മൃഗശാലയിലെ കുരങ്ങിനെപ്പോലെയാണ് തന്നെ പരിഗണിക്കുന്നതന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍. ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിക്ക് പിന്നാലെ സ്പെഷ്യല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് വെള്ളിയാഴ്ച ഹാജരാകാന്‍ പറഞ്ഞു.
ജയിലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ 16 കിലോ കുറഞ്ഞെന്നാണ് മിഷേലിന്‍റെ ആരോപണം. യൂറോപ്യന്‍ ഭക്ഷണം ജയിലില്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും ക്രിസ്റ്റ്യന്‍ മിഷേല്‍ പരാതിയില്‍ പറയുന്നു. കൂടെ താമസിക്കുന്നവര്‍ ജയിലിനുള്ളില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുകയാണെന്നും തന്നെ അതിന് നിര്‍ബന്ധിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിയിലുണ്ട്. കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഏഴുദിവസത്തെ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വെളളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാകും. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. കോടതിയിൽ ഹാജരാകുന്ന ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം നീട്ടി ലഭിക്കാൻ അപേക്ഷ നൽകിയേക്കും. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കഴിഞ്ഞ സെപ്റ്റംബർ 21 നാണ് അറസ്റ്റിലാകുന്നത്. വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ 9 മാസത്തെ അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് പ്രതി ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.
പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ള കേസുകൾ മാത്രമെ മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കാനാകൂ. അതിനാൽ കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്‌ട്രേട്ടുമാരും പ്രധാന സാക്ഷികളാണ്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ്. ഇന്ത്യ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന എന്‍ഡിഎ സര്‍ക്കാര്‍ വാദവും മോദിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് തള്ളി. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം,ജിഎസ്ടി എന്നിവ സാമ്ബത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിലവിലെ പോക്ക് ശരിയല്ലെന്ന മോദി ഉപദേശകന്റെ വിമര്‍ശനം.
ബ്രസീല്‍, ദക്ഷിണാഫ്രിക തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് രാജ്യം നീങ്ങി കൊണ്ടിരിക്കുന്നത്. കയറ്റുമതി അടിസ്ഥാനമാക്കി ഇന്ത്യന്‍ സബദ്‌വ്യവസ്ഥ നിര്‍ണ്ണയിച്ച് വരുന്നത് 1991ല്‍ നിറുത്തിയതിന് ശേഷം പൗരന്‍മാരുടെ ഉപഭോഗത്തിനെ ആശ്രയിച്ചാണ് സബദ്‌വ്യവസ്ഥ മുന്നേറി കൊണ്ടിരുന്നത്. ഈ സാധ്യതയുടെ പരമാവധിയില്‍ രാജ്യം എത്തി. ഇനി അങ്ങോട്ട് മുരടിപ്പ് നേരിടേണ്ടി വരുമെന്ന് മോദിയുടെ സാമ്ബത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ് പറയുന്നു.
ഒരു ഇംഗ്ലീഷ് ചാനലിന് അനുവദിച്ച് അഭിമുഖത്തിലാണ് രാജ്യത്തെ അപകടകരകമായ സാമ്പത്തിക സ്ഥിതിയുടെ പോക്കില്‍ രതിന്‍ റോയ് ആശങ്ക പങ്ക് വച്ചത്. ഘടനാപരമായ മാറ്റം സാമ്ബത്തിക നയത്തില്‍ വന്നില്ലെങ്കില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഇന്ത്യ കാണും.നമ്മള്‍ കരുതുന്നതിലും ആഴത്തിലുള്ളതാണ് പ്രതിസന്ധിയെന്നും രതിന്‍ റോയ് വ്യക്തമാക്കി.
അതേസമയം 2030 ആകുമ്പോള്‍ ഇന്ത്യ ലോകത്തിലെ മൂന്ന് വന്‍ശക്തികളെ പിന്തള്ളി ഒന്നാമതാകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവന നടത്തിയിരുന്നു. സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ കുതിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തി. 2014ല്‍ പത്ത് രാജ്യങ്ങളുടെ പട്ടികനോക്കിയാല്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2018 ല്‍ ഇന്ത്യ ആറാം സ്ഥാനത്തായി. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: ഐഎൻഎസ് വിരാട് യുദ്ധക്കപ്പലിൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയിട്ടില്ലെന്നു മുൻ നാവികസേനാ മേധാവി റിട്ട. അഡ്മിറൽ എൽ. രാമദാസ്. യുദ്ധക്കപ്പലിൽ ലക്ഷദ്വീപിലേക്ക് രാജീവ്ഗാന്ധി ഔദ്യോഗിക യാത്രയാണു നടത്തിയതെന്ന് അഡ്മിറൽ(റിട്ട.) രാംദാസ് വ്യക്തമാക്കി. ദ്വീപ് വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കാനാണ് രാജീവ്ഗാന്ധി പോയതെന്നും ഐഎൻഎസ് വിരാടിലോ അനുഗമിച്ചിരുന്ന നാല് യുദ്ധക്കപ്പലുകളിലോ ഒരു പാർട്ടിയും നടന്നിട്ടില്ലെന്നും റിട്ട. അഡ്മിറൽ രാംദാസ് പ്രസ്താവനയിൽ പറഞ്ഞു.
കവരത്തിയിൽ ദ്വീപ് വികസന യോഗത്തിൽ പങ്കെടുക്കാനാണു രാജീവ്ഗാന്ധിയും ഭാര്യയും എത്തിയതെന്ന് അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വജാഹത് ഹബീബുള്ള പറഞ്ഞു. രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികൾക്കുശേഷം കുടുംബാംഗങ്ങൾക്കും മറ്റ് അതിഥികൾക്കും ഒപ്പം ചേരാൻ ബംഗാരം ദ്വീപിലേക്ക് രാജീവ്ഗാന്ധി പോയെന്നും ഹബീബുള്ള കൂട്ടിച്ചേർത്തു.
1987ൽ രാജീവ്ഗാന്ധിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ എല്ലാ പ്രോട്ടോകോളും പാലിച്ചിരുന്നുവെന്ന് വൈസ് അഡ്മിറൽ വിനോദ് പാസ്റിച പറഞ്ഞു. ഐഎൻഎസ് വിരാടിന്റെ ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. തിരുവനന്തപുരത്തുനിന്ന് ലക്ഷദ്വീപിലേക്കു പോയ യുദ്ധക്കപ്പലിൽ വിദേശികളോ മറ്റ് അതിഥികളോ ഉണ്ടായിരുന്നില്ലെന്ന് പാസ്റിച പറഞ്ഞു.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം വിയന്നയിലേക്ക് തിരിച്ചു വിട്ടു. വിയന്ന വിമാനത്താവളത്തിലിറക്കിയ വിമാനത്തിന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ലണ്ടനിലേക്ക് യാത്ര തുടരാനായത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് 300 യാത്രക്കാരുമായി തിരിച്ച എയര്‍ ഇന്ത്യ 131 വിമാനത്തിനാണ് യാത്രക്കിടെ എഞ്ചിന്‍ തകരാര്‍ സംഭവിച്ചത്. ഇതേ തുടര്‍ന്ന് വിയന്നയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ സാങ്കേതിക സംഘം വിയന്നയിലെത്തി പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വിമാനം സുരക്ഷിതമായി ലണ്ടനിലെത്തി.
അർത്തുങ്കൽ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സുഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥിനികളിൽ ഒരാളെ കാണാതായി. പുലിമുട്ടിലെ കല്ലിൽ പിടിച്ചുകിടന്ന രണ്ടാമത്തെയാൾ കഷ്ടിച്ചു രക്ഷപ്പെട്ടു. പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്തായിരുന്നു ആത്മഹത്യാശ്രമം. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ കളത്തിൽവെളിയിൽ ഉദയകുമാറിന്റെ മകൾ സാന്ദ്രയെയാണ് (17) അർത്തുങ്കൽ ഫിഷ്ലാന്റിംഗ് സെന്ററിൽ തെക്കേ പുലിമുട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കടലിൽ കാണാതായത്.
ചേർത്തല സ്വദേശിനിയും സഹപാഠിയുമായ കൂട്ടുകാരിയുമൊത്ത് ഇന്നലെ രാവിലെ കലവൂരിലെ ആരാധനാലയത്തിൽ പോയ ശേഷമാണ് ഇരുവരും അർത്തുങ്കൽ കടപ്പുറത്തെത്തിയത്. ഇതിനിടെ പ്ലസ്ടു ഫലം മൊബൈൽ ഫോണിലൂടെ അറിഞ്ഞു. സാന്ദ്ര ഫിസിക്സിനും മാത്തമാറ്റിക്സിനും പരാജയപ്പെട്ടപ്പോൾ കൂട്ടുകാരിക്ക് മൂന്നു വിഷയങ്ങളാണ് നഷ്ടമായത്. കടപ്പുറത്തെത്തിയ ഇരുവരും തീരത്തുകൂടി നടന്ന് പുലിമുട്ടിൽ എത്തിയ ശേഷം മൊബൈൽ ഫോണുകൾ പഴ്സിലാക്കി കല്ലിനിടയിലേക്ക് എറിഞ്ഞു.
തുടർന്ന് കൂട്ടുകാരിയെ ചേർത്തുപിടിച്ച് സാന്ദ്ര കടലിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സാന്ദ്രയെ പിന്തിരിപ്പിക്കാൻ കൂട്ടുകാരി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സാന്ദ്ര തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്നു. പുലിമുട്ടിലെ കല്ലിൽ പിടിച്ച് വളരെ പണിപ്പെട്ട് കരയിലേക്കു തിരിച്ചു കയറി രക്ഷപ്പെട്ട കൂട്ടുകാരിയാണ് വിവരം പ്രദേശവാസികളെ അറിയിക്കുന്നത്.ഉടൻ തന്നെ അർത്തുങ്കൽ പൊലീസും അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ കായംകുളം വലിയഴീക്കലിൽ നിന്നു ഫിഷറീസ് വകുപ്പിന്റെ ബോട്ട് എത്തിച്ച് തിരച്ചിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ പൊന്തുവള്ളങ്ങളിൽ എത്തി വലവിരിച്ച് തിരച്ചിൽ നടത്തുന്നത് രാത്രി വൈകിയും തുടർന്നു. ശക്തമായ തിരമാലകളും കാറ്റും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. അർത്തുങ്കൽ പൊലീസ് കേസെടുത്തു.
പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്‍- വിമല ദമ്പതികളുടെ മകള്‍ ഭവ്യ (17) യാണ് ആത്മഹത്യ ചെയ്തത്. പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഭവ്യ. വീട്ടില്‍ അമ്മയും സഹോദരിയും ഇല്ലാത്ത നേരത്താണ് ഭവ്യ ആത്മഹത്യ ചെയ്തത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടി എത്തിയ നാട്ടുകാരാണ് ഭവ്യയെ വീടിന് പുറത്തെത്തിച്ചത്. ഈ സമയത്തിനുള്ളില്‍ തന്നെ ഭവ്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിദേശപൗരത്വ കേസ് സുപ്രീംകോടതി തള്ളി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഇതൊരു പരാതിയായി കാണാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഏതോ കമ്പനിയാണ് രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറഞ്ഞിരിക്കുന്നത്. അങ്ങനെ ഏതെങ്കിലും കമ്പനി പറഞ്ഞത് കൊണ്ട് രാഹുല്‍ ബ്രിട്ടീഷ് പൗരനാകുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നുള്ള പരാതിയുണ്ടെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം
കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് ആരോപണം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയില്‍ ഇക്കാര്യം തുറന്നു പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ സൈബര്‍ പോരിന് തുടക്കമായിരിക്കുകയാണ്. നേരത്തെ സിപിഎമ്മും കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സംഘപരിവാറിനുള്ളില്‍ നിന്ന് തന്നെ ഇക്കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ നേതാക്കളാരും ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
റെഡി ടു വെയിറ്റ് ക്യാംപെയ്ന്‍ പ്രവര്‍ത്തകരില്‍ പ്രധാനിയായ പദ്മ പിള്ളയാണ് ഒരു സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്കിടെ രാഷ്ട്രീയ മുതലെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നത്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പദ്മ പിള്ള അഭിപ്രായപ്പെടുന്നു. ശബരിമല ഒരു വോട്ട് ബാങ്ക് രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നും പദ്മ പിള്ള പറയുന്നു.
അവര്‍ എന്ന് പദ്മ ഉപയോഗിച്ചത് ബി.ജെ.പിയെ ഉദ്ദേശിച്ചാണെന്ന് വാദവുമായി ഒരു കൂട്ടര്‍ രംഗത്തുവന്നു. ഇതോടെ റെഡി ടു വെയിറ്റ് ക്യാംപെയിനിന്റെ ഭാഗമായ സ്ത്രീകളെ പരസ്യമായി അപമാനിച്ച് ചില ബി.ജെ.പി അനുകൂലികളും രംഗത്ത് വന്നു. പദ്മയ്ക്കെതിരെ അസഭ്യ വര്‍ഷമാണ് ഫെയിസ്ബുക്കില് നടക്കുന്നത്. പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുമെന്ന് വരെ ചിലര്‍ പോസ്റ്റിട്ടുകഴിഞ്ഞു.
പിന്നാലെ ആചാരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഇതോടെ ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. റെഡി ടു വെയിറ്റ് പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനൊപ്പമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യമെന്നും വിമര്‍ശനം ഉയര്‍ന്നു. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്ത് വന്ന ആര്‍.എസ്.എസ് പിന്നീട് നിലപാട് മാറ്റിയത് ഇതിന്റെ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നു. ടി.ജി മോഹന്‍ദാസ് അടക്കമുള്ള സംഘപരിവാര്‍ ബുദ്ധി ജീവികള്‍ക്കെതെരിയും വലിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിശ്വസിക്കില്ലെന്ന് കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ്.
‘രാജീവ്ഗാന്ധി അഴിമതിയാരോപണം നേരിട്ടല്ല മരണപ്പെട്ടത്. ആരും അത് വിശ്വസിക്കില്ല. ഞാനും അങ്ങനെ വിശ്വസിക്കുന്നില്ല. രാജീവ് ഗാന്ധിയ്ക്കെതിരെ മോദിയ്ക്ക് സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. ചെറുപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തയാളാണ് രാജീവ് ഗാന്ധി. വാജ്പേയിയെ പോലുള്ള ഉന്നത നേതാക്കള്‍ രാജീവ് ഗാന്ധിയെ കുറിച്ച് നല്ല കാര്യങ്ങളാണ് സംസാരിച്ചത്. ‘ ശ്രീനിവാസ പ്രസാദ് പറഞ്ഞു.
രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന് വിളിച്ച മോദി ബോഫോഴ്സ് കേസ് പ്രതി രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നും മോദി ചോദിച്ചിരുന്നു.
ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിരാടില്‍ രാജീവ്ഗാന്ധി കുടുംബത്തൊടൊപ്പം അവധിയാഘോഷിക്കാന്‍ പോയെന്നും മോദി ഇന്നലെ പ്രസംഗിച്ചിരുന്നു.