India

പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ ട്രാൻസ്ജെൻ‍‍ഡറുകൾക്ക് മർദ്ദനം. മീററ്റിലെ ലാൽകുർത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

ട്രാൻസ്ജെൻഡറുകൾ അപമര്യാദയായി പെരുമാറി, അത് കൊണ്ട് ബലപ്രയോഗം നടത്തേണ്ടി വന്നു, ആവശ്യത്തിലധികം ബലപ്രയോഗം നടത്തേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും ഇങ്ങനെയായിരുന്നു സംഭവത്തെക്കുറിച്ച് എസ്എസ്പിയുടെ വിശദീകരണം.

 

വിദേശകാര്യമന്ത്രിയുടെ ചുമതല ഒഴിയുന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. ഇതാകാം അഭ്യൂഹങ്ങള്‍ക്ക് കാരണമെന്ന് സുഷമ വ്യക്തമാക്കി. ആന്ധ്ര ഗവര്‍ണറായി നിയമിക്കപ്പെട്ട സുഷമ സ്വരാജിനെ അഭിന്ദിക്കുന്നുവെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു.

മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നത്. സുഷമ സ്വരാജ് മാത്രമല്ല, മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആരോഗ്യ കാരണങ്ങളാണ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നു. എസ് ജയശങ്കറാണ് രണ്ടാെ മോദി സര്‍ക്കാരിന്‍റെ വിദേശകാര്യമന്ത്രി.

 

പീഡനക്കേസിൽ നിന്ന് രക്ഷപെടാൻ പരാതി നൽകിയ പെൺകുട്ടിയെ വിവാഹം കഴിച്ച് ത്രിപുര എംഎൽഎ. ഐപിഎഫ്ടി പാർട്ടി നേതാവും എംഎൽഎയുമായ ധനഞ്ജോയ്ക്കെതിരെയാണ് പെൺകുട്ടി പീഡനപരാതി നല്‍കിയത്. അഗർത്തലയിലെ ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടിയെ വിവാഹം ചെയ്തെന്ന് എംഎൽഎ സമ്മതിച്ചു.

മെയ് 20നാണ് അഗര്‍ത്തലയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ എംഎൽഎക്കെതിരെ പെൺകുട്ടി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് ചതിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാഹം.

പരാതിയെത്തുടർന്ന് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നു. അതിനിടെ പെൺകുട്ടിയുടെ കുടുംബവുമായി പാർട്ടി നേതൃത്വവും ധനഞ്ജോയുടെ കുടുംബവും ചർച്ച നടത്തുകയായിരുന്നു. തുടർന്ന് ഒത്തുതീർപ്പിന് പെൺകുട്ടിയുടെ കുടുംബം തയ്യാറായി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവർക്കും പരാതികളൊന്നുമില്ലെന്ന് എംഎൽഎയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ന്യൂഡല്‍ഹി: കത്വ കേസിലെ പ്രതികള്‍ക്ക് പഠാന്‍കോട്ട് കോടതി നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലെന്നും കൂടുതല്‍ കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ‘വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണം.’- രേഖ ശര്‍മ ട്വീറ്റ് ചെയ്തു.

ജമ്മുകശ്മീരിലെ കത്വ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17-ന് കണ്ടെത്തുകയായിരുന്നു.

അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു . 16 മാസങ്ങള്‍ക്ക് ശേഷം ഇന്ന് പ്രഖ്യാപിച്ച വിധിയില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഠാന്‍കോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഇന്റര്‍പോളുമായി സഹകരിക്കാനൊരുങ്ങി കേരളാ പോലീസ് . എ ഡി ജി പി മനോജ് ഏബ്രഹാം തലവനായുള്ള സൈബര്‍ഡോമാണ് ഇന്റര്‍പോളുമായും കാണാതാവുകയും ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള രാജ്യാന്തര സെന്ററുമായും (ഐ സി എം സി) സഹകരിക്കുക .
ഐ സി എം സിയുടെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ട്രെയിനിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഗില്ലര്‍മോ ഗാലറാസയും ക്യൂന്‍സ്‌ലാന്‍ഡ് പോലീസ് സര്‍വീസിലെ മുതിര്‍ന്ന കുറ്റാന്വേഷകന്‍ ജോണ്‍ റൗസും തിങ്കളാഴ്ച എ ഡി ജി പി മനോജ് ഏബ്രഹാമുമായി കൂടിക്കാഴ്ച നടത്തി . തങ്ങളുടെ ഏറ്റവും പുതിയ സൈബര്‍ കേസ് അന്വേഷണ സങ്കേതങ്ങള്‍ കേരളാ പോലീസിന് ഇന്റര്‍പോള്‍ ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ടെന്ന് കേരളാ പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.

കത്വയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ തടവുമാണ് വിധിച്ചിരിക്കുന്നത്.

കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച പഠാൻ കോട്ട് പ്രത്യേക കോടതി കേസിൽ ഒരാളെ വെറുതെ വിട്ടു. സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

മുഖ്യപ്രതി സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് . അതിനാൽ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറ‌ഞ്ഞത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഏപ്രിലിൽ 8 നാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്‍റെ പേരിൽ പ്രാദേശിക പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. ഒരു പ്രതിഷേധ പ്രകടനത്തിൽ പിന്നീട് രാജിവെച്ച രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു.

യാത്രക്കാരന്റെ ഡബിൾ ബെൽ കേട്ട് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് 18 കിലോമീറ്റർ കണ്ടക്ടർ ഇല്ലാതെ ഓടി. ബത്തേരിയിൽ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ആർഎസ്കെ 644 നമ്പർ ബസാണ് ശനി രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. ഇടയ്ക്ക് രണ്ടിടങ്ങളിൽ ആളിറങ്ങാനും പുറപ്പെടാനും ബെല്ലടിച്ചതും ഡബിൾ ബെല്ലടിച്ചതും യാത്രക്കാർ തന്നെ. കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടർ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവർ ബസുമായി യാത്ര തുടരാൻ തുടങ്ങിയപ്പോൾ ഡിപ്പോ അധികൃതർ ബസ് പിടിച്ചിടുകയായിരുന്നു.

നേരത്തെ മൂവാറ്റുപുഴയിൽ ബസിൽ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടർ തിരികെ കയറും മുൻപ് യാത്രക്കാരിൽ ഒരാൾ ഡബിൾ ബെല്ലടിച്ചതാണ് കാര്യമറിയാതെ ബസ് യാത്ര തുടരുന്നതിന് കാരണമായതെന്ന് പറയുന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവറും യാത്രക്കാരിൽ ഭൂരിപക്ഷം പേരും അറിഞ്ഞില്ല. തിരികെ കയറാനെത്തിയ കണ്ടക്ടർ ബസ് കാണാതായതോടെ ഡിപ്പോയിൽ അറിയിക്കുകയായിരുന്നു. ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുൻപ് ഇവിടേക്ക് സന്ദേശം എത്തി. മൂവാറ്റുപുഴയിൽ നിന്ന് കണ്ടക്ടറെ മറ്റൊരു ഡ്രൈവർ ബൈക്കിൽ കൂത്താട്ടുകുളത്ത് എത്തിച്ചതോടെ വൈകാതെ തന്നെ ബസ് കോട്ടയത്തേക്കു യാത്ര തുടരുകയും ചെയ്തു.

2 ദിവസം മുൻപ് കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മൂവാറ്റുപുഴയിൽ ഇറങ്ങിയ വനിതാ കണ്ടക്ടറെ കയറ്റാതെ 7 കിലോമീറ്റർ ഓടിയ സംഭവവും ഉണ്ടായി. ബസ് മീങ്കുന്നത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞത്. നിർത്തിയിട്ട് കാത്തു കിടന്ന ബസ് കണ്ടക്ടർ എത്തിയ ശേഷമാണ് യാത്രതുടർന്നത്. യാത്രക്കാരിൽ ആരുടെയോ കൈ തട്ടി ബെൽ മുഴങ്ങിയതാണ് ഇവിടെയും കണ്ടക്ടറെ വഴിയിലാക്കിയത്.
,

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയും ഡി.എം.കെ.നേതാവ് എം.കെ സ്റ്റാലിനും ഇക്കാര്യത്തില്‍ നേരിട്ടുചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എച്ച്. വസന്തകുമാര്‍  പറഞ്ഞു.

മറ്റൊരിടത്തു നിന്നും മുന്‍പ്രധാനമന്ത്രിയെ ഉപരിസഭയിലെത്തിക്കാന്‍ കഴിയാത്തിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം. ജൂലൈ ഇരുപത്തിനാലിന് തമിഴ്നാട്ടിലെ ആറു രാജ്യസഭാ സീറ്റുകളില്‍ ഒഴിവുവരും. എം.എല്‍.എമാരുടെ എണ്ണം അനുസരിച്ചു മൂന്നുവീതം സീറ്റുകള്‍ അണ്ണാഡി.എം.കെ. ഡി.എം.കെ സംഖ്യങ്ങള്‍ക്ക് ലഭിക്കും. ഡി.എംകെ. സഖ്യത്തിനു ലഭിക്കുന്ന സീറ്റുകളില്‍ ഒന്നില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 91 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭ അംഗമായ മന്‍മോഹന്‍ സിങിന്റെ കാലാവധി വെള്ളിയാഴ്ചയോടെ തീരും. അവിടെ നിന്ന് വീണ്ടും സഭയിലെത്തിക്കാന്‍ വേണ്ട എം.എല്‍.എമാരുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം

രാജ്യസഭാ സീറ്റിന് പകരം അടുത്തു തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നങ്കുന്നേരി സീറ്റു വിട്ടുനല്‍കാമെന്നാണ് കോണ്‍ഗ്രസ് ഡി.എം.കെയ്ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശം.കോണ്‍ഗ്രസിനു ഏഴു എം.എല്‍.എമാര്‍ മാത്രമാണ് തമിഴ്നാട് നിയമസഭയിലുള്ളത്.

വീടിന്റെ മതിലിൽ ചോരയൊലിച്ചു തൂങ്ങിക്കിടന്ന ആ 13 വയസ്സുകാരന്റെ കരച്ചിലാണ് അപകടത്തെക്കുറിച്ചു പറയുമ്പോൾ തണ്ണിശ്ശേരി പെരിയക്കാട് പി.വിജയന്റെയും ഭാര്യ നളിനിയുടെയും വാക്കുകളിൽ. ആംബുലൻസിലുണ്ടായിരുന്ന ആ 13 വയസ്സുകാരന്റെ ജീവൻ മാത്രമാണു രക്ഷിക്കാനായത്. തണ്ണിശ്ശേരി പോസ്റ്റ് ഓഫിസ് മുക്കിലെ ഇവരുടെ വീടിനു മുന്നിലായിരുന്നു അപകടം. അപകടം കണ്ട് ആദ്യമെത്തിയതും ഇവരായിരുന്നു. ഉച്ചയ്ക്ക് ടിവിയിൽ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണു വലിയ ശബ്ദംകേട്ട് ഇരുവരും പുറത്തിറങ്ങി നോക്കുന്നത്.

മതിലിൽ ചോരയൊലിച്ചു കിടന്ന ഷാഫിയെയാണ് ആദ്യം കണ്ടത്. ഷാഫിയെ വീടിന്റെ വരാന്തയിൽ കിടത്തി നളിനി വെള്ളം നൽകി. പിന്നീടുള്ള കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പൂർണമായും തകർന്ന ആംബുലൻസിനിടയിൽ ചോരയൊലിച്ചു കിടന്ന 8 പേർ. ശരീര അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നു. നിലവിളിച്ച് സമീപവാസികളെ കൂട്ടി രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും സൗത്ത്, പുതുഗനരം പൊലീസും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസ് വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു.

ലോറിയിലുണ്ടായിരുന്നവരെയും ഷാഫിയെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ് ഓഫിസ് മുക്കിലെ ചെറിയ വളവുള്ള ഈ സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് വിജയൻ പറയുന്നു. ഈ വർഷം 2 തവണ നിയന്ത്രണംവിട്ട ലോറിയും കാറും ഇടിച്ച് ഇവരുടെ വീടിന്റെ മതിൽ തകർന്നിരുന്നു. ഇതിനു 300 മീറ്റർ അകലെ പെട്രോൾ പമ്പിനു സമീപവും സ്ഥിരം അപകടമേഖലയാണെന്നു പറയുന്നു.

അവശനിലയിലായിരുന്ന യുവാവിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വന്ന ആംബുലൻസിൽ ജംഷീർ ഒഴികെയുള്ളവർ കയറി. സ്ഥലമില്ലാത്തതിനാൽ ജംഷീറിനു വാഹനത്തിൽ കയറാൻ പറ്റിയില്ല. ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്കു വരുന്നതിനിടെ തണ്ണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട് ഷാഫി ഒഴികെയുള്ള 8 പേർ മരിച്ചു. അപകട വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്നവരെ മരണം കവർന്നെടുത്തത് ജംഷീർ അറിയുന്നത്.

കേരളത്തിൽ കാലവർഷം സജീവമായി തുടരുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ ഇന്നുരാവിലെയും തുടരുകയാണ്. ചിലയിടത്ത് വിട്ടുവിട്ടുള്ള ചാറ്റല്‍ മഴയും ലഭിക്കുന്നുണ്ട്. ലക്ഷദ്വീപിനും കേരളത്തിനുമിടയിൽ രൂപമെടുത്ത ന്യൂനമർദ്ദമാണ് മഴ ശക്തമാക്കിയത്. വരുന്ന 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമോ തുടർന്ന് ചുഴലിക്കാറ്റോ ആയേക്കാം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ തീരങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്.

RECENT POSTS
Copyright © . All rights reserved