അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ചുതെറിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പാലക്കാട് മഞ്ഞപ്ര സ്വദേശി ഇന്ദിരപുത്രി (18)യ്ക്കാണ് അപകടത്തില്‍ ഗുരുതരപരിക്കേറ്റത്. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് ഇക്കഴിഞ്ഞ ജൂലൈ 14 നാണ് ഈ ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. പരിക്കേറ്റ ഇന്ദിരപുത്രി തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലാണ്. അരയ്ക്ക് കീഴ്‌പ്പോട്ട് ഗുരുതരമായി പരിക്കുപറ്റിയ ഇന്ദിരപുത്രി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആലത്തൂര്‍ കോഓപ്പറേറ്റീവ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഇന്ദിരപുത്രി. സഹോദരന്റെ കൂട്ടുകാരിയുടെ കുഞ്ഞിന്റെ പിറന്നാളിന് പോകുന്നതിനിടെയാണ് ഇന്ദിരപുത്രി അപകടത്തില്‍ പെട്ടത്. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. നിര്‍ത്തിയിട്ട ബസിനുമുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓവര്‍ടേക്ക് ചെയ്തുവന്ന പിക്കപ്പാണ് പെണ്‍കുട്ടിയെ ഇടിച്ചിട്ടത്. പിക്കപ്പ് ഡ്രൈവറാണ് ഇന്ദിരപുത്രിയെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇന്ദിരപുത്രിയെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് ചികില്‍സ മാറ്റുകയായിരുന്നു.

വിദഗ്ധചികിത്സയ്ക്കും തുടര്‍ചികിത്സയ്ക്കും മരുന്നുകള്‍ക്കുമൊക്കെയായി വന്‍തുക ഇനിയും ചെലവുവരും. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബം ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്.

[ot-video][/ot-video]