട്. പഴക്കമേറിയ കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നത് അപകടങ്ങൾ വർധിപ്പിക്കുകയാണ്.സംസ്ഥാന സർക്കാരിന് കാര്യക്ഷമമായി പ്രവർത്തിക്കുന്ന വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളോ പ്രവചന സംവിധാനമോ ഇല്ല.

രാജ്യത്താകെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിന് മുമ്പായി, പൗരത്വ നിയമം കൊണ്ടുവന്ന് ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, ക്രിസ്ത്യൻ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീങ്ങളെ ഒഴിവാക്കിയാണ് അമിത് ഷാ ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞത്. കൊല്‍ക്കത്തയില്‍ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട ബിജെപി പരിപാടിയില്‍ പ്രസംഗിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, ക്രിസ്ത്യൻ അഭയാർത്ഥികളോട് രാജ്യം വിടാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടില്ല എന്ന് അമിത് ഷാ പറഞ്ഞു. അഭയാര്‍ത്ഥികളെ മതം തിരിച്ച് പരസ്യമായി പറയുകയും മുസ്ലീങ്ങളെ വിദേശികളായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസംഗം നേരത്തെയും അമിത് ഷാ നടത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്.

അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൌരത്വം നൽകുന്നതിനായുള്ള ബിൽ 2016ൽ രാജ്യസഭയിൽ ബിജെപി കൊണ്ടുവന്നിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസുകാർ ബഹളം വച്ച് തടസപ്പെടുത്തിയത് മൂലം ഈ ബിൽ നടപ്പാക്കാനായില്ല. എൻആർസി നടപ്പാക്കിയാൽ ലക്ഷക്കണക്കിന് ഹിന്ദുക്കൾ രാജ്യത്ത് നിന്ന് പുറത്താകുമെന്നാണ് മമത ബാനർജി പറയുന്നത്. ഇതിലും വലിയൊരു നുണ വേറെയില്ല. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഇത് ഒരിക്കലുമുണ്ടാകില്ല. രാജ്യത്തെല്ലായിടത്തും ദേശീയ പൗരത്വ പട്ടിക നടപ്പാക്കി, ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ പുറത്താക്കും. തൃണമൂല്‍ കോണ്‍ഗ്രസ് എത്ര എതിര്‍ത്താലും പശ്ചിമ ബംഗാളില്‍ പൗരത്വ പട്ടിക ബിജെപി നടപ്പാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ പറഞ്ഞു. അതേസമയം ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിന് മുമ്പായി പൗരത്വ നിയമം കൊണ്ടുവരും.

ദുര്‍ഗാപൂജ പന്തലുകള്‍ ഉദ്ഘാടനം ചെയ്ത അമിത് ഷാ തൃണമൂലിനേയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കടന്നാക്രമിച്ചു. വോട്ട് ബാങ്കിനായി മമത ‘നുഴഞ്ഞുകയറ്റക്കാരെ’ സംരക്ഷിക്കുകയാണ് എന്ന് അമിത് ഷാ ആരോപിച്ചു. ഈ ‘നുഴഞ്ഞുകയറ്റക്കാര്‍’ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്തിരുന്ന കാലത്ത് ദീദി ഇവരെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ ഇവര്‍ തൃണമൂലിന് വോട്ട് ചെയ്യുമ്പോള്‍ ഇവരെ സംരക്ഷിക്കുകയാണ്. ദേശീയ താല്‍പര്യമാണ് ഏത് പാര്‍ട്ടിയുടെ താല്‍പര്യത്തേക്കാളും വലുത്. ദീദി പറയുന്നത് എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ല എന്നാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരനും ഇവിടെ നില്‍ക്കാന്‍ കഴിയില്ല. അതേസമയം ‘അഭയാര്‍ത്ഥി’കള്‍ക്ക് എങ്ങോട്ടും പോകേണ്ടി വരില്ല. ഇത് ബിജെപിയുടെ വാക്കാണ് – അമിത് ഷാ പറഞ്ഞു.

പൗരത്വ പട്ടികയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി മമത, കൊല്‍ക്കത്തയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ അമിത് ഷായെ കണ്ടപ്പോളും മമത ഇക്കാര്യം പറഞ്ഞിരുന്നു. ഇന്ത്യക്കാരായവരെ വിദേശികളെന്ന് പറഞ്ഞ് പുറന്തള്ളുകയാണ്. ഇവര്‍ അസമീസ്, ഹിന്ദ, ബംഗാളി ഭാഷകള്‍ സംസാരിക്കുന്നവരാണ്. പൗരത്വ പട്ടികയുടെ ആവശ്യം ബംഗാളിലില്ല എന്നും മമത പറഞ്ഞിരുന്നു.

Copyright © . All rights reserved