ട്രെയിനിടിച്ച് ഗുരുതര പരുക്കേറ്റത്തിനെത്തുടർന്ന് പാളത്തിലൂടെ ഇഴഞ്ഞുനീങ്ങിയ ആനയുടെ ദൃശ്യം ഓർമയില്ലേ. കൊടിയ വേദനകൾക്കൊടുവിൽ ഇന്നലെ ആ ആന ചരിഞ്ഞു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽവെച്ചാണ് സിലിഗുരി ദുബ്രി ഇന്‍റര്‍ സിറ്റി എക്സ്പ്രസ് പാളം മുറിച്ചു കടന്ന ആനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആനയുടെ പിൻകാലുകളും ട്രെയിനിന്റെ എൻജിനും തകർന്നു.

പരുക്കേറ്റ് നടക്കാനാവാതെ പാളത്തിലൂടെ ഇഴഞ്ഞുനീങ്ങിയ ആനയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും ചർച്ചയ്ക്കും വഴിയൊരുക്കിയിരുന്നു. വനത്തിനുള്ളിലൂടെയാണ് ബാനര്‍ഹട്ട് നാഗ്രകട്ട റയിൽവെ പാത കടന്നുപോകുന്നത്. നിരവധി ആനത്താരകൾ മുറിച്ചുകടന്നാണ് ഈ വഴി ട്രെയിൻ കടന്നുപോകുന്നത്.

കാട്ടാനകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിനാൽ 2015-2016 വർഷങ്ങളിൽ 25 കിലോമീറ്ററായി കുറച്ചിരുന്നു. 2004ലാണ് മീറ്റര്‍ ഗേജായിരുന്ന ഈ പാത ബ്രോഡ് ഗേജാക്കിയത്. പാത ബ്രോഡ് ഗേജ് ആയതോടെയാണ് കാട്ടാനകളെ ഇടിക്കുന്ന സംഭവം തുടർക്കഥയാകുന്നത്.