India

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവം നടന്ന് നാളുകൾക്ക് ശേഷം വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. കോക്പീറ്റിൽ കയറിയത് വിമാനം എങ്ങനെയാണ് ഓടിക്കുന്നതെന്ന് അറിയാനായിരുന്നു എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. വിമാനം അവർ പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അതുകൊണ്ട് ഓടിക്കുന്നത് കാണിച്ചു തരുമോയെന്ന് റിക്വസ്റ്റ് ചെയ്യാനാണ് താൻ ഉള്ളിലേക്ക് കയറാൻ ശ്രമിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ;

”കോക്പിറ്റീൽ കയറിയ അനുഭവത്തെക്കുറിച്ച് നിങ്ങൾ എന്നോടാണോ ചോദിക്കുന്നത്. അതിനെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്നവരോട് പോയി ചോദിക്കണം. ശരിക്കും കോക്പീറ്റ് എന്ന് പറഞ്ഞാൽ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാൻ പോയത്. നമ്മളെ ഒരു കോർണറിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു, ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല.

കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവർ പൊന്തിക്കുന്നത്. കോക്പീറ്റ് എന്ന് പറയുമ്പോൾ കോർപീറ്റ് എന്നാണ് ഞാൻ കേൾക്കുന്നത്. അവരോട് കോക്പീറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാൽ അവർ കാണിച്ച് തരും പക്ഷെ റിക്വസ്റ്റ് ചെയ്യാൻ അവരെ കാണണ്ടേ. ഞാൻ അതിനുള്ളിലേക്ക് അവരെ കാണാനായാണ് പോയത്. അവർ ഏത് സമയവും അതിനുളള്ളിലാണ്.

അങ്ങോട്ട് ചെന്നല്ലാതെ കാണാൻ കഴിയില്ലല്ലോ. ഫ്ളൈറ്റ് ഓടിക്കാനൊന്നും എനിക്ക് അപ്പോൾ തോന്നിയില്ല. അവർ ഇത് എങ്ങനെയാണ് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് ഞാൻ പോയി നോക്കിയത്. അതിൽ ഒരു എയർഹോസ്റ്റസും ഇല്ലായിരുന്നു. എനിക്ക് ആകെ ദേഷ്യം വന്നു,”

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ ആണ് സംഭവം.

താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. ഉത്തരാഖണ്ഡിലെ റൂർക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്.

ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഋഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ പ്ലാസ്റ്റിക് സര്‍ജറി അവിടെ വെച്ച് നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. അനാരോഗ്യത്തെത്തുടര്‍ന്നു ബുധനാഴ്ചയാണ് ഹീരാബെന്‍ മോദിയെ ഇവിടെ പ്രവേശിപ്പിച്ചത്. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.

ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ച മാതാവിനെ കാണാന്‍ പ്രധാനമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്‌സാനയിലെ വഡ്‌നഗറാണ് സ്വദേശം. നരേന്ദ്രമോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, വാസന്തിബെന്‍ ഹസ്മുഖ്‌ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്‌സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്.

യുകെ മലയാളിയായ രാജുവിനെ പേടിക്കാതെ ഒരു മൃഗവും ഇന്ന് കാടുകളിലില്ല. അത് ആഫ്രിക്കൻ കൊലകൊല്ലി കാട്ടു പോത്തു ആയാൽ പോലും. 84 മീറ്റർ അകലെനിന്നും ഒറ്റഷോട്ടിൽ ഒത്ത വലിപ്പമുള്ള ഒരു സിംഹത്തെ വരെ വെടിവെച്ചിട ഒരു മലയാളിയാണ് രാജു എന്ന യുകെ വാറുണ്ണി.

ഓരോ മൃഗത്തിനുമായി പ്രത്യേകം പ്രത്യേകം രാജു കരുതിവച്ചിരിക്കുന്നത് പന്ത്രണ്ടോളം റൈഫിളുകളാണ്. നായാട്ട് ജീവിതത്തിൻ്റെ ഭാഗമാക്കിയ ഈ വേട്ടക്കാരൻ്റെ തോക്കു ശേഖരത്തിൽ ലൈസൻസ് വേണ്ടതും വേണ്ടാത്തതുമായ എയർ ഗണ്ണുകൾ മുതൽ കിളികളേയും മുയലിനേയും വെടിവക്കാനുള്ള ഷോട്ട് ഗൺ കാട്ടിലെ വമ്പന്മാരെ വെടിവച്ചിടുന്ന 300, 375 റൈഫിളുകൾവരെയുണ്ട്.

500 പൗണ്ട് മുതൽ 4000 പൗണ്ടും അതിനു മുകളിലും വിലയുള്ള തോക്കുകളുണ്ട് രാജുവിൻ്റെ കൈയ്യിൽ. ഓരോന്നും ഉപയോഗിക്കേണ്ട സന്ദർഭവും രീതികളും നിയമങ്ങളും നീയന്ത്രണങ്ങളും ഈ വേടക്കാരന് സ്വന്തം ഉള്ളംകൈപോലെ മനപാഠം! ഒരു രാജ്യത്ത്നിന്നും മറ്റൊരു രാജ്യത്തേക്ക് തോക്കുകൾ കൊണ്ടുപോകുന്നതിൻ്റെ നൂലമാലകളും ആവേശത്തോടെ രാജു വിശദീകരിക്കും.

ഫയർ ആം സർട്ടിഫിക്കറ്റ്, ലോക്കറിൽ സൂക്ഷിക്കേണ്ട കാട്രിഡ്ജുകൾ, ലൈസൻസ് നടപടി ക്രമങ്ങൾ, കൈവശം സൂക്ഷിക്കാവുന്ന വെടിയുണ്ടകളുടെ എണ്ണം എന്നിങ്ങനെ യുകെയിലെ നിയമ വിധേയമായ നായാട്ടിൻ്റെ എല്ലാ വശങ്ങളും രാജുവിൻ്റെ കൈയ്യിൽ ഭദ്രം.

ഇതുവരെ വെടിവച്ചിടതിൽ ഏറ്റവും വലിയ മൃഗമേതെന്ന് ചോദിച്ചാൽ രാജുവിൻ്റെ ഉത്തരം ജിറാഫ് എന്നാണ്. സൗത്താഫ്രിക്കൻ പര്യടനത്തിലാണ് ആഫ്രിക്കൻ സിംഹവും കാട്ടുപോത്തും രാജുവിൻ്റെ ഉന്നത്തിന് മുന്നിൽ വീണത്. എന്നാൽ വേട്ടക്കാരൻ്റെ വീരകഥകൾക്കപ്പുറം മനുഷ്യനും മൃഗങ്ങളും പ്രകൃതിയുമായുള്ള അഗാധമായ ബന്ധത്തിൻ്റെ കഥയും രാജുവിന് പറയാനുണ്ട്.

വേട്ടക്കാർ പലപ്പോഴും അനധികൃതമായി കാട്ടിൽ കടന്നുകയറി വംശനാശത്തിൻ്റെ വക്കിലുള്ള ജീവികളെ കൊന്ന് അവയെ വിപണികളിലെത്തുക്കുന്ന വില്ലന്മാരാണ് പൊതുബോധത്തിൽ. എന്നാൽ ഒരു ടെറിട്ടറിയിൽ എണ്ണം കൂടുമ്പോഴും പ്രായം കൂടി ഇര തേടാവാത്ത നിലയിലും മൃഗങ്ങൾ എത്തിപ്പെടുന്ന വിഷമാവസ്ഥകളിൽ മനുഷ്യൻ നടത്തുന്ന പോസിറ്റീവായ ഇടപെടലായാണ് രാജു നായാട്ടിനെ വിശേഷിപ്പിക്കുക.

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാകുമ്പോൾ നിയമവിധേയമായ നായാട്ടിലൂടെ അത് പഴയപോലെ ആക്കിയെടുക്കാൻ വേട്ടക്കാരൻ വേണം. ഒപ്പം ഇര തേടാനാവാതെ നാട്ടിലിറങ്ങുന്ന പ്രായം ചെന്ന മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ കൂടിവരുമ്പോഴും നായാട്ടുകാരൻ്റെ സാന്നിധ്യം അനിവാര്യമാണെന്ന് രാജു ഓർമ്മിപ്പിക്കുന്നു.ഇരുപത്തഞ്ചോളം മൃഗങ്ങളെ നായാട്ടിൻ്റെ ഓർമ്മയ്ക്കായി സ്റ്റഫ് ചെയ്തു വക്കാനുള്ള ഒരുക്കത്തിലാണ് രാജു.

ഉള്ളിൽ ഒരു നായാട്ടുകാരൻ ഉറങ്ങിക്കിടക്കുന്നവർക്കും കാടിൻ്റെ വന്യത നിറഞ്ഞ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്കുമായി രാജുവിൻ്റെ കൈയ്യിൽ ഒട്ടേറെ കാര്യങ്ങളുണ്ട്. ഒപ്പം ലൈസൻസ് എടുക്കുന്നതിൻ്റേയും ഉത്തരവാദിത്തത്തോടെ വേട്ടയാടുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അങ്കമാലിക്കാരനായ ക്രുവിൽ താമസിക്കുന്ന രാജു എല്ലാം വിശദമായി പറഞ്ഞു തരും.

സ്വന്തം അനുഭവങ്ങൾ വിവരക്കുമ്പോഴും ഭീതിയോടെയും രോമാഞ്ചത്തോടെ അത് കേട്ടിരിക്കുന്ന നമ്മൾ കാണുന്നത് രാജുവിൻ്റെ കണ്ണുകളിൽ മിന്നുന്നത് കാടിൻ്റെ മടിത്തട്ടിൽ ഏകാഗ്രതയോടെ വേട്ട മൃഗത്തിനായി കാത്തിരിക്കുന്ന വേട്ടക്കാരൻ്റെ ജാഗ്രതയാണ്.

മലയാളസിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് നടൻ കൊച്ചുപ്രേമൻ. സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ കൊച്ചുപ്രേമൻ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഈ പ്രതിഭ കഴിഞ്ഞ മൂന്നാം തീയതി ലോകത്തോട് വിട പറഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ ആ ഹാസ്യതാരം ഇന്നും ഉദിച്ചുനിൽക്കുന്നുണ്ട്.

കൊച്ചുപ്രേമൻ എന്ന നടന്റെ മരണം മലയാളസിനിമയ്ക്ക് തന്നെ തീരാനഷ്ടമായി തീർന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരു പ്രതിഭ ഇല്ല എന്നതും ഒരു സത്യം. കൊച്ചുപ്രേമന്റെ ഭാര്യ ഗിരിജ പ്രേമൻ അഭിനയരംഗത്ത് ഇപ്പോഴും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിൽ ലക്ഷ്മിയമ്മയായ് അഭിനയിക്കുന്നത് ഗിരിജ പ്രേമനാണ്. ഇപ്പോൾ മകന്റെയും മരുമകളുടെയും ഒപ്പം അവാർഡ് വാങ്ങാൻ വന്ന ഗിരിജാ പ്രേമന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

തന്റെ ഭർത്താവിന്റെ മരണശേഷം ഇതാദ്യമായാണ് ഗിരിജ പ്രേമൻ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. സാന്ത്വനം സീരിയലിലെ മികച്ച അഭിനയത്തിനാണ് ഗിരിജാ പ്രേമൻ അവാർഡിന് അർഹയായത്. ഇത് കാണാൻ കൊച്ചുപ്രേമൻ ചേട്ടൻ ഇല്ലല്ലോ എന്നുള്ള ദുഃഖം മാത്രമായിരുന്നു ഗിരിജയ്ക്കുള്ളത്. കൊച്ചുപ്രേമന്റെയും ഗിരിജയുടെയും ആത്മബന്ധം അത്രയും ആഴത്തിലുള്ളതായിരുന്നു.

രണ്ടുപേരും അഭിനയരംഗത്ത് തന്നെ പ്രവർത്തിക്കുന്നവർ ആയതുകൊണ്ട് ഇരുവർക്കും പരസ്പരം മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിഞ്ഞിരുന്നു എന്നാണ് ഗിരിജ പറഞ്ഞിട്ടുള്ളത്. ഏറെ സങ്കടത്തോടെ ഈ അംഗീകാരം താൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നു എന്നും കൊച്ചുപ്രേമന് സമർപ്പിക്കുന്നു എന്നും ഗിരിജ പറഞ്ഞു. വർഷങ്ങളായി അഭിനയരംഗത്തുള്ള അഭിനേത്രിയാണ് ഗിരിജ പ്രേമൻ. സാന്ത്വനം സീരിയലിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് വീട്ടിലെ ഗൃഹനാഥയായ ലക്ഷ്മിയമ്മ. ലക്ഷ്മിയമ്മയായ് ഗിരിജ പ്രേമൻ മികച്ച അഭിനയം തന്നെയാണ് കാഴ്ചവെക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണിത്.

പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണം. പ്രതിഷേധവുമായി രംഗത്തെത്തി ബിജെപി. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം കര്‍ണിവല്‍ അധികൃതര്‍ നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രതിഷേധം അവസാനിപ്പിച്ചത്.

കൊവിഡിന് ശേഷം രണ്ടുവര്‍ഷത്തിനുശേഷമെത്തുന്ന കൊച്ചിന്‍ കാര്‍ണിവലും. 39 വര്‍ഷത്തിലേക്ക് കടക്കുകയാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍. കാര്‍ണിവലിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാന്‍ നിരവധി പേരാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും എത്തുന്നത്.

ശനി രാത്രി പാപ്പാഞ്ഞിയെ കത്തിക്കല്‍. ജനുവരി ഒന്നിന് പകല്‍ 3.30ന് കൊച്ചിന്‍ കാര്‍ണിവല്‍ റാലിയോടെയാണ് സമാപനം. പരേഡ് ഗ്രൗണ്ടില്‍ രാത്രി ഏഴിന് സമാപന സമ്മേളനം നടക്കും. ഇതുകൂടാതെ വിവിധ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീയായി ഒരുക്കിയ മഴമരം കാണാന്‍ വന്‍ത്തിരക്കാണ്.

എയര്‍ ഇന്ത്യയുടെ ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസ് സമ്മര്‍ ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതു വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സര്‍വീസ് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ബുക്ക് ചെയ്തിരുന്ന മലയാളികള്‍ക്ക് അറിയിപ്പ് വന്നത്.

എയര്‍ ഇന്ത്യയുടെ കൊച്ചി -ലണ്ടന്‍ ഡയറക്ട് ഫ്‌ളൈറ്റ് സമ്മര്‍ ഷെഡ്യൂളില്‍ നിന്ന് അപ്രത്യക്ഷമായതിനെ കുറിച്ച് അന്വേഷിക്കാമെന്ന് എയര്‍ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ ബുക്കിങ് സൈറ്റുകളില്‍ നിന്ന് ഈ സര്‍വീസ് അപ്രത്യക്ഷമായ കാര്യം ചൂണ്ടിക്കാട്ടി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി എയര്‍ഇന്ത്യ സിഇഒ കാംബെല്‍ വില്‍സന് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം അന്വേഷിക്കാമെന്നും കൂടുതല്‍ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം നെറ്റ്വര്‍ക്ക് പ്ലാനിങ് ടീമുമായി ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചത്.

ബ്രിട്ടനിലെ മലയാളി സമൂഹം ഏറെ ആശ്രയിക്കുന്ന സര്‍വീസ് ഇല്ലാതാകുന്നത് അസൗകര്യമാണെന്നും മലയാളി സമൂഹം കൂടുതല്‍ സര്‍വീസുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ നിലവിലെ സര്‍വീസ് ഇല്ലാതാക്കുന്നത് നിരാശാ ജനകമാണെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി ഇ മെയില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

എയര്‍ ഇന്ത്യയുടെ ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസ് നിന്നുപോകുന്നതിന്റെ സൂചനകള്‍ യുകെ മലയാളികള്‍ക്ക് ആശങ്കയായിരുന്നു. ദുബായ് വഴിയും ഡല്‍ഹി വഴിയും റീ ഷെഡ്യൂള്‍ ചെയ്യാനും എയര്‍ ഇന്ത്യ ആരംഭിച്ചതാണ് എല്ലാവരിലും നിരാശയുണ്ടാക്കിയത്. പല മലയാളികള്‍ക്കും റീഷെഡ്യൂള്‍ ബുക്കിങ് സൈറ്റുകളിലൊന്നും 2023 ഏപ്രിലിന് ശേഷം ഇങ്ങനെ ഒരു സര്‍വീസ് കാണിക്കുന്നില്ല, അടുത്ത വര്‍ഷം ജൂലൈ ആഗസ്ത് മാസങ്ങളില്‍ എയര്‍ഇന്ത്യ ഡയറക്ട് ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്ക് ബുക്ക് ചെയ്തിരുന്ന പലരുടേയും ടിക്കറ്റ് മാറ്റിയതായി ഇ മെയില്‍ കിട്ടി. ഇതെല്ലാം ഡയറക്ട് കൊച്ചി ഫ്‌ളൈറ്റ് ഇനിയില്ലെന്ന സൂചന നല്‍കുന്നതാണ്.

ആഴ്ചയില്‍ മൂന്നു ദിവസമുള്ള സര്‍വീസ് അഞ്ചു ദിവസമാക്കാനുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്നായിരുന്നു ലോക കേരള സഭ യൂറോപ് മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കൊച്ചി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കൂടിയായ പ്രമുഖ വ്യവസായി എം എ യൂസഫലിയും ഇക്കാര്യം ശരിവച്ചിരുന്നു. എന്നാല്‍ എയര്‍ഇന്ത്യയുടെ പുതിയ നിലപാട് ആശങ്കയുണ്ടാക്കിയിരുന്നു. കുറച്ചു കാലം മുമ്പും എയര്‍ഇന്ത്യ കൊച്ചി ഡയറക്ട് സര്‍വീസ് കുറച്ചുകാലത്തേക്ക് ബുക്കിങ് സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ശക്തമായ ഇടപെടലിലാണ് വീണ്ടും ആരംഭിച്ചത്.

കോവിഡ് സമയത്ത് വന്ദേ ഭാരത് എന്ന പേരിലാണ് ഡയറക്ട് സര്‍വീസ് തുടങ്ങിയത്. പിന്നീട് കോവിഡിന് ശേഷവും റെഗുലര്‍ ഷെഡ്യൂളായി. ആഴ്ചയില്‍ ഒരു സര്‍വീസ് എന്നത് തിരക്കു പരിഗണിച്ച് മൂന്നായി. പത്തു മണിക്കൂറില്‍ ഒറ്റപറക്കലില്‍ നാട്ടിലെത്താമെന്നതായിരുന്നു ഇതിന്റെ ഗുണം. കുട്ടികളും പ്രായമായവരുമൊക്കെ ഈ സര്‍വീസ് പ്രയോജനപ്പെടുത്തിയിരുന്നു.

 

അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലെ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളിയിൽ വീണ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു.

ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നി വീണായിരുന്നു അപകടം.

ഡിസംബർ 26ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ചാൻഡ്‍ലർ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തിൽ നിന്നു പുറത്തെടുത്തു ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. നാരായണ, ഗോകുൽ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പ്രവിശ്യ ഷെരീഫ് വ്യക്തമാക്കി.

വൻ ശീതകാല കൊടുങ്കാറ്റ് വടക്കേ അമേരിക്കയെ ആഞ്ഞടിക്കുന്നത് തുടരുന്നതിനാൽ പത്ത് ദശലക്ഷത്തിലധികം അമേരിക്കക്കാരും കാനഡക്കാരും പ്രശ്നങ്ങൾ നേരിടുകയാണ്. സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റാണ് അടിക്കുന്നത്. യുഎസ്. 3,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 25 കോടിയോളം ജനങ്ങളെ ശൈത്യബോംബ് ബാധിച്ചു. യുഎസിലാകെ 62 പേർ മരിച്ചതായാണഅ വിവരം.

മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയർന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്ക് ആർട്ടിക് ധ്രുവമേഖലയിൽ നിന്നുള്ള അതിശൈത്യക്കാറ്റ് പെട്ടെന്നു വന്നുനിറഞ്ഞാണു ബോംബ് ചുഴലി രൂപപ്പെടുന്നത്. യുഎസിൽ ചിലയിടങ്ങളിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസും കടന്നു കുത്തനെ താഴേക്കു പോയി.

യുഎസിൽ 45 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ശീതക്കാറ്റാണ്. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്റിമീറ്റർ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മ​ഞ്ഞുവീണ് കിടക്കുകയാണ്.

മണിക്കൂറിൽ 64 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന ശീതക്കൊടുങ്കാറ്റു മൂലം ഞായറാഴ്ച മാത്രം 1,707 ആഭ്യന്തര-രാജ്യാന്തര വിമാനസർവീസുകൾ യുഎസിൽ റദ്ദാക്കി. ജപ്പാനിൽ അതിശൈത്യം കാരണം 17 പേർ മരിച്ചു. വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും എന്നാണ് മുന്നറിയിപ്പ്. നൂറുകണക്കിനു പേർക്ക് ഹിമപാതത്തിൽ പരുക്കേറ്റിട്ടുണ്ട്.

കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതൽ മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ വരെ വീശുന്ന ശീതക്കാറ്റ് യുഎസിലെ 60% പേരെയും ബാധിച്ചതായാണ് വിവരം. ഈ മേഖലയിൽ അന്തരീക്ഷമർദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണ് വിവരം.

പുറ്റേക്കരയില്‍ യുവ എന്‍ജിനീയർ ദുരൂഹമായി കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റില്‍. ബേക്കറി ജീവനക്കാരനായ ടിനുവിനെയാണ് അറസ്റ്റ് ചെയ്തത്. വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു.

പുറ്റേക്കര സ്വദേശി അരുണ്‍ലാലും പ‍ടിഞ്ഞാറെകോട്ട സ്വദേശിയായ ടിനുവും സുഹൃത്തുക്കളായിരുന്നു. ദിവസവും ഒന്നിച്ചിരുന്നാണു മദ്യപിക്കുന്നത്. ടിനു ബേക്കറി ജീവനക്കാരനാണ്. ഇരുവരും വൈകുന്നേരങ്ങളില്‍ തമ്പടിക്കുന്ന വഴിയില്‍ സ്ഥിരമായി നടന്നു പോകാറുള്ള പെണ്‍കുട്ടി ടിനുവിനെ നോക്കി ഒരുതവണ ചിരിച്ചു. പിറ്റേന്ന് ഈ പെണ്‍കുട്ടി വരുന്ന സമയത്ത് അരുണ്‍ലാല്‍ കളിയാക്കി. പിന്നീടങ്ങോട്ട് ടിനുവിനെ ഈ പെണ്‍കുട്ടി ഗൗനിക്കാറില്ല.

ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ടിനുവിന്റെ മനസ്സില്‍ അരുണിനോടു പക തോന്നി. കൊല്ലാന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം ഇരുവരും ഒന്നിച്ചു ബാറിലിരുന്നു മദ്യപിച്ചു. അരുണിനെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിടാമെന്നു ടിനു പറഞ്ഞു. തുടർന്നു പുറ്റേക്കരയിലെ വീട്ടിലേക്കു യാത്ര തുടങ്ങി. ഇടവഴിയില്‍ എത്തിയപ്പോള്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. ബീയര്‍ കുപ്പിക്കൊണ്ട് മുഖത്തിടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു.

അരുൺലാൽ മരിച്ചെന്ന് കരുതി ടിനു സ്ഥലംവിട്ടു. അരുണ്‍ലാലിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് 2 മണിക്കൂറിനു ശേഷമായിരുന്നു മരണം. ടിനുവിന്റെ ബൈക്ക് കടന്നുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. 2 പേര്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നത് നാട്ടുകാര്‍ കാണുകയും ചെയ്തിരുന്നു. പേരാമംഗലം പൊലീസും കമ്മിഷണറുടെ സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ വീട്ടില്‍നിന്നു പിടികൂടിയത്.

ഹൗസ് ബോട്ട് മുങ്ങി ഒരു മരണം. ആലപ്പുഴ ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹൗസ് ബോട്ട് ആണ് അപകടത്തില്‍ പെട്ടത്.

ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡിയാണ് മരിച്ചത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെയും ഹൗസ്ബോട്ടിലെ ഒരുജീവനക്കാരനെയും സമീപത്തുണ്ടായിരുന്ന മറ്റ് ഹൗസ്ബോട്ടുകളിലെ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്.

ഹൗസ് ബോട്ടിന്‍്റെ അടിത്തട്ടിലെ പലക തകര്‍ന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. കുതിരപ്പന്തി സ്വദേശി മില്‍ട്ടന്‍്റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓര്‍ക്കിഡ് എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത് എന്നാണ് വിവരം. സുനന്ദന്‍ എന്ന ഹൗസ് ബോട്ട് ജീവനക്കാരനാണ് സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്നത്.

RECENT POSTS
Copyright © . All rights reserved