കൊച്ചിയില്‍ ചികില്‍സയിലുള്ള യുവാവിന് നിപ സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് അന്തിമതീര്‍പ്പ് വന്നത്. ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിപയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പിന് ധൈര്യമുണ്ട്. ‘റിബാവറിന്‍’ മരുന്ന് ആവശ്യത്തിനുണ്ട്.
നിപ നേരിടുന്നതിന് ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മരുന്നുകള്‍ എത്തിക്കാന്‍ വിമാനം ലഭ്യമാക്കും. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓസ്ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടനെ എത്തിക്കും. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറംഗ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
രോഗിയുമായി ബന്ധപ്പെട്ടെ നാലു പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവർ രോഗിയുടെ ബന്ധുക്കളല്ല. സുഹൃത്തുക്കളിൽ രണ്ടു പേർക്കും ആദ്യം രോഗിയെ പരിചരിച്ച രണ്ടു നഴ്സുമാര്‍ക്കുമാണ് പനി. ഒരാളെ ഐസലേഷന്‍ വാര്‍ഡിലാക്കി. ആരുടേയും സ്ഥിതി ഗുരുതരമല്ല. ഇവര്‍ക്കും മരുന്ന് നല്‍കുന്നു. ഇവരുടെ സ്രവവും പരിശോധനയ്ക്ക് അയക്കും. സമീപകാലത്ത് ‘നിപ’ ലക്ഷണങ്ങളോടെ മരണമുണ്ടായോ എന്നും പരിശോധിക്കും.
വവ്വാല്‍ ധാരാളമുള്ള പ്രദേശത്തുള്ളവര്‍ സൂക്ഷിക്കുക. വവ്വാല്‍ കടിച്ചതോ തുറന്നിരിക്കുന്നതോ ആയ ഭക്ഷണം കഴിക്കരുതെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം യുവാവിന്‍റെ നാട്ടിലെത്തി കൂടുതല്‍ പരിശോധനകളും നടത്തും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയ കോഴിക്കോടു നിന്നുളള വൈദ്യസംഘം യുവാവിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധിക്കും.
മന്ത്രിയടക്കം ആരോഗ്യവകുപ്പിലെ ഉന്നതര്‍ കൊച്ചിയില്‍ ഇന്നും ക്യാംപ് ചെയ്യുന്നുണ്ട് . പൊതുജനങ്ങളുെട സംശയ നിവാരണത്തിനായി എറണാകുളം കലക്ടറേറ്റില്‍ വിദ്ഗധ വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനവും തുടങ്ങി. 1077 എന്ന നമ്പരില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം
ജനങ്ങൾക്കിടയിൽ നിപ്പയെക്കുറിച്ചുള്ള ആശങ്കകൾ വ്യാപകമാകുകയാണ്. ഇതിനിടയിൽ ചില വ്യജ പ്രചാരണങ്ങളും ജനങ്ങളെ ആശങ്കയിലാക്കുന്നു. നിപ്പയെ സംബന്ധിച്ച പ്രചാരണവും വാസ്തവവും അറിയം.
∙ മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങുക. വായുവിലൂടെ രോഗം പകരും
(വാസ്തവം: രോഗികളോടു നേരിട്ട് ഇടപഴകുന്നവരും ചികിത്സിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതി. വായുവിലൂടെ പകരുന്ന രോഗമല്ലിത്. വൈറസ് ബാധയുള്ള ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ടു ബന്ധപ്പെടുന്നതിലൂടെ മാത്രമാകും വ്യാപനം.)
∙ ചിക്കൻ കഴിക്കരുത്. നിപ്പയുടെ ഉറവിടം കോഴിയാണ്
(വാസ്തവം: കഴിഞ്ഞ വർഷം നിപ്പ വൈറസ് ബാധയുണ്ടായപ്പോഴും ഇതേ പ്രചാരണം നടന്നിരുന്നു. കോഴിയും നിപ്പയുമായി ഒരു ബന്ധവുമില്ല. പ്രതിസ്ഥാനത്ത് വവ്വാലാണ്. വവ്വാലിന്റെ വിസർജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും രോഗാണു വ്യാപിക്കുന്നു എന്നാണു കണ്ടെത്തൽ.)
∙ നായ്ക്കളെയും പൂച്ചകളെയും തൊടരുത്. രോഗം പരത്തും
(വാസ്തവം: പശുവും പൂച്ചയും നായ്ക്കളും അടക്കം വീട്ടിൽ വളർത്തുന്ന അരുമ ജീവികളെല്ലാം വൈറസ് വസിക്കാൻ സാധ്യതയുള്ളവ തന്നെയാണ്. എന്നാൽ, ഇവ നിപ്പ പരത്തുന്നവയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. വളർത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങൾ ദേഹത്തു സ്പർശിച്ചാൽ സോപ്പ് ഉപയോഗിച്ചു നന്നായി വൃത്തിയാക്കണമെന്നു മാത്രം.)
∙ പഴങ്ങൾ തൊട്ടുപോകരുത്, നിപ്പ ഉറപ്പ്
(വാസ്തവം: പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലേറ്റതുമായ പഴങ്ങൾ കഴിക്കരുത്. മറ്റു പഴങ്ങൾ നന്നായി തൊലി കളഞ്ഞു കഴിക്കാം. നിലത്തു വീണുകിടക്കുന്ന പഴങ്ങളും കഴിക്കാതെ ഒഴിവാക്കണം. വിറ്റമിൻ സി അടങ്ങിയ പഴങ്ങൾ പനിയുള്ളവർ കഴിക്കുന്നതു നല്ലതാണ്.)
∙ രോഗിയെ പരിചരിക്കുന്നവർ രോഗവാഹകരാണ്
(വാസ്തവം: രോഗത്തിന്റെ ആദ്യഘട്ടത്തിൽ നിപ്പ വൈറസ് ബാധയാണെന്നു തിരിച്ചറിയാതെ പരിചരിക്കുന്നവരിൽ മാത്രമേ രോഗം പകരാൻ സാധ്യതയുള്ളു. നിപ്പയുടെ ലക്ഷണങ്ങളാണെന്നു കണ്ടെത്തിയാൽ ചികിത്സകർ പിപിഇ (പേഴ്സനൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്) എന്ന ശരീര കവചം ധരിക്കും. ഇതു പകർച്ചാ സാധ്യത ഒഴിവാക്കും. പിപിഇ ധരിക്കാതെ രോഗിയെ സന്ദർശിക്കൽ, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധനങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യൽ എന്നിവയും വ്യാപന സാധ്യത സൃഷ്ടിക്കാം.)
∙ കിണർ വെള്ളം കുടിക്കരുത്; വവ്വാൽ മൂത്രം കാണും
(വാസ്തവം: കിണറുകളിലും മറ്റു ജലസ്രോതസുകളിലും വവ്വാലുകളുടെ വിസർജ്യം വീഴുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ട്. എന്നാൽ, വെള്ളം തിളപ്പിച്ച ശേഷം ഉപയോഗിക്കുന്നതിൽ ഒരു തകരാറുമില്ല.
പനിയും തലവേദനയുമുണ്ടോ, സംശയിക്കേണ്ട നിപ്പ തന്നെ
(വാസ്തവം: പനിയും തലവേദനയുമൊക്കെ നിപ്പയുടെ ലക്ഷണങ്ങൾ തന്നെ. പക്ഷേ, ഇവ പിടിപെട്ടവരെല്ലാം നിപ്പ ബാധിച്ചെന്നു പേടിക്കേണ്ട. പനി, തലവേദന, ശക്തിയായ ക്ഷീണം, ചുമ, ഛർദി, പേശീവേദന, വയറിളക്കം, മനോശക്തി ദുർബലമാകൽ, മസ്തിഷ്ക ജ്വരം എന്നീ ലക്ഷണങ്ങളും കാണുന്നുണ്ടെങ്കിൽ പേടിക്കണം. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണം.)
നിപ്പയെ പ്രതിരോധിക്കാൻ സോപ്പ് മികച്ച ആയുധമാണ്.
ദിവസവും പലവട്ടം സോപ്പിട്ടു കൈകൾ തമ്മിലുരച്ചു നന്നായി കഴുകുക. ഭക്ഷണം കഴിക്കുന്നതിനു മുൻപു പ്രത്യേകിച്ചും. 40 സെക്കൻഡ് വരെ കൈകൾ കഴുകണം. എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ് നിപ്പ. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ ഇവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാണെന്നതിനാൽ അതിന്റെ സ്പർശം തന്നെ വൈറസിനെ നശിപ്പിക്കുമെന്നർഥം. പക്ഷേ, രോഗികളുമായി നേരിട്ടു ബന്ധപ്പെടാൻ ശരീര കവചം (പിപിഇ) അടക്കമുള്ള മുൻകരുതലെടുക്കണം.
ആശുപത്രിയിൽ പോകുമ്പോൾ..
∙ ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായി തൂവാല കയ്യിൽ കരുതണം.
∙ ചുമയ്ക്കുമ്പോൾ ഒപി ടിക്കറ്റ്, പത്രക്കടലാസ് എന്നിവ കൊണ്ടു മുഖംമറയ്ക്കുന്ന രീതി ഒഴിവാക്കണം. തൂവാല കൊണ്ടു മൂക്കും വായും പൊത്തണം.
∙ ചുമച്ചുകഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകണം.
∙ ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ, മാസ്ക് എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്.
∙ കാണുന്നിടത്തെല്ലാം തുപ്പരുത്.
പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
രോഗലക്ഷണങ്ങള്‍
അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
രോഗ സ്ഥിരീകരണം
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലൂകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക
രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍
രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും കര്‍ശനമായി എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട സുരക്ഷാ രിതികള്‍:
· സോപ്പ്/ആള്‍ക്കഹോള്‍ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് എപ്പോഴും കൈ ശുചിയായി വയ്ക്കുക.
· രോഗി, രോഗ ചികില്‍സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:
· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോള്‍ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.
· ആശുപത്രികള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഉള്ള പൊതുവായ അണുനശീകരണ മാര്‍ഗങ്ങള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രോഗം വന്നു മരണമടഞ്ഞ ആളില്‍ നിന്നും രോഗം പടരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍
· മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരിരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക
· ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
· മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക
· മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
· മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകേണ്ടതാണ്.
· മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുന്നതാണ് നല്ലത്.
പൊതുജനങ്ങളുടെ സംശയങ്ങള്‍ ഏറ്റവും ഉത്തമമായ രീതിയില്‍ പരിഹരിക്കുവാന്‍ എന്‍.എച്ച്.എം. ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. നമ്പരുകള്‍: 0471 2552056, 1056 (ടോള്‍ഫ്രീ)
കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അന്തിമഫലം പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ലഭിച്ചതിനെത്തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. നിപ്പയെ നേരിടാൻ ആരോഗ്യവകുപ്പ് പൂർണ സജ്ജമാണെന്നും ആരു ഭയപ്പെടേണ്ടേതില്ലെന്നും മന്ത്രി വ്യക്തമാക്കി.
രോഗത്തെ നേരിടാൻ ആരോഗ്യവകുപ്പിനു ധൈര്യമുണ്ട്. നിപ്പയാണെന്ന സംശയം ഉയർന്നഘട്ടത്തിൽ തന്നെ രോഗം പകരാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടർമാരുൾപ്പെടെ ആറംഗസംഘം കൊച്ചിയിലെത്തി.
ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഓസ്ട്രേലിയൻ മരുന്ന് കേന്ദ്രസർക്കാർ ഉടൻ എത്തിക്കും. രോഗിയുമായ ബന്ധപ്പെട്ട നാല് പേർക്ക് ഇപ്പോൾ പനിയുണ്ട്. രോഗിയെ നേരത്തെ പരിചരിച്ച രണ്ടു നഴ്സുമാർക്ക് ഉൾപ്പെടെയാണിത്. ഇവരിൽ ഒരാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നും മന്ത്രി വ്യക്തമാക്കി.
തിരുവല്ല അതിരൂപതയുടെ മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഇന്ന് പുലർച്ചെ 3.30 ന് കാലം ചെയ്തു. 91 വയസായിരുന്നു. താഴ്മയുടെയും, വിനയത്തിന്റെയും പ്രതീകം. തിരുവല്ല എക്യൂമിനിക്കൽ കാരോളിന്റെ ശില്പി. നല്ല നേതൃത്വപാടവം. എന്നും തിരുവല്ലക്കാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പിതാവിന് മലയാളം യുകെയുടെ ആദരാഞ്ജലികൾ.
കബറടക്കം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ. ഇന്ന് ഉച്ചവരെ ഭൗതിക ശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചാപ്പലിലും തുടർന്നു തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ ദേവാലയത്തിലും പൊതുദർശനത്തിനു വയ്ക്കും.
തിരുവല്ല അതിരൂപതയുടെ വിവിധ പള്ളികളില്‍ വികാരിയായിരുന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് 1987 ല്‍ രൂപത അഡ്മിനിസ്ട്രേറ്ററും 1988 ഓഗസ്റ്റ് എട്ടിന് തിരുവല്ല രൂപതാധിപനുമായി. പുഷ്പഗിരി ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതിൽ വലിയ പങ്ക് വഹിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഒട്ടേറെ വൃദ്ധസദനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാൻ മുൻകയ്യെടുത്തു. 2003 ല്‍ സ്ഥാനമൊഴിഞ്ഞ ശേഷം സഭ ഐക്യ പ്രസ്ഥാനങ്ങൾക്കും സാമൂഹിക സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു.
മകനെ ബലമായി ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ. മകൾ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബെംഗളൂരിലാണ് സംഭവം. 12 വയസുള്ള മകനെയാണ് സുരേഷ് ബാബു എന്ന പിതാവ് ബലമായി സീലിങ് ഫാനിൽ കെട്ടിത്തൂക്കി കൊന്നത്. മകനെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മകൾ പകർത്തിയ ദൃശ്യങ്ങൾ കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ചയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ:
മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിലുള്ള സുരേഷ് ബാബുവും ഭാര്യ ഗീതയും തൊഴിലന്വേഷിച്ചാണ് ബെംഗളൂരിൽ എത്തിയത്. ഏതാനും വീടുകളിൽ പാചകക്കാരിയായി ഗീതയ്ക്ക് ജോലി ലഭിച്ചു. ഇതിനോടൊപ്പം ഇവർ ഒരു ചിട്ടികമ്പനി നടത്തി വരുന്നുണ്ടായിരുന്നു. അഞ്ച് ലക്ഷത്തോളം കട ബാധ്യത വന്നതിനെത്തുടർന്ന് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് സുരേഷ് ബാബു പറയുന്നത്. മകനെ കെട്ടിത്തൂക്കുന്നത് കണ്ട് മകൾ മറാത്തി ഭാഷയിൽ നിലവിളിച്ചു. അനിയനെ കൊല്ലരുതെന്ന് അച്ഛനോട് കേണപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. അപ്പോഴേക്കും അമ്മ ഗീത വന്ന് ഫോൺ തട്ടിയെടുത്തതോടെ വിഡിയോ മുറിഞ്ഞു. ബഹളത്തിന്റെയിടയിൽ ഗീത ആത്മഹത്യ ചെയ്തെന്നാണ് ഇയാൾ പറയുന്നത്. മകൾ നിലവിളിക്കാൻ തുടങ്ങിയതോടെ താൻ ദൗത്യത്തിൽ നിന്നും പിൻമാറുകയായിരുന്നു. അർധരാത്രി രണ്ട് മണിയോടെയാണ് സംഭവങ്ങൾ അരങ്ങേറുന്നത്. മകളുടെ നിലവിളികേട്ട് എത്തിയ അയൽവാസികൾ കാണുന്നത് തൂങ്ങി നിൽക്കുന്ന ഗീതയേയും മകനെയുമാണ്. ഇവർ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സുരേഷ് ബാബുവിന്റെ സഹോദരി വിജയ സ്ഥിരീകരിച്ചിട്ടുണ്ട്.
അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തില്‍ മലയാളിയായ ഉദ്യോഗസ്ഥനും ഉള്ളതായി റിപ്പോര്‍ട്ട്. എറണാകുളം സ്വദേശിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ വിനോദ് ആണ് വിമാനത്തിലുണ്ടായിരുന്നത്. കോയമ്പത്തൂരിലെ സൂളൂര്‍ വ്യോമസേന താവളത്തിലാണ് വിനോദ് പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് ചൈന അതിര്‍ത്തിക്ക് സമീപം കാണാതായത്. എട്ട് ക്രൂ അംഗങ്ങളടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എം ഗാര്‍ഗ്, വിംഗ് കമാന്‍ഡര്‍ ചാള്‍സ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് മൊഹന്തി, ഫ്‌ളൈറ്റ് ലെഫ്.തന്‍വാര്‍, ഫളൈറ്റ്.ലെഫ്.ഥാപ്പ, സെര്‍ജന്റെ അനൂപ്, കോര്‍പ്പറല്‍ ഷരിന്‍, വാറണ്ട് ഓഫീസര്‍ കെകെ മിശ്ര, ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ പങ്കജ്, ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ എസ്‌കെ സിംഗ്, നോണ്‍ കോംബാറ്റന്റുമാരായ രാജേഷ് കുമാര്‍, പുട്ടാലി എന്നിവരാണ് വിനോദിന് പുറമെവിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം 10 വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് സമാനമായ ഒരു അപ്രത്യക്ഷമാകല്‍ സംഭവിച്ചിരുന്നു. അതും ഒരു എഎന്‍ 32 വിമാനമായിരുന്നു. അന്നും വിമാനത്തിലുണ്ടായിരുന്നത് 13 പേര്‍.
2009ല്‍ 13 പേരുമായി പോയ വിമാനം കാണാതായ അതേ സ്ഥലത്താണ് ഇപ്പോള്‍ വിമാനം കാണാതായിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്നും 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 2009 ജൂണിലാണ് സംഭവം. വ്യോമസേനയുടെ തിരച്ചിലിനൊടുവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചു. ഇവരുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടന്നിരുന്നു.
2016 ജൂലായില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അപ്രത്യക്ഷമായ ആ വിമാനം എവിടെ? കാണാതായതും തകര്‍ന്നതുമായ എന്‍ 32 വിമാനങ്ങള്‍
2016 ജൂലായ് 22ന് ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലേയ്ക്ക് പോയ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായിരുന്നു. ഈ വിമാനം എവിടെ എന്നത് സംബന്ധിച്ച് ഇന്നും യാതൊരു വിവരവുമില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങളോ മറ്റോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചെന്നൈയിലെ താംബരം എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ ക്രൂ അംഗങ്ങളടക്കം 29 പേരുണ്ടായിരുന്നു. 1989ല്‍ ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലെ ചാര്‍ബാത്തിയയിലേയ്ക്ക് പോയ എഎന്‍ 32 വിമാനവും അപ്രത്യക്ഷമാവുകയായിരുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനങ്ങള്‍ക്ക് സംഭവിച്ച ദുരന്തങ്ങളുടെ ചരിത്രം നോക്കാം:
1986 മാര്‍ച്ച് 22 – ജമ്മു കാശ്മീരില്‍ എന്‍ 32 വിമാനം തകര്‍ന്നുവീണു
1986 മാര്‍ച്ച് 25 – ഗുജറാത്തിലെ ജാം നഗറില്‍ നിന്ന് മസ്‌കറ്റിലേയ്ക്ക് പോയ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു.
1991-92 – ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്തിന് സമീപം തകര്‍ന്നുവീണു.
1992 മാര്‍ച്ച് 26 – അസമിലെ ജോര്‍ഹാട്ടിന് സമീപം എന്‍ 32 വിമാനം കുന്നിലിടിച്ച് തകര്‍ന്നു.
1992 ഏപ്രില്‍ ഒന്ന് – പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള ഖന്നയില്‍ രണ്ട് എന്‍ 32 വിമാനങ്ങള്‍ പരസ്പരം ഇടിച്ച് തകര്‍ന്നു.
1999 മാര്‍ച്ച് 7 – 21 പേരുമായി പോയ വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു.
2009 മാര്‍ച്ച് 9 – അരുണാചല്‍പ്രദേശില്‍ ചൈനീസ് അതിര്‍ത്തിക്ക് സമീപം 13 പേരുമായി പോയ വിമാനം തകര്‍ന്നു. എല്ലാവരും മരിച്ചു.
2012 ജനുവരി – അസമിലെ ജോര്‍ഹട്ടിന് സമീപം എഎന്‍ 32 തകര്‍ന്നു.
2014 സെപ്റ്റംബര്‍ 20 – എഎന്‍ 32 വിമാനം ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്തു.
കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ നടപടികൾ പുരോഗമിക്കുമ്പോൾ വീണ്ടും കല്ലട വില്ലനായി മാറുകയാണ്. ഇത്തവണ ഇരയായത് യാത്രക്കാരിയായ യുവതിയാണ്. പാതിരാത്രിയില്‍ ഭക്ഷണത്തിന് നിര്‍ത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട ബസ് പോയെന്ന് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാതിവഴിയിൽ രാത്രി തനിച്ചായ യുവതി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാർ ബസ് നിർത്തിയില്ല. യുവതി ബസിന് പിന്നാലെ ഒാടുന്നത് കണ്ട് മറ്റ് വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും ഉറക്കെ വിളിച്ചിട്ടും ജീവനിക്കാർ കേൾക്കാത്ത രീതിയിൽ മുന്നോട്ടുപോയി. കണ്ടിട്ടും കാണാത്ത രീതിയിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. ഒടുവില്‍ അതുവഴി വന്ന കാർ ഡ്രൈവർ ബസിനെ ഒാവർടേക്ക് ചെയ്ത് ഡ്രൈവറോട് കാര്യം പറഞ്ഞു. എന്നാൽ അപ്പോഴും മടങ്ങി വന്ന് യുവതിയെ കയറ്റാന്‍ കല്ലട ജീവനക്കാര്‍ തയാറായില്ല.
രാത്രി ദേശീയ പാതയിലൂടെ ഒാടിയാണ് യുവതി വണ്ടിയിൽ കയറിയത്. ബെംഗളൂരൂവില്‍ താമസമാക്കിയ എച്ച്ആര്‍ പ്രൊഫഷണലായ പെണ്‍കുട്ടിയ്ക്കാണ് കല്ലട ബസിൽ നിന്നും ദുരനുഭവം ഉണ്ടായത്.തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കാണ് യുവതി ടിക്കറ്റെടുത്തത്. രാത്രി ഭക്ഷണത്തിന് തിരുനെല്‍വേലിയില്‍ നിർത്തിയപ്പോഴാണ് സംഭവം. ഒരു മുന്നറിയിപ്പും നല്‍കാതെ പെട്ടെന്ന് ബസ് എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തനിക്കുണ്ടായ ദുരിതം കൂട്ടുകാരെ അറിയിച്ചതോടെ ഡ്രൈവറെ വിളിച്ച് അവര്‍ അന്വേഷിച്ചു.
എന്നാല്‍ ഭീഷണിപ്പെടുത്തുകയാണ് ഡ്രൈവര്‍ ചെയ്തത്. ഒരു യുവതിയെ രാത്രിയില്‍ പാതിവഴിയില്‍ ഇറക്കിവിട്ടിട്ട് പോന്നതെന്തിനാണെന്ന ചോദ്യത്തിന് മലയാളിയായ ഡ്രൈവര്‍ പറഞ്ഞത് യാത്രക്കാര്‍ കയറിയോ ഇല്ലയോ എന്ന് നോക്കേണ്ടത് തന്റെ ജോലിയല്ലെന്നാണ്. പിന്നീട് ഡ്രൈവർ പറഞ്ഞ വാക്കുകളിങ്ങനെ. ഏത് ട്രാവല്‍സിനോടാണ് താന്‍ സംസാരിക്കുന്നതെന്ന് അറിയുമോ? ഇത് കല്ലടയാണ്, തനിക്ക് കല്ലട ആരാണെന്ന് അറിയുമോ എന്നാണെന്നും യുവതി വെളിപ്പെടുത്തുന്നു.
വ്യാജ രേഖ ചമച്ച കേസിൽ പ്രതികളായ വൈദികരുടെ ലാപ്ടോപ്പുകളിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി ആദിത്യ സക്കറിയ ഇമെയിൽ വഴി വൈദികർക്ക് അയച്ച രേഖകളാണ് കണ്ടെത്തിയത്. ആദിത്യയെ വൈദികർക്കൊപ്പം ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു.വ്യാജരേഖകേസിൽ പ്രതികളായ വൈദികർ, പോൾ തേലക്കാട്ട് , ആന്റണി കല്ലുകാരൻ എന്നിവർ ഉപയോഗിച്ച ലാപ്‌ടോപ്പുകൾ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ഇവ സൈബർ വിദഗ്ധർ പരിശോധിച്ചാണ് മൂന്നാം പ്രതി ആദിത്യ സക്കറിയ അയച്ച രേഖകളുടെ വിവരങ്ങൾ കണ്ടെത്തിയത്. വൈദികരുടെ ഇമെയിൽ അക്കൗണ്ടിലാണ് ഇതുള്ളത്. എന്നാൽ ഇതേ ലാപ്ടോപ്പുകളിലൂടെ തന്നെയാണോ രേഖകളുടെ കൈമാറ്റം നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള പരിശോധനകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഇതിന്റെ തുടർച്ചയായി വിവരങ്ങൾ ചോദിച്ചറിയാനുള്ള ശ്രമമാണ് ഒടുവിൽ നടന്നത്. വ്യാജരേഖകൾ ഉണ്ടാക്കിയതിന് അറസ്റ്റിൽ ആയി ജാമ്യത്തിൽ ഇറങ്ങിയ ആദിത്യയെ വീണ്ടും നോട്ടിസ് നൽകി വരുത്തുകയായിരുന്നു. ആദ്യം വൈദികർക്ക് ഒപ്പമിരുത്തിയും പിന്നെ ഒറ്റയ്ക്ക് ഇരുത്തിയും ചോദ്യം ചെയ്തു. ബുധനാഴ്ച വരെ ചോദ്യം ചെയ്യൽ തുടരും. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അന്വേഷണ സംഘം നിലപാട് അറിയിക്കും.അതിനു മുൻപ് പ്രതികൾക്ക് എതിരെ പരമാവധി തെളിവ് ശേഖരിക്കുകയാണ് ലക്ഷ്യം.
വ്യോമസേനയുടെ വിമാനം കാണാതായി. 13 പേരുമായി പോയ എഎന്‍-32 എന്ന വിമാനമാണ് കാണാതായത്. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
അരുണാചല്‍ പ്രദേശില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്.അഞ്ച് യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 35 മിനുട്ടിനുള്ളില്‍ ടേക്ക് ഓഫ് ചെയ്യേണ്ട വിമാനമാണ് കാണാതായത്.