തിരുവനന്തപുരം: കാലവർഷം കേരളത്തിൽ വീണ്ടും ശക്തമാകുന്നു. കേരളത്തിൽ പരക്കെ ഇന്നു മഴ ലഭിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 10 സെന്റിമീറ്റർ. പത്തനംതിട്ടയിലെ കുരുടമണ്ണിൽ 8 സെന്റിമീറ്റർ മഴ ലഭിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ നിരവധി പ്രദേശങ്ങളിൽ മഴ പെയ്തു.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. വൃഷ്ടി പ്രദേശത്ത് മഴ കനത്തതാണ് ബാണാസുര സാഗറിലെ ജലനിരപ്പ് ഉയരാന്‍ കാരണം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 23 മുതൽ 27 വരെയുളള 5 ദിവസവും കേരളത്തിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഈ 5 ദിവസവും മഴ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ ചിലയിടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ പൊഴിയൂർ മുതൽ കാസർകോട് വരെയുളള തീരപ്രദേശത്ത് 3.0 മുതൽ 3.5 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങിയേക്കും. തീരപ്രദേശത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ (കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട്) വെളളം ഇരച്ചു കയറാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പുലർത്തണം. തീരപ്രദേശത്ത് ബോട്ടുകളും വളളങ്ങളും ഉണ്ടെങ്കിൽ അവിടെനിന്നും അകലേക്ക് മാറ്റണം. ശക്തമായ തിരമാലയിൽ ബോട്ടുകളും വളളങ്ങളും പരസ്പരം കൂട്ടിയിടിച്ച് തകരാറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും അതുമൂലം ജലനിരപ്പുയരാനും സാധ്യതയുണ്ട്. തീരങ്ങളോട് ചേർന്നായിരിക്കും കൂടുതൽ അപകടസാധ്യത എന്നുള്ളതിനാൽ തീരത്തോട് ചേർന്ന് ബോട്ടും വള്ളങ്ങളും ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറംകടൽ/ ആഴക്കടൽ (open ocean) മേഖലകളിൽ ഇതിന്റെ പ്രഭാവം താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് മുന്നറിയിപ്പില്ലാത്ത മേഖലകളിൽ മൽസ്യബന്ധനത്തിലേർപ്പെടുന്നതിൽ തടസമില്ല.

ഹാർബറിൽ കെട്ടിയിടുന്ന ബോട്ടുകൾ തമ്മിൽ ആവശ്യമായ അകലം പാലിക്കുന്നത് ബോട്ടുകൾ/വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകമാകും. കടലിലെയും തീരങ്ങളിലേയും വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഒഴിവാക്കുക. വള്ളങ്ങൾ/ബോട്ടുകൾ തീരങ്ങളിൽ നിന്ന് കടലിലേക്ക് ഇറക്കുന്നതും തിരിച്ച് കടലിൽ നിന്ന് തീരങ്ങളിലേക്ക് കയറ്റുന്നതും ഈ സമയങ്ങളിൽ ഒഴിവാക്കുക.