ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ ഇടങ്ങളിൽ പ്രളയത്തിൽ ഉഴലുന്നവർക്കു പിന്തുണ നൽകും. രാജ്യത്ത് പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 73-ാം സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാകയുയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രളയത്തിൽ വലിയൊരു വിഭാഗം ഇന്ത്യക്കാർ പ്രയാസപ്പെടുന്നു. പ്രളയ രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഏർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അനുച്ഛേദം 370 എടുത്തുകളഞ്ഞ തീരുമാനം ഐക്യകണ്ഠേന എടുത്തതാണെന്നും മോദി വ്യക്തമാക്കി. കാഷ്മീരിൽ സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണ് സർക്കാർ പൂർത്തിയാക്കിയത്.
കാഷ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചത്. 70 വർഷമായി നടക്കാത്ത കാര്യം 70 ദിവസം കൊണ്ട് നടപ്പാക്കാൻ സാധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാക്ക് നിരോധിച്ചത് മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് മുത്തലാഖ് നിരോധിച്ചത്. മുത്തലാഖ് മുസ്ലിം സ്ത്രീകളിൽ ഭയം സൃഷ്ടിച്ചിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും മുത്തലാഖിന്റെ ഭയം നീക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യം.
എല്ലാവർക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. സ്വന്തം നേട്ടങ്ങളല്ല, ഒരു രാജ്യം, ഒരു ഭരണഘടന എന്നതാണ് ലക്ഷ്യം. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്ഘട്ടില്‍ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി പതാക ഉയർത്തിയത്. വിവിധ സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി സ്വീകരിച്ചു.
സ്വാതന്ത്ര്യത്തിന് 72 വയസ്. രാജ്യം ഇന്ന് എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവര്‍ണപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന 370–ാം അനുച്ഛേദം എടുത്തുകളഞ്ഞതിനെക്കുറിച്ച് നടത്താനിടയുള്ള പരാമര്‍ശങ്ങളിലാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രത്യേക പദവി എടുത്തുകളഞ്ഞ ജമ്മുകശ്മീരില്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യപ്പുലരി. ശ്രീനഗറിലെ ഷേര്‍–ഇ–കശ്മീര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്ക് ദേശീയപതാക ഉയര്‍ത്തും. ബിജെപി ജമ്മുകശ്മീര്‍ നേതൃത്വവും സ്വാതന്ത്ര്യദിന പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടാണ് സുരക്ഷാകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പാക്കിസ്ഥാന്റെയും ഭീകരസംഘടനകളുടെയും ഭാഗത്തുനിന്ന് പ്രകോപനങ്ങള്‍ക്ക് സാധ്യതയുണ്ട്.
ബക്രീദ് ആഘോഷങ്ങള്‍ സമാധാനപൂര്‍ണമായി നടന്നത് സുരക്ഷാസേനയ്ക്ക് ആത്മവിശ്വാസം നല്കുന്നു. പഞ്ചായത്തുതലം മുതല്‍ എല്ലാ ഭരണകേന്ദ്രങ്ങളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളെല്ലാം കരുതല്‍ തടങ്കലിലോ, കര്‍ശനനിയന്ത്രണത്തിലോ ആണ്. ജമ്മുവിലെ നിയന്ത്രണങ്ങള്‍ ഏറെക്കുറെ നീക്കിയെങ്കിലും കശ്മീരില്‍ ഇളവനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായിട്ടില്ല
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തും ഇന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പതാകയുയര്‍ത്തും. രാഷ്ട്രപതിയുടെ മെഡലുകളും ജീവന് രക്ഷാപതക്കും മുഖ്യമന്ത്രി സമ്മാനിക്കും. രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവം ഒന്‍പതുമണിക്ക് പതാകയുയര്‍ത്തും. വിവിധ കേന്ദ്രങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാംപുകളിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കട്ടപ്പന: ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ മരിച്ചു. കട്ടപ്പന എ.കെ.ജി പടിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വെള്ളയാംകുടി ഞാലിപറമ്പില്‍ ഫ്രാന്‍സിസ് (റെജി-50) ആണ് മരിച്ചത്. എ.കെ.ജി പടിക്ക് സമീപത്തെ വളവില്‍ റോഡിനു വശത്തേക്ക് ചരിഞ്ഞ ഓട്ടൊറിക്ഷ കത്തുകയായിരുന്നു. സംഭവം കണ്ട് ഒടിയെത്തിയ നാട്ടുകാര്‍ ഫ്രാന്‍സിസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി ഓട്ടോറിക്ഷയ്ക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു.

പ്രളയമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി നടൻ ജയസൂര്യയും രംഗത്തെത്തി. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്കി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന് നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് നടൻ മമ്മൂട്ടിയും ഈ കുടുംബത്തിന്റെ തീരാ ദുഃഖത്തില്‍ പങ്കുച്ചേര്‍ന്നിരുന്നു.
ലിനുവിന്റെ കുടുംബത്തിന് നടന് മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന് വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന് നല്‍കുമെന്നും മേജർ രവി വ്യക്തമാക്കി.
അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാംപിലേക്കു വന്നതാണ് കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപം പൊന്നത്ത് ലിനു (34). വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപിൽ നിന്നു രാവിലെ പോയത്. ഒരു രാത്രി വെളുത്തപ്പോൾ തിരികെയെത്തിച്ചത് ലിനുവിന്റെ ചേതനയറ്റ ശരീരം.
ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനാണ് യുവാക്കൾ രണ്ടു സംഘമായി 2 തോണികളിൽ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളിൽ അന്വേഷിച്ചു. തുടർന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യംപിൽ ലിനുവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
കവളപ്പാറയിൽ ഇന്നത്തെ തിരച്ചിലിൽ 7 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ആകെ 30 മൃതദേഹങ്ങൾ ലഭിച്ചു. മഴ തുടങ്ങിയതോടെ ഉരുൾപൊട്ടൽ ഭീഷണിയെത്തുടര്‍ന്ന് തിരച്ചിൽ അൽപസമയം നിർത്തി വയ്ക്കേണ്ടി വന്നു.
കുന്നിൻചെരുവിൽ മൂന്നു മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെത്തിയ സ്ഥലത്തു നിന്നാണ് ഇന്ന് 7 മൃതദേഹങ്ങൾ കൂടി കണ്ടത്. റെഡ് അലർട്ടിനൊപ്പം മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അൽപസമയം തിരച്ചിൽ നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. 8 വയസുകാരി വിഷ്ണുപ്രിയ, ഭവ്യ, സ്വാതി, ചക്കി എന്നിവരുടേതും മൂന്നു പുരുഷമൃതദേഹങ്ങളുമാണ് ഇന്നു കണ്ടെത്തിയത്.
കവളപ്പാറയിൽ ആകെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. 29 പേരെ കൂടി കണ്ടെത്താനുണ്ട്. തിരച്ചിലിൽ സജീവമായുണ്ടായിരുന്ന സൈന്യം ജോലികൾ നിർത്തിവച്ച് മറ്റു സ്ഥലങ്ങളിലേക്ക് സേവനത്തിന് പോയത് കവളപ്പാറയിലെ തിരച്ചിലിനെ അൽപം ബാധിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയിൽ കേരളം കരകയറാനുള്ള ശ്രമത്തിലാണ്. ദുരിതബാധിതരെ സഹായിക്കാൻ പ്രവാസികളടക്കം സജീവമായി രംഗത്തുണ്ട്. കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിനു കൈത്താങ്ങായി ഒട്ടേറെ സുമനസ്സുകളും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകുമെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു. ഒരു കോടി രൂപ നൽകുമെന്ന് കല്യാൺ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. വീടു നഷ്ടപ്പെട്ടവർക്കു വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നു കല്യാൺ വീടുവച്ച് കൊടുക്കുമെന്നും ചെയർമാൻ ടി.എസ്.കല്യാണരാമൻ പറഞ്ഞു.
കാരുണ്യക്കരങ്ങള്‍ പലതും നീളുകയാണ് കേരളത്തിലേക്ക്. സഹോദരി അതിക്രൂരമായി കൊല്ലപ്പെട്ട നാട്ടിലേക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇലിസ് സര്‍ക്കോണ എന്ന യുവതി. കേരളത്തില്‍ വെച്ച് ക്രൂര ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. ഇപ്പോള്‍ അയർലണ്ടിലുള്ള ഇലിസ് തന്റെ വരുമാനത്തിന്റെ ഒരു ഭാഗമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ഈ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന മലയാളികളോട് ഇലിസ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെയെന്നും വേഗം അതിജീവക്കട്ടെയെന്നും ആശംസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇലിസിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ”ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്.
ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.
സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്”, മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെ “റിപ്പബ്ലിക് ദിനം” എന്ന് തെറ്റായി പരാമർശിച്ചതിന് വെട്ടിലായിരിക്കുകയാണ് ഡൽഹി പോലീസ്. പോലീസിന്റെ പിഴവിനെതിരെ ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്തെ ഹൈക്കോടതിയിൽ ഒരു സ്വകാര്യ വ്യക്തി പരാതി നൽകിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഡൽഹി പൊലീസ് വകുപ്പിന്റെ സൗത്ത് ഡൽഹി യൂണിറ്റ്, അറിയിപ്പിലെ തലക്കെട്ടിൽ ഒഴികെ ബാക്കി എല്ലായിടത്തും “സ്വാതന്ത്ര്യദിനം” എന്നതിന് “റിപ്പബ്ലിക് ദിനം” എന്ന് തെറ്റായി അച്ചടിച്ചുവെന്നാണ് പരാതി.
ഡൽഹി പൊലീസ് പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ മുതിർന്ന ഉദ്യോഗസ്ഥർ വായിക്കുകയും പരിശോധിക്കുകയും ചെയ്യുന്നില്ല എന്നതിനുള്ള വ്യക്തമായ തെളിവാണ് സംഭവം എന്ന് പരാതിക്കാരനായ മഞ്ജിത് സിംഗ് ചഗ് ഹർജിയിൽ അവകാശപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവർ അദ്ധ്യക്ഷരായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് ഹർജി പരിഗണിക്കുന്നത്. കേസ് കോടതി ബുധനാഴ്ച കേൾക്കും.
ന്യൂഡൽഹി: ചന്ദ്രയാൻ- 2 നിർണായക ഘട്ടത്തിലേക്ക്. ഭൂമിയെ ചുറ്റുന്ന അവസ്ഥവിട്ട് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 2.21ന് 1203 സെക്കന്റ് നേരം എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും മാറ്റിയത്. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നും അടുത്തമാസം ഏഴിന് പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.
മോസ്കോ: റഷ്യയിൽ കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 53 ഇടങ്ങളിൽ കാട്ടുതീ പടർന്നു. ഏരിയൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ സർവീസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 53 ഇടങ്ങളിലായി 61,211 ഹെക്ടർ സ്ഥലമാണ് അഗ്നിക്കിരയായത്. ഇക്കഴിഞ്ഞ ജൂലൈ മുതൽ സൈബീരിയ അടക്കമുള്ള റഷ്യൻ പ്രദേശങ്ങളിൽ വൻതോതിൽ കാട്ടുതീ പടരുന്നുണ്ട്. ഇതേത്തുടർന്ന് ഏഴിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് രാജ്യത്തൊട്ടാകെ 6.7 മില്യൺ ഏക്കർ സ്ഥലമാണ് തീ വിഴുങ്ങിയത്. റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യോമമാർഗം ഉൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ തീയണയ്ക്കാൻ ശ്രമം നടന്നെങ്കിലും വലിയ തോതിൽ ഫലം കണ്ടിരുന്നില്ല.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ ഇന്നും നാളെയും കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നു വടക്കൻ കേരളത്തിലും നാളെ തെക്കൻ കേരളത്തിലുമാണു കനത്ത മഴയ്ക്കു സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്രമഴയ്ക്കു സാധ്യതയുണ്ട്.
20 സെന്റിമീറ്ററിൽ കൂടുതലുള്ള അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും കനത്ത മഴ. ഇതേത്തുടർന്ന്, പാലാ- ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ വെള്ളം കയറി ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. എന്നാൽ മഴയ്ക്ക് നേരിയ ശമനമായതോടെ വെള്ളമിറങ്ങുകയും ചെയ്തിരുന്നു. മീനിച്ചിലാറ്റിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലും രാത്രി ശക്തമായ മഴയാണ് പെയ്തത്. എസി റോഡിലെ ഗതാഗതം ഇന്നും തടസപ്പെടും. ഇവിടെയും വെള്ളമിറങ്ങിയിട്ടില്ല.