India

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തെക്കുറിച്ച് പുനർവിചിന്തനം വേണമെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. തുരങ്കപാതയെ സംബന്ധിച്ച് മൂന്നുവട്ടമെങ്കിലും ചിന്തിക്കണം. ശാസ്ത്രീയപഠനം ആവശ്യമാണ്. വയനാടിന്റെ ഭൂപ്രകൃതിയെപ്പറ്റി ബോധമുണ്ടാകണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

‘‘പാവങ്ങളെ കുരുതികൊടുത്തുകൊണ്ടുള്ള വികസനം വികസനമല്ല. വികസനത്തിന് സ്ഥായിയായ നിലനിൽപ്പുവേണം. അല്ലെങ്കിൽ വികസനത്തിന്റെപേരിൽ മുടക്കിയ കോടികളെല്ലാം നഷ്ടപ്പെട്ടുപോകും. ഭൂമി സർവംസഹയല്ല, അതിന്റെ ക്ഷമയ്ക്ക് അതിരുണ്ട്’’ -ബിനോയ് വിശ്വം പറഞ്ഞു.

പശ്ചിമഘട്ടമേഖലയിലെ നിയമവിരുദ്ധമായ എല്ലാപ്രവർത്തനങ്ങളും അനധികൃതനിർമാണങ്ങളും തടയും. പശ്ചിമഘട്ടത്തിന്റെ ദുർബലമേഖലകളിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. പി. സന്തോഷ്‍കുമാർ എം.പി., സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ലാസെക്രട്ടറി ഇ.ജെ. ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ചൂരൽമല, മുണ്ടക്കൈ ദുരന്തമുഖത്ത് എല്ലാവരും ഒറ്റക്കെട്ടായിനിന്നു. മനുഷ്യരുടെ കൈകോർത്തുപിടിക്കലും ചേർത്തുനിർത്തലുമാണ് യഥാർഥ കേരളസ്റ്റോറിയെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ‘‘പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് ദുരന്തബാധിതപ്രദേശം സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംസ്ഥാനസർക്കാരിനെ നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു’’ -അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരായ എല്ലാവരുടെയും പുനരധിവാസം സാധ്യമാക്കുമെന്നും അതിന് കായികവും സാമ്പത്തികവുമായ എല്ലാപിന്തുണയും സി.പി.ഐ. നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് രാത്രിയും വിവിധ ജില്ലകളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വൈകുന്നേരം എട്ടിന് ശേഷമുള്ള അറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.

തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് വരും ദിവസങ്ങളിലും മഴയുണ്ടാകും. തെക്കന്‍ ശ്രീലങ്കയിലെ റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 മീറ്റര്‍ ഉയരത്തില്‍ ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 15 വരെ അതിശക്തമായ മഴക്കും 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽനിന്ന് വീൽ ജാക്കി കണ്ടെത്തി. ഇത് അർജുന്‍ ഓടിച്ചിരുന്ന ലോറിയുടേതുതന്നെ ആണെന്നാണ് ലോറി ഉടമ മനാഫ് വ്യക്തമാക്കുന്നത്. ഗം​ഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാൽപെ സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുഴയിലിറങ്ങി പരിശോധന ആരംഭിച്ചത്.

രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയതിന് ശേഷം സംഘം ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു. ബുധനാഴ്ച തിരച്ചിൽ തുടരും. തിരച്ചിലിന് അനുകൂലമായ സാഹചര്യമായതിനാൽ നാളെ വിപുലമായ പരിശോധന നടത്തും.

കരയോട് തൊട്ടടുത്ത ഭാ​ഗത്ത് നിന്നാണ് ജാക്കി കണ്ടെത്തിയത്. പുതിയ ഹൈഡ്രോളിക് ജാക്കിയാണ് ലോറിയിൽ ഉണ്ടായിരുന്നതെന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അർജുൻ ഓടിച്ച ലോറിയുടെ ഭാ​ഗമാകാനാണ് എൺപത് ശതമാനവും സാധ്യതയെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവികസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ, നാവികസേനയ്ക്കു പകരം ഈശ്വർ മാൽപേയുട നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിശോധന ആരംഭിച്ചത്. ബോട്ട് പുഴയിലിറക്കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികളും സംഘത്തിലുണ്ട്. അർജുന്റെ ബന്ധുക്കളും ഷിരൂരിലെത്തിയിട്ടുണ്ട്.

അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയും സഹോദരി അഞ്ജുവും നേരത്തെ പ്രതികരിച്ചിരുന്നു. ജില്ലാ ഭരണകൂടം വേണ്ടകാര്യങ്ങള്‍ ചെയ്യുമെന്നാണ് കരുതുന്നത്. പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ട്. വെള്ളവും കുറഞ്ഞിട്ടുണ്ട്. ഈ അനുകൂല കാലാവസ്ഥയില്‍ തിരച്ചില്‍ നടത്തിയാല്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പുഴയിലെ ഒഴുക്ക് രണ്ട് നോട്സ് ആയി കുറഞ്ഞിട്ടുണ്ട്. തിരച്ചിൽ ബുധനാഴ്ച പുനഃരാരംഭിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മുമ്പ് വ്യക്തമാക്കിയിരുന്നു. നാവികസേനയ്ക്കും കേരളത്തിനുമെതിരെ എംഎൽഎ വിമർശനമുന്നയിക്കുകയും ചെയ്തു.

പുഴയിലിറങ്ങാൻ നാവികസേനയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ലേയെന്ന ചോദ്യത്തിന്, നാവികസേന എന്താണ് ചെയ്തതെന്ന് എംഎൽഎ ചോദിച്ചു. അടിയൊഴുക്ക് കൂടുതലാണെന്നതിന്‍റെ പേരിൽ അവർ ഇറങ്ങാൻ തയാറാകാതിരുന്നപ്പോൾ തങ്ങളേർപ്പെടുത്തിയ ആളുകളല്ലേ പുഴയിലിറങ്ങിയതെന്നും എംഎൽഎ ചോദിച്ചു. കേരളത്തിൽനിന്ന് ഡ്രഡ്ജർ എത്തിക്കാത്തതും എംഎൽഎ ചോദ്യം ചെയ്തു. രക്ഷാപ്രവർത്തനത്തിന് കേരളം സഹകരിക്കുന്നില്ലെന്നും മുൻകൂട്ടി പണം നൽകാമെന്ന് പറഞ്ഞിട്ടും കേരളം ഡ്രഡ്ജിങ് മെഷിൻ നൽകിയില്ലെന്നും എംഎൽഎ പറഞ്ഞു.

അതേസമയം, കാലവസ്ഥ അനുകൂലമായിട്ടും തിരച്ചിൽ മനപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്ന് എകെ അഷ്റഫ് എംഎൽഎയും കുറ്റപ്പെടുത്തിയിരുന്നു. തിരച്ചിൽ നടത്തില്ലെന്ന് പറഞ്ഞിട്ടില്ലെങ്കിലും നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ പുനഃരാരംഭിക്കേണ്ടതായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. ഉരുൾപൊട്ടലിനുശേഷം, ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിർമിച്ച താൽകാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു. പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണുള്ളത്.

അതിനിടെ, മുണ്ടക്കൈ ഭാ​ഗത്ത് കണ്ണാടിപ്പുഴയിൽവീണ് ഒഴുക്കിൽപ്പെട്ട പശുവിനെ അ​ഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിലുണ്ടായിരുന്ന അ​ഗ്നിരക്ഷാസേനാം​ഗങ്ങൾ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകരാണ് പശുവിനെ പുഴയിൽനിന്ന് കരയിലേക്ക് എത്തിച്ചത്.

ബെയ്ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാ​ഗത്ത് നിരവധി കന്നുകാലികൾ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇതിൽ ഒന്ന് ഒഴുക്കിൽപ്പെട്ടത് എന്നാണ് കരുതുന്നത്. ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയിൽ ഇറങ്ങിയ രക്ഷാപ്രവർത്തകർ വടം ഉപയോ​ഗിച്ച് കെട്ടിയാണ് പശുവിനെ കരയ്ക്കുകയറ്റിയത്.

തകർന്ന നടപ്പാലത്തിന്റെ ഇരുമ്പു ഭാ​ഗങ്ങളിലാണ് ആദ്യം വടം ഉപയോ​ഗിച്ച് പശുവിനെ കെട്ടിയത്. പിന്നീട് കൂടുതൽ അം​ഗങ്ങളെത്തി നടത്തിയ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പശുവിനെ രക്ഷിക്കാനായത്. അവശനിലയിലായ പശുവിന് അ​ഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകി. മൃ​ഗഡോക്ടറെ ഇവിടേക്ക് എത്തിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള നിർമ്മാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തളളി ഹൈക്കോടതി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്.അതെസമയം റിപ്പോ‍‍ർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോ‍ർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. സജിമോൻ പാറയിലിൻ്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ട്‌ ഹർജികാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. റിപ്പോർട്ട്‌ പുറത്തു വിടുന്നത് സിനിമ വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ പറയുന്നത്. വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷണറാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. സ്വകാര്യതയെ ബാധിക്കുന്ന വിഷയം എന്ന് ചൂണ്ടിക്കാട്ടി റിപോർട്ട് പുറത്തുവിടില്ലെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്.

നടി ആക്രമിക്കപ്പെട്ടത്തിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. സിനിമ രംഗത്തെ നിരവധി സ്ത്രീകൾ നിർണായക വിവരങ്ങൾ അടക്കം കമ്മീഷന് കൈമാറിയിരുന്നു. റിപോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് പുറത്തുവിടാനുള്ള സാഹചര്യം ഒരുങ്ങിയത്.

ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച പുനഃരാരംഭിക്കും. നാവികസേനയുടെ നേതൃത്വത്തില്‍ പുഴയില്‍ റഡാര്‍ പരിശോധന നടത്താനാണ് തീരുമാനം. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം.

പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച കാര്‍വാറില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. അതേസമയം ഷിരൂര്‍ ദൗത്യം തുടരുന്നതുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചില്ല.

നദിയിലെ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സോണാര്‍ പരിശോധന നടത്തുക. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താനുള്ള നടപടി സ്വീകരിക്കും. അതിനു ശേഷം പുഴയുടെ അടിത്തട്ടിലേക്ക് പോയി ലോറിയുടെ ഉള്ളിലേക്ക് കടന്നുള്ള പരിശോധന നടക്കും.

കഴിഞ്ഞ അഞ്ചുദിവസമായി മഴ മാറി നില്‍ക്കുന്നതും തിരച്ചിലിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടം, എം.എല്‍.എ., എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗം തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തിരച്ചിലുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ലിവർപൂൾ മലയാളിയും യുകെയിലെ കലാസാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും കുട്ടനാട് സംഗമത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവ് റ്റി . റ്റി ഫ്രാൻസിസ് (കുട്ടപ്പൻ സാർ ) നിര്യാതനായി. എടത്വ പച്ച തട്ടുപുരയ്ക്കൽ കുടുംബാംഗമാണ്.

തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദമ്പതിമാര്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ(24) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2021 ഏപ്രില്‍ മുതല്‍ പലതവണകളായി പെണ്‍കുട്ടി കൊടുംപീഡനത്തിന് ഇരയായെന്നാണ് പരാതി. നാലു വര്‍ഷം പീഡിപ്പിച്ചു. 11 വയസുമുതല്‍ 15 വയസുവരെ പീഡനത്തിനിരയായി. പെണ്‍കുട്ടി സ്‌കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട് കൗണ്‍സിലിംഗ് നടത്തിയതില്‍നിന്നാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തു വന്നത്.

ഒന്നാംപ്രതിയായ ശരത് ഭാര്യ നന്ദയെ ഉപയോഗിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തുകയും തുടര്‍ന്ന് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് വിവരം. നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് തന്നോടൊപ്പം താമസിക്കണമെങ്കില്‍ 15-കാരിയെ ചൂഷണംചെയ്യാന്‍ അവസരമൊരുക്കി നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ നന്ദ ഭര്‍ത്താവിന്റെ ഭീഷണിക്ക് വഴങ്ങി 15-കാരിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയും തുടര്‍ന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നു.

ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍.ജി, എസ്.ഐ.മാരായ സജിത്ത്, ജിഷ്ണു, സുനില്‍ കുമാര്‍, എ.എസ്.ഐ. ഉണ്ണിരാജ്, എസ്.സി.പി.ഒ മാരായ ശരത് കുമാര്‍, നിതിന്‍, സി.പി.ഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വയനാട് ജില്ലയിലെ മുണ്ടകൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചൂരൽമല ബ്രാഞ്ചിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിത്തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.

ജൂലായ് 30-ന് ഉണ്ടായ ദുരന്തത്തിൽ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലധികം പേരാണ് കഴിയുന്നത്.

വയനാട് ചൂരല്‍ മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ദുരന്തമുണ്ടായ സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതല്‍ നിരന്തരം ഉരുള്‍പൊട്ടലുകളുണ്ടായ പ്രദേശത്താണ് ഒടുവില്‍ വന്‍ ദുരന്തം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. അപകടമുണ്ടായ പ്രദേശത്ത് 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. 2019 ല്‍ പുത്തുമലയിലും വെള്ളരിമലയിലും ചൂരല്‍മലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി.

കഴിഞ്ഞ മാസം അവസാനം മുതല്‍ ഈ മേഖലകളില്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറില്‍ പുത്തുമലയില്‍ 372.6 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്. തെറ്റമലയില്‍ 409 മില്ലീ മീറ്റര്‍ മഴയും പെയ്തു. ഇതിനൊപ്പം മറ്റ് സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു.

മഴ പെയ്ത് മണ്ണ് നനഞ്ഞു കുതിര്‍ന്ന പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്തപ്പോള്‍ മര്‍ദ്ദം താങ്ങാനായില്ലെന്നും അതാണ് ഉരുള്‍പൊട്ടലിനിടയാക്കിയതെന്നുമാണ് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാറക്കല്ലുകളും മണ്ണും ചെളിയും വെള്ളവും ഏഴ് കിലോ മീറ്ററോളം അതിവേഗത്തില്‍ ഒഴുകി. ഈ കുത്തൊഴുക്കില്‍ പുന്നപ്പുഴയുടെ ഗതി മാറി.

അതാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും വന്‍ ദുരന്തത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തിന്റെ ചരിവും ഉരുള്‍ പൊട്ടലിന്റെ ആഘാതം കൂട്ടി. 2015-16 കാലഘട്ടത്തില്‍ ഈ മേഖലയില്‍ ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ പഠനം നടത്തിയിട്ടുണ്ട്.

അന്ന് ചൂരല്‍മല, മുണ്ടക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങള്‍ ഉരുള്‍പൊട്ടലിന് മിതമായ സാധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്. ഈ മേഖലയില്‍ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടക്കൈയിലെയും ചൂരല്‍മലയിലും ദുരന്തത്തിന്റെ കാരണങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരൂ.

RECENT POSTS
Copyright © . All rights reserved