India

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടന്നേക്കും. വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എം.എല്‍.എമാരായ എച്ച്.നാഗേഷും ആര്‍.ശങ്കറുമാണ് ഹര്‍ജി നല്‍കിയത്. അതേസമയം കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പി എംഎൽഎ എൻ. മഹേഷിനു മായാവതി നിർദേശം നൽകി. സർക്കാർ നിലനിർത്താൻ പതിനെട്ടടവും പയറ്റുകയാണ് കോൺഗ്രസ് സഖ്യം. എന്നാൽ 107 പേർ പിന്തുണയുള്ള ബിജെപി, സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

11 മണിക്കാണ് നിയമസഭാ സമ്മേളനം. രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിടാൻ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നേക്കും എന്നാണ് വിലയിരുത്തൽ. നിലവിൽ 100 പേരുടെ പിന്തുണമാത്രമാണ് സഖ്യത്തിനുള്ളത് ബിജെപിക്കാകട്ടെ 107ഉം. രാമലിംഗറെഡ്ഢി ഒഴികെയുള്ള വിമതരെല്ലാം രാജിയിൽ ഉറച്ചു തന്നെയാണ്. വോട്ടെടുപ്പിന് മുന്നോടിയായി ഇന്നലെ രാത്രി ബിജെപിയും കോൺഗ്രസും നിയമസഭാകക്ഷി യോഗം ചേർന്നു. എംഎൽഎമാരെ താമസിപ്പിച്ചിരുന്ന റിസോർട്ടുകളിൽ തന്നെയാണ് യോഗം നടന്നത്. സഖ്യസർക്കാർ തകരില്ലെന്ന ആത്മവിശ്വാസമുണ്ടെന്നു കർണാടക പി സി സി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവു പ്രതികരിച്ചു.

അതേസമയം സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷും ആർ ശങ്കറും ആണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് അഞ്ചു മണിക്ക് മുൻപ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. സഖ്യത്തിനൊപ്പം ആയിരുന്ന ഇരുവരും നേരത്തെ പിന്തുണ പിൻവലിച്ച് ബിജെപിക്കൊപ്പം ചേർന്നിരുന്നു. ഹര്‍ജി ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തും. എം.എല്‍.എമാര്‍ക്ക് നല്‍കുന്ന വിപ്പിന്റെ കാര്യത്തില്‍ വ്യക്തത തേടി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും നേരത്തെ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതേസമയം കുമാരസ്വാമി സർക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബി എസ് പി എം എൽ എ എൻ മഹേഷിന് മായാവതി നിർദ്ദേശം നൽകി.

നിയമസഭ യോഗത്തിന് എത്തുകയോ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുകയോ ചെയ്യില്ലെന്ന് മഹേഷ് വ്യക്തമാക്കിയിരുന്നു ഇതിനുപിന്നാലെയാണ് ട്വിറ്ററിലൂടെ മായാവതിയുടെ നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിലും നിയമസഭാ സമ്മേളനത്തിൽ മഹേഷ് പങ്കെടുത്തിരുന്നില്ല. അതേസമയം വോട്ടെടുപ്പ് ഇനിയും നീണ്ടു പോയാൽ ഗവർണർ ശക്‌തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഇതിനോടകംതന്നെ കർണാടകയിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി കഴിഞ്ഞു.

ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദുരിതം വിതച്ച പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ബിഹാറിലും അസമിലും മഴയ്‍ക്ക് നേരിയ ശമനമുണ്ട്. അസമില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ പതിനഞ്ച് പേര്‍ കൂടി മരിച്ചു.

പ്രളയം കനത്ത നാശം വിതച്ച ബിഹാറിലും അസമിലും മഴ കുറഞ്ഞു. വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. അപകട സൂചികയും കടന്ന് കരകവിഞ്ഞ് ഒഴുകുന്ന ബ്രഹ്മപുത്ര അടക്കമുള്ള നദികളില്‍ ജലനിരപ്പ് നേരിയ തോതില്‍ നാഴ്ന്നു. മഴ കുറഞ്ഞത് ആശ്വാസമാകുമ്പോഴും മരണസംഖ്യ ഉയരുകയാണ്. അസമില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ പതിനഞ്ചു പേര്‍ കൂടി മരിച്ചു.

ഇതോടെ അസമില്‍ മാത്രം മരിച്ചവരുടെ എണ്ണം 62 ആയി. ഒരു ലക്ഷത്തിന് മുപ്പതിനായിരം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാശിരംഗ ദേശീയോദ്യാനത്തില്‍ 101 മാനുകളും പന്ത്രണ്ടു കണ്ടാമൃഗവും ഒരു ആനയും അടക്കം 129 മൃഗങ്ങള്‍ ചത്തു. ദേശീയോദ്യാനത്തിന്റെ 90 ശതമാനവും ഇപ്പോഴും വെള്ളത്തിനിടയിലാണ്.

കനത്ത നാശം വിതച്ച ബിഹാറില്‍ മാത്രം മരിച്ചത് 97 പേരാണ്. അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ബിഹാര്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണത്തിനുള്ള 20 മണിക്കൂർ കൗണ്ട്ഡൗൺ വൈകിട്ട് 6.43ന് ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒ വിക്ഷേപണകേന്ദ്രത്തിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു 2.43നാണു വിക്ഷേപണം. സെപ്റ്റംബർ 6നു പേടകം ചന്ദ്രോപരിതലത്തിൽ എത്തും.

കഴിഞ്ഞ 15നു പുലർച്ചെ 2.15നാണു വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക് 3 റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിൽ ഹീലിയം വാതകം ചോർച്ച ഉണ്ടായതിനെത്തുടർന്ന് അവസാന മണിക്കൂറിൽ മാറ്റിവച്ചു. സങ്കീർണമായ തകരാർ അതിവേഗം കണ്ടെത്താനും പരിഹരിക്കാനും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്കു കഴിഞ്ഞതോടെയാണു വിക്ഷേപണം തിങ്കളാഴ്ച നിശ്ചയിച്ചത്.

പുറപ്പെടാൻ വൈകിയാലും ചന്ദ്രയാൻ 2 നേരത്തേ നിശ്ചയിച്ചപോലെ സെപ്റ്റംബർ 7നു തന്നെ ചന്ദ്രനിലെത്തും. ഇതിനായി യാത്രാസമയക്രമം മാറ്റി.

ഭൂമിയുടെ ഭ്രമണപഥത്തിൽ 17 ദിവസം വലംവച്ച ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള യാത്ര തുടങ്ങാനായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാൽ, പുതിയ സമയക്രമമനുസരിച്ച് 23 ദിവസം പേടകം ഭൂമിയെ വലംവയ്ക്കും. 8 ദിവസമെടുത്താണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. നേരത്തേ 22–ാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താനായിരുന്നു തീരുമാനം.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ 28 ദിവസം വലംവച്ച ശേഷം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനായിരുന്നു നേരത്തേയുള്ള തീരുമാനമെങ്കിൽ പുതിയ സമയ പ്രകാരം 13 ദിവസമായി കുറച്ചു.

ചന്ദ്രയാൻ 2:പുതിയ സമയക്രമം

ജൂലൈ 22: ഉച്ചയ്ക്ക് 2.43 വിക്ഷേപണം

ഓഗസ്റ്റ് 13: ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള ഗതിമാറ്റം (ട്രാൻസ് ലൂണാർ ഇൻജെക്‌ഷൻ) തുടങ്ങുന്നു.

ഓഗസ്റ്റ് 20: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നു

സെപ്റ്റംബർ 2: ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപ്പെടുന്നു.

സെപ്റ്റംബർ 3: ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തുന്നു

സെപ്റ്റംബർ 7: ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നു.

സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉച്ചയ്ക്ക് 2.43നു ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയരും.

വിക്ഷേപണത്തിനു മുൻപുള്ള റിഹേഴ്സൽ വിജയകരമായി പൂർത്തിയായി. 20 മണിക്കൂർ കൗണ്ട്ഡൗൺ ഇന്നലെ വൈകിട്ട് 6.43നു തുടങ്ങി.

ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവന്റെ നേതൃത്വത്തിൽ തയാറെടുപ്പുകൾ വിലയിരുത്തി. ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിത്. 1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

അർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഭീമൻ കടലാനയുടെ ജഡം അടിഞ്ഞു. 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 10 വയസ്സോളം പ്രായമുണ്ടാകും. ജഡത്തിന് രണ്ടാഴ്ചയിലധികം പഴക്കം ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. കടൽ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാൽ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്.

അസഹ്യമായ ദുർഗന്ധവും ഉണ്ടായിരുന്നു.ചേർത്തല തെക്ക് പഞ്ചായത്ത് നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ച് കടലാനയെ മുറിച്ച് കഷണങ്ങളാക്കി, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൈകിട്ടോടെ മറവു ചെയ്തു. 15,000 രൂപയിലധികം പഞ്ചായത്തിനു ചെലവായി. വനം, റവന്യു, പൊലീസ് വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.ആനത്തിമിംഗലം എന്നുകൂടി പേരുള്ള കടലാന, സസ്തനിയാണ്. തുമ്പിക്കൈ മാതൃകയിൽ മുഖവും ആനയ്ക്ക് സമാനമായ വലിപ്പവുമുണ്ട്. ഉൾക്കടലിൽ ജീവിക്കുന്ന ഇവയ്ക്കു മത്സ്യങ്ങളും കടൽപായലുകളുമാണ് ഭക്ഷണം.

സംസ്ഥാനത്ത് മഴ കനക്കുമ്പോൾ വിദ്യാർഥികളെ കബളിപ്പിക്കാൻ വ്യാജ വാർത്തകളും സജീവമായി കഴിഞ്ഞു. നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു എന്നതരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ നാളെ ഒരു ജില്ലയിൽ മാത്രമാണ് പൂർണമായും അവധി നൽകിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. എന്നാൽ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയില്‍ പ്ലസ്ടു വരെ എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

അതേ സമയം ജില്ലാ കലക്ടർമാരുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മഴകാരണം സ്കൂളിന് അവധി നൽകണമെന്ന് അപേക്ഷയുമായി വിദ്യാർഥികളും സജീവമാണ്.

 

മലപ്പുറം ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഇറാനിലെ ഗ്രേസ്–1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.

സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.

ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ ‘സ്റ്റെന ഇംപറോ’ പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അജ്മൽ ‘സ്റ്റെന ഇംപറോ’യിലെ ജീവനക്കാരണെന്നായിരുന്നു ആദ്യവിവരം.

എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബന്ധം വിലക്കിയതിന്റെ പേരിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്നു കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയിൽ ചെല്ലത്തുരയാണ് (49) കൊല്ലപ്പെട്ടത്. ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകർ (29) എന്നിവർ പിടിയിലായി. ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിനോടു പറഞ്ഞു.

17 വർഷം മുൻപ് പ്രണയ വിവാഹിതരായ ചെല്ലത്തുരയ്ക്കും ജലീനക്കും മക്കളില്ല. സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലത്തുര പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണു കൂട്ടിക്കൊണ്ടുവന്നത്. തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവർ ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാൻഡ് അപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡു ആണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.ഷോയ്ക്കിടെ തളര്‍ച്ച തോന്നിയ മഞ്ജുനാഥ് വേദിയിലിട്ടിരുന്ന ഒരു ബെഞ്ചില്‍ ആദ്യം ഇരുന്നു. പിന്നീട് നിലത്തേക്ക് വീഴുകയും ചെയ്തു. ആളുകളെ ചിരിപ്പിക്കാനായി തമാശ കാണിക്കുകയാണെന്ന് കരുതി കാണികള്‍ ആദ്യമത് കാര്യമാക്കിയില്ല. പിന്നീട് സംഗതി അഭിനയമല്ലെന്ന് മനസ്സിലാക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബുബാദിയില്‍ ജനിച്ച മഞ്ജുനാഥ് കുറേക്കാലമായി ദുബായിലാണ് ജീവിച്ചുവന്നത്‌. മാതാപിതാക്കള്‍ നേരത്തേ തന്നെ മരിച്ചു. ഒരു സഹോദരന്‍ മാത്രമാണുള്ളത്.
കുടുംബത്തെക്കുറിച്ചും പിതാവിനെയും കുറിച്ച് സംസാരിക്കുകയായിരുന്നു വേദിയില്‍ മഞ്ജുനാഥ്. വിഷാദത്തെ അതിജീവിച്ച കഥ തമാശരൂപേണ കാണികളോട് മഞ്ജുനാഥ് പറയുകയായിരുന്നു. കഥ പറഞ്ഞു തുടങ്ങി ഒരു നിമിഷത്തിനുള്ളില്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്‌ ചെയ്തു.

ആൾക്കാർ വിചാരിച്ചു അത് അഭിനയത്തിന്റെ ഭാഗമാണെന്ന്. വിഷാദത്തെക്കുറിച്ച് പറഞ്ഞയുടനെ താഴേക്ക് വീഴുകയായിരുന്നു. മഞ്‍ജുനാഥിന്റെ മാതാപിതാക്കൾ നേരത്തെ മരിച്ചുപോയിരുന്നു. ഒരു സഹോദരന്‍ മാത്രമാണുള്ളത്.

വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലിൽ മലയാളികളും. കപ്പലിലുണ്ടായിരുന്ന 18 ഇന്ത്യക്കാരിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു പേർ മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം സ്വദേശികളാണ് ഇവർ. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നാണു വിവരം.

കപ്പലിലുള്ള കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പൽ കമ്പനി ഉടമകളാണ് വിവരം അറിയിച്ചത്. രണ്ടു ദിവസം മുൻപു വരെ ഡിജോയുമായി ബന്ധപ്പെടാൻ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നു. ഒരുമാസം മുൻപാണു ഡിജോ ഈ കപ്പലില്‍ ജോലിക്ക് കയറിയത്. തൃപ്പൂണിത്തുറ സ്വദേശിയും കപ്പലിലുണ്ടെന്നാണ് വിവരം.

ഹോർമുസ് കടലിടുക്കിൽ വച്ചാണ് 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടിഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലിൽനിന്ന് ഇവരെ മോചിപ്പിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോചനം ആവശ്യപ്പെട്ട് ഇറാനു കത്ത് നൽകിയിട്ടുണ്ട്. കപ്പലിലെ മറ്റു 3 പേർ റഷ്യക്കാരും ഓരോരുത്തർ ലാത്വിയ, ഫിലിപ്പീൻസ് സ്വദേശികളുമാണെന്നാണു വിവരം.


സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ വെള്ളിയാഴ്ചയാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചാണു നടപടി. സ്പീഡ് ബോട്ടുകളിലെത്തി കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ റവല്യൂഷനറി ഗാർഡ്സ് പുറത്തുവിട്ടു.

മീൻപിടിത്ത ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഇറാൻ പറയുന്നത്. എന്നാൽ സൗദിയിലേക്കു പോകുമ്പോൾ മുന്നറിയിപ്പില്ലാതെ 4 ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേർന്നു വളയുകയായിരുന്നെന്നു കപ്പൽ കമ്പനിയുടമകൾ ആരോപിച്ചു. മുൻപ് തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിനു തിരിച്ചടിയായി ഇതു കരുതാമെന്നും ഇറാൻ പറയുന്നു.

അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്. രാവിലെ 11.30ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഷീല ദീക്ഷിത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഉച്ചക്ക് 2.30ക്ക് ഡല്‍ഹി കശ്മീരി ഗെയ്റ്റിലെ നിഗം ബോദ് ഘാട്ടില്‍ സംസ്‌കരിക്കും.

മുൻ കേരള ഗവർണര്‍ കൂടിയായ ഷീലാ ദീക്ഷിത് ശനിയാഴ്ച്ച ഉച്ചയോടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിൽ ഉച്ച കഴിഞ്ഞ് 3.55 നായിരുന്നു അന്ത്യം. തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലയോടുള്ള ആദരസൂചകമായി ഡൽഹിയിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

വെളളിയാഴ്ച്ച രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്പം മെച്ചപ്പെട്ടെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ വിനോദ് ദീക്ഷിതാണ് ഭർത്താവ്. മക്കൾ ഡൽഹി മുൻ എംപി സന്ദീപ് ദീക്ഷിതും ലതികാ സയ്യിദും.

പശ്ചിമബംഗാൾ മുൻ ഗർവണർ ഉമാശങ്കർ ദീക്ഷിതിന്റെ പുത്രൻ വിനോദ് ദീക്ഷിതിനെ വിവാഹം കഴിച്ചതാണ് ഷീലയുടെ ജീവിതം വഴിതിരിച്ചത്. 1984 ൽ രാഷ്ട്രീയപ്രവേശം നടത്തിയ ഷീലയുടെ ആദ്യമത്സരം യു.പിയിലെ കനൗജിൽ നിന്ന് ലോക്‌സഭയിലേക്ക്. 1986 മുതൽ മൂന്നു വർഷം പാർലമെന്ററികാര്യ സഹമന്ത്രിയായി.

1998-ൽ ഈസ്‌റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം. പിന്നീട് ഡൽഹി സംസ്ഥാന രാഷ്ട്രീയത്തിൽ വിജയം വെട്ടിപ്പിടിച്ച ഷീല, തുടർച്ചയായി പതിനഞ്ചു വർഷം മുഖ്യമന്ത്രിപദത്തിൽ. ഡൽഹി പി.സി.സി അധ്യക്ഷയുമായിരുന്നു. 2013 നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു തോറ്റ് അധികാരത്തിൽ നിന്ന് പുറത്തായ ശേഷം 2014 മാർച്ചിൽ കേരളാ ഗവർണറായി. അഞ്ചു മാസത്തിനു ശേഷം രാജിവച്ചു.

രണ്ടു ഫോൺകോളുകളാണു തന്റെ ജീവിതം മാറ്റി മറിച്ചതെന്നു ഷീല ദീക്ഷിത് പറഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ശേഷം രാജീവ് ഗാന്ധിയുടേതായിരുന്നു ആദ്യത്തെ ഫോൺ കോൾ. ഉത്തർപ്രദേശിൽനിന്ന് ലോക്സഭയിലേക്കു മത്സരിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു ആ കോൾ. അങ്ങനെ ഷീല കനൗജിൽനിന്ന് എംപിയായി, മന്ത്രിയായി . രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം 1998–ലാണ് രണ്ടാമത്തെ കോൾ. സോണിയ ഗാന്ധിയായിരുന്നു മറുതലയ്ക്കൽ. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കോൺഗ്രസിനെ നയിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ആ ഫോൺ സന്ദേശം ഷീലയെ ഡൽഹി മുഖ്യമന്ത്രിയാക്കി. ഒരു തവണയല്ല, 3 തവണ.

ഷീല ദീക്ഷിത് തന്റെ ആത്മകഥയെഴുതിയത് അടുത്ത കാലത്താണ്,‘സിറ്റിസൺ ഡൽഹി– മൈ ടൈംസ്, മൈ ലൈഫ്.’ ആ പുസ്തകത്തിൽ പക്ഷേ അവർ പറഞ്ഞതിനേക്കാളേറെ പലതും പറയാതെ മറച്ചു വച്ചു. 1984–ൽ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിന്റെ നിലപാടിനെ അവർ എതിർത്തതാണ്; പക്ഷേ പുസ്തകത്തിൽ കൂടുതൽ പറയുന്നില്ല. പി വി നരസിംഹറാവു പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരിക്കേ പാർട്ടി പിളർന്നു. അന്ന് എൻ.ഡി. തിവാരിയോടെപ്പം പോയതിനെക്കുറിച്ചും ഷീല കൂടുതൽ പറയുന്നില്ല.

ഡൽഹി കണ്ട ഏറ്റവും ശക്തയും വികസനോത്സുകയുമായ മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. 1988–ൽ അവർ സ്ഥാനമേൽക്കുമ്പോൾ ഡൽഹി നഗരത്തിന്റെ നില അത്രയൊന്നും മെച്ചമായിരുന്നില്ല. 1984–ൽ ഏഷ്യൻ ഗെയിംസ് കാലത്തുണ്ടായ വികസനത്തെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ഡൽഹിയുടെ മുഖഛായ മാറ്റിയ മെട്രോ റെയിൽ, ലോകോത്തര നിലവാരമുള്ള വിമാനത്താവളം – അതും സ്വകാര്യ പങ്കാളിത്തത്തോടെ, അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറച്ച സിഎൻജി, വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം, ജലവിതരണത്തിലെ പരിഷ്കാരങ്ങൾ…ഡൽഹി മാറുകയായിരുന്നു, തികച്ചും ആധുനികമായ നഗരമായി.

പഞ്ചാബിൽ ജനിക്കുകയും യുപിക്കാരനെ വിവാഹം കഴിക്കുകയും ചെയ്തുവെങ്കിലും ഡൽഹിക്കാരിയായിരുന്നു എന്നും ഷീല. ജീസസ് ആൻഡ് മേരി കോൺവന്റ് സ്കൂളിൽ പഠിക്കുമ്പോഴും മിറാൻഡ ഹൗസ് കോളജിൽ പഠിക്കുമ്പോഴും ഡൽഹിയിലെ റോഡുകളിലൂടെ സൈക്കിൾ ഓടിച്ചിരുന്ന ഷീല പിന്നീട് ഡൽഹിയുടെ ഭരണ ചക്രം തിരിച്ചു. 48 –ാം വയസ്സിൽ ഭർത്താവ് മരിച്ച ശേഷം അവർക്കു മുന്നിൽ ജീവിതം ഉയർത്തിയ വെല്ലുവിളിയെ സധൈര്യം നേരിട്ടു.

ഗുരുവായൂരപ്പന്റെ ഭക്തയായിരുന്നു അവർ. മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഏതു പരിപാടിക്കു ക്ഷണിച്ചാലും അവർ ഓടിയെത്തിയിരുന്നു. മലയാളികളുമായി എന്നും അടുത്ത ബന്ധവും സ്നേഹവും പുലർത്തിപ്പോന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി മലയാളി സംഘടനകളെ വിളിച്ചു വരുത്തി ചർച്ചകൾ നടത്തിയിരുന്നു.

ഡൽഹി നിവാസികൾക്ക് പ്രിയപ്പെട്ട ദീദി ആയിരുന്നു ഷീല ദീക്ഷിത്. രാഷ്ട്രീയത്തിന് അതീതമായി അവർ ദീദിയെ ഇഷ്ടപ്പെട്ടു. 15 വർഷം ഭരണത്തിലിരുന്നിട്ടും ഒരു അഴിമതി ആരോപണവും നേരിടാതിരുന്ന ഷീല അവസാനം കോമൺവെൽത്ത് ഗെയിസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് 3 ആരോപണങ്ങൾ നേരിട്ടു. മൂന്നിലും അവർ കുറ്റവിമുക്തയായി. പക്ഷേ അപ്പോഴേക്കും ഡൽഹിയുടെ രാഷ്ട്രീയം ഏറെ മാറിക്കഴിഞ്ഞിരുന്നു. ഷീല ദീക്ഷിത്തിന് ഒരു തിരിച്ചു വരവിന് സാധ്യമായ വിധത്തിലായിരുന്നില്ല ഡൽഹിയുടെ രാഷ്ട്രീയം – രാജ്യത്തിന്റെയും.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവർ അനുശോചിച്ചു.

RECENT POSTS
Copyright © . All rights reserved