കോട്ടക്കുന്ന്; ചെളിമണ്ണില്‍ താണ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആ മൃതദേഹത്തിന്റെ കൈകളില്‍ മറ്റൊരു കുഞ്ഞുജീവന്‍ കൂടിയുണ്ടായിരുന്നു. ചേതനയറ്റ ഒന്നരവയസ്സുകാന്‍ ധ്രുവന്റെ മൃതദേഹം. മകനെ ആ അമ്മ മുറുകെ പിടിച്ച നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കണ്ണ് നനയിക്കുന്നതായിരുന്നു ആ ദുരന്ത കാഴ്ച. രണ്ട് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം ചോലയില്‍ കോട്ടക്കുന്ന് പടിഞ്ഞാറേ ചെരുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകള്‍ ഗീതുവും (22) പേരമകന്‍ ധ്രുവനും (ഒന്നര) ദാരുണമായി മരിച്ചത്. സത്യന്റെ ഭാര്യ സരോജിനി(50) യെയും കാണാതായിട്ടുണ്ട്. ശരത്തിന്റെ കണ്‍മുന്നില്‍ നിന്നായിരുന്നു ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ദുരന്തം കവര്‍ന്നത്.

ശരത്തും അമ്മ സരോജിനിയും കോട്ടക്കുന്നിന്റെ മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെളളം വീട്ടിലേക്ക് കയറാതിരിക്കാന്‍ തൂമ്പയെടുത്ത് തിരിച്ചുവിടുകയായിരുന്നു. ആ സമയത്തായിരുന്നു നേരത്തേ വിണ്ടുകീറിയ മലയുടെ ഒരുഭാഗം താഴേക്ക് പതിച്ചത്. അമ്മയുടെ കയ്യില്‍ പിടിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും അമ്മ മണ്ണിനടിയില്‍പ്പെട്ടു. നിമിഷനേരം കൊണ്ട് വീടൊന്നാകെ മണ്ണിനടിയിലായി. തന്റെ ഭാര്യയും പൊന്നോമന മകനും അതില്‍പ്പെട്ടുവെന്ന് മനസ്സിലായെങ്കിലും ശരത്ത് നിസ്സഹായനായിരുന്നു. ശരത്തിന്റെ സുഹൃത്ത് ശക്കീബും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ സമയം സത്യനും മറ്റൊരു മകനായ സജിത്തും വീട്ടിലുണ്ടായിരുന്നില്ല. അവര്‍ മാത്രമാണ് ആ കുടുംബത്തില്‍ അവശേഷിച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. സരോജിനിക്കായി തെരച്ചില്‍ തുടരുകയാണ്.