പിന്തുണച്ചതിന് നന്ദി…! ഇസ്രോയുടെ ട്വീറ്റ്; വിക്രം ലാന്‍ഡറിന്റെ ആയുസ്സ് ശനിയാഴ്ച തീരും, ബന്ധം വീണ്ടെടുക്കാമെന്ന പ്രതീക്ഷയില്ല

പിന്തുണച്ചതിന് നന്ദി…!  ഇസ്രോയുടെ ട്വീറ്റ്;  വിക്രം ലാന്‍ഡറിന്റെ ആയുസ്സ് ശനിയാഴ്ച തീരും, ബന്ധം വീണ്ടെടുക്കാമെന്ന പ്രതീക്ഷയില്ല
September 18 05:22 2019 Print This Article

ഇതുവരെ ബന്ധം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒയുടെ കമ്മിറ്റി ഉടന്‍ പുറത്തുവിടും. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാന്‍ഡറുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു എന്നാണ് സെപ്റ്റംബര്‍ 10ന്റെ ട്വീറ്റില്‍ ഐഎസ്ആര്‍ഒ അറിയിച്ചത്. എന്നാല്‍ ഇന്നലെ പുറത്തുവന്ന ഏറ്റവും ഒടുവിലത്തെ ട്വീറ്റില്‍ ഐഎസ്ആര്‍ഒ പറയുന്നത് “പിന്തുണച്ചതിന് നന്ദി” എന്നാണ്. “ലോകത്താകെയുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകളുടേയും സ്വപ്‌നങ്ങളുടേയും ചിറകിലേറി ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും” എന്ന് ഐഎസ്ആര്‍ഒ ഗ്രാഫിക് ചിത്രം സഹിതം പറയുന്നു.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ലക്ഷ്യമിട്ട വിക്രം ലാന്‍ഡറുമായുള്ള ബന്ധം, നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സ്ഥലത്തിന് 2.1 കിലോമീറ്റര്‍ അകലെ നഷ്ടമാവുകയും പിന്നീട് കണ്ടെത്തുകയുമായിരുന്നു. അതേസമയം വിക്രം ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രം ലഭ്യമായെങ്കിലും ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു ചാന്ദ്ര ദിവസം, അതായത് ഭൂമിയിലെ 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. ഇത് ഈ മാസം 21ന് (ശനിയാഴ്ച) അവസാനിക്കുകയാണ്.

സോഫ്റ്റ്‌ ലാന്‍ഡിംഗ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഐഎസ്ആര്‍ഒ കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. ശനിയാഴ്ചയ്ക്ക് മുമ്പായി കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി പുറത്തുവിടും. കമ്മിറ്റി പല തവണ യോഗം ചേര്‍ന്ന് മിക്കവാറും കാര്യങ്ങളില്‍ അന്തിമ നിഗമനങ്ങളിലെത്തിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ചയോടെ ചന്ദ്രനില്‍ രാത്രിയാവുകയാണ്. ഇത് 14 ഭൗമ ദിനങ്ങള്‍ക്ക് തുല്യമാണ്. അതി തീവ്രമായ തണുപ്പായിരിക്കും ഈ സമയം. മൈനസ് 200 ഡിഗ്രിയിലായിരിക്കും വിക്രം ലാന്‍ഡര്‍. ലാന്‍ഡര്‍ പ്രവര്‍ത്തനരഹിതമാകും.

ലാന്‍ഡറിനകത്തുള്ള പ്രഗ്യാന്‍ റോവര്‍ എന്ന റോബോട്ടിക് വെഹിക്കിള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കേണ്ടതായിരുന്നു. സോഫ്റ്റ്‌ലാന്‍ഡിംഗ് വിജയകരമായിരുന്നെങ്കില്‍ ചന്ദ്രനില്‍ ഇത്തരത്തില്‍ ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യവുമാകുമായിരുന്നു ഇന്ത്യ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles