India

പാക്കിസ്ഥാന്‍ കമാന്‍ഡോകള്‍ നുഴഞ്ഞുകയറി ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗുജറാത്ത് തീരത്ത് അതീവജാഗ്രത. സംഘര്‍ഷ സാഹചര്യത്തിന് ആക്കംകൂട്ടി പാക്കിസ്ഥാന്‍ ബാലിസറ്റിക് മിസൈല്‍ പരീക്ഷണവും നടത്തി. ഏതുവെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കി. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനിലെ നേതാക്കള്‍ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകളെ ഇന്ത്യ അപലപിച്ചു.

ഗള്‍ഫ് ഒാഫ് കച്ച്, സര്‍ ക്രീക്ക് മേഖലകള്‍ വഴി വിദഗ്ധ പരിശീലനം കിട്ടിയ പാക് കമാന്‍ഡോകളും ഭീകരരും ചെറുബോട്ടുകളിലായി എത്തിയതായണ് റിപ്പോര്‍ട്ട്. കച്ചില്‍ രണ്ട് ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബിഎസ്എഫ് കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളിലും സുരക്ഷ കര്‍ശനമാക്കി. അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കുള്‍പ്പെടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള കരയില്‍ നിന്ന് കരയിലേയ്ക്ക് തൊടുക്കാവുന്ന ഗസ്ന‍വി മിസൈലാണ് രാത്രിയില്‍ പാക്കിസ്ഥാന്‍ പരീക്ഷിച്ചത്.

മിസൈല്‍ പരീക്ഷണം നടത്തുന്നതിനാല്‍ ഒാഗസ്റ്റ് 28 മുതല്‍ 31വരെ കറാച്ചിക്ക് മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. 2005ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നതായി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

വ്യോമപാത അടച്ചിടുമെന്ന് അറിയിച്ചിട്ടില്ല. കമാന്‍ഡോകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല. ഇന്ത്യയുമായി ഒക്ടോബറില്‍ യുദ്ധമുണ്ടാകുമെന്ന് പാക് റെയില്‍വേ മന്ത്രി പറഞ്ഞതടക്കം പാക്കിസ്ഥാന്‍ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ പ്രസ്താവനങ്ങളെ ഇന്ത്യ അപലപിച്ചു.കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാക്കിസ്ഥാന് അര്‍ഹതയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലേയില്‍ പ്രതികരിച്ചു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒക്ടോബറിലോ അതിനുശേഷമോ യുദ്ധമുണ്ടാകുമെന്ന് പാക് റെയില്‍വേമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. റാവല്‍പിണ്ടിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് പാക് മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന. കറാച്ചിക്കടുത്ത് മിസൈല്‍ പരീക്ഷണം നടത്താന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കറാച്ചി വഴിയുള്ള വ്യോമപാത മൂന്ന് ദിവസത്തേയ്ക്ക് ഭാഗികമായി അടച്ചിടും. അതിനിടെ, കശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ സുരക്ഷ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രി സഭസമിതി അല്‍പ്പസമ‌യത്തിനകം ചേരും. കശ്മീരിലെ വികസനപ്രവര്‍ത്തനങ്ങളടക്കം ചര്‍ച്ചചെയ്യാന്‍ വിശാല കേന്ദ്രമന്ത്രിസഭാ യോഗവും തുടര്‍ന്ന് ചേരും.

കറാച്ചിക്കടുത്ത് മിസൈൽ പരീക്ഷണം നടത്താൻ പാക്കിസ്ഥാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച് വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാക്കിസ്ഥാന്‍ കഴിഞ്ഞദിവസം ഭീഷണിയുയര്‍ത്തിയിരുന്നു. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

പാക്കിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തിലും മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തിരുന്നു. മോദി തുടങ്ങി, ഞങ്ങള്‍ പൂര്‍ത്തിയാക്കും എന്ന ടാഗോട് കൂടിയായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

പാക്കിസ്ഥാനിലെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളിൽ പാക്ക് സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചെന്ന് അമേരിക്ക. പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാൻ അധികാരമേറ്റതോടെയാണ് സൈന്യം വീണ്ടും നിയന്ത്രണം ഏറ്റെടുത്തതെന്നും യുഎസ് ജനപ്രതിനിധിസഭയിലെ ഗവേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നു.

പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പ് വേളയിൽ ഇമ്രാന് സഹായകമാകും വിധം ആഭ്യന്തര രാഷ്ട്രീയ തലങ്ങളിൽ സേന ഇടപെടൽ നടത്തി. നവാസ് ഷെരീഫിനെ പുറത്താക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്. അഴിമതി ഇല്ലാതാക്കിയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ‘നവ പാക്കിസ്ഥാൻ’ നിർമിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഇമ്രാൻ ഭരണത്തിലെത്തിയത്. മികച്ച വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കി ‘ക്ഷേമ രാഷ്ട്രം’ സൃഷ്ടിക്കുകയെന്ന ആശയമാണ് ഇമ്രാൻ അവതരിപ്പിച്ചതെങ്കിലും രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രയാസം ഇതെല്ലാം തകിടം മറിച്ചു. പുതുതായി വിദേശ ധനസഹായം തേടിയും സർക്കാരിന്റെ ചെലവു കുറച്ചും പിടിച്ചുനിൽക്കാനുളള സാഹചര്യമാണ് ഇത് പാക്കിസ്ഥാന് സൃഷ്ടിച്ചതെന്നു റിപ്പോർട്ട് വിശദീകരിക്കുന്നു.

പാക്കിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം മലിനമാക്കപ്പെട്ടെന്ന തോന്നലാണ് തിരഞ്ഞെടുപ്പു വേളയിൽ നവാസ് ഷെരീഫിനെതിരെ സൃഷ്ടിക്കപ്പെട്ടത്. സൈന്യവും ജുഡിഷ്യറിയും ഇമ്രാന്റെ പാർട്ടിക്കു ഗുണകരമാകും വിധം ‘അവിശുദ്ധ സന്ധി’യിലായിരുന്നു . നവാസ് ഷെരീഫിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം. ഷെരീഫിന്റെ പാർട്ടിയെ ദുർബലപ്പെടുത്താനും ഇമ്രാന്റെ പാർട്ടിക്ക് അധികാരത്തിലേക്കു ഏങ്ങനെയും വഴിയൊരുക്കാനും ശ്രമമുണ്ടായി. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാർട്ടികളും സംഘടനകളും പാക്കിസ്ഥാനിൽ വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനാല്‍ രാത്രി ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ തീരുമാനം. എറണാകുളം ഗോശ്രീ പാലത്തില്‍ ഇന്ന് അഞ്ചുമണിയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്.  തുടര്‍ന്ന് പോലീസ് വാഹന ഗതാഗതം തടഞ്ഞിരുന്നു.നാളെ വിശദമായ പരിശോധനയ്ക്കുശേഷം വലിയ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

വയനാട്ടിലെ ദുരിതബാധിതരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ പങ്കുവച്ച് കെ സി വേണുഗോപാല്‍. ദുരിതബാധിതരില്‍ ഒരാളോട് വീടിന് എത്ര നഷ്ടം ഉണ്ടായെന്നും കുട്ടികളെക്കുറിച്ചും രാഹുല്‍ ഗാന്ധി അന്വേഷിക്കുന്നുണ്ട്. തുടര്‍ന്ന് വിഷമിക്കേണ്ടെന്ന് പറയുന്നതും കാണാം.

മാമനുണ്ട്, വിഷമിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധിയെ ചൂണ്ടി കെ സി വേണുഗോപാല്‍ കുട്ടിയോട് പറയുന്നത് വീഡിയോയില്‍ കാണാം. ഇതാരാണ് എന്നറിയാമോ എന്ന വേണുഗോപാലിന്റെ ചോദ്യത്തിന് രാഹുല്‍ മാമന്‍ എന്ന് കുട്ടി മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണം. പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് ഉമ്മ നല്‍കിയ ശേഷമാണ് രാഹുല്‍ അവിടെ നിന്നും പോകുന്നത്.

അതേസമയം, നിങ്ങളുടെ എംപിയെ നിങ്ങള്‍ക്ക് വിശ്വസിക്കാമെന്നും എംപിയായിട്ട് മാത്രമല്ല, വയനാട്ടുകാരുടെ സഹോദരനായും മകനായും താന്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. വയനാട് സന്ദര്‍ശനത്തിന് ശേഷം മുക്കത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന മല്‍സ്യത്തൊഴിലാളിള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, എന്നിവരേയും കേരളത്തിന്റെ കരുതലിന്റെ പ്രതതീകമായി മാറിയ നൗഷാദിനെയും ചടങ്ങില്‍ ആദരിച്ചു. ഒപ്പം കാസര്‍ക്കോട്ടെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തിന് കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപയും ചടങ്ങില്‍വച്ച് രാഹുല്‍ കൈമാറി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളിലെ ദുരിത ബാധിതരേയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

 

ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ വന്‍ പിഴവ് .ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഫ്ളക്സ് ബോർഡിലാണ് പിഴവ്.2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിനായി ഒരുക്കിയ ഫ്ളക്സ് ബോർഡിലാണ് സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി.ടി ഉഷ എന്ന്എഴുതിയത്.

ഇതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേര്‍ സര്‍ക്കാറിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച്‌ പരിഹസിച്ച്‌ രംഗത്തെത്തി. പിടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന്‌ സര്‍ക്കാറിന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്‌ളക്‌സ് അച്ചടിച്ചതെന്നും ചിലര്‍ ചോദിച്ചു.

ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു.

കോയമ്പത്തൂർ എട്ടിമട റെയിൽവേ സ്റ്റേഷനിൽ മലയാളിയായ വനിതാ സ്റ്റേഷൻമാസ്റ്ററെ അജ്ഞാത യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ആറന്മുള സ്വദേശി അഞ്ജനയ്ക്കാണ് പരുക്കേറ്റത്. കഴുത്തിന് നേരിയ പരുക്കുള്ള അഞ്ജന പാലക്കാട് റെയിൽവേ ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്നലെ രാത്രി ഒന്നിന് എട്ടിമട റയിൽവേ സ്റ്റേഷനിൽ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് മുറിയിലേക്ക് കയറി വന്ന യുവാവാണ് സ്റ്റേഷൻ മാസ്റ്ററായ അഞ്ജനയെ കത്തികൊണ്ട് ആക്രമിച്ചത്. കഴുത്തിനും കൈക്കും പരുക്കേറ്റ യുവതിയെ പാലക്കാട് റയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 7.20 ന് ശേഷം എട്ടിമടയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർ ആരും സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അക്രമിയെ കണ്ടെത്താനായി പോത്തന്നൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.നേരത്തെ എട്ടിമട, മദുക്കര പ്രദേശങ്ങളിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാർക്ക് പരുക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.

മലയാളിയായ യുവാവിന് ഭാര്യ നൽകിയ കിടിലൻ സർപ്രൈസാണ് സോഷ്യൽ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തിൽ ഭർത്താവിനെ ഞെട്ടിക്കാൻ കടൽ കടന്നാണ് ഭാര്യ എത്തിയത്.

കൂട്ടുകാർക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്കറ്റിൽ കണ്ടപ്പോൾ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് അറിയാതെ യുവാവ് നിൽക്കുമ്പോൾ ഭാര്യ പൂക്കൾ നൽകിയശേഷം സ്നേഹ ചുംബനം നൽകി. സന്തോഷത്താൽ ഭാര്യയെ ആലിംഗനം ചെയ്ത യുവാവിന് എന്താണ് നടക്കുന്നതെന്ന് വീണ്ടും വിശ്വസിക്കാനായില്ല. ജന്മദിനത്തിൽ ഭാര്യയെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ഒപ്പം അമ്പരപ്പും യുവാവിന്റെ മുഖത്ത് പ്രകടമായിരുന്നു.

മസ്കറ്റിലായിരുന്നു ജന്മദിനാഘോഷം.ഒരു പ്രവാസിക്ക് ഇത്രയും നല്ലൊരു ജന്മദിന സർപ്രൈസ് ഒരുക്കിയ കൂട്ടുകാർക്ക് സോഷ്യൽ മീഡിയ നിറഞ്ഞ മനസോടെ കൈയ്യടിക്കുകയാണ്.

ഇന്ത്യയിലെ നിർമിത ബുദ്ധിയുള്ള ആദ്യ ഇലക്ട്രിക് ബൈക്ക് ആർവി 400 വിപണിയിൽ. ഇലക്ട്രിക് ടൂ-വീലർ നിർമാണ സ്റ്റാർട്ടപ്പായ റിവോൾട്ട് ഇന്റലികോർപ്പാണ് ആർവി 400 ന്റെ നിർമ്മാതക്കൾ. ജൂൺ 18ന് ആർവി 400 രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ജൂൺ 25 മുതൽ ബൈക്കിന്റെ പ്രീബുക്കിങ്ങും ആരംഭിച്ചിരുന്നു. ഇതിനോടകം 2500ലധികം ബൈക്കുകൾ പ്രീബുക്ക് ചെയ്യപ്പെട്ടതായും കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ച് രണ്ട് വർഷം നീണ്ടുനിന്ന പഠനങ്ങൾക്ക് ശേഷമാണ് റിവോൾട്ട് ഇലക്ട്രിക്ക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. മനേസറിലെ നിർമ്മാണ യൂണിറ്റിലാണ് ആർവി 400 നിർമ്മിക്കുന്നത്. രാജ്യത്ത് ഒന്നിലധികം മോട്ടോർ സ്കൂട്ടറുകൾ ഓടുന്നുണ്ടെങ്കിലും ഒരു ബൈക്ക് ആദ്യമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

പ്രതിമാസം 3,499 രൂപ അടച്ച് ആർവി 400 സ്വന്തമാക്കാം. 37 മാസ കാലയളവിലായിരിക്കും തുക അടക്കേണ്ടത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരെ എക്സഷോറും വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊടൊപ്പം തന്നെ ആർവി 300 മോഡൽ 2999 രൂപ പ്രതിമാസ അടവിൽ സ്വന്തമാക്കാം.

ഒറ്റനോട്ടത്തിൽ ഒരു സ്പോർട്സ് ബൈക്ക് എന്ന് തോന്നുമെങ്കിലും സാധാരണ ഉപഭോക്താക്കളെ ലക്ഷ്യംവച്ച് തന്നെയാണ് റിവോൾട്ട് ആർവി 400 എത്തുന്നത്. 3kW മിഡ്-ഡ്രൈവ് മോട്ടോറിൽ പ്രവർത്തിക്കുന്ന ബൈക്കിന്റെ ബാറ്ററി പാക്ക് 72V ലിഥിയം ഐൺ ആണ്. ഒറ്റ ചാർജിൽ 156 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കും. കുറഞ്ഞത് നാല് മണിക്കൂറാണ് ഒരു തവണ ബാറ്ററി ഫുൾ ചാർജാകാൻ വേണ്ടി വരുന്നത്. റിമൂവബൾ ബാറ്ററി എവിടെ വേണമെങ്കിലും ചാർജ് ചെയ്യാൻ സാധിക്കും. റീചാർജ്ജഡ് ബാറ്ററീസ് അധികമായി വാങ്ങാനും സാധിക്കും. 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മാക്സിമം സ്‌പീഡ്.

തുടക്കത്തിൽ ഏഴ് നഗരങ്ങളിലാണ് റിവോൾട്ട് ആർവി 400 ലഭ്യമാകുക. ഡൽഹി-എൻസിആർ, പൂനെ, ബെംഗലൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും ആർവി 400 എത്തുക.

റിവോൾട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബൈക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും. ബൈക്കിന്റെ ശബ്ദം മാറ്റാവുന്നത് പോലെ നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ വരെ സാധിക്കും. ഒരു ബാറ്ററി അഞ്ച് വർഷം വരെ ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

മൈക്രോമാക്സ് ഇൻഫോമാറ്റിക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയാണ് റിവോൾട്ട് ഇന്റലികോർപ്പിന്റെയും സ്ഥാപകൻ. റേബൽ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് റിവോൾട്ട് ആർവി 400 എത്തുന്നത്.

ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി മൂന്ന് ദിവസം ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാം. കുട്ടനാടിന്‍റെ സൗന്ദര്യവും കായലോര കാഴ്ചകളും നുകരാം. ഡി.ടി.പി.സിയാണ് ജനങ്ങള്‍ക്കായി ഹെലികോപ്ടർ സഞ്ചാരമൊരുക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്‍റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുകയാണ് ഡി.ടി.പി.സിയുടെ ലക്ഷ്യം. ആദ്യ വരുമാനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം.

ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രീയേഷൻ മൈതാനത്ത് 30, 31,1 തിയതികളിലായി പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹെലികോപ്റ്റർ സഞ്ചാരമാണ് ഒരുക്കുന്നത്. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ ദിവസത്തിലെ ആദ്യ അഞ്ച് മണിക്കൂറിലെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഡി.ടി.പി.സി. സംഭാവന ചെയ്യുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ എന്നിവർ അറിയിച്ചു.

ചിപ്സൻ ഏവിയേഷനുമായി ചേർന്നാണ് യാത്ര ഒരുക്കുന്നത്. ഒരേ സമയം പത്ത് പേർക്ക് യാത്ര ചെയ്യാം. 30 ന് വൈകിട്ട് നാലു മുതൽ ആറ് വരെയും 31, 1 തിയതികളിൽ രാവിലെ എട്ടു മുതൽ പത്തുവരെയുമാണ് സർവീസ് നടത്തുന്ന സമയം. ഹെലികോപ്ടർ ടൂറിസം സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ ആലപ്പുഴയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം.

കോഴിക്കോട് കൊയിലാണ്ടി എ.ആര്‍ ക്യാപിലെ എസ്.ഐ ജി.എസ്.അനിലിനെയാണ് പയ്യോളി പൊലിസ് അറസ്റ്റ് ചെയ്തത്. മകനെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

പയ്യോളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ പറയുന്നതിങ്ങനെയാണ്.മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടങ്ങിയത്. 2017 സെപ്റ്റബര്‍ മുതല്‍ നിരവധി തവണ ഇത് തുടര്‍ന്നു. തലശേരിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് വടകര, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലും എത്തിച്ചു.യുവതിയെ നിരന്തരം എസ്.ഐ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം യുവതിയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറക്കാന്‍ ശ്രമിക്കുകയും ചെയ്തു.

മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ സംശയം തോന്നി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡന വിവരം പുറത്തു പറഞ്ഞത്. പീഡനം,. ശാരീരിക മര്‍ദനം, തട്ടികൊണ്ടുപോകല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Copyright © . All rights reserved