ന്യൂസ് ഡെസ്ക്, മലയാളം യുകെ
കപ്രശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തത് ഓൺലൈൻ ഗെയിമിലെ ടാസ്ക് അനുകരിച്ചത് മൂലമാണെന്ന് സൂചന. വടക്കുഞ്ചേരി വീട്ടിൽ ജെയ്‌മിയുടെ മകൻ അഗ്നലാണ് (15) വെള്ളിയാഴ്ച വൈകീട്ട് വീടിനകത്ത് ഫാനിൽ തൂങ്ങി മരിച്ചത്. മഴക്കോട്ട് ധരിച്ച് മുഖം മറച്ച് കൈകൾ പിന്നിൽ കെട്ടി, വായ് പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. താടിയെല്ലിന് മുറിവുണ്ടായിരുന്നു. ഓൺലൈൻ ഗെയിമിൻറെ ഭാഗമായി ചെയ്ത സാഹസിക കാര്യങ്ങൾ മൂലം ജീവഹാനി സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. ജെയ്‌മിയുടെ ഫോണിൽ രഹസ്യ നമ്പറുണ്ടാക്കിയാണ് അഗ്നൽ ഗെയിം കളിച്ചിരുന്നതെന്നു പറയുന്നു. അമ്മയുടെ ഫോണിൽ ഡെവിൾ എന്ന പേരിലുള്ള ഗെയിം കണ്ടെത്തിയിട്ടുണ്ട്. ഫോൺ ഫൊറൻസിക് പരിശോധനക്കായി പോലീസ് എടുത്തു. വെള്ളിയാഴ്ച സ്കൂൾ വിട്ട ശേഷം വീട്ടിലേക്ക് വരുന്ന വഴി മറ്റൊരു ഫോണിൽ നിന്ന് അഗ്നൽ ജെയ്‌മിയെ വിളിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായ ജെയ്‌മി കളമശ്ശേരിയിൽ നിന്ന് ഓട്ടം കഴിഞ്ഞ് വരുകയാണെന്നും ഉടനെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു.
വീട്ടിലെത്തിയ അഗ്നൽ അമ്മ ജിനിയോട് കുടുംബ വിശേഷങ്ങൾ പറഞ്ഞു. മംഗലാപുരത്ത് നഴ്സിങ്ങിന് പഠിക്കുന്ന ഏക സഹോദരി എയ്ഞ്ചലിനെ കാണാൻ ശനിയാഴ്ച കുടുംബസമേതം പോകാൻ തീരുമാനിച്ചിരുന്നു. ഇതിനായി പലഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു ജിനി. അതിനിടെയാണ് അഗ്നൽ കിടപ്പുമുറിയിലേക്ക് പോയത്. കുറച്ചു കഴിഞ്ഞ് ജെയ്‌മിയും വീട്ടിലെത്തി. അഗ്നലിനെ കാണാൻ മുറിയിലെത്തിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതോടെ സംശയം തോന്നിയ ജെയ്‌മി വീടിന്റെ മുകൾനിലയിൽ വാടകയ്ക്ക് താമസിക്കുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ അഗ്നലിനെ കണ്ടെത്തിയത്. ഉടനെ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. വൈകീട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കപ്രശ്ശേരി ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. എന്നാൽ ഓൺലൈൻ ഗെയിമിലെ ടാസ്ക് ആണോ മറ്റു കാര്യങ്ങളാണോ വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നറിയാൻ നെടുമ്പാശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രതിനിധികൾ. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. തങ്ങളുടെ ആശങ്കകൾ അറിയിച്ച സിബിസിഐ സംഘം വ്യത്യസ്ത മന്ത്രാലയങ്ങളിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടണമെന്നും സി.ബി.സി.ഐ പ്രസിഡന്റ് ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെയും ആരാധനാലയങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നതിൽ സിബിസിഐ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയുടെ വികസനത്തിൽ പങ്കാളികളായവരാണ് ക്രൈസ്തവ സമൂഹമെന്നും വിദ്യാഭ്യാസം, സാമൂഹ്യ പുരോഗതി തുടങ്ങിയ നിരവധി മേഖലകളിൽ നിസ്തുലമായ പങ്ക് വഹിച്ചതും കത്തിൽ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് പുറമെ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബി ഷപ്പുമായ ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ എന്നിവരും സിബിസിഐ സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണ് ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ പങ്കെടുക്കാനാകാതെ പോയതെന്ന് സിബിസിഐ വ്യക്തമാക്കി.
പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ സിപിഎം പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാളെ സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്.
ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ഉച്ചയ്ക്കുശേഷം ചേര്‍ന്ന ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോർട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ തീരുമാനം വൈകിപ്പിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കുന്നത് ചർച്ച ചെയ്യാൻ ഇന്ന് രാവിലെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രമോദ് കോട്ടൂളിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ജില്ലാ കമ്മറ്റി ഓഫീസിൽ ചേര്‍ന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങളിൽ ഒരു വിഭാഗം നടപടിക്കെതിരാണെങ്കിലും സംസ്ഥാന നേതൃത്വം നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാൻ തീരുമാനമെടുത്തതെന്നാണ് വിവരം. അതേസമയം, നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പ്രമോദ് ജില്ലാ സെക്രട്ടറിയേറ്റിന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ആനന്ദ് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്.
രാവിലെ പൂജയോടെയാണ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു. രാത്രി 10 മണിയോടെയായിരുന്നു വിവാഹമൂഹൂർത്തം.
കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളിൽ പങ്കെടുത്തു. സംഗീതസംവിധായകരായ അമിത് ത്രിവേദി, പ്രീതം എന്നിവർക്കൊപ്പം ഗായകരായ ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, മാമെ ഖാൻ, നീതി മോഹൻ, കവിത സേത്ത് എന്നിവരും പരിപാടികൾ അവതരിപ്പിച്ചു. അന്താരാഷ്ട്ര സംഗീതപ്രതിഭകളായ നാൻ, രമ, ലൂയിസ് ഫോൻസി എന്നിവരും ചടങ്ങിനെത്തി. ചലച്ചിത്രരംഗത്തുനിന്നുള്ള അമിതാഭ് ബച്ചൻ, രജനികാന്ത്, നയൻതാര, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, അമേരിക്കൻ മോഡലുകളും റിയാലിറ്റിഷോ താരങ്ങളുമായ കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ഗുസ്തിതാരവുമായ ജോൺ സീന എന്നിവരെക്കൂടാതെ മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, താരം രാം ചരൺ എന്നിവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു.
മൂന്നുദിവസം നീണ്ട വിവാഹാഘോഷപരിപാടികൾ മുൻനിർത്തി ജൂലായ് 12 മുതൽ 15 വരെ ട്രാഫിക് പോലീസ് മുംബൈയിൽ ഗതാഗതനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്.
വിഴിഞ്ഞം തുറമുഖം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും കേന്ദ്രത്തെ പ്രശംസിച്ചും ലത്തീന്‍ കത്തോലിക്കാ സഭ. സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും ലത്തീന്‍ സഭയിലെ ആരെയും ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി വിളിച്ചിരുന്നില്ലെന്നും ലത്തീന്‍ സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ജനകീയ സമീപനമാണ് സ്വീകരിച്ചതെന്നും അദേഹം പറഞ്ഞു.
ഔദ്യോഗികമായി ക്ഷണിക്കാതെ നോട്ടിസില്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് അച്ചടിച്ചു. ഇത് ദുരുദ്ദേശ്യത്തോടെയാണോ സദുദ്ദേശ്യത്തോടെയാണോ? മത്സ്യത്തൊഴിലാളിക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഫാ. യൂജിന്‍ പെരേര കുറ്റപ്പെടുത്തി.
മുതലപ്പൊഴിയില്‍ പോലും പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. കേന്ദ്ര വിഹിതം നല്‍കുന്നില്ലെന്ന പരാതിയാണ് ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ പറയുന്നെന്നും അദേഹം വിമര്‍ശിച്ചു.
തുറമുഖത്തിനെതിരായ സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല. വാഗ്ദാനങ്ങളില്‍ രണ്ട് കാര്യങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും ട്രയല്‍ റണ്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഫാ. യൂജിന്‍ പെരേര വ്യക്തമാക്കിയിരുന്നു.
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ അഭിനേതാക്കൾക്കുള്ള 68-ാമത് ഫിലിംഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളത്തിൽ നിന്ന് മൂന്ന് പുരസ്കാരങ്ങൾ ന്നാ താൻ കേസ് കൊട് സ്വന്തമാക്കി. മികച്ച നടനായി കുഞ്ചാക്കോ ബോബനും നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദർശനയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകൻ ന്നാ താൻ കേസ് കൊട് സിനിമയിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാൾ അർഹനായി. മികച്ച ചിത്രവും ന്നാ താൻ കേസ് കൊട് തന്നെയാണ്.
‘അറിയിപ്പ്’ മലയാളത്തിലെ നിരൂപക പ്രശംസ നേടിയ ചിത്രമായി. നിരൂപക പ്രശംസ നേടിയ മികച്ച നടിയായി രേവതിയും പുരസ്കാരത്തിന് അർഹയായി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്കാരം ലഭിച്ചത്.
തമിഴ് വിഭാഗത്തിൽ മികച്ച ചിത്രം ‘പൊന്നിയിൻ സെൽവൻ’. മികച്ച നടനായി കമൽഹാസനെ തിരഞ്ഞെടുത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സായി പല്ലവിയ്ക്കാണ് തമിഴിലെ മികച്ച നടിക്കുള്ള പുരസ്കാരം.
തെലുങ്ക് വിഭാഗത്തിൽ ആർ ആർ ആറിലെ അഭിനയത്തിന് മികച്ച നടനായി രാം ചരണും ജൂനിയർ എൻടിആറും പുരസ്കാരം പങ്കിട്ടു. കന്നഡയിൽ കാന്താരയിലൂടെ റിഷബ് ഷെട്ടിയും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു
മികച്ച സംവിധായകൻ (തെലുങ്ക്) – എസ് എസ് രാജമൗലി (ആർ ആർ ആർ)
മികച്ച സംവിധായകൻ (തമിഴ്) – മണിരത്നം (പൊന്നിയിൻ സെൽവൻ)
മികച്ച സംവിധായകൻ (കന്നഡ) – കിരൺ രാജ് കെ (777 ചാർളി)
മികച്ച നടൻ (കന്നഡ) – റിഷബ് ഷെട്ടി (കാന്താര)
മികച്ച ഗാന രചയിതാവ് (തെലുങ്ക്) – ശ്രീ വെണ്ണല സീതാരാമ ശാസ്ത്രി (സീതാ രാമം)
മികച്ച സഹനടി (തെലുങ്ക്) – നന്ദിക ദാസ് (വിരാട പർവ്വം)
മികച്ച സഹനടി (തമിഴ്) – ഉർവ്വശി (വീട്ടില വിശേഷം)
മികച്ച സഹനടൻ (തമിഴ്) – കാളി വെങ്കട് (ഗാർഗി)
മികച്ച സഹനടൻ (തെലുങ്ക്) – റാണ ദഗ്ഗുബാട്ടി (ഭീംല നായക്)
നിരൂപക പ്രശംസ നേടിയ ചിത്രം (തെലുങ്ക്) – സീതാരാമം
നിരൂപക പ്രശംസ നേടിയ ചിത്രം (മലയാളം) – അറിയിപ്പ്
നിരൂപക പ്രശംസ നേടിയ ചിത്രം (തമിഴ്) – കടൈസി വിവസായി
നിരൂപക പ്രശംസ നേടിയ നടൻ (തമിഴ്) – ധനുഷ് (തിരുചിട്രമ്പലം), മാധവൻ (റോക്‌ട്രി)
നിരൂപക പ്രശംസ നേടിയ നടൻ (തെലുങ്ക്) – ദുൽഖർ സൽമാൻ (സീതാരാമം)
നിരൂപക പ്രശംസ നേടിയ നടൻ (മലയാളം) – അലൻസിയർ (അപ്പൻ)
നിരൂപക പ്രശംസ നേടിയ നടൻ (കന്നഡ) – നവീൻ ശങ്കർ (ധരണി മണ്ഡല മധ്യദോലഗേ)
നിരൂപക പ്രശംസ നേടിയ നടി (തെലുങ്ക്) – സായി പല്ലവി (വിരാട പർവ്വം)
നിരൂപക പ്രശംസ നേടിയ നടി (തമിഴ്) – നിത്യ മേനോൻ (തിരുച്ചിട്രമ്പലം)
നിരൂപക പ്രശംസ നേടിയ നടി (കന്നഡ) – സപ്തമി ഗൗഡ (കാന്താര)
ക്രിക്കറ്റ് പരിശീലകൻ മനു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. കേസിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. അതി ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ രക്ഷിതാക്കൾ മനുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഇയാൾ കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ട്. കുട്ടികളുടെ ദൃശ്യങ്ങൾ അടങ്ങിയ ഡിവൈസുകൾ പിടിച്ചെടുത്ത് നശിപ്പിക്കണം, കേസിൽ മനു ഒറ്റയ്ക്കല്ല, ഇയാളുടെ സുഹൃത്തുക്കളിലേക്കും കെസിഎയിലെ ജീവനക്കാരിലേക്കും അന്വേഷണം എത്തണം തുടങ്ങിയ കാര്യങ്ങളും ഹർജിയിൽ പറയുന്നുണ്ട്.
ഇയാൾക്കെതിരെ നേരത്തേയുണ്ടായ കേസ് പണംകൊടുത്ത് ഒതുക്കിയെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മനു ഇപ്പോൾ റിമാൻഡിലാണ്. പത്തുവർഷത്തോളമായി ഇയാൾ പീഡനം തുടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പകർത്തിയതിനടക്കം നിലവിൽ ആറുകേസുകളാണ് മനുവിനെതിരെയുള്ളത്. ഇയാൾ അറസ്റ്റിലായതോടെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അവയെക്കുറിച്ചും അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്.
മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ സംഭവത്തിൽ വിശദീകരണം തേടി കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
മനു കഴിഞ്ഞ പത്ത് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചാണ്. ക്രിക്കറ്റ് ടൂർണമെന്റിന് പോകുമ്പോൾ മാത്രമല്ല പീഡനം നടന്നതെന്നും കെ സി എ ആസ്ഥാനത്തുവച്ചും പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോഴും പ്രതി അതിക്രമം നടത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോട്ടയം കടനാട് സ്വദേശി ജിനു എം.ജോയ് (36) ക്ക് 100 വർഷം തടവിനും 1.25 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2018 മുതൽ 2021 വരെ പ്രതി നിരവധി തവണ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് മേലുകാവ് സ്റ്റേഷൻ എസ്.എച്ച്. ഓ ആയിരുന്ന ജോസ് കുര്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.
വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പൽ വ്യാഴാഴ്ച എത്തിയപ്പോൾ അഭിമാനമായി വാണിയംകുളം സ്വദേശിയും. 10 വർഷമായി മർച്ചന്റ് നേവിയിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. വിഴിഞ്ഞത്തെത്തിയ സാൻഫെർണാഡോവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് വാണിയംകുളം അജീഷ് നിവാസിൽ പ്രജീഷ് ഗോവിന്ദരാജ് ജോലിക്ക് കയറിയത്.
ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസർ (ഇ.ടി.ഒ) ആയാണ് ജോലി ചെയ്യുന്നത്. കേരളത്തിനും ഇന്ത്യക്കും അഭിമാനമായ നേട്ടത്തിൽ ഒരു ജീവനക്കാരനായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രജീഷ് പറഞ്ഞു. കപ്പലിൽ അഞ്ച് ഇന്ത്യക്കാരാണുള്ളത്. ശരണ്യയാണ് ഭാര്യ. രണ്ടുവയസ്സുകാരൻ വിഹാനാണ് മകൻ. അച്ഛൻ: ഗോവിന്ദ രാജ്, അമ്മ: ശശി പ്രഭ.
പത്താം ക്ലാസ് വരെ ടി.ആർ.കെ. ഹൈസ്കൂളിലും, പ്ലസ്‌ടു ചളവറ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു. കുളപ്പുള്ളി ഐ.പി.ടിയിൽ നിന്ന് ഡിപ്ലോമയും പെരിന്തൽമണ്ണ എം.ഇ.എ.യിൽ നിന്ന് എൻജിനിയറിങ്ങും പൂർത്തിയാക്കി. മുംബൈയിൽ നിന്ന് മറൈൻ എൻജിനീയറിങ്ങും പൂർത്തിയാക്കി.
ഇടുക്കി പെരുവന്താനത്ത് പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഒ. മൊളൈസ് മൈക്കിളിനെ സസ്പെൻഡ് ചെയ്തു. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പാറാവുഡ്യൂട്ടിക്കുണ്ടായിരുന്ന മൊറൈസ് മൈക്കിളിന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളിൽ നിന്നാണ് വെടിപൊട്ടിയത്. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയുണ്ട തറച്ചത്.
ആയുധം അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ പേരിലാണ് മൊളൈസിനെ ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.