വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് ഉച്ചക്ക് 12പ്രവർത്തനസജ്ജമാകും. വ്യാഴഴ്ച രാത്രി മുതൽ ആണ് വിമാനത്താവളം അടച്ചിട്ടത്. എട്ടുമണിയോടെ ബോര്‍ഡിങ് പാസ് കൊടുത്തുതുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വിമാനത്താവളത്തിലെ വെള്ളം വറ്റിക്കാനായി പമ്പിങ് ഇപ്പോഴും തുടരുകയാണ്.
സർവീസുകൾ നിർത്തി കെഎസ്ആർടിസി, ട്രെയിന്‍ ഗതാഗതം സ്തംഭിച്ച് തന്നെ
കോട്ടയത്തു നിന്ന് ആലപ്പുഴ, കുമരകം, ചേർത്തല എന്നിവിടങ്ങളിലേക്ക് സർവീസ് നിര്‍ത്തി. മലപ്പുറത്ത് പാലക്കാട്– കോഴിക്കോട് ദേശീയപാതയില്‍ ഗതാഗത തടസം തുടരുന്നു. മഞ്ചേരി–നിലമ്പൂര്‍–ഗൂഡല്ലൂര്‍ പാതയില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി.
ട്രെയിന്‍ ഗതാഗത സ്തംഭനം മൂന്നാം ദിവസവും തുടരുന്നു. കോഴിക്കോട് – പാലക്കാട് ഗതാഗതം പുനരാരംഭിക്കാനായില്ല. ഇതു വഴിരാവിലെയുള്ള ദീർഘ ദൂര ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം -എറണാകുളം -തൃശൂർ പാതയിൽ ഹ്രസ്വദൂര ട്രെയിനുകൾ സർവീസ് നടത്തുന്നു.
കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്,കൊച്ചുവേളി- പോർബന്തർ എക്സ്പ്രസ്. ബാംഗളൂർ ഐലൻഡ് എക്സ്പ്രസ്, മുംബൈ നേത്രാവതി എക്സ്പ്രസുകൾ റദ്ദാക്കി. ശബരി, ജയന്തി ജനത എക്പ്രസുകൾ നാഗർകോവിൽ വഴി തിരിച്ചുവിട്ടു. ഷൊർണൂർ-കോഴിക്കോട് പാതയിൽ പരിശോധന നടത്തി ഗതാഗത യോഗ്യമെന്ന് ഉറപ്പു വരുത്തിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കു.
രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് കരിപ്പൂരിലെത്തുന്ന രാഹുല്‍ നിലമ്പൂര്‍ കോട്ടക്കല്ല്, മമ്പാട് എം.ഇ.എസ് , എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാംപുകളിലെത്തും. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും രാഹുല്‍ പങ്കെടുക്കും. തുടര്‍ന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ തിങ്കളാഴ്ച രാലിലെ കല്‍പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുകയും കല്കടറേറ്റിലെ അവലോകനയോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും.
മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ്. പലയിടങ്ങളിലും ദുരിതബാധിതരെ സഹായിക്കാന്‍ കളക്ഷന്‍ സെന്‍ററുകള്‍ തുറന്നെങ്കിലും ഭക്ഷണവും മരുന്നും നാപ്കിനുകളുമുള്‍പ്പെടെ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കള്‍ കുറവാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൊളന്‍റിയര്‍മാര്‍ അറിയിച്ചു.
പലയിടത്തും സാധനങ്ങള്‍ എത്താത്തതിനാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മലപ്പുറത്തും രാമനാട്ടുകരയിലും എറണാകുളത്ത് കുസാറ്റ് ക്യാമ്പസിലുമുള്ള ക്യാമ്പുകളില്‍ അവശ്യവസ്തുക്കള്‍ എത്തുന്നില്ലെന്ന് വൊളന്‍റിയര്‍മാര്‍ പറയുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിലും ഇതേ അവസ്ഥയാണുള്ളത്.
കോഴിക്കോട് ജില്ലയിലെ ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങള്‍ എത്തുന്നില്ലെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിംഗ് ട്രബിളെന്നും എന്‍ പ്രശാന്ത് ചോദിക്കുന്നു. ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങളുടെ പട്ടിക ഉള്‍പ്പെടെയാണ് നിലവിലെ സാഹചര്യം അദ്ദേഹം വ്യക്തമാക്കിയത്. എത്രയും വേഗം ക്യാമ്പുകളിലേക്ക് സാധനങ്ങളെത്തിക്കണമെന്ന അഭ്യര്‍ത്ഥനകളാണ് സോഷ്യല്‍ മീഡിയയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സംരക്ഷിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് നാം മുന്‍ഗണന നല്‍കേണ്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുന്നത്’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
നഷ്ടപ്പെട്ട ജീവന്‍ ആര് വിചാരിച്ചാലും തിരിച്ചുനല്‍കാനാവില്ല. മറ്റു ഭൗതികവസ്തുക്കളുടെ നഷ്ടങ്ങളെല്ലാം നാം ഒത്തൊരുമിച്ചാല്‍ പരിഹരിക്കാനാവുന്നതാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കേണ്ടത്.
പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ ക്യാമ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുന്നത്.
ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഭാഗമാകാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ട്.
അട്ടപ്പാടി അഗളില്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ഗര്‍ഭിണിയെയും ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയും സാഹസികമായി രക്ഷപെടുത്തി. കുത്തിയൊഴുകുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ കെട്ടിയ കയറില്‍ കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ച് പിതാവ് മുരുകേശന്‍ സുരക്ഷിതമായെത്തുന്ന കാഴ്ച പ്രളയത്തിലെ രക്ഷാദൗത്യങ്ങളുടെ മുഴുവന്‍ നേര്‍ക്കാഴ്ചയായി.
കനത്ത മഴയെത്തുടര്‍ന്ന് രണ്ടുദിവസമായി അഗളി ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം എന്ന തുരുത്തിലാണ് ഏഴംഗ കുടുംബം ഒറ്റപ്പെട്ടുപോയത്.കുത്തിയൊലിച്ച് ഒഴുകുന്ന ഭവാനിപ്പുഴ മറികടന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്കെത്തിക്കുക വെല്ലുവിളിയായിരുന്നു. ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയും 8 മാസം ഗര്‍ഭിണിയായ യുവതിയെയും പുഴ കടത്തുന്നതായിരുന്നു ദുഷ്കരം.
അഗളിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സഹോദരങ്ങളടങ്ങിയ അഞ്ചംഗ സംഘം അഗ്നിശമന സേനേയുടെ സഹായത്തോടെ കുത്തിയൊഴുകുന്ന ഭവാനിപ്പുഴ മറികടന്ന് അക്കയെത്തി. കയര്‍ കെട്ടി. ഒറ്റപ്പെട്ടുപോയ കുടുംബത്തിലെ ഓരോരുത്തരായി കയറിലൂടെ ഇക്കരയ്ക്ക്. ഒടുവില്‍ ഒരു വയസ് പ്രായമായ കുഞ്ഞുമായി മുരുകേശനും കയറില്‍ സാഹസികമായി ഇരുന്നു.
ഇക്കരെ കാത്തിരുന്ന മുത്തശിയുടെ കരങ്ങളിലേക്ക് ആ പെണ്‍കുഞ്ഞ് ചാഞ്ഞത് ആശ്വാസത്തോടെ കേരളം കണ്ടിരുന്നു. തൊട്ടുപിന്നാലെ എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയും എത്തി. ജനം കൈയ്യടിയോടെ കുടംബത്തെ സ്വീകരിച്ചു രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. പ്രളയകാലത്തെ ആശ്വാസക്കാഴ്ചയായി മാറി ഈ ദൃശ്യം.
മഴക്കെടുതി നേരിടാൻ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കഴിഞ്ഞവർഷം 2107 കോടി രൂപ അനുവദിച്ചിരുന്നതായും ഇതിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും വി. മുരളീധരൻ അറിയിച്ചു.
മഴക്കെടുതി നേരിടുന്ന കേരളത്തിന് ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാ പ്രവർത്തനങ്ങളെയും നിലവിലെ സ്ഥിതിയെയും കുറിച്ച് ഗവർണർ സദാശിവം ഇന്ന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സഹായം നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയത്.
റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, ഗവർണർ അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾപൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തിരുന്നു. വർദ്ധിച്ചുവരുന്ന മരണസംഖ്യ, വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം മാറിത്താമസിക്കേണ്ടി വരുന്നവരുടെ അവസ്ഥ, രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന പ്രയാസങ്ങൾ, മഴ തുടർന്നാലുള്ള അപകടസാധ്യത, സേനയും കോസ്റ്റ് ഗാഡും മറ്റ് ഏജൻസികളും സർക്കാർ സംവിധാനത്തിന് നൽകുന്ന പൂർണ പിന്തുണ തുടങ്ങിയ കാര്യങ്ങൾ ഗവർണർ അമിത് ഷായെ ധരിപ്പിച്ചു.
രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിൽ ചർച്ച നടത്തിയതായും ഗവർണർ അമിത് ഷായെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ഗവർണർ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോർട്ടിൽ പറഞ്ഞു.
മലപ്പുറത്ത് ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ന് രണ്ടുവട്ടം ഉരുള്‍പൊട്ടി. മല കുത്തിയൊലിച്ചിറങ്ങിയ ഭാഗത്ത് തിരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ഇടവിട്ട് മഴയും തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി മുന്നോട്ടുപോയിട്ടില്ല.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തോരാമഴയില്‍ 59 പേരാണ് ഇതേവരെ മരിച്ചത്.
ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു ഇനിയും അന്‍പത്തിനാലുപേരെ കണ്ടെത്താനുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ നാളെ തിരച്ചില്‍ വീണ്ടും തുടരും. വ്യാപകമായി തിരച്ചിലിനു പകരം വീടുകള്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ഏകദേശം കണക്കാക്കി ആ ഭാഗത്ത് തിരച്ചിലിനാണ് ശ്രമം.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തോരാമഴയില്‍ 59 പേരാണ് ഇതേവരെ മരിച്ചത്. വയനാടും കണ്ണൂരും കാസര്‍കോട്ടും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എസ്റ്റേറ്റില്‍ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ മരണം ഒന്‍പതായി. കല്ലായി പാലത്തില്‍വച്ച് ബൈക്കില്‍ മരംവീണ് ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് സാലു മരിച്ചു. ചാലക്കുടിയില്‍ ഒഴുക്കില്‍പ്പെട്ട് പരിയാരം സ്വദേശി ജോജോയും കായംകുളം ക്ഷേത്രക്കുളത്തില്‍ വീണ് പത്തിയൂര്‍ സ്വദേശി ബാലനും മരിച്ചു. മൂന്നുമണിയോടെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ വയനാട്ടില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
മലപ്പുറം മുണ്ടേയിരിയില്‍ പാലം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഇരുനൂറോളംപേര്‍ കുടുങ്ങി. ഇവിടെ ഹെലികോപ്റ്ററിലാണ് ഭക്ഷണമെത്തിച്ചത്. ഭാരതപ്പുഴയും കടലുണ്ടി പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ തിരൂർ–കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പൊന്നാനി കർമറോഡ് പൂർണമായും മുങ്ങി. പൊന്നാനി ടൗണിൽ വെള്ളം കയറി. പുറത്തൂർ ഉൾപ്പടെയുള്ള പുഴയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
വയനാട്ടും കാസര്‍കോട്ടും കണ്ണൂരും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. ഇതിനിടെ റണ്‍വേയില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാളെ സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ പൂര്‍ണ സുരക്ഷിതമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ്
കൊല്ലത്തു നിന്നുള്ള മല്‍സ്യ തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന്. പത്തുവള്ളങ്ങളിലായി മുപ്പതു തൊഴിലാളികളാണ് പത്തനംതിട്ട ജില്ലയിലേക്ക് പോയത്. മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് വള്ളങ്ങള്‍ പത്തനംതിട്ടയിലേക്ക് അയക്കുന്നതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കൊല്ലം ജില്ലയിലെ വാടി കടപ്പുറത്തുനിന്നും 10 യാനങ്ങള്‍ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്.
കഴിഞ്ഞ പ്രളയത്തില്‍ കോഴഞ്ചേരി തെക്കേ മലയിലേക്ക് ആദ്യംപോയ വിനീതമോള്‍ എന്ന യാനമാണ് ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്. ക്രെയിന്‍ എത്തുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചുമലിലേറ്റിയാണ് വള്ളങ്ങള്‍ ഉയര്‍ത്തി ലോറികളില്‍ വച്ചത്- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളത്തിന്റെ സൈന്യം വീണ്ടും
പത്തനംതിട്ടയിലേക്ക് ….
10 യാനങ്ങള്‍ പുറപ്പെട്ടു….
കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ കടലിന്റെ മക്കള്‍ പുതിയ രക്ഷാദൗത്യവുമായി പത്തനംതിട്ടയിലേക്ക്.
മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കൊല്ലം ജില്ലയിലെ വാടി കടപ്പുറത്തുനിന്നും 10 യാനങ്ങള്‍ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്. കഴിഞ്ഞ പ്രളയത്തില്‍ കോഴഞ്ചേരി തെക്കേ മലയിലേക്ക് ആദ്യംപോയ വിനീതമോള്‍ എന്ന യാനമാണ് ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്.
ക്രെയിന്‍ എത്തുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചുമലിലേറ്റിയാണ് വള്ളങ്ങള്‍ ഉയര്‍ത്തി ലോറികളില്‍ വച്ചത്.
ഓരോ വള്ളത്തിലും മൂന്ന് മത്സ്യത്തൊഴിലാളികള്‍ വീതം 30 പേരാണ് സംഘത്തിലുള്ളത്.
മുന്‍പ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വ നല്‍കിയ ജോസഫ് മില്‍ഖാസ് അടക്കമുള്ള സംഘത്തിനൊപ്പം പരിശീലനം സിദ്ധിച്ച കോസ്റ്റല്‍ വാര്‍ഡന്‍മാരും കടല്‍ രക്ഷാ സ്‌ക്വാഡ് അംഗങ്ങളും പുറപ്പെട്ടിട്ടുണ്ട്.
മത്സ്യഫെഡ് ബങ്കില്‍ നിന്ന് 50 ലീറ്റര്‍ മണ്ണെണ്ണ വീതം യാനങ്ങളില്‍ നിറച്ചിട്ടുണ്ട്. ലോറികളിലും ആവശ്യമായ ഇന്ധനം നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകളും ഭക്ഷണ കിറ്റുകളും നല്‍കി .
ഏഴ് വള്ളങ്ങള്‍ കൂടി പത്തനംതിട്ടയിലേയ്ക്ക് അടുത്ത ദിവസം പുറപ്പെടും
കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കക്കാട് കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്. അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു.
വെള്ളിയാഴ്ച ആറരയോടെയാണ് കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണ വീടിനുള്ളില്‍ ആളുകള്‍ ഉണ്ടെന്ന സംശയത്താലാണ് രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളില്‍ കടന്നത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്‍ക്കടന്നപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. അതേസമയം അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.
പമ്പയാറും മണിമലയാറും കരകവിഞ്ഞൊഴുകുന്നു.ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി. പുഴകളും തോടുകളും കര കവിഞ്ഞൊഴുകുന്നു.കഴിഞ്ഞ തവണത്തെ ദുരന്ത ഓർമ്മയിൽ ദുരിതം മുന്നില്‍ക്കണ്ട് ഉയര്‍ന്ന പ്രദേശത്തേക്ക് മാറുകയാണ് ജനങ്ങള്‍.കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും വെള്ളം കയറി . പുഞ്ച കൃഷിക്കു വേണ്ടി പമ്പിംഗ് ആരംഭിച്ചത് മിക്ക പാടശേഖരങ്ങളിലും ആശ്വാസകരമാണ്. എന്നാൽ പമ്പിംഗ് ആരംഭിക്കാത്ത പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒന്നര മാസത്തോളം ക്യാംപുകളില്‍ കഴിഞ്ഞ ശേഷം മടങ്ങിയെത്തിയവര്‍ ആണ് ഇവരിൽ പലരും.
ജീവിതത്തിലേക്കു തിരിച്ചു വരുന്നതിനിടയിൽ വീണ്ടും ക്യാമ്പുകളിലേക്ക് ഒരു തിരിച്ചു പോക്ക് ഇവർക്ക് ചിന്തിക്കുന്നതിലും അപ്പുറത്തെ വേദന തന്നെയാണ്. അടുത്ത മാസം പൂഞ്ച കൃഷി ആരംഭിക്കുന്നതിന് കുട്ടനാട്ടില്‍ ദ്രുതഗതിയിലുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് വീണ്ടും ഈ ദുരന്തം. പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളിലും,ചതുര്‍ത്ഥ്യാകരി,എടത്വ,വേഴപ്ര എന്നീ ഭാഗങ്ങളിലുമാണ് വെള്ളം കയറിയിട്ടുള്ളത് . കൈനകരി പഞ്ചായത്തിലെ വിവിധ തുരുത്തുകളിലും വെള്ളം കയറി. ഇനിയും പ്രളയം ഉണ്ടാകുമോ എന്ന നടുക്കത്തിലാണ് കുട്ടനാട്ടുകാര്‍ ഇപ്പോൾ