ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുടെ പേരില്‍ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ നടപടി എടുക്കുന്നതില്‍ സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത. ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചക്ക് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്. നടപടി വേണമെന്ന നിലപാടില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ ഇന്നും നാളെയും ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കും. ബിനോയ് വിഷയത്തില്‍ സെക്രട്ടറിയേറ്റ് നിലപാടും സംസ്ഥാന സമിതിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യും.
ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരിഗണിക്ക് വന്നെങ്കിലും ഉദ്യോഗ്ഥരുടെ വീഴ്ചക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.ഉദ്യോഗ്ഥരെ നിലക്കു നിര്‍ത്താനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ചക്ക് പി.കെ.ശ്യാമളക്ക് എതിരെ നടപടി എടുക്കുന്നത് ഉചിതമല്ലെന്ന വികാരമാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഓരോ ഉദ്യോഗസ്ഥരും ചെയ്യുന്ന വീഴ്ചക്ക് ജനപ്രതിനിധിക്കെതിരെ നടപടി എടുക്കാന്‍ നിന്നാല്‍ അതിനെ സമയമുണ്ടാവൂ.അനധികൃത നിര്‍മാണങ്ങള്‍ പ്രോല്‍സാഹിപ്പിക്കെപ്പെടാന്‍ ഇതു കാരണമാകുമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.എന്നാല്‍ പി.കെ.ശ്യാമളക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ മാത്രമേ നടപടി വേണമോ എന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ചക്ക് വരികയൊള്ളൂ.
ശ്യാമളക്കെതിരെ നടപടി എന്നത് പി.ജയരാജന്റെ ആവശ്യമായതിനാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിമുള്ളതെന്നാണ് സൂചന.ഇതോടെ ആന്തൂര്‍ വിഷയത്തില്‍ സി.പി.എമ്മിനുള്ളില അഭിപ്രായ ഭിന്നത കൂടുതല്‍ പ്രകടമാവുകയാണ്.
വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഇടപെട്ടതിൽ അത്രയ്ക്കു പകയുണ്ടായിരുന്നു അവർക്ക്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമളയെ മറികടന്നു മറ്റേതെങ്കിലും വഴിയിൽ അനുമതി നേടിയെടുത്താലും അവരുടെ എതിർപ്പ് നിലനിൽക്കെ ആന്തൂർ പോലെ ഒരു പാർട്ടി ഗ്രാമത്തിൽ തുടർന്നു പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു.
പി.കെ.ശ്യാമളയ്ക്കും ഭർത്താവ് എം.വി.ഗോവിന്ദനുമൊക്കെ പ്രദേശത്തു നല്ല സ്വാധീനമുണ്ട്. അവരുടെ എതിർപ്പു മറികടന്നു പ്രവർത്തിപ്പിക്കുമ്പോൾ 18 കോടി മുടക്കി നിർമിച്ച കൺവൻഷൻ സെന്റർ ആക്രമിക്കപ്പെടുമോ എന്നു വരെ ഭയപ്പെട്ടു. അധ്യക്ഷയ്ക്കെതിരെ പരാതി പറഞ്ഞതിനാൽ സാജേട്ടന്റെ ജീവനു ഭീഷണിയുണ്ടാകുമോ എന്നു പോലും ഭയമുണ്ടായിരുന്നു.
പാർട്ടി കേന്ദ്രങ്ങളിൽ പാർട്ടിക്ക് ഇഷ്ടമില്ലാത്തതു ചെയ്തവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും തല്ലിത്തകർക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. വിദേശത്തുനിന്നു മടങ്ങിയെത്തി ഇവിടെ സ്ഥിര താമസം ആക്കിയതു മുതൽ അത്തരം കഥകളൊക്കെയാണു കേട്ടിരുന്നത്. ഇതും അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഒരു ഘട്ടത്തിൽ കൺവൻഷൻ സെന്റർ പാർട്ടിക്കു തന്നെ നൽകി കയ്യൊഴിഞ്ഞാലോ എന്നു വരെ ആലോചിച്ചു.
നഗരസഭയുടെ അനുമതി കിട്ടാത്തതു കൊണ്ടു മാത്രം ആരെങ്കിലും ആത്മഹത്യ ചെയ്യുമോ എന്നാണിപ്പോൾ പലരും ചോദിക്കുന്നത്. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി ഒരു സംരംഭം തുടങ്ങി അതിൽനിന്ന് ഒരു രൂപ പോലും വരുമാനം കിട്ടില്ല എന്നു ഭയപ്പെടുന്ന സമയത്താണു നഗരസഭാധ്യക്ഷ മുഖത്തു നോക്കി പറയുന്നത് ‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം അനുമതി ലഭിക്കില്ല’ എന്ന്.
അനുമതിക്കായി നടന്നു മടുത്ത സാജേട്ടൻ അവസാന ഒരാഴ്ചയായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. രാവിലെ വീട്ടിൽനിന്നു പോയാൽ രാത്രി ഏറെ വൈകിയാണു തിരിച്ചു വരുന്നത്. ഉറക്കം നഷ്ടപ്പെട്ടിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കുന്ന അദ്ദേഹത്തെ ഏറെ തകർന്ന അവസ്ഥയിലാണു കണ്ടത്. 10 കോടി രൂപയായിരുന്നു കൺവൻഷൻ സെന്ററിനായി അദ്ദേഹം മനസ്സിൽ കണക്കാക്കിയിരുന്നത്. എന്നാൽ 3 വർഷം കൊണ്ടു നഗരസഭയുടെ ഉടക്കു കൊണ്ട് ഉദ്ദേശിച്ച സമയത്തൊന്നും പണി പൂർത്തിയായില്ല. വീണ്ടും അധിക തുക കണ്ടെത്തേണ്ടി വന്നു.
അനുമതി നൽകിയില്ലെങ്കിൽ മുന്നോട്ടുള്ള വഴിയടയുമെന്നു നഗരസഭാധ്യക്ഷയോടു പറഞ്ഞിരുന്നു. അതവിടെ ഒരു സ്തൂപമായി നിൽക്കട്ടെ എന്നാണു പി.കെ.ശ്യാമള അപ്പോൾ പറഞ്ഞത്. എന്റെ കാലശേഷം എന്റെ മക്കൾക്കെങ്കിലും നിങ്ങൾ അനുമതി കൊടുക്കേണ്ടി വരും എന്ന് പറഞ്ഞിട്ടാണു മടങ്ങിയെത്തിയത്. പക്ഷേ വീട്ടിലെത്തിയപ്പോൾ വളരെ നിരാശനായിരുന്നു. തുരുമ്പെടുത്തു നശിക്കട്ടെ, തൂക്കി വിൽക്കാം, ഇനി പുറകേ പോകാൻ വയ്യ എന്നാണു പറഞ്ഞത്
വേണമെങ്കിൽ ഞാൻ പോയി പി.കെ.ശ്യാമളയുടെ കാൽ പിടിക്കാം എന്നു പറഞ്ഞു. ബിസിനസ് കാര്യങ്ങളിൽ ഒരിക്കലും എന്നെ വലിച്ചിഴക്കാൻ ഇഷ്ടപ്പെടാത്ത ആളാണ്. അന്നെന്നോടു പോകാമോ എന്നു ചോദിച്ചു. പിന്നെ പറഞ്ഞു, ആരും പോയിട്ട് കാര്യമില്ല, ഒരിക്കലും അനുമതി കിട്ടാൻ പോകുന്നില്ല
നഗരസഭാധ്യക്ഷയ്ക്കെതിരെ നടപടിയെടുക്കുമെന്നാണു വീട്ടിലെത്തിയ സിപിഎം നേതാക്കൾ ഉറപ്പു പറഞ്ഞത്. ആ വാക്കിൽ വിശ്വാസമുണ്ട്. പാർട്ടി ശാസനയോ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കലോ പോരാ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം. അവരുടെ വൈരാഗ്യബുദ്ധിയോടെയുള്ള പ്രവർത്തനം മാത്രമായിരുന്നു ആത്മഹത്യക്കു കാരണം
സാജേട്ടൻ മരിച്ച് ഒരാഴ്ചയാകാറായി. മരണവും വിവാദവും ഒക്കെ ഒരു വശത്തു നടക്കുന്നുണ്ടെങ്കിലും കൺവൻഷൻ സെന്ററിന് അനുമതി നൽകുന്നതിനെക്കുറിച്ചു മാത്രം ആരും പറയുന്നില്ല. ഭർത്താവും കുട്ടികളുമായി ചെറിയ ഒരു ലോകത്തു ജീവിച്ചയാളാണു ഞാൻ. ഒരുപാടു കാര്യങ്ങൾ പാതിവഴിക്കു നിർത്തിയിട്ടാണ് അദ്ദേഹം പോയത്. ഇനി അതെല്ലാം ചെയ്തു തീർക്കേണ്ടത് എന്റെ മാത്രം ബാധ്യതയായി.
18 കോടിയുടെ സ്ഥാപനവും രണ്ടു മക്കളുടെ വിദ്യാഭ്യാസവും പൂർത്തിയാക്കേണ്ടതുണ്ട്. നൈജീരിയയിൽ ജീവിക്കാൻ ഇഷ്ടപ്പെട്ട എന്നെയും മക്കളെയും നാടിന്റെ സ്നേഹം അറിയാമെന്നു പറഞ്ഞു പിടിച്ചു വലിച്ചാണു 4 വർഷം മുൻപ് ഇങ്ങോട്ടു കൊണ്ടു വന്നത്. കൺവൻഷൻ സെന്റർ തുടങ്ങിയതിന്റെ പേരിൽ ഈ 3 വർഷം അദ്ദേഹം അനുഭവിക്കാത്ത പീഡനമില്ല. ഇതാണോ ഈ നാടിന്റെ സ്നേഹം.
ജൂൺ 2നു പി.ജയരാജന്റെ മകന്റെ വിവാഹത്തിൽ സാജേട്ടൻ പങ്കെടുത്തിരുന്നു. അതിന്റെ പേരിലും പകപോക്കിയതായി സാജേട്ടനു സംശയമുണ്ടായിരുന്നു. ‘ഞാൻ കല്യാണത്തിനു പോയത് അവർ അറിഞ്ഞിട്ടുണ്ട്, പി.കെ.ശ്യാമളയുമായി അടുപ്പമുള്ള ഒരാൾ എന്നോടു വിളിച്ചു ചോദിച്ചു’ എന്ന് വളരെ വിഷമത്തോടെയാണ് വീട്ടിൽ പറഞ്ഞത്. പി.ജയരാജൻ വിഷയത്തിൽ ഇടപെട്ടതു മുതൽ ശ്യാമള പകയോടെ പെരുമാറി. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കിട്ടാതായപ്പോൾ വീണ്ടും പി.ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണു പണ്ട് അപമാനിച്ചതെന്ന് ഓർത്തപ്പോൾ വേണ്ടെന്നു വച്ചു
ഇനിയും ജയരാജനെ കണ്ടാൽ അവർക്കു പക കൂടും. പ്രായമായ എന്റെ അച്ഛനും അനുമതിക്കായി പലപ്പോഴും നഗരസഭാധ്യക്ഷയെ കണ്ടിരുന്നു. മേലാൽ വരരുതെന്നു പറഞ്ഞ് അപമാനിച്ചയച്ചു.എന്തു കൊണ്ട് അനുമതി കിട്ടാത്ത കാര്യം അറിയിച്ചില്ലെന്നു മരണവിവരമറിഞ്ഞു വീട്ടിലെത്തിയ പി.ജയരാജൻ അന്വേഷിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ സഹായം തേടി എന്ന കാരണം കൊണ്ടാണ് നഗരസഭാധ്യക്ഷ ഞങ്ങളെ കൂടുതൽ ദ്രോഹിച്ചത്. ജയരാജന്റെ സഹായം തേടുന്നതിനു മുൻപ് എം.വി.ഗോവിന്ദനെ സമീപിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.
ഇടുക്കി: പാഞ്ചാലിമേട്ടിലെ ഭൂമി കൈയേറ്റ വിവാദത്തിൽ ദേവസ്വം ബോർഡിനെ പാടെ തള്ളി ഇടുക്കി ജില്ലാ കളക്ടർ എച്ച്.ദിനേശൻ. സ്ഥലത്ത് ബോർഡിന് ഒരിഞ്ചു ഭൂമിപോലുമില്ലെന്ന് കളക്ടർ വ്യക്തമാക്കി. ക്ഷേത്രം നിൽക്കുന്നത് കൈയേറ്റ ഭൂമിയിൽ തന്നെയാണെന്നു പറഞ്ഞ കളക്ടർ കോടതി ഉത്തരവിട്ടാൽ പാഞ്ചാലിമേട്ടിലെ എല്ലാ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കളുടെ വക പൊതിരെ തല്ല് . സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി മുട്ടപ്പള്ളി വേലംപറമ്പിൽ ആൽബിൻ വർഗീസിനെ(20) കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.
എരുമേലിയില്‍ കോളജില്‍ ബിരുദ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ഥിനിയോട് കുറെനാളുകളായി വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇത് നിഷേധിച്ചിരുന്നു. ഇതോടെയാണു പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന ഭീഷണി ഉണ്ടായത്. യുവാവിന്റെ ഭീഷണിയെ തുടര്‍ന്നു വിദ്യാര്‍ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പലതവണ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ യുവാവിനെ താക്കീതു ചെയ്തിരുന്നു. കോളേജ് വിട്ടുവരുമ്ബോള്‍ എരുമേലി ബസ് സ്റ്റാന്‍ഡില്‍ പലപ്പോഴായി വിദ്യാര്‍ഥിനിയോട് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി വഴങ്ങിയില്ല.
പക തീർക്കാൻ ക്യാംപസിലെത്തി കരണത്തടിക്കുകയായിരുന്നെന്നു വിദ്യാർഥിനി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. വിവരമറിഞ്ഞ് ഇന്നലെ വൈകിട്ട് വിദ്യാർഥിനിയുടെ ബന്ധുക്കൾ മുക്കൂട്ടുതറ കവലയിൽ വച്ച് ഇയാളെ പിടികൂടി കൈകാര്യം ചെയ്തെന്നു എരുമേലി സിഐ ദിലീപ് ഖാൻ പറഞ്ഞു. ഇയാൾ ലഹരി മരുന്നിന് അടിമയാണെന്നും ആരോപണമുണ്ട്. കിഴക്കൻ മേഖലയിൽ വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ സജീവ പങ്കാളിയാണ് ഇയാളെന്നു സൂചനയുള്ളതായി പൊലീസ് പറഞ്ഞു.
വിവാദങ്ങൾക്കിടയിൽ ഇന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തിന് തുടക്കം. ബിനോയ് കോടിയേരിക്ക് എതിരായി ഉയർന്ന പീഡന പരാതി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്യും.
പീഡനക്കേസില്‍ ആരോപണ വിധേയനായ തന്റെ മകന്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ബിനോയിക്കു മാത്രമാണെന്നുമാണ് കഴിഞ്ഞദിവസം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. വിവാദങ്ങൾ ആരംഭിച്ചതിന് ശേഷം മകനെ കണ്ടിട്ടില്ലെന്നും മകൻ എവിടെയാണ് എന്ന് തനിക്കറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല ഇതെന്നും, കുറ്റാരോപിതരെ സംരക്ഷിക്കേണ്ട നിലപാടല്ല പാർട്ടിയുടേതെന്നും സ്വന്തം ചെയ്തികളുടെ ഫലം കുറ്റം ചെയ്തവർ തന്നെ അനുഭവിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
പ്രവാസി സംരംഭകൻ സാജന്‍റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി കെ ശ്യാമളക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും. ഈ വിഷയത്തിൽ കണ്ണൂരിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ പി.കെ ശ്യാമള കഴിഞ്ഞദിവസം രാജിക്കത്ത് കൈമാറിയിരുന്നു.
സംഭവത്തിൽ പി.കെ. ശ്യാമളയെ വിമര്‍ശിച്ച് സിപിഎം നേതാവ് പി. ജയരാജൻ രംഗത്തെത്തിയിരുന്നു. വേണ്ട വിധത്തിൽ ഇടപെടാൻ ചെയർപേഴ്സണു സാധിച്ചില്ല. ജനപ്രതിനിധികൾ നഗരസഭാ ഉദ്യോഗസ്ഥരെ തിരുത്തി മുന്നോട്ടു പോകേണ്ടതായിരുന്നുവെന്നും പി.കെ. ശ്യാമള വേദിയിലിരിക്കെ അദ്ദേഹം വിമർശിച്ചു. ധര്‍മശാലയില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ജയരാജന്റെ വിമർശനം.
ലോക്സഭ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവി സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്കെതിരെ ഉടൻ നടപടി ഉണ്ടാവില്ല. നാരായണസ്വാമിക്കെതിരെ ഉടൻ അച്ചടക്കനടപടി എടുക്കണമെന്നാവശ്യപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു. വിശദീകരണം ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമിയ്ക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് നൽകാനായി തയ്യാറാക്കിയത്. മന്ത്രാലയത്തിന് സമർപ്പിക്കും മുമ്പ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി നൽകിയ റിപ്പോർട്ടാണ് ഇപ്പോള്‍ തിരിച്ചയച്ചത്.
സർക്കാർ സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചു, ഓഫീസിൽ കൃത്യമായി ഹാജരായില്ല, കേന്ദ്ര സര്‍വീസിൽ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല എന്നിവയായിരുന്നു സമിതി അദ്ദേഹത്തിനെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. ഇക്കാര്യങ്ങളുടെ പേരിൽ നടപടിയെടുക്കാമോ എന്ന വിശദീകരണം ചോദിച്ചാണ് മുഖ്യമന്ത്രി റിപ്പോർട്ട് തിരിച്ചയച്ചതെന്നാണ് വിവരം.
പാലക്കാട് എംപിയുടെ മുഖത്ത് ഇനി വർഷങ്ങൾക്ക് മുൻപെടുത്ത പ്രതിജ്ഞ ഉണ്ടാവില്ല. താടി വടിച്ചെത്തിയ പ്രിയ എംപിക്കൊപ്പം നിന്ന് സെൽഫി എടുത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ. ശ്രീകണ്ഠനും മുഖത്തെ താടിയും വർഷങ്ങൾ പഴക്കുള്ള ഒരു പ്രതിഞ്ജയുടെ കഥയാണ്. ആ മധുരപ്രതികാരത്തിന് കൂടിയാണ് ഇന്ന് കത്തി വച്ചതോടെ തിരശ്ശീല വീണത്.
ഇൗ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു പാലക്കാട്ടെ വി.കെ.ശ്രീകണ്ഠന്റേത്. സിറ്റിങ് എംപി എം ബി രാജേഷിനെ 11, 637 വോട്ടിനാണ് ശ്രീകണ്ഠൻ തോൽപ്പിച്ചത്. സിപിഎമ്മിനെ തോൽപ്പിച്ചാൽ മാത്രമെ താടിയെടുക്കൂ എന്നായിരുന്നു ശ്രീകണ്ഠന്‍ വിദ്യാർഥിയായിരിക്കുമ്പോൾ നടത്തിയ പ്രതിഞ്ജ.ആ വാക്ക് പാലിക്കുമെന്നും ഒറ്റത്തവണ താടിയെടുക്കുമെന്നും ശ്രീകണ്ഠൻ, എംപി പറഞ്ഞിരുന്നു.
‘എന്റെ കുട്ടിക്കാലത്ത് കണ്ണൂരിനൊപ്പം തന്നെ രാഷ്ട്രീയ അക്രമങ്ങൾ നടന്നിരുന്ന സ്ഥലമായിരുന്നു പാലക്കാട്. ആലത്തൂരിൽ പൊതുപ്രവർത്തനങ്ങൾക്ക് ആരും പുറത്തിറങ്ങാൻ ധൈര്യപ്പെട്ടിരുന്നില്ല. മൃഗീയമായ അടിച്ചൊതുക്കലുകള്‍ നടന്നിരുന്ന കാലത്താണ് ഞാൻ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലം മുതലെ എന്നെ വട്ടമിട്ട് ആക്രമിച്ചിരുന്നു. ഒടുവിലെ ആക്രമണത്തിൽ എന്റെ കാല് വെട്ടി, എന്റെ മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാൻ താടി വളർത്തി. ആ താടി പിന്നീട് എനിക്കൊരു അനുഗ്രഹമായി. ചിലർ സ്റ്റൈലാണെന്ന് പറഞ്ഞു. പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളർത്തുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ പറഞ്ഞത്, ഒരിക്കൽ ഞാൻ താടിയെടുക്കും, സിപിഎം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന്.’ ശ്രീകണ്ഠൻ പറഞ്ഞു.
രാജ്യത്തെ നടുക്കി ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം കൂടുകയാണ്. ഇതിൽ 108 കുട്ടികൾ മരണമടഞ്ഞ മുസാഫർപുരിലെ മെഡിക്കല്‍ കോളജ് ആശുപത്രി മറ്റൊരു വിവാദത്തിലും നിറയുകയാണ്. ആശുപത്രിയുടെ പരിസരത്തു നിന്ന് തലയോട്ടികളും അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. തലയോട്ടിയും അസ്ഥികൂടങ്ങളും മറ്റ് അവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ആശുപത്രിയിൽ നിന്നും പുറന്തള്ളപ്പെട്ടവയാണ് ഇവയെന്നാണു കരുതുന്നത്. സംഭവത്തിൽ വിശദ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്.
‘അസ്ഥികൂടങ്ങൾ പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് കൃത്യമായി നീക്കം ചെയ്യണ്ടതായിരുന്നു. അൽപംകൂടി മാനുഷിക സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിയിരുന്നു’ – എസ്കെഎംസിഎച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ട് എസ്.കെ ഷാഹി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് പ്രിന്‍സിപ്പലുമായി ഇക്കാര്യം സംസാരിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും ഷാഹി വ്യക്തമാക്കി.അസ്ഥികൂടങ്ങളും മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയ ആശുപത്രി പരിസരത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച് 108 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ആശുപത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് മനുഷ്യത്വരഹിതമായ സമീപനവും ചർച്ചയാകുന്നത്.
ബിഹാറിൽ ഇതുവരെ 145 കുട്ടികളാണ് മസ്തിഷക ജ്വരത്തെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിൽ കൂടുതലും മുസാഫർപുർ ജില്ലയിൽ നിന്നാണ്. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ്, കേജ്‌രിവാൾ ആശുപത്രി എന്നിവിടങ്ങളിലായി ശനിയാഴ്ച 7 കുട്ടികള്‍ കൂടി മരിച്ചു. വെള്ളിയാഴ്ച ഏഴ് കുട്ടികൾ ഈ ആശുപത്രികളിൽ മരിച്ചിരുന്നു.
Bihar: Human skeletal remains found behind Sri Krishna Medical College & Hospital, Muzaffarpur. SK Shahi, MS SKMCH says,”Postmortem dept is under Principal but it should be done with a humane approach. I’ll talk to the Principal & ask him to constitute an investigating committee” pic.twitter.com/TBzuo2ZnqP
— ANI (@ANI) June 22, 2019
വവ്വാലുകളില്‍ നിപ്പാ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്. വവ്വാലുകളില്‍ നിന്ന് 36 സാമ്പിളുകള്‍ എടുത്തിയിരുന്നു. ഇതില്‍ 12 സാമ്പിളുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
ഈ വര്‍ഷം ഒരേയൊരു നിപ്പാ വൈറസ് ബാധ മാത്രമാണ് കണ്ടെത്തിയത്. ഈ മാസം ആദ്യം എറണാകുളത്തുളള യുവാവിനാണ് നിപ്പ ബാധിച്ചതെന്നും ചികിത്സക്ക് ശേഷം യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തതായും മന്ത്രി ലോക്സഭയെ അറിയിച്ചു.
വൈറസ് ബാധ ഉണ്ടെന്ന സംശയത്തില്‍ പരിശോധന നടത്തിയ 50 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇപ്പോള്‍ വൈറസ് ബാധയൌന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിനംപ്രതി പരിശോധനകള്‍ നടക്കുന്നുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേക സംഘം വവ്വാലുകളുടെ സ്രവം ശേഖരിച്ചിരുന്നു. നിപ്പ വൈറസ് വാഹകരയ പഴംതീനി വവ്വാലുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. നിപ വൈറസിനെ പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും മന്ത്രി പറഞ്ഞു.
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
ബംഗളൂരുവിലെ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ഹറിക്കെയ്ന്‍ എന്ന റൈഡറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന്റെ കാരണം. താഴെ നിന്നും ഉയര്‍ന്ന് 20അടി പൊക്കത്തില്‍ കറങ്ങുന്നതാണ് ഹറിക്കെയ്ന്‍ എന്ന റൈഡ്. 22പേര്‍ക്ക് കയറാവുന്നതാണ് റൈഡ്.
വെളളിയാഴ്ച്ചയോടെ അപകടദൃശ്യം പാര്‍ക്കിലെത്തിയ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉയരത്തില്‍ നിന്നും താഴൊട്ട് വന്ന് പതിച്ച റൈഡ്, മുന്‍നിരയില്‍ ഇരുന്ന നാലുപേരുടെ കാല്‍മുട്ടിലാണ് പതിച്ചത്. മുന്‍നിരയില്‍ ഇരുന്ന നാലുപേരും അലറികരയുന്ന വീഡിയോ ദ്യശ്യത്തിലുണ്ട്. നാലുപേരുടെയും കാല്‍മുട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. വണ്ടര്‍ലാ അധികൃതര്‍ പരിക്കേറ്റവരെ ഏറെപണിപ്പെട്ടാണ് ആശുപത്രിയിലെത്തിച്ചത്. വൈദ്യുതി നിലച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.
‘പാര്‍ക്കിലെ ജീവനക്കാര്‍ തന്നെ റൈഡ് താഴേക്ക് വലിച്ച് ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സാങ്കേതിക തകരാറുണ്ടായത്. ഇതിനെ തുടര്‍ന്ന് റൈഡ് താഴേക്ക് പതിച്ചു. അപ്പോഴാണ് മുമ്പിലിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റത്,’ ബിദാദി എസ്പി ഹരീഷ് പറഞ്ഞു. സംഭവത്തില്‍ പരുക്കേറ്റ ആരപം പൊലീസിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് അധികൃതരം പൊലീസിനെ അറിയിച്ചിട്ടുണ്ടായിരുന്നില്ല.
സഹപ്രവര്‍ത്തക സൗമ്യയുടെ വിയോഗത്തില്‍ വികാരാധീനനായി സഹപ്രവര്‍ത്തകനും മാവേലിക്കര എസ്‌ഐയുമായ ഷൈജു ഇബ്രാഹിം. സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടിവന്നു ഷൈജുവിന്. പക്ഷെ, ഷൈജു തളര്‍ന്നില്ല. അതെ ഞാന്‍ പോലീസാണ്, ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍.
ഒരിക്കലെങ്കിലും സൗമ്യ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേയെന്ന് കുറിച്ച ഷൈജു ഈ ചിന്ത തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നും എഴുതുന്നു. പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ സൗമ്യയുടെ കൊലപാതകത്തിന് കാരണക്കാരനായി എന്നത് തന്റെ വേദനയുടെ ആഴം കൂട്ടുന്നുവെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. .
ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേല്‍ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊര്‍ജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവര്‍ത്തകയുടെ അഗ്‌നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ…
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്…
‘ അതെ ഞാന്‍ പോലീസാണ്.. ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍ ‘.
ഇന്‍ക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്‌മോര്‍ട്ടം സമയത്തും മരവിച്ച മനസ്സില്‍ ആവര്‍ത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു…
‘അതെ ഞാന്‍ പോലീസാണ് ‘
ശരിക്കും എന്നെ യൂണിഫോം താങ്ങി നിര്‍ത്തുകയായിരുന്നു… വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകള്‍ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം…
അതേ പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു…
വാര്‍ത്താ ചാനലുകളില്‍ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പൊള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു… ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു…
മൂന്ന് കുരുന്നുകള്‍ക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ ,
കരുതലിന്റെ കാവലാളാവാന്‍ നമുക്ക് കൈകോര്‍ക്കാം…