ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയില്‍ സൈന്യം എത്തിയെങ്കിലും കാലാവസ്ഥ തിരച്ചിലിന് തടസമാകുന്നു. കവളപ്പാറയിലും പുത്തുമലയിലും കനത്തമഴയാണ് രക്ഷാദൗത്യത്തിന് വലിയ തിരിച്ചടിയാകുന്നത്.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായ മലപ്പുറം കവളപ്പാറയില്‍ സൈന്യത്തിന് ഇതുവരെ എത്താനായിട്ടില്ലെന്ന് വിവരം. ഉരുള്‍പൊട്ടലുണ്ടായിട്ട് രണ്ടുദിവസമായിട്ടും കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടന്നിട്ടില്ല.മതിയായ ഉപകരണങ്ങളില്ലാതെ ദൗത്യസംഘം. കവളപ്പാറയിലേക്കുള്ള പാലേങ്കരപാലം അപകടാവസ്ഥയിലാണ്. പുത്തുമലയ്ക്ക് സമീപം കള്ളാടിയില്‍ മണ്ണിടിച്ചിലും ഉണ്ടായി.കവളപ്പാറയില്‍ 36 വീടുകളാണ് ഒലിച്ചുപോയത്. മൂന്ന് മൃതദേഹങ്ങള്‍ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 38 പേരെ കാണാതായി. 19 കുടുംബങ്ങളിലെ 41 പേരാണ് അപകടത്തില്‍പ്പെട്ടത്. അധികൃതരുടെ മുന്നറിയിപ്പ് മാനിച്ച് 17 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
രണ്ടാം പ്രളയത്തിൽ കനത്ത നാശമാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. ഇതിനൊപ്പമാണ് ബാണാസുര സാഗർ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നത്. ഡാം ഇന്ന് തുറന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മുൻകരുതലായി വെള്ളം കയറാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം ജനങ്ങളെ ഭരണകൂടം ഒഴിപ്പിക്കുകയാണ്. ഇത് അനുസരിക്കാൻ ജനങ്ങളും തയാറായി. കഴിഞ്ഞ വർഷം ബാണാസുര സാഗർ അണക്കെട്ട് തുറന്നതോടെ വയനാട് പ്രളയത്തിൽ മുങ്ങിയിരുന്നു. ബാണാസുര സാഗര്‍ ഡാം ഇന്ന് മൂന്നുമണിയോടെ തുറന്നേക്കും , ഏഴരക്ക് മുന്‍പ് ഒഴിഞ്ഞുപോകാനാണ് അണക്കെട്ടിന് സമീപത്തുള്ള ജനങ്ങള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്.
ദുരന്തം വിതച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്തമഴ തുടരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കവളപ്പാറയിലേയ്ക്കുള്ള കരിമ്പുഴ പാലത്തിന്റെ ഒരു ഭാഗം തെന്നിമാറിയതിനാല്‍ ഗതാഗതം നിരോധിച്ചു. സൈന്യത്തിന് ഇതുവരേയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് എത്താനായിട്ടില്ല. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്.
എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ കെഎസ്ആർടിസി പെരിന്തല്‍മണ്ണവരെയാണ് സര്‍വീസ് നടത്തുക. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി.
ഇടുക്കിയിലും പാലക്കാട്ടും, പത്തനംതിട്ടയിലും മഴക്ക് നേരിയ കുറവുണ്ട്. അണക്കെട്ടിലെ നീരൊഴുക്കിന് കുറവുള്ളതിനാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തില്ല. ഇതുവരെ 44 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. വയനാട് മേപ്പാടി പുത്തുമലയിലും കോഴിക്കോട് ജില്ലയിലും ഉരുള്‍പൊട്ടലില്‍ ഒന്പതുപേര് വീതം മരിച്ചു. കടൽക്ഷോഭം രൂക്ഷമായതിനാൽ മല്‍സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദേശമുണ്ട്.
കവളപ്പാറയിൽ മലയിടിഞ്ഞെത്തിയ ദുരന്തത്തിന്റെ വ്യാപ്തി ഒരുപക്ഷേ കേരളം ഇതുവരെ കണ്ടിട്ടുള്ളതിനെക്കാൾ വലുതായിരിക്കും. അത്രത്തോളം ഹൃദയം നിലയ്ക്കുന്ന കാഴ്ചയാണ് ഇവിടെ. അറുപതോളം കുടുംബങ്ങൾ താമസിച്ചിരുന്നിടത്തേക്കാണ് സെക്കൻഡുകൾക്കുള്ളിൽ മല അപ്പാടെ ഇടിഞ്ഞ് വീണത്. ഒാടി മാറാൻ പോലുമുള്ള സാഹചര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മേൽക്കൂരെ പോലും പുറത്തുകാണാൻ കഴിയാത്ത വിധം മണ്ണും മരങ്ങളും മൂടിക്കിടക്കുകയാണ്. മൂന്നു മൃതദേഹങ്ങൾ ഇന്നലെ നാട്ടുകാർ കണ്ടെത്തി. ഒരാളുടെ തല മാത്രമാണ് കണ്ടെത്താനായത്. ഉടൽ ഉപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി രക്ഷാ പ്രവർത്തനത്തെനത്തിയ നാട്ടുകാർ പറഞ്ഞു.
നിലമ്പൂർ കവളപ്പാറ മുത്തപ്പൻ കുന്നിലാണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളിൽ ആരെയും കാണാനില്ല. പലരും മണ്ണിനടിയിലാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം നിന്നു. കരിമ്പുഴപ്പാലം മഴയിൽ തെന്നിമാറി. ഇന്ന് രാവിലെ ഇതുവരെയും കനത്തമഴ കാരണം രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ദൃക്സാക്ഷി വിവരണം ഇങ്ങനെ
എന്റെ ഒരുപാട് കൂട്ടുകാരുണ്ടായിരുന്ന സ്ഥലമാണിത്. അവരെ ആരെയും കാണാനില്ല. ഒരു കൂട്ടുകാരന്റെ അച്ഛനും അമ്മയും എവിടെയാണെന്ന് പോലും അറിയില്ല. അവൻ ബംഗളൂരാണ്, വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും അമ്പലത്തിന്റെ പിരിവിന് പോകുന്ന സ്ഥലങ്ങളാണിത്. അവയെല്ലാം ഒന്നാകെയാണ് പോയിരിക്കുന്നത്. പട്ടാളത്തിൽ നിന്നൊരു സുഹൃത്ത് അവധിക്ക് നാട്ടിൽ എത്തിയതാണ്. അവനും പോയി. ആർക്കൊക്കെ ആരൊക്കെ നഷ്ടമായെന്ന് അറിയില്ല. ജനങ്ങളെല്ലാം വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല.
ഈ ഭാഗത്ത് നിന്നും ഒരുപാട് പേർ മാറിയിരുന്നു. 70, 80 ഓളം പേർ മുത്തപ്പൻ കുന്നിലെ മണ്ണിനടിയിലുണ്ടെന്നാണ് എന്റെ കണക്കുകൂട്ടൽ. ഇവരെല്ലാം ഇവിടെ നിന്നും ഒഴിഞ്ഞുപോകാൻ നിൽക്കുന്നവരായിരുന്നു.
ന്യൂഡൽഹി: കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴയും പ്രളയവും നേരിടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി നിർദേശം നൽകി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരം കേന്ദ്ര ഏജൻസികൾ കൈക്കൊണ്ട നടപടികൾ റായിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയ ശേഷമാണ് നിർദേശം.ദുരന്തനിവാരണ സേനകൾ അടക്കമുള്ള കേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന മുറക്ക് കാലതാമസമില്ലാതെ രക്ഷാപ്രവർത്തനങ്ങൾക്ക് പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും കഴിഞ്ഞ രണ്ടു ദിവസമായി ക്രമാതീതമായ മഴയാണ് ലഭിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ യോഗത്തിൽ അറിയിച്ചു. കേന്ദ്ര ഏജൻസികൾ ഇതിനകം 82,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി, ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ കേന്ദ്ര ജല കമീഷൻ, കാലാവസ്ഥ വകുപ്പ് എന്നിവയിലെയും മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പെങ്കടുത്തു
മഹാപ്രളയത്തിെൻറ ഓർമകളിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തെ വീണ്ടും പ്രളയദുരിതങ്ങളിലേക്ക് തള്ളിവിട്ടത് 24 മണിക്കൂറിനിടിയിൽ പെയ്തിറങ്ങിയ അതിതീവ്രമഴ. വ്യാഴാഴ്ച രാവിലെ മുതൽ പെയ്ത മഴയാണ് ഒറ്റദിവസം കൊണ്ട് 12 ജില്ലകളെയും ‘മിന്നൽ പ്രളയത്തിൽ’ മുക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
വ്യാഴാഴ്ച 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ പാലക്കാട് 293.1 മി.മീറ്റർ മഴയാണ് പെയ്തത്. സംസ്ഥാനത്തിെൻറ ചരിത്രത്തിൽ തന്നെ ആദ്യമായാണ് 24 മണിക്കൂറിനിടയിൽ ഇത്രയും മഴ ലഭിക്കുന്നതെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. കഴിഞ്ഞ പ്രളയകാലത്ത് ആഗസ്റ്റ് 16ന് ഇടുക്കിയിൽ പെയ്ത 260.48 മി.മീറ്ററായിരുന്നു ഒരുദിവസം കേരളത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴ.
മഴ ദുരന്തം വിതച്ച വയനാട് ജില്ലയിൽ 249.5 മി.മീറ്റർ മഴയാണ് 24 മണിക്കൂറിനുള്ളിൽ പെയ്തത്. ഉരുൾപൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭങ്ങൾമൂലം പൂക്കോട്ട്, മാനന്തവാടി സബ് സ്റ്റേഷനുകളിൽ നിന്നുള്ള വിവരം ലഭ്യമല്ല. ഈ സ്റ്റേഷനുകളിലെ കണക്കുകൂടി ലഭിച്ചാൽ മഴയുടെ അളവ് 300 മി.മീറ്റർ കടന്നേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
എറണാകുളം നെടുമ്പാശ്ശേരി ഭാഗത്ത് 212 മി.മീറ്ററും മലപ്പുറത്ത് 170.4, തൃശൂരിൽ 145.7, കോഴിക്കോട് 137. 6, കണ്ണൂരിൽ 100 മി.മീറ്റർ മഴയും പെയ്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ 18 വരെയുള്ള മഹാപ്രളയകാലത്തെ മഴയേക്കാളും കൂടുതൽ മഴ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പെയ്തെങ്കിലും സ്ഥിതിഗതികൾ രൂക്ഷമാകാത്തത് ജൂൺ, ജൂലൈ മാസങ്ങളിലുണ്ടായ മഴക്കമ്മി കാരണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ട് ന്യൂനമർദവും ചേർന്നതാണ് കേരളത്തിലെ കാലാവസ്ഥയെ പൊടുന്നനെ മാറ്റിമറിച്ചത്.
രണ്ടാഴ്ച മുമ്പ് വരെ മൺസൂണിൽ 40 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ കേരളത്തിൽ കഴിഞ്ഞ 48 മണിക്കൂറിലെ മഴമൂലം കുറവ് 14 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. കോഴിക്കോട് മൂന്ന് ശതമാനവും പാലക്കാട് ആറ് ശതമാനവും അധികമഴ ലഭിച്ചിട്ടുണ്ട്. മറ്റ് 12 ജില്ലകളും സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്.
വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലേതിന് സമാന ദുരന്തം അതിര്‍ത്തി ജില്ലയായ കുടകിലും. രണ്ടിടങ്ങളിലായുള്ള ഉരുള്‍പൊട്ടലില്‍ ഇവിടെ ഏഴ് പേര് മരിച്ചു. എട്ട് പേരെ കാണാതായി.
ഭാഗമണ്ഡലയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. വിരാജ് പേട്ടയിലെ തോറ ഗ്രാമത്തിലാണ് രണ്ട് പേര് മരിച്ചത്. ഇവിടെ എട്ട് പേര് മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നു. മുന്നൂറിലധികം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു.
മണ്ണിടിഞ്ഞു കുടകിലെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കര്‍ണാടകത്തില്‍ ആകെ ഒരു ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്. വടക്കന്‍ കര്‍ണാടകത്തില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉള്‍പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മതിയായ സൗകര്യങ്ങള്‍ ഇല്ലെന്ന ആക്ഷേപം ഉണ്ട്. കര്‍ണാടകത്തിന് അടിയന്തര സഹായമായി കേന്ദ്രം 126 കോടി രൂപ അനുവദിച്ചു
രാഹുലിന് പകരക്കാരൻ ആരെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ ഇന്ന് അറിയാം. ഡൽഹിയിൽ ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചത്.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ പാർട്ടിയെ നയിക്കട്ടെയെന്ന ആശയം മുന്നോട്ടവച്ചാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചത്. നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ സമ്മർദ്ദത്തെ മറികടന്നുകൊണ്ടായിരുന്നു രാഹുലിന്റെ രാജി. സ്ഥാനം ഒഴിഞ്ഞതിന് ശേഷവും മടങ്ങിയെത്തണമെന്ന പ്രവർത്തകരുടെ ആവശ്യത്തിന് രാഹുൽ ചെവി കൊടുത്തില്ല. രാഹുലും ഒഴിഞ്ഞ സ്ഥാനത്തേക്ക് ആരെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം.
യുവനിരയ്ക്ക് അവസരം നൽകണമെന്നാണ് പ്രധാന ആവശ്യം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഈ വാദം പലവട്ടം ആവർത്തിച്ചിരുന്നു. അമരീന്ദറിനെ പിന്തുണച്ച് രംഗത്തെത്തിയ മുംബൈ കോൺഗ്രസ് ചീഫ് മിലിന്ദ് ഡിയോറ രണ്ട് നേതാക്കന്മാരുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും രാജസ്ഥാനിൽ നിന്നുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യെയുടെയും പേരുകളാണ് ഡിയോറ നിർദ്ദേശിച്ചത്. നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയാണ് ജ്യോതിരാദിത്യ സിന്ധ്യെ.
അതേസമയം മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന്റെ പേരും മുൻനിരയിൽ തന്നെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്ന മുകുൾ വാസ്നിക് നിലവിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്.
മുകുൾ വാസ്നിക് കോൺഗ്രസ് അധ്യക്ഷനാകുകയാണെങ്കിൽ യുവനേതാക്കളെ പ്രതീക്ഷിച്ചിരിക്കുന്ന പ്രവർത്തകർക്ക് അതൊരു തിരിച്ചടിയായിരിക്കും. എന്നാൽ എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, അഹമ്മദ് പട്ടേൽ തുടങ്ങിയ നേതാക്കന്മാർ മുകുൾ വാസ്നിക്കിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.
കഴിഞ്ഞ 134 വർഷത്തെ ചരിത്രത്തിനിടയിൽ പാർട്ടിയെ ഏറെക്കാലം നയിച്ചത് നെഹ്റു കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇത്തവണ രാഹുലിന് പിന്നലെ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാറി നിൽക്കുന്നു എന്ന് വ്യക്തമാക്കിയതോടെ ഇത്തവണ ആ ചരിത്രത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ.
ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജമ്മുവിൽ നരോധനാജ്ഞ പിൻവലിച്ചു. സ്ഥലത്തെ സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷനാണ് ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചത്. ജമ്മു ജില്ലയിലെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ മാത്രമാണ് നിരോധനാജ്ഞ പിൻവലിച്ചിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ഇരു സഭകളും ബിൽ പാസാക്കുകയും ചെയ്തിരുന്നു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സംസ്ഥാനത്ത് തുടരുകയാണ്. കശ്മീരിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തുന്ന ഡോവൽ ചൊവ്വാഴ്ച വരെ സ്ഥലത്തുണ്ടാകുമെന്ന് അറിയിച്ചു.
അതേസമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വച്ച് തടഞ്ഞു. ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നുള്ള ഉത്തരവ് കാണിച്ചാണ് തടഞ്ഞതെന്നും സംരക്ഷണത്തിന്റെ അകമ്പടിയില്‍ പോലും ശ്രീനഗറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും യെച്ചൂരി അറിയിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
Section 144 to be withdrawn from Jammu, schools to open tomorrow. pic.twitter.com/k3cTGZuJ58
— Prasar Bharati News Services (@PBNS_India) August 9, 2019
തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് ഭാഗികമായി മാത്രമാണ് സര്‍വീസ് നടത്തുന്നത്. മറ്റ് ചില സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്കുന്നു.
പൂര്‍ണമായി സര്‍വീസ് റദ്ദാക്കിയ ട്രെയിനുകള്‍ (10-8-2019, ശനി)
ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍ – ആലപ്പുഴ എക്സ്പ്രസ്
ട്രെയിന്‍ നമ്പർ 56664 കോഴിക്കോട് – തൃശൂര്‍ പാസഞ്ചര്‍
ട്രെയിന്‍ നമ്പർ 66611 പാലക്കാട് – എറണാകുളം മെമു
ട്രെയിന്‍ നമ്പർ 56603 തൃശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍
ട്രെയിന്‍ നമ്പർ 16332 തിരുവനന്തപുരം – മുംബൈ സിഎസ്എംടി എക്സ്പ്രസ്
ട്രെയിന്‍ നമ്പർ 12076 തിരുവനന്തപുരം – കോഴിക്കോട് ജന്‍ശതാബ്ദി എക്സ്പ്രസ്
ട്രെയിന്‍ നമ്പർ 22646 തിരുവനന്തപുരം – ഇന്‍ഡോര്‍ എക്സ്പ്രസ്
ട്രെയിന്‍ നമ്പർ 16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്
ട്രെയിന്‍ നമ്പർ 12217 കൊച്ചുവേളി – ചണ്ഡീഗഢ് സംമ്പര്‍ക് ക്രാന്തി എക്സ്പ്രസ്
ട്രെയിന്‍ നമ്പർ 16346 തിരുവനന്തപുരം – ലോകമാന്യ തിലക് നേത്രാവതി എക്സപ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ (10-8-2019, ശനി)
ട്രെയിന്‍ നമ്പർ 16606 നാഗര്‍കോവില്‍ – മംഗളൂരു ഏറനാട് എക്സ്പ്രസ്, തൃശൂര്‍-മംഗളൂരു റൂട്ട് റദ്ദാക്കി
ട്രെയിന്‍ നമ്പർ 16650 നാഗര്‍കോവില്‍ – മംഗളൂരു പരശുറാം എക്സ്പ്രസ്, വടക്കാഞ്ചേരി-മംഗളൂരു റൂട്ട് റദ്ദാക്കി.
ട്രെയിന്‍ നമ്പർ 16649 മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്, മംഗളൂരു-വടക്കാഞ്ചേരി റൂട്ട് റദ്ദാക്കി
ട്രെയിന്‍ നമ്പർ 16605 മംഗളൂരു – നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, മംഗളൂരു-തൃശൂര്‍ റൂട്ട് റദ്ദാക്കി
ട്രെയിന്‍ നമ്പർ 17229 തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസ്, തിരുവനന്തപുരം – കോയമ്പത്തൂര്‍ റൂട്ട് റദ്ദാക്കി.
ട്രെയിന്‍ നമ്പർ 12081 കണ്ണൂര്‍ – തിരുവനന്തപുരം ജന്‍ ശതാബ്ദി എക്സ്പ്രസ്, കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ട് റദ്ദാക്കി.
അബുദാബി: കൊച്ചി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ എല്ലാ സര്‍വീസുകളും താത്കാലികമായി റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നുള്ള EY272, EY273 സര്‍വീസുകള്‍ക്കാണ് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനാവുന്ന വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങളില്‍ പോകേണ്ടിയിരുന്ന പരമാവധി യാത്രക്കാരെ കൊണ്ടുപോകുന്നതിനായി തിരുവനന്തപുരത്ത് നിന്ന് അധിക സര്‍വീസുകള്‍ നടത്തും. ഈ സൗകര്യം ഉപയോഗിക്കാന്‍ താല്പര്യമുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ പുനഃക്രമീകരിക്കാനുള്ള ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കും. എന്നാല്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ എത്തിച്ചേരണം. ടിക്കറ്റ് ബുക്കിങ് പുനഃക്രമീകരിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇത്തിഹാദിന്റെ ഗ്ലോബല്‍ കോണ്ടാക്ട് സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: +971 600 555 666