India

വിവാദങ്ങൾക്കിടയിൽ ഇന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തിന് തുടക്കം. ബിനോയ് കോടിയേരിക്ക് എതിരായി ഉയർന്ന പീഡന പരാതി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്യും.

പീഡനക്കേസില്‍ ആരോപണ വിധേയനായ തന്റെ മകന്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ബിനോയിക്കു മാത്രമാണെന്നുമാണ് കഴിഞ്ഞദിവസം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. വിവാദങ്ങൾ ആരംഭിച്ചതിന് ശേഷം മകനെ കണ്ടിട്ടില്ലെന്നും മകൻ എവിടെയാണ് എന്ന് തനിക്കറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല ഇതെന്നും, കുറ്റാരോപിതരെ സംരക്ഷിക്കേണ്ട നിലപാടല്ല പാർട്ടിയുടേതെന്നും സ്വന്തം ചെയ്തികളുടെ ഫലം കുറ്റം ചെയ്തവർ തന്നെ അനുഭവിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

പ്രവാസി സംരംഭകൻ സാജന്‍റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി കെ ശ്യാമളക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും. ഈ വിഷയത്തിൽ കണ്ണൂരിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ പി.കെ ശ്യാമള കഴിഞ്ഞദിവസം രാജിക്കത്ത് കൈമാറിയിരുന്നു.

സം​ഭ​വ​ത്തി​ൽ പി.​കെ. ശ്യാ​മ​ള​യെ വി​മ​ര്‍​ശി​ച്ച് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ രംഗത്തെത്തിയിരുന്നു. വേ​ണ്ട വി​ധ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ചെ​യ​ർ​പേ​ഴ്സ​ണു സാ​ധി​ച്ചി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രു​ത്തി മു​ന്നോ​ട്ടു പോ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും പി.​കെ. ശ്യാ​മ​ള വേ​ദി​യി​ലി​രി​ക്കെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ധ​ര്‍​മ​ശാ​ല​യി​ല്‍ സി​പി​എം സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​യിരുന്നു ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം.

ലോക്സഭ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവി സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്കെതിരെ ഉടൻ നടപടി ഉണ്ടാവില്ല. നാരായണസ്വാമിക്കെതിരെ ഉടൻ അച്ചടക്കനടപടി എടുക്കണമെന്നാവശ്യപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു. വിശദീകരണം ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമിയ്ക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് നൽകാനായി തയ്യാറാക്കിയത്. മന്ത്രാലയത്തിന് സമർപ്പിക്കും മുമ്പ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി നൽകിയ റിപ്പോർട്ടാണ് ഇപ്പോള്‍ തിരിച്ചയച്ചത്.

സർക്കാർ സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചു, ഓഫീസിൽ കൃത്യമായി ഹാജരായില്ല, കേന്ദ്ര സര്‍വീസിൽ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല എന്നിവയായിരുന്നു സമിതി അദ്ദേഹത്തിനെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. ഇക്കാര്യങ്ങളുടെ പേരിൽ നടപടിയെടുക്കാമോ എന്ന വിശദീകരണം ചോദിച്ചാണ് മുഖ്യമന്ത്രി റിപ്പോർട്ട് തിരിച്ചയച്ചതെന്നാണ് വിവരം.

പാലക്കാട് എംപിയുടെ മുഖത്ത് ഇനി വർഷങ്ങൾക്ക് മുൻപെടുത്ത പ്രതിജ്​ഞ ഉണ്ടാവില്ല. താടി വടിച്ചെത്തിയ പ്രിയ എംപിക്കൊപ്പം നിന്ന് സെൽഫി എടുത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ. ശ്രീകണ്ഠനും മുഖത്തെ താടിയും വർഷങ്ങൾ പഴക്കുള്ള ഒരു പ്രതിഞ്ജയുടെ കഥയാണ്. ആ മധുരപ്രതികാരത്തിന് കൂടിയാണ് ഇന്ന് കത്തി വച്ചതോടെ തിരശ്ശീല വീണത്.

ഇൗ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു പാലക്കാട്ടെ വി.കെ.ശ്രീകണ്ഠന്റേത്. സിറ്റിങ് എംപി എം ബി രാജേഷിനെ 11, 637 വോട്ടിനാണ് ശ്രീകണ്ഠൻ തോൽപ്പിച്ചത്. സിപിഎമ്മിനെ തോൽപ്പിച്ചാൽ മാത്രമെ താടിയെടുക്കൂ എന്നായിരുന്നു ശ്രീകണ്ഠന്‍ വിദ്യാർഥിയായിരിക്കുമ്പോൾ നടത്തിയ പ്രതിഞ്ജ.ആ വാക്ക് പാലിക്കുമെന്നും ഒറ്റത്തവണ താടിയെടുക്കുമെന്നും ശ്രീകണ്ഠൻ, എംപി  പറഞ്ഞിരുന്നു.

‘എന്റെ കുട്ടിക്കാലത്ത് കണ്ണൂരിനൊപ്പം തന്നെ രാഷ്ട്രീയ അക്രമങ്ങൾ നടന്നിരുന്ന സ്ഥലമായിരുന്നു പാലക്കാട്. ആലത്തൂരിൽ പൊതുപ്രവർത്തനങ്ങൾക്ക് ആരും പുറത്തിറങ്ങാൻ ധൈര്യപ്പെട്ടിരുന്നില്ല. മൃഗീയമായ അടിച്ചൊതുക്കലുകള്‍ നടന്നിരുന്ന കാലത്താണ് ഞാൻ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലം മുതലെ എന്നെ വട്ടമിട്ട് ആക്രമിച്ചിരുന്നു. ഒടുവിലെ ആക്രമണത്തിൽ എന്റെ കാല് വെട്ടി, എന്റെ മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാൻ താടി വളർത്തി. ആ താടി പിന്നീട് എനിക്കൊരു അനുഗ്രഹമായി. ചിലർ സ്റ്റൈലാണെന്ന് പറഞ്ഞു. പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളർത്തുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ പറഞ്ഞത്, ഒരിക്കൽ ഞാൻ താടിയെടുക്കും, സിപിഎം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന്.’ ശ്രീകണ്ഠൻ പറഞ്ഞു.

രാജ്യത്തെ നടുക്കി ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം കൂടുകയാണ്. ഇതിൽ 108 കുട്ടികൾ മരണമടഞ്ഞ മുസാഫർപുരിലെ മെഡിക്കല്‍ കോളജ് ആശുപത്രി മറ്റൊരു വിവാദത്തിലും നിറയുകയാണ്. ആശുപത്രിയുടെ പരിസരത്തു നിന്ന് തലയോട്ടികളും അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. തലയോട്ടിയും അസ്ഥികൂടങ്ങളും മറ്റ് അവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ആശുപത്രിയിൽ നിന്നും പുറന്തള്ളപ്പെട്ടവയാണ് ഇവയെന്നാണു കരുതുന്നത്. സംഭവത്തിൽ വിശദ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്.

‘അസ്ഥികൂടങ്ങൾ പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് കൃത്യമായി നീക്കം ചെയ്യണ്ടതായിരുന്നു. അൽപംകൂടി മാനുഷിക സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിയിരുന്നു’ – എസ്കെഎംസിഎച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ട് എസ്.കെ ഷാഹി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് പ്രിന്‍സിപ്പലുമായി ഇക്കാര്യം സംസാരിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും ഷാഹി വ്യക്തമാക്കി.അസ്ഥികൂടങ്ങളും മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയ ആശുപത്രി പരിസരത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച് 108 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ആശുപത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് മനുഷ്യത്വരഹിതമായ സമീപനവും ചർച്ചയാകുന്നത്.

ബിഹാറിൽ ഇതുവരെ 145 കുട്ടികളാണ് മസ്തിഷക ജ്വരത്തെ തുട‍ര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിൽ കൂടുതലും മുസാഫർപുർ ജില്ലയിൽ നിന്നാണ്. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ്, കേജ്‌രിവാൾ ആശുപത്രി എന്നിവിടങ്ങളിലായി ശനിയാഴ്ച 7 കുട്ടികള്‍ കൂടി മരിച്ചു. വെള്ളിയാഴ്ച ഏഴ് കുട്ടികൾ ഈ ആശുപത്രികളിൽ മരിച്ചിരുന്നു.

 

വവ്വാലുകളില്‍ നിപ്പാ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്. വവ്വാലുകളില്‍ നിന്ന് 36 സാമ്പിളുകള്‍ എടുത്തിയിരുന്നു. ഇതില്‍ 12 സാമ്പിളുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഈ വര്‍ഷം ഒരേയൊരു നിപ്പാ വൈറസ് ബാധ മാത്രമാണ് കണ്ടെത്തിയത്. ഈ മാസം ആദ്യം എറണാകുളത്തുളള യുവാവിനാണ് നിപ്പ ബാധിച്ചതെന്നും ചികിത്സക്ക് ശേഷം യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തതായും മന്ത്രി ലോക്സഭയെ അറിയിച്ചു.

വൈറസ് ബാധ ഉണ്ടെന്ന സംശയത്തില്‍ പരിശോധന നടത്തിയ 50 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇപ്പോള്‍ വൈറസ് ബാധയൌന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിനംപ്രതി പരിശോധനകള്‍ നടക്കുന്നുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേക സംഘം വവ്വാലുകളുടെ സ്രവം ശേഖരിച്ചിരുന്നു. നിപ്പ വൈറസ് വാഹകരയ പഴംതീനി വവ്വാലുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. നിപ വൈറസിനെ പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും മന്ത്രി പറഞ്ഞു.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

ബംഗളൂരുവിലെ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ഹറിക്കെയ്ന്‍ എന്ന റൈഡറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന്റെ കാരണം. താഴെ നിന്നും ഉയര്‍ന്ന് 20അടി പൊക്കത്തില്‍ കറങ്ങുന്നതാണ് ഹറിക്കെയ്ന്‍ എന്ന റൈഡ്. 22പേര്‍ക്ക് കയറാവുന്നതാണ് റൈഡ്.

വെളളിയാഴ്ച്ചയോടെ അപകടദൃശ്യം പാര്‍ക്കിലെത്തിയ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉയരത്തില്‍ നിന്നും താഴൊട്ട് വന്ന് പതിച്ച റൈഡ്, മുന്‍നിരയില്‍ ഇരുന്ന നാലുപേരുടെ കാല്‍മുട്ടിലാണ് പതിച്ചത്. മുന്‍നിരയില്‍ ഇരുന്ന നാലുപേരും അലറികരയുന്ന വീഡിയോ ദ്യശ്യത്തിലുണ്ട്. നാലുപേരുടെയും കാല്‍മുട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. വണ്ടര്‍ലാ അധികൃതര്‍ പരിക്കേറ്റവരെ ഏറെപണിപ്പെട്ടാണ് ആശുപത്രിയിലെത്തിച്ചത്. വൈദ്യുതി നിലച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.

‘പാര്‍ക്കിലെ ജീവനക്കാര്‍ തന്നെ റൈഡ് താഴേക്ക് വലിച്ച് ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സാങ്കേതിക തകരാറുണ്ടായത്. ഇതിനെ തുടര്‍ന്ന് റൈഡ് താഴേക്ക് പതിച്ചു. അപ്പോഴാണ് മുമ്പിലിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റത്,’ ബിദാദി എസ്പി ഹരീഷ് പറഞ്ഞു. സംഭവത്തില്‍ പരുക്കേറ്റ ആരപം പൊലീസിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് അധികൃതരം പൊലീസിനെ അറിയിച്ചിട്ടുണ്ടായിരുന്നില്ല.

സഹപ്രവര്‍ത്തക സൗമ്യയുടെ വിയോഗത്തില്‍ വികാരാധീനനായി സഹപ്രവര്‍ത്തകനും മാവേലിക്കര എസ്‌ഐയുമായ ഷൈജു ഇബ്രാഹിം. സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടിവന്നു ഷൈജുവിന്. പക്ഷെ, ഷൈജു തളര്‍ന്നില്ല. അതെ ഞാന്‍ പോലീസാണ്, ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍.

ഒരിക്കലെങ്കിലും സൗമ്യ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേയെന്ന് കുറിച്ച ഷൈജു ഈ ചിന്ത തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നും എഴുതുന്നു. പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ സൗമ്യയുടെ കൊലപാതകത്തിന് കാരണക്കാരനായി എന്നത് തന്റെ വേദനയുടെ ആഴം കൂട്ടുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. .

ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേല്‍ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊര്‍ജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവര്‍ത്തകയുടെ അഗ്‌നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ…
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്…
‘ അതെ ഞാന്‍ പോലീസാണ്.. ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍ ‘.
ഇന്‍ക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്‌മോര്‍ട്ടം സമയത്തും മരവിച്ച മനസ്സില്‍ ആവര്‍ത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു…
‘അതെ ഞാന്‍ പോലീസാണ് ‘

ശരിക്കും എന്നെ യൂണിഫോം താങ്ങി നിര്‍ത്തുകയായിരുന്നു… വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകള്‍ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം…

അതേ പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു…

വാര്‍ത്താ ചാനലുകളില്‍ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പൊള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു… ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു…

മൂന്ന് കുരുന്നുകള്‍ക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ ,
കരുതലിന്റെ കാവലാളാവാന്‍ നമുക്ക് കൈകോര്‍ക്കാം…

 

ടെലിവിഷൻ അവതാരകയും മിസ് കേരള മത്സരാർത്ഥിയുമായിരുന്ന എറണാകുളം സ്വദേശിനി മെറിൻ ബാബുവിന്‍റെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കളുടെ ആരോപണം. കഴിഞ്ഞ വർഷം നവംബർ ഒൻപതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മാതാപിതാക്കള്‍ പരാതി നൽകി. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മകൾ ആത്മഹത്യ ചെയ്യില്ലെന്നും മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാനുള്ള ഉയരം മെറിനില്ലായിരുന്നുവെന്നും അമ്മ പറയുന്നു. മകളുടെ മരണശേഷം മെറിന്‍റെ ഭർത്താവോ ബന്ധുക്കളോ ഇവരുമായി ബന്ധപ്പെടാത്തതും സംശയത്തിനിടയാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മെറിന്‍റെ ശരീരത്തില്‍ കണ്ട മുറിവുകൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ഇല്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

2014 ലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥനും തിരൂർ സ്വദേശിയുമായ അഭിലാഷും മെറിനും വിവാഹിതരായത്. സംഭവ ദിവസം മെറിന് ചെറിയ അപകടം പറ്റിയെന്നും ഉടനെ വരണമെന്നും അഭിലാഷിന്റെ സുഹൃത്തുക്കൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് മെറിന്‍റെ മരണ വിവരം അറിയുന്നത്. മകളുടെ മൃതദേഹത്തിൽ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മകളുടെ ഭർത്താവും സുഹൃത്തുക്കളും വീട്ടിലെത്തി മദ്യപിക്കുന്നത് സംബന്ധിച്ച് മെറിനും ഭര്‍ത്താവും തമ്മിൽ വഴക്കിടാറുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം ഇവർ പരാതി നൽകി.

ഏറ്റുമാനൂർ വയല സ്വദേശി സാബുവാണ് മരിച്ചത്. ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ കണ്ട് ഭയന്നാണ് സാബു പുഴയിലേക്ക് ചാടിയത്.

രാവിലെ പതിനൊന്ന് മണിയോടെ തെങ്ങുകയറ്റ തൊഴിലാളികളായ നാലംഗ സംഘം പാലം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍ വരുന്നതുകണ്ട മൂന്ന് പേർ കരയിലേക്ക് ഓടി രക്ഷപ്പെട്ടു. ഓടാൻ കഴിയാതിരുന്ന സാബു രക്ഷപ്പെടാൻ പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ 1.45നാണ് മൃതദേഹം കണ്ടെത്തിയത്. ന്യൂഡൽഹി തിരുവനന്തപുരം കേരള എക്‌സ്പ്രസാണ് അപകട സമയത്ത് ഇതുവഴി കടന്നു പോയത്. സാബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.

പുഴയിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ബോഗിയിൽ സാബുവിന്റെ തലയിടിച്ചിരുന്നു. ഒട്ടേറെ വീടുകളുള്ള പ്രദേശമായിട്ടും പാലത്തിൽ നടപ്പാതയില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്.

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോക്ക് പൊള്ളലേറ്റത്. പരുക്കേറ്റ ടൊവിനോക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാരപരുക്കുകളാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിന്റെ വിഡിയോ നിർമാതാവ് സാന്ദ്രാ തോമസ് പങ്കുവെച്ചിട്ടുണ്ട്. സിനിമയോടുള്ള അഭിനിവേശത്തിൽ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാകില്ലെന്ന അടിക്കുറിപ്പോടെയാണ് സാന്ദ്ര വിഡിയോ പങ്കുവെച്ചത്.

ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ഈ രംഗത്തിൽ അഭിനയിച്ചത്. നാലുഭാഗത്തുനിന്നും തീ പടരുന്ന രംഗമാണ് ചിത്രീകരിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ടൊവിനോ വേണ്ടെന്ന് വെക്കുകയായിരുന്നു. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാൻ കഴിയാത്തതിനാൽ ടൊവിനോ വീണ്ടും അഭിനയിച്ചു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തുതീർത്ത ശേഷമാണ് ടൊവിനോ പിൻവാങ്ങിയത്.

സ്വപ്നേഷിന്റെ ആദ്യചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. തീവണ്ടിക്ക് ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

RECENT POSTS
Copyright © . All rights reserved