ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ സംസ്കൃതം പഠിപ്പിക്കാനെത്തിയ അസിസ്റ്റന്റ് പ്രൊഫസർക്കെതിരായ വർഗീയ പ്രക്ഷോഭം തുടരുന്നു. ഒരു വിഭാഗം വിദ്യാർത്ഥികളാണ് സംസ്കൃതം തങ്ങളുടെ ‘മതപരമായ ഭാഷ’യാണെന്ന വിചിത്രവാദവുമായി സമരത്തിലുള്ളത്. അതെസമയം, ചട്ടങ്ങൾ പാലിച്ചാണ് അധ്യാപകനെ നിയമിച്ചതെന്നും അതിൽ നിന്നും പിന്നാക്കം പോകുന്ന പ്രശ്നമില്ലെന്നും ബനാറസ് ഹിന്ദു സർവ്വകലാശാല അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ ഫിറോസ് ഖാനാണ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ എതിർപ്പ് നേരിടുന്നത്. സാഹ്യത്യ ഡിപ്പാർട്ട്മെന്റിലാണ് ഇദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ സംസ്കൃതമന്ത്രങ്ങൾ ചൊല്ലി കുത്തിയിരിപ്പ് തുടരുകയാണ്.

മുസ്ലിമായ ഫിറോസ് ഖാന് ‘സംസ്കൃത വിദ്യാധർമം’ പഠിപ്പിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം. തങ്ങളുടെ സമരത്തെ ‘ധര്‍മ്മയുദ്ധം’ എന്നാണ് വിദ്യാർത്ഥികൾ വിശേഷിപ്പിക്കുന്നത്. ഭാഷയിൽ എല്ലാവർക്കും അധികാരമുണ്ടെന്നും എന്നാല്‍ മതത്തിൽ ആർക്കും അധികാരമില്ലെന്നും ഇവർ വാദിക്കുന്നു.ഡിപ്പാർട്ട്മെന്റിൽ ക്ലാസ്സുകൾ ഇനിയും തുടങ്ങാനായിട്ടില്ല. വിദ്യാർത്ഥികൾ ബഹിഷ്കരണം തുടരുകയാണ്.

നിയമനം നടത്തിയതോടെ തങ്ങൾ ഒരു നിലപാട് എടുത്തു കഴിഞ്ഞതായും ഇനി അതിനെ ഉറപ്പിക്കാനായി ഒന്നും പറയേണ്ടതില്ലെന്നും സർവ്വകലാശാലാ വക്താവ് അറിയിച്ചു. ഫിറോസ് ഖാൻ അധ്യാപകനായി ചുമതലയേറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ശമ്പളവും ലഭിക്കുമെന്ന് വക്താവ് അറിയിച്ചു.

സംസ്കൃതസാഹിത്യത്തെയും മതത്തെയും കൂട്ടിക്കുഴയ്ക്കരുതെന്ന് അധ്യാപകനായ ഫിറോസ് ഖാൻ പറഞ്ഞു. അഭിജ്ഞാന ശാകുന്തളം ഉത്തരരാമചരിതം, രഘുവംശ മഹാകാവ്യം തുടങ്ങിയവയാണ് തനിക്ക് പഠിപ്പിക്കേണ്ടത്. അവയ്ക്കൊന്നും മതവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാം സാഹിത്യകൃതികളാണ്. താൻ രണ്ടാംക്ലാസ് മുതൽ സംസ്കൃതം പഠിക്കുന്നുണ്ടെന്നും സമുദായത്തിൽ നിന്ന് ഇതുവരെ എതിർപ്പുണ്ടായിട്ടില്ലെന്നും ഫിറോസ് ഖാൻ പറഞ്ഞു. ഇപ്പോൾ മാത്രമാണ് തന്റെ മതം ഒരു പ്രശ്നമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെലക്ഷൻ കമ്മറ്റി ഐകകണ്ഠ്യേനയാണ് ഫിറോസ് ഖാനെ സർവ്വകലാശാലയിൽ അധ്യാപകനായി തെരഞ്ഞെടുത്തതെന്ന് വൈസ് ചാൻസലർ രാകേഷ് ഭട്നാഗർ പറയുന്നു. യുജിസിയുടെയും ഇന്ത്യാ ഗവൺമെന്റിന്റെയും നിർദ്ദേശങ്ങൾ പാലിച്ചാണ് നിയമനം. മതമോ ജാതിയോ സമുദായമോ ലിംഗമോ പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസത്തിനും അധ്യാപനത്തിനുമുള്ള അവസരമൊരുക്കാൻ സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു.