ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ചൊല്ലിക്കൊടുത്ത സത്യവാചകം എറ്റു ചൊല്ലിയാണ് സെന്‍കുമാര്‍ വക്കീലായി. ജസ്റ്റീസ് പി ഉബൈദ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.

പുതിയ 270 അഭിഭാഷകര്‍ക്കൊപ്പമാണ് സെന്‍കുമാറും എന്റോള്‍ ചെയ്തത്. 94 ല്‍ തന്നെ തിരുവന്തപുരം ലോ കോളജില്‍ നിന്നും സെന്‍കുമാര്‍ നിയമ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഗവര്‍ണറുടെ എഡിസിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നില്ല.

സര്‍ക്കാരിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തി വിജയിച്ച് ചരിത്രമുള്ള സെന്‍കുമാറിന് നിയമ പോരാട്ടം പുതിയ അനുഭവമല്ല. ഐപിഎസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാല്‍ സ്വന്തം കേസുകള്‍ കോടതിയില്‍ വാദിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ വക്കീല്‍ കുപ്പായം ഇടാതെ ഹൈക്കോടതിയില്‍ കേസ് വാദിച്ച അനുവഭവും സെന്‍കുമാറിനുണ്ട്. പൊതു പരിപാടികളും വക്കീല്‍ പണിയും ഒരുമിച്ചു കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് സെന്‍കുമാര്‍.