അസമിലെ ജോർഹട്ടിൽ നിന്ന് മെചുകയിലേക്ക് പോകവേ കാണാതായ വ്യോമസേനയുടെ AN 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇടത്ത് ഇന്നും തെരച്ചിൽ തുടരും. വിമാനത്തിൽ മൂന്ന് മലയാളികളുൾപ്പടെ 13 പേരാണുണ്ടായിരുന്നത്. സിയാങ് ജില്ലയിലെ പായും സർക്കിളിന് തൊട്ടടുത്താണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന Mi-17 ഹെലികോപ്റ്ററാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വിമാനം തകർന്നു വീണ ഇടത്തിന്‍റെ ആദ്യ ചിത്രങ്ങൾ പുറത്തു വന്നു. നിബിഡവനപ്രദേശത്തേക്കാണ് വിമാനം തകർന്നു വീണിരിക്കുന്നത്. പ്രദേശത്തെ മരങ്ങളെല്ലാം കത്തി നശിച്ച നിലയിലാണ്. വിമാനം തകർന്നു വീണപ്പോൾ വലിയ തീപിടിത്തമുണ്ടായെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. ജൂൺ 3-ന് അസമിലെ ജോർഹട്ടിൽ നിന്ന് മെചുകയിലെ സൈനിക ലാൻഡിംഗ് സ്ട്രിപ്പിലേക്ക് പോവുകയായിരുന്നു വിമാനം. പന്ത്രണ്ടരയോടെ പറന്നുയർന്ന് അരമണിക്കൂറിനകമാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന് വേണ്ടി C-130J, സുഖോയ് SU-30 പോർ വിമാനങ്ങൾ, നാവികസേനയുടെ P8-I തെരച്ചിൽ വിമാനങ്ങൾ, കര, വ്യോമസേനകളുടെ ഒരു സംഘം ഹെലികോപ്റ്ററുകൾ എന്നിവ ജൂൺ 3 മുതൽ പ്രദേശത്ത് തെരച്ചിൽ നടത്തി വരികയായിരുന്നു. ISROയുടെ ഉപഗ്രഹങ്ങളും, സൈന്യത്തിന്‍റെ ഡ്രോണുകളും തെരച്ചിലിന് സഹായിക്കാനായി ഉണ്ടായിരുന്നു.
ബാംഗാളില്‍ തെരഞ്ഞെടുപ്പ് കാലത്തെ സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ പുന:സ്ഥാപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി പുതിയ പ്രതിമ അനാഛാദനം ചെയ്തു. സംസ്ഥാനങ്ങളുടെ വിധിയെന്താകണമെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ബംഗാളിനെ ഗുജറാത്താക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ബാനര്‍ജി ആരോപിച്ചു. രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയ ഗവര്‍ണര്‍ക്കെതിരെയും മമത തുറന്നടിച്ചു.
വിദ്യാസാഗര്‍ കോളജിനകത്തെ പ്രതിമ തകര്‍ക്കപ്പെട്ട് ഒരു മാസത്തിനകമാണ് അതേ സ്ഥലത്ത് പുനസ്ഥാപിച്ചിരിക്കുന്നത്. എട്ടരയടി ഉയരമുള്ള ഫൈബര്‍ ഗ്ലാസ് പ്രതിമയുമായി കൊല്‍ക്കത്ത നഗരത്തില്‍ പദയാത്ര നടത്തിയ ശേഷം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനാഛാദനം നിര്‍വ്വഹിച്ചു. സിനിമ താരങ്ങളും എഴുത്തുകാരുമുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ചടങ്ങില്‍ മമത ബാനര്‍ജി ഉന്നയിച്ചു. എല്ലാ ഭരണഘടന പദവികള്‍ അതിന്‍റേതായ പരിമിതികളുണ്ടെന്ന് മനസ്സിലാക്കണമെന്ന് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ സൂചിപ്പിച്ച് മമത പറഞ്ഞു. ജയിലിടച്ചാലും ബംഗാളിനെ ഗുജറാത്താക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കും.
തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സംഘര്‍ഷങ്ങളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതെന്നും അതില്‍ എട്ടും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മമത കൂട്ടിച്ചേര്‍ത്തു. വിദ്യസാഗര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ശക്തമായ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. ഒരു മാസത്തിന് ശേഷം കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് അറസ്റ്റിലായത്.
ബാലാക്കോട്ട് ആക്രമണത്തിന് ശേഷം അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പാക് വ്യോമപാത ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായ് തുറന്ന് കൊടുത്ത് പാകിസ്ഥാൻ. ഭീകരക്യാംപുകൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണ ശേഷം വ്യോമപാതയ്ക്ക് പുറമെ ഇന്ത്യാ–പാക് അതിർത്തി വഴിയുള്ള എല്ലാ സർവീസുകളും നിർത്തി വെച്ചിരുന്നു. മോദിയുടെ യാത്രക്കായ് വ്യോമപാത പ്രത്യേകം തുറക്കാമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇതു വഴി പറന്നിരുന്നു.
ഈ മാസം 13,14 തിയ്യതികളിൽ കസാഖിസ്ഥാനിൽ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പാക് വ്യോമപാത വഴി നരേന്ദ്രമോദി പറക്കുക. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിക്കെത്തും. ഇന്ത്യയിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിലൂടെ എട്ട് മണിക്കൂർ യാത്ര നാല് മണിക്കൂറാക്കി ചുരുക്കി സമയം ലാഭിക്കാം.
കഴിഞ്ഞ മൂന്ന് മാസമായി പാകിസ്ഥാൻ വ്യോമപാത അടച്ചിട്ടതിനെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ചില സർവീസുകൾ വഴി മാറി പറക്കുകയായിരുന്നു. ഒപ്പം എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് കോടികളുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല പ്രശ്നവും കാരണമായെന്ന് എല്‍.ഡി.എഫ്. വിശ്വാസികള്‍ക്കുണ്ടായ തെറ്റിദ്ധാരണമാറ്റാന്‍ നടപടിയെടുക്കും. ശബരിമലയില്‍ യുവതികളെ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചെന്ന് എല്‍.ജെ.ഡി തുറന്നടിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ചര്‍ച്ചചെയ്യാന്‍ പ്രത്യേക ഇടതുമുന്നണി യോഗം വിളിക്കാനും തീരുമാനിച്ചു.
ലോക്സഭാതിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിനുശേഷം ചേര്‍ന്ന ആദ്യ യോഗം ശബരിമല പ്രശ്നം തുറന്നുസമ്മതിക്കുന്നതായി. ശബരിമല ബാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചപ്പോള്‍ വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ എല്‍.ജെ.ഡി, കേരളകോണ്‍ഗ്രസ് ബി, ഐ.എന്‍.എല്‍ എന്നീ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചു.
വനിതാമതിലിന് പിറ്റേദിവസം രണ്ടുയുവതികളെ മലകയറ്റാന്‍ പൊലീസ് എടുത്തനടപടികള്‍ വിശ്വാസികളെ വേദനിപ്പിച്ചെന്ന് എല്‍.ജെ.ഡി പറഞ്ഞു. ഇത് സ്ത്രീവോട്ടുകളും നഷ്ടമാകാന്‍ ഇടയാക്കി. ശബരിമല അവഗണിക്കാനാവാത്ത വിഷയമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തള്ളാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. കോണ്‍ഗ്രസ്, ബിജെപി പ്രചാരവേലകളെ മറികടക്കാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. വിശ്വാസികള്‍ക്കുണ്ടായ തെറ്റിദ്ധാരണ നീക്കണം എന്ന സിപിഎം നിലപാടില്‍ തന്നെ മുന്നണിയുമെത്തി.
കേന്ദ്രത്തില്‍ മോദിക്ക് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാണ് കേരളം വോട്ടു ചെയ്തതെന്നും ഇക്കാര്യത്തില്‍ ഇടതുമുന്നണിയേക്കാള്‍ സ്വീകാര്യത കോണ്‍ഗ്രസിന് ലഭിച്ചെന്നും യോഗം വിലയിരുത്തി. സര്‍ക്കാരിനെ പറ്റി പൊതുവെ നല്ല അഭിപ്രായമാണെങ്കിലും ആ പ്രവര്‍ത്തനമികവ് വോട്ടായി മാറിയില്ല. സിപിഐയുടെ ആവശ്യപ്രകാരം സര്‍ക്കാരിന്റെപ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഇടതുമുന്നണി യോഗം ചേരാനും തീരുമാനിച്ചു.
മുഖ്യമന്ത്രി തയ്യാറാക്കുന്ന കുറിപ്പിന്റെ അടിസ്ഥാനത്തിലാകും ഓരോ വകുപ്പുകളെക്കുറിച്ചുമുള്ള ചര്‍ച്ച. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന കമ്മീഷണറേറ്റുകള്‍ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധം സിപിഐ യോഗത്തില്‍ ഉന്നയിച്ചില്ല. ഇക്കാര്യത്തിലെ അതൃപ്തി വ്യക്തമാക്കി ഇന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു.
കോന്നി ഉപതിരഞ്ഞെടുപ്പിലും ശബരിമലയെപ്പേടിച്ച് സി.പി.എം. സര്‍ക്കാര്‍ ശബരിമലവിഷയം കൈകാര്യം ചെയ്തരീതി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുെമന്ന് സി.പി.എം കോന്നി ഏരിയാകമ്മറ്റിയോഗത്തില്‍ വിമര്‍ശനം. ശബരിമലയില്‍ രണ്ടുയുവതികളെ പ്രവേശിപ്പിച്ച ശേഷം അത് മുഖ്യമന്ത്രിതന്നെ പുറത്തുവിട്ടത് ജനങ്ങളുടെ എതിര്‍പ്പിന് കാരണമായെന്നും വിമര്‍ശനമുയര്‍ന്നു.
തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കഴിഞ്ഞദിവസം ചേര്‍ന്നയോഗത്തിലായിരുന്നു വിമര്‍ശനവും ആശങ്കകളും പങ്കുവച്ചത്. പരമ്പരാഗതവോട്ടുകള്‍ സിപിഎമ്മില്‍ നിന്ന് അകന്നു. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.
പതിനൊന്ന് ലോക്കല്‍ കമ്മറ്റികളാണ് കോന്നി ഏരിയകമ്മറ്റിയില്‍ ഉള്ളത്. ഇതില്‍ കലഞ്ഞൂര്‍, കൂടല്‍, ഇളമണ്ണൂര്‍, കുന്നിട, വള്ളിക്കോട്, ലോക്കല്‍ കമ്മറ്റികളില്‍ നിന്നുള്ളവരാണ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് പതിനൊന്നുലോക്കല്‍ കമ്മറ്റികളും കുറ്റപ്പെടുത്തി.
വിഷയം ശരിയായി കൈകാര്യംചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു. ശബരിമലയില്‍ രണ്ടുയുവതികളെ പ്രവേശിപ്പിച്ച ശേഷം അത് മുഖ്യമന്ത്രിതന്നെ പുറത്തുവിട്ടത് വലിയ എതിര്‍പ്പുണ്ടാക്കി. ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇവ കണക്കിലെടുക്കണം. ലോക്സഭാതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിലുള്ള വോട്ടുവ്യത്യാസം അഞ്ഞൂറില്‍താഴെ മാത്രമാണ്.
ഇൗ നിലപാടില്‍ മുന്നോട്ടുപോയാല്‍ ഉപതിരഞ്ഞെടുപ്പ് കടുപ്പമാകുമെന്നും വിലയിരുത്തലുണ്ടായി. സംസ്ഥാനകമ്മറ്റിയംഗം ആര്‍.ഉണ്ണികൃഷ്ണപിള്ളയും, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും കമ്മറ്റിയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയാന്‍ ബുദ്ധിമുട്ടി.
പ്രായമേറിക്കഴിഞ്ഞുള്ള വിവാഹവും രണ്ടാം വിവാഹവുമൊക്കെ അംഗീകരിക്കാൻ ഇന്നും മടിക്കുന്ന സമൂഹമാണ് നമ്മുടേത്. ഈ സാഹചര്യത്തിൽ പ്രസക്തമാകുകയാണ് ഒരു മകന്റെ കുറിപ്പ്. തന്റെ അമ്മയുടെ രണ്ടാം വിവാഹം നടന്ന കാര്യം പരസ്യമായി പങ്കുവച്ചിരിക്കുകയാണ് ഗോകുൽ ശ്രീധർ എന്ന മകൻ.
‘അമ്മയുടെ വിവാഹമായിരുന്നു.ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്’. അമ്മ അനുഭവിച്ച വേദനയാണ് തന്നെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഗോകുൽ പറയുന്നത്.
ഗോകുൽ ശ്രീധറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
അമ്മയുടെ വിവാഹമായിരുന്നു.
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..
അമ്മ. Happy Married Life..
ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയും അച്ഛനും വിവാഹമോചിതരാകുന്നത്. അന്നുമുതൽ എന്റെ എല്ലാകാര്യങ്ങളും നോക്കിയത് അമ്മയാണ്. അച്ഛൻ ജീവിതത്തിലെ വില്ലനൊന്നുമല്ല, അദ്ദേഹത്തിന് തന്റേതായ താൽപര്യങ്ങളുണ്ടായിരുന്നു. അതുമായി യോജിച്ച് പോകാൻ സാധിക്കാത്തതിനാലാണ് അമ്മ വിവാഹമോചനം തിരഞ്ഞെടുത്തത്. അധ്യാപികയായിരുന്നു അമ്മ. എന്നാൽ കുടുംബപ്രശ്നങ്ങൾ മൂലം ആ ജോലി രാജിവെയ്ക്കേണ്ടി വന്നു. അതിനുശേഷം ഒരു ലൈബ്രേറിയനായിട്ട് ജോലി നോക്കുകയാണ്.
തനിച്ചായ ശേഷവും എന്റെ ഒരു കാര്യത്തിനും അമ്മ മുടക്കം വരുത്തിയിട്ടില്ല. എന്നെ എൻജിനിയറിങ്ങ് വരെ പഠിപ്പിച്ചു. ഇനി ഞാനൊരു ജോലി കിട്ടി എവിടെയെങ്കിലും പോയാൽ എന്റെ അമ്മ പൂർണ്ണമായും തനിച്ചാകും. ഞാൻ ഒറ്റ മകനാണ്. അമ്മയുടെ ഒറ്റപ്പെടൽ എനിക്ക് കാണാൻ വയ്യ. അതുകൊണ്ടാണ് അമ്മയ്ക്ക് വീണ്ടുമൊരു വിവാഹമെന്ന് ചിന്തിച്ചത്.
ഒരുപാട് ആലോചനകൾ വന്നിരുന്നു. ആദ്യമൊന്നും അമ്മ സമ്മതിച്ചില്ല. പിന്നീട് പതിയെ എതിർപ്പ് മാറി. രണ്ട് മൂന്ന് മാസം മുൻപാണ് ഈ ആലോചന വന്നത്. പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടതോടെയാണ് വിവാഹം നടത്തിയത്.
പത്താംക്ലാസ് വരെ അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്. അമ്മയുടെ വീട്ടിലേക്ക് മാറിയ ശേഷമാണ് എസ്.എഫ്.ഐയോട് അനുഭാവം പ്രകടിപ്പിക്കാൻ തുടങ്ങിയത്. അത് എന്റെ ചിന്തകളെയും പെരുമാറ്റത്തെയുമെല്ലാം മാറ്റി. ഞാൻ ഇടപഴകുന്ന പ്രസ്ഥാനവും എന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. കൊട്ടിയം ഏരിയ സെക്രട്ടറിയാണ് ഞാൻ.
അമ്മയുടെ വിവാഹക്കാര്യം ആരെയും അറിയിച്ചിരുന്നില്ല. ആരെങ്കിലും പറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അറിയേണ്ട എന്നുള്ളത് കൊണ്ടാണ് ഞാൻ തന്നെ ഫെയ്സ്ബുക്കിൽ ഇട്ടത്. എന്നാൽ ഇത് വൈറലാകുമെന്ന് കരുതിയില്ല. ഒരുപാട്പേർ അഭിനന്ദനം അറിയിച്ച് വിളിച്ചു.
ഉത്തരേന്ത്യയില്‍ ചൂട് കനക്കുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരള എക്‌സ്പ്രസില്‍ കൊടും ചൂട് മൂലം നാല് പേര്‍ മരിച്ചു. ഒരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെല്ലാം കോയമ്പത്തൂര്‍ സ്വദേശികളാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
നാലു പേര്‍ക്കും യാത്രക്കിടെ അസ്വസ്ഥതയുണ്ടായി. ഝാന്‍സിയിലെത്തിയപ്പോള്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയി. വാരണസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന 68 അംഗ സംഘത്തിലുള്ളവരാണ് മരിച്ചവര്‍.
ആഗ്ര വിട്ടയുടനെ ചിലര്‍ക്ക് ശ്വാസ തടസ്സവും മറ്റു പ്രശ്‌നങ്ങളും നേരിട്ടുവെന്നും ഒന്നും ചെയ്യാനായില്ലെന്നും കൂടെയുള്ളവര്‍ പറഞ്ഞു
പാകിസ്ഥാനിലെ ടി വി പരസ്യത്തിലാണ് അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് വിവാദ പരസ്യം. ജൂൺ 16ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മൽസരത്തിനു മുന്നോടിയായി നൽകിയ പരസ്യത്തിലാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ അഭിനന്ദനെ പരിഹസിക്കുന്നത്. .
അഭിനന്ദൻ വർധമാനെപ്പോലെ തോന്നിക്കുന്ന ഒരാളാണ് ദൃശ്യത്തിൽ. അഭിമനന്ദന്റെ പ്രത്യേക തരത്തിലുള്ള മീശയും ഉണ്ട്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാൽ ടീം സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ഒരാൾ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്ന അഭിനന്ദന്റെ പ്രശസ്തമായ മറുപടിയാണ് ഇയാൾ നൽകുന്നത്.
ഒടുവിൽ, ചായ എങ്ങനെയുണ്ടെന്ന ചോദ്യവുമുണ്ട്. കൊള്ളം എന്ന മറുപടിക്കു പിന്നാലെ ഇയാളെ പോകാൻ അനുവദിക്കുന്നു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിർത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. തൊട്ടുപിന്നാലെ, കപ്പ് നമുക്കു നേടാം എന്ന അർഥത്തിൽ ‘LetsBringTheCupHome എന്ന ഹാഷ്ടാഗോടെ പരസ്യം പൂർണമാകുന്നു.ഇന്ത്യ–പാക് മൽസരം ജാസ് ടിവിയിൽ കാണാമെന്നും അറിയിക്കുന്നു.
ഇന്ത്യ–പാക്ക് ക്രിക്കറ്റ് പോരാട്ടങ്ങളുടെ സമയത്ത് പരസ്പരം കളിയാക്കുന്ന വിഡിയോകൾ ചാനലുകളിൽ പതിവാണെങ്കിലും ഇത്തവണ തീരെ നിലവാരമില്ലെന്നാണ് വിമർശനം. പാക്കിസ്ഥാൻ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തെങ്കിലും ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല. ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്നാണ് പല ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകിയത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് പരസ്യം ആവിഷ്കരിച്ചിരിക്കുന്നത്.
പരസ്യത്തിനെതിരെ പല ഭാഗത്തുനിന്നും നിരവധി വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യ കളിച്ച് തന്നെ ഇതിന് മറുപടി നൽകുമെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. നിങ്ങൾ ചായകപ്പ് ആസ്വദിക്കൂ, ഞങ്ങൾ ലോകകപ്പ് ആസ്വദിക്കാമെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. മലയാളികളും പരസ്യത്തിനെ വിമര്‍ശിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
Jazz TV advt on #CWC19 takes the Indo-Pak air duel to new level. It uses the air duel over Nowshera and Wing Co Abhinandan Varthaman’s issue as a prop. @IAF_MCC @thetribunechd @SpokespersonMoD @DefenceMinIndia pic.twitter.com/30v4H6MOpU
— Ajay Banerjee (@ajaynewsman) June 11, 2019
നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച് ഡി.ജി.പിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഘടനയുടെ സാമ്പത്തിക ഇടപാടില്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.
മുന്‍ വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. മിനിറ്റ്സ് അടക്കമുള്ള രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അതിനായി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ‘വായു’ എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് വടക്കൻ കേരളത്തിലും കർണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരിക്കും.
കേരള തീരത്തു നിന്ന് 300 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമർദ മേഖല. ഇന്നു കൂടുതൽ വടക്കോട്ടു നീങ്ങിയ ശേഷമാകും ചുഴലിക്കാറ്റായി മാറുക. ഇതിന്റെ സ്വാധീനഫലമായി ഇന്നു വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണു സൂചന. മൽസ്യത്തൊഴിലാളികൾ തെക്കു കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരള- കർണാടക തീരങ്ങളിലും പോകരുതെന്നാണ് മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരമേഖലയിൽ കനത്ത കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
രാജ്യത്ത് മോദി പേടിയുള്ളത് പോലെ സംസ്ഥാനത്ത് പിണറായി പേടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത് പോലത്തെ സ്ഥിതി കേരളത്തിൽ ഇല്ലായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മോദിപ്പേടി പോലെ സംസ്ഥാനത്ത് പിണറായിപ്പേടിയുമുണ്ടെന്ന യുഡിഎഫ് എംഎൽഎ കെ.സി. ജോസഫ് ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
വർഗീയ ചേരിതിരിവിന് ആഹ്വാനം ചെയ്ത മാധ്യമപ്രവർത്തകർ സംസ്ഥാനത്ത് ഉണ്ടായിരുന്നു എന്നും എന്നാൽ അവർക്കെതിരെ ആരും ഇറങ്ങിയില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ ആ ജോലി ഇപ്പോഴും തുടരുന്നതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം പെരിയ ഇരട്ടകൊലപാതക കേസ് അന്വേഷണം സിബിഐയ്ക്ക് വിടില്ലെന്നും പിണറായി നിയമസഭയിൽ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം നിഷ്പക്ഷവും ശരിയായ ദിശയിലുള്ളതുമാണ്. മറിച്ചുള്ളത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകളുള്ളതായി ആക്ഷേപമുയർന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.