India

ശാസ്ത്രഞ്ജര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ചന്ദ്രയാന്‍ -2 ബന്ധം പുനഃസ്ഥാപിക്കാന്‍ രണ്ടാഴ്ച കൂടി ശ്രമിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ദൂരദര്‍ശനോട് എത്തിയ കെ ശിവന്റെ പരസ്യ പ്രസ്താവന ഇങ്ങനെയായിരുന്നു, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷകളെ തകര്‍ത്തു, ശനിയാഴ്ച പുലര്‍ച്ചെ ലാന്‍ഡര്‍ നിശബ്ദനായി.

ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ 90 മുതല്‍ 95 ശതമാനം വിജയമാണെന്നാണ് ഐഎസ്ആര്‍ഒ പ്രതികരിച്ചത്. നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലായി 7.5 വര്‍ഷം അധിക ആയുസ് ഓര്‍ബിറ്റിനുണ്ടാകും. ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ 14 ദിവസം കൂടി ശ്രമിക്കുമെന്നും കെ ശിവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘ചന്ദ്രോപരിതലത്തി ഇറങ്ങാന്‍ 2.1 കി.മീ അകലെ എത്തിയപ്പോള്‍ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി. ഓപ്പറേഷന്റെ അവസാന ഘട്ടം ശരിയായ രീതിയില്‍ നടപ്പാക്കാനായില്ല. ആ ഘട്ടത്തിലാണ് ഞങ്ങള്‍ക്ക് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്, പിന്നീട് അത് സ്ഥാപിക്കാനും കഴിഞ്ഞില്ല.’ എന്നായിരുന്നു കെ ശിവന്‍ അറയിച്ചത്.

ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന തുടങ്ങിയവ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണധ്രുവമെന്ന തീര്‍ത്തും വെല്ലുവിളി നിറഞ്ഞ ഭാഗം തന്നെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തത്.

മുംബയ് കൊളാബയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഏഴാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒരാള്‍ തന്റെ സുഹൃത്തിന്റെ മൂന്ന് വയസുള്ള മകളെ താഴേയ്ക്ക് എറിഞ്ഞുകൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40ലധികം പ്രായമുള്ള അനില്‍ ചുഗാനി എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് 7.30ഓടെയാണ് സംഭവം. അന്വേഷണം നടന്നുവരുകയാണ് എന്ന് പൊലീസ് അറിയിച്ചു. കൃത്യം ചെയ്യാനുള്ള പ്രേരണ വ്യക്തമല്ല. ഷനായ് ഹാതിരാമണി
എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഷനായയുടെ പിതാവ് ബിസിനസുകാരനായ പ്രേം ഹാതിരാമണിയുടെ സുഹൃത്താണ് അനില്‍ ചുഗായ്.

കൊളാബയിലെ റേഡിയോ ക്ലബിന് സമീപമുള്ള അശോക അപ്പാര്‍ട്ട്‌മെന്റിലെ എ ബ്ലോക്കിലാണ് സംഭവം നടന്നത്. കുട്ടിയെ തന്റെ ഫ്‌ളാറ്റിലേയ്ക്ക് കളിക്കാനായി വിടാന്‍ പ്രേമിനോട് അനില്‍ ആവശ്യപ്പെടുകയായിരുന്നു. ബെഡ്‌റൂമിലെ ജനല്‍ വഴിയാണ് കുട്ടിയെ താഴേയ്‌ക്കെറിഞ്ഞത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേയ്ക്കാണ് കുട്ടി വീണത്.

കൊല്ലം അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍‌ പോസ്്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.അഞ്ചല്‍ പൊടിയാട്ടുവിളയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന ജയന്റെയും ഭാര്യ രേഖയുടെയും മൃതദേഹം കിടപ്പുമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീടിനുള്ളില്‍ നിന്നു രേഖയുടെ നിലവിളി കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു.

പലതവണ വിളിച്ചിട്ടും കതക് തുറക്കാഞ്ഞതോടെ നാട്ടുകാര്‍ കതകു തകര്‍ത്ത് വീടിനുള്ളില്‍ കയറി. തലയില്‍ നിന്നു ചോരവാര്‍ന്ന നിലയിലായിരുന്നു രേഖ. ജയന്‍ അബോധാവസ്ഥയിലും. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ വിവാഹത്തില്‍ രേഖയ്ക്ക് രണ്ടു കുട്ടികളുണ്ട്.

ശ്വസനപ്രശ്നത്തെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (75) യുടെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു.വെള്ളിയാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ നടന്നുവരുകയാണ്. രക്തസമ്മര്‍ദം കുറഞ്ഞെന്നു ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രി മമതാ ബാനര്‍ജി, മുതിര്‍ന്ന സി.പി.എം. നേതാവ് സൂര്യകാന്ത് മിശ്ര തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഭട്ടാചാര്യയെ കണ്ടു.2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യം മോശമായതോടെയാണ് ഭട്ടാചാര്യ 2018-ല്‍ പാര്‍ട്ടിചുമതലകളൊഴിഞ്ഞത്.

കടപ്പുറത്ത് തലയില്ലാത്ത അഴുകിയ ജഡം കരയ്ക്കടിഞ്ഞു.തൃശൂര്‍ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്താണ് സംഭവം.. പുലര്‍ച്ചെ 6.30 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തലയ്ക്കു പുറമെ ഒരു കാലിന്റെ പാദവും നഷ്ടപ്പെട്ടിട്ടുണ്ട്.

മൃതദേഹം അഴുകിയതിനാല്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുനക്കക്കടവ് തീരദേശ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

യുഎഇയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‌സല്‍ ആശുപത്രി അടച്ചുപൂട്ടി. സ്‌പോണ്‍സറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്
അബുദാബി ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ആശങ്കയിലാണ്.

2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ കഴിഞ്ഞ ആറുമാസത്തിലധികമായി ശമ്പള കുടിശികയുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചുള്ള പരാതികള്‍ അബുദാബി പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്ത്യക്കാരായ ജീവനക്കാര്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയെന്നും അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്നും അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ വര്‍ഷം ഏപ്രിലിലും അബുദാബി യൂനിവേഴ്‌സല്‍ ആശുപത്രി താല്‍കാലികമായി അടച്ചുപൂട്ടിയിരുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രോഗികളെ മാറ്റി ആശുപത്രി അടച്ചുപൂട്ടിയത്. എന്നാല്‍ പിന്നീട് ഇവ പരിഹരിച്ച് മേയ് മാസത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ശമ്പള കുടിശിക ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അഞ്ഞൂറോളം ജീവനക്കാര്‍.

ജീവനക്കാരുടെ സമരത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 20 ശാഖകള്‍ കൂടി പൂട്ടി. ഇതോടെ പൂട്ടിയ ശാഖകളുടെ എണ്ണം 35 ആയി. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലെ 20 ശാഖകളാണ് മുത്തൂറ്റ് മാനേജ്‌മെന്റ് ഇന്ന് പൂട്ടിയത്. ഈ ശാഖകളില്‍ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ഇടപാടുകാര്‍ക്ക് ഡിസംബര്‍ ഏഴു വരെ സമയം അനുവദിച്ചതായും മാനേജ്‌മെന്റ് നല്‍കിയ പരസ്യത്തില്‍ പറയുന്നു.

അതിനിടെ,കോഴിക്കോടും ആലപ്പുഴയിലും പൊലീസ് സംരക്ഷണത്തോടെ ശാഖകള്‍ തുറന്നു. കോഴിക്കോട് മാവൂര്‍ റോഡിലെയും ആലപ്പുഴ പുന്നപ്രയിലെയും ശാഖകള്‍ പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് തുറന്നത്. ശമ്പള വര്‍ദ്ധന അടക്കമുളള ആവശ്യങ്ങള്‍ നടപ്പാക്കാതെ ശാഖകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മുത്തൂറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍. സമരക്കാരും ജോലിക്കെത്തിയവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. എന്നാല്‍ ആകെയുളള 622 ശാഖകളില്‍ 450 എണ്ണവും അടഞ്ഞു കിടക്കുകയാണെന്നും അസോസിയേഷന്‍ അവകാശപ്പെട്ടു.

ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരക്കാരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ട സാഹചര്യത്തില്‍ മുത്തൂറ്റിന്റെ എല്ലാ ശാഖകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് തൊഴില്‍ വകുപ്പ് മന്ത്രി മുത്തൂറ്റ് മാനേജ്‌മെന്റുമായും സമരക്കാരുമായും ചര്‍ച്ച നടത്തും.

ബെംഗളൂരു: ചന്ദ്രയാന്‍-2 ദൗത്യം പൂര്‍ണ്ണ വിജയം നേടാതെ വന്ന സാഹചര്യത്തില്‍ വാര്‍ത്ത ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും. ചന്ദ്രനിലെത്തിയ എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് കയറാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണമെന്നാണ് ‘ദ ന്യൂയോര്‍ക് ടൈംസ്’ എഴുതിയിരിക്കുന്നത്.

അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. നാലാമത്തെ രാജ്യമാകാന്‍ ഇന്ത്യ കുതിപ്പ് നടത്തുമ്പോള്‍ അത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായി എന്ന് ഇസ്‌റോ സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ത്യ ചരിത്ര നേട്ടത്തിനായി ഇനിയും കാത്തിരിക്കണം എന്ന തരത്തില്‍ അമേരിക്കന്‍ പത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ വാര്‍ത്ത നല്‍കിയിരിക്കുകയാണ്.

ദൗത്യം ആരംഭിച്ചപ്പോള്‍ മുതല്‍ കാര്യങ്ങള്‍ വളരെ നിയന്ത്രണവിധേയമായാണ് പോയിരുന്നതെന്നും എന്നാല്‍, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുക എന്ന ദൗത്യം പരാജയപ്പെട്ടു എന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായപ്പോള്‍ കണ്‍ട്രോള്‍ റൂം മൂകമായി എന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ കുറിച്ചിരിക്കുന്നു. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗികമായുള്ള പരാജയം എലൈറ്റ് ഗ്രൂപ്പില്‍ കയറുന്ന ഇന്ത്യയുടെ ആഗ്രഹത്തിന് തിരിച്ചടിയായെന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ പറയുന്നുണ്ട്.

സ്വപ്‌ന നേട്ടത്തിനു തൊട്ടരികെ എത്തിയപ്പോഴാണ് വിക്രം ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായത്. ചന്ദ്രയാന്‍-2 ദൗത്യം ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ടതാണ്. എന്നാല്‍, 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘം (ഇസ്‌റോ) ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ സ്ഥിരീകരിച്ചു.

എല്ലാം കൃത്യമായി പോയിരുന്നു എന്നാല്‍, പെട്ടന്നാണ് സിഗ്നലുകള്‍ നഷ്ടമായത്. 15 മിനിറ്റ് കൗണ്ട് ഡൗണ്‍ ആരംഭിച്ച ശേഷമാണ് വിക്രം ലാന്‍ഡറിന് ഭൂമിയുമായുള്ള ആശയവിനിമയം പൂര്‍ണമായും നഷ്ടമായത്. കൗണ്ട് ഡൗണ്‍ ഏകദേശം 12 മിനിറ്റ് അപ്പോഴാണ് ഇത് സംഭവിച്ചത്. സ്വപ്‌ന നേട്ടം കൈവരിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ശാസ്ത്രലോകം അടക്കം കരുതിയ സമയത്താണ് സിഗ്നല്‍ നഷ്ടപ്പെടുന്നത്. ലാന്‍ഡര്‍ ദിശ മാറി സഞ്ചരിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പുലര്‍ച്ചെ 2.18 ഓടെയാണ് ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായ കാര്യം ഇസ്‌റോ ചെയര്‍മാന്‍ സ്ഥിരീകരിച്ചത്.

ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഒരുവര്‍ഷത്തേക്കു ചന്ദ്രനെ വലംവച്ച് നിരീക്ഷണം തുടരും. ലാന്‍ഡര്‍ ലക്ഷ്യം കാണാതിരുന്നാല്‍ ഇതിനുള്ളിലെ റോവറും പ്രവര്‍ത്തനരഹിതമാകും.

ഇന്നു പുലർച്ചെ 1.39 നാണു ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള സോഫ്റ്റ്‌ ലാൻഡിങ് പ്രക്രിയ തുടങ്ങിയത്. ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തിയതോടെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനം ആരംഭിച്ചു. ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള 800 ന്യൂട്ടൻ ശേഷിയുള്ള 5 ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ചതോടെ സെക്കൻഡിൽ 6 കിലോമീറ്റർ എന്നതിൽനിന്നു പൂജ്യത്തിലേക്കു വേഗം കുറയ്ക്കാനായി.

അഞ്ച് എഞ്ചിനുകളാണ് ലാൻഡറിനുള്ളത്. ചന്ദ്രനോട് അടുത്താൽ വളരെ പതുക്കെയാണ് താഴേക്ക് ഇറക്കുക. അഞ്ച് എഞ്ചിനുകൾ ഉപയോഗിച്ചാണ് ഇത്. ഇങ്ങനെ താഴോട്ട് ഇറക്കുന്ന സമയത്താണ് പാളിച്ച പറ്റിയത്. സിഗ്നൽ നഷ്ടമായതോടെ കൃത്യമായി താഴോട്ട് ഇറക്കാൻ സാധിക്കാതെ വന്നു. ലാൻഡറിന് ഗതി മാറ്റം വന്നതാണ് ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാൻ പ്രധാന കാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഇസ്റോ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാനാണ് സാധ്യത.

അവസാന നിമിഷം ഭൂമിയില്‍ നിന്നുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ദൗത്യം അനിശ്ചിതത്വത്തില്‍. വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രന്‍റെ ഉപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായി. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

എന്താണ് സംഭവിച്ചത്..?

അവസാന നിമിഷം വരെ വിജയകരമായിരുന്ന ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യത്തിന് തിരിച്ചടി. ചന്ദ്രോപരിതലത്തിന് തൊട്ടരികെ 2.1 കിലോമീറ്റര്‍ മുകളില്‍ വച്ച് വിക്രം ലാന്‍ഡറിന് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയം നഷ്ടമായി. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാണോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ ഐഎസ്ആര്‍ഒ പരിശോധിച്ച് വരികയാണ്. ചന്ദ്രനെ ഭ്രമണം ചെയ്തിരുന്ന വിക്രം ലാന്‍ഡര്‍ നേരത്തെ നിശ്ചയിച്ചത് പോലെ പുലര്‍ച്ചെ 1.37 നാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്. വേഗത കുറയ്ക്കാനായി നാല് എന്‍ജിനുകളും പ്രവര്‍ത്തിപ്പിച്ചു.

ഈ ഘട്ടവും വിജയകരമായിരുന്നു,. ചന്ദ്രനോട് ഏറെ അടുത്തെത്തിയതോടെ ഫൈന്‍ ബ്രൈക്കിങ് എന്ന ഘട്ടം തുടങ്ങി. പേടകം ചന്ദ്രോപരിതലത്തിന് അടുത്തേക്ക് എത്തി. ഇവിടെയാണ് അപ്രതീക്ഷിതമായത് സംഭവിച്ചത്.

ഇപ്പോഴും ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്ററിന് വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനാണ് ഐഎസ്ആര്‍ഒയുടെ ഇപ്പോഴത്തെ ശ്രമം. അവസാന നിമിഷത്തെ ഡാറ്റകള്‍ പരിശോധിച്ചാല്‍ മാത്രമേ ബന്ധം നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്താനാകൂ.

ഉദ്വേഗത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിമിഷങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ധൈര്യംപകര്‍ന്നും ആശ്വാസമായും പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ ദൗത്യത്തിന്റെ നിര്‍ണായക ഘട്ടങ്ങള്‍ ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ ശാസത്രജ്ഞര്‍ക്കൊപ്പമിരുന്നാണ് പ്രധാനമന്ത്രി നിരീക്ഷിച്ചത്. പ്രതീക്ഷ തുടരുന്നുവെന്നും ഐ.എസ്.ആര്‍.ഒയെക്കുറിച്ച് രാജ്യം അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്‍.ഒയില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദും ട്വീറ്റ് ചെയ്തു.

രാത്രി ഒന്‍പതരയോടെ പീനിയയിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിങ് അന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് സെന്ററിലെത്തിയ പ്രധാനമന്ത്രിയെ ചെയര്‍മാന്‍ കെ.ശിവന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സോഫ്റ്റ് ലാന്‍ഡിങ്ങിനെക്കുറിച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വിക്രം ലാന്‍ഡര്‍ ഭ്രമണംപഥത്തില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയതു മുതലുള്ള ഓരോഘട്ടം വിജയമായപ്പോഴും അദ്ദേഹം ശാസ്ത്രജ്ഞരുടെ അഹ്ലാദ പ്രകടനത്തില്‍ പങ്കുചേര്‍ന്നു.

ആരവങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുമ്പോഴാണ് ലാന്‍ഡറില്‍നിന്ന് ഭൂമിയിലേക്കുള്ള ആശയവിനിമയം നഷ്ടമായത്. ചെയര്‍മാന്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ പുറത്തേക്കുപോയ പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം തിരിച്ചെത്തി. ധൈര്യമായിരിക്കാനും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞു.

പ്രത്യേക ക്ഷണിതാക്കളായി എത്തിയ കുട്ടികളുമായി ആശയവിനിമയവും നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്. രാജ്യം ശാസ്ത്രജ്ഞരെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പിന്നാലെ ട്വീറ്റുമെത്തി.

 

വിഷംചേര്‍ത്ത് നല്‍കിയതെന്ന് കരുതുന്ന പിറന്നാള്‍ കേക്ക് കഴിച്ച അച്ഛനും മകനും ദാരുണാന്ത്യം.തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.

എട്ട് വയസ്സുകാരന്‍ രാം ചരണും പിതാവുമാണ് മരിച്ചത്. അമ്മാവന്‍ വാങ്ങിനല്‍കിയ കേക്ക് കഴിച്ചാണ് മരണം സംഭവിച്ചത്അതേ സമയം കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും സഹോദരി പൂജിതയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.

കേക്കില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്നാണ് സംശയം.
രവിയും കേക്ക് സമ്മാനിച്ച ബന്ധുവും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്.വിഷംകേക്കില്‍ ചേര്‍ത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ കേക്കിന്റെ സാമ്പിൾ ലാബിലേക്ക് അയച്ചിട്ടുണ്ട്‌.അന്വേഷണം നടന്നുവരുകയാണ്.

RECENT POSTS
Copyright © . All rights reserved