കുട്ടി സഖാക്കന്മാർ തമ്മിൽ വലിയവനാര്‌ പോര്…! എസ്.എഫ്. ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; യൂണിവേഴ്സിറ്റി കോളജ് കൊടുംക്രിമിനലുകളുടെ താവളം,ആഞ്ഞടിച്ച് എഐഎസ്എഫ്

കുട്ടി സഖാക്കന്മാർ തമ്മിൽ വലിയവനാര്‌ പോര്…! എസ്.എഫ്. ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; യൂണിവേഴ്സിറ്റി കോളജ് കൊടുംക്രിമിനലുകളുടെ താവളം,ആഞ്ഞടിച്ച് എഐഎസ്എഫ്
July 13 02:24 2019 Print This Article

യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്. ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കോളജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം, വിദ്യാര്‍ഥിക്ക് കുത്തേല്‍ക്കുന്നതിലേക്ക് നയിച്ച കാര്യങ്ങള്‍ , തുടര്‍ സംഭവങ്ങള്‍ എന്നിവ അന്വേഷിച്ച ശേഷമാകണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫീസ് നിര്‍ദ്ദേശിച്ചു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹരിതാ വി.കുമാര്‍ അവധിയിലാണ്. അഡിഷണല്‍ ഡയറക്ടര്‍ കെ.കെ.സുമയാവും അന്വേഷണം നടത്തുക.

എസ്.എഫ്.ഐയ്ക്കെതിരെ എ.ഐ.എസ്.എഫ് രംഗത്ത്. യൂണിവേഴ്സിറ്റി കോളജ് കൊടുംക്രിമിനലുകളുടെ താവളമായെന്ന് എ.ഐ.എസ്.എഫ് കുറ്റപ്പെടുത്തി. സാമൂഹ്യവിരുദ്ധര്‍ കോളജില്‍ അഴിഞ്ഞാടുന്നു. വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. ഏകസംഘടനാവാദത്തിന്‍റെ അനന്തരഫലമാണ് ഇപ്പോഴത്തെ സംഭവമെന്നും അവര്‍ കുറ്റപ്പെടുത്തി.

യൂണിേവഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാനെത്തിയ കെ.എസ്.യുക്കാരെ പൊലീസ് തടഞ്ഞു. കോളജ് കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന ഇവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം നേരിയസംഘര്‍ഷത്തില്‍ കലാശിച്ചു. തൊട്ടുപിന്നാലെ എം.എസ്.എഫ്,എ.ബി.വി.പി പ്രവര്‍ത്തകരും എത്തിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് എല്ലാവരേയും നീക്കി.

ഇന്ന് കാമ്പസില്‍ നടന്നത്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കളും അനുഭാവികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് നെഞ്ചില്‍ കുത്തേറ്റു. ഡിഗ്രി വിദ്യാര്‍ഥിയെ കുത്തിയ യൂണിറ്റ് പ്രസിഡന്റിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യൂണിറ്റ് പ്രസിഡന്റ് നസീം ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. പൊലീസുകാരെ മര്‍ദിച്ച കേസില്‍ പ്രതിയാണ് നസീം.

യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുറമെ നിന്ന് ഗുണ്ടകളെ വിളിപ്പിച്ചായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. നേതാക്കളുടെ അതിക്രമത്തിനെതിരെ പൊട്ടിത്തെറിച്ച് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ക്യാംപസിലെ മരച്ചുവട്ടില്‍ ഇരുന്ന് മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥികളില്‍ ചിലര്‍ പാട്ടുപാടി. ഇത് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സഹപാഠിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ പ്രതികാരത്തിന്റെ കാരണം ഇതാണ്.

മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്സ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനാണ് കുത്തേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. പാട്ടുപാടിയതിന്റെ പേരില്‍ അറബിക് വിദ്യാര്‍ഥി ഉമയറിനെ ആക്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കത്തിക്കുത്തിലെത്തിയത്.

കുത്തേറ്റ അഖിലും മര്‍ദനമേറ്റ വിദ്യാര്‍ഥികളുമെല്ലാം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. ഇതോടെ നേതാക്കളുടെ അതിക്രമത്തില്‍ മനംമടുത്ത വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്കും കോളജിലേക്കും മാര്‍ച്ച് നടത്തി.

ഒരുമണിക്കൂറിലേറെ നീണ്ട പരസ്യപ്രതിഷേധത്തിനൊടുവില്‍ എസ്.എഫ്.ഐ ജില്ലാ നേതാക്കളെത്തി അനുനയിപ്പിച്ച് വിദ്യാര്‍ഥികളെ ക്യാംപിസില്‍ കയറ്റിയെങ്കിലും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാതെ വഴങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ നിലാപെടെടുത്തി. യൂണിയന്‍ കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനും ശ്രമിച്ചതോടെ ക്യാംപസിനുള്ളില്‍ വീണ്ടും നേതാക്കളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമായി.

ഒടുവില്‍ പ്രശ്നം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായിമാധ്യമങ്ങളെ ക്യാംപസില്‍ നിന്നൊഴിവാക്കാനായി എസ്.എഫ്.ഐയുടെ ശ്രമം. അതുവരെ വിഷയത്തിലിടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇതിനായി നേരിട്ടെത്തി. എന്നാല്‍ സ്വന്തം വിദ്യാര്‍ഥിക്ക് കുത്തേറ്റ സാഹചര്യം അപ്പോഴും അദേഹം അറിഞ്ഞിരുന്നില്ല.

എന്നാല്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളുടെ പേര് സഹിതം മുന്നൂറ് വിദ്യാര്‍ഥികള്‍ ഒപ്പിട്ട പരാതി നല്‍കിയതോടെ പ്രിന്‍സിപ്പലും എസ്.എഫ്.ഐയും വീണ്ടും പ്രതിരോധത്തിലായി.

കൂടെ നില്‍ക്കുന്നവരെപ്പോലും കുത്തിവീഴ്ത്തി യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ

അടിമകളായില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവരെപ്പോലും കുത്തിവീഴ്ത്തും യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ നേതാക്കള്‍. പ്രസ്ഥാനത്തിന് വേണ്ടി ദിവസങ്ങളോളം നിരാഹാരം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ഉമൈറിനെ കഴിഞ്ഞവര്‍ഷം നേതാക്കള്‍ അതിക്രൂരമായി തല്ലിച്ചതച്ചു. ഇതേ നേതാക്കള്‍ തന്നെയാണ് ഇന്ന് പാട്ടുപാടിയതിന്റ പേരില്‍ ഉമൈറിനെ വീണ്ടും മര്‍ദിച്ചത്.

എസ്.എഫ്.െഎയ്ക്കുവേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച ഉമൈറിന് യൂണിവേഴ്സിറ്റി കോളജിലെ നേതാക്കള്‍ കഴിഞ്ഞവര്‍ഷം സമ്മാനിച്ചതാണിത്. ക്രൂരമായ മര്‍ദനമേറ്റ് ദേഹമാസകലം മുറിഞ്ഞു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഉമൈര്‍ പതിനഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടന്നു.

സി.പി.എം ജില്ലാ കമ്മിറ്റിയില്‍പോയി മാതാപിതാക്കള്‍ പരാതി പറഞ്ഞു. യൂണിയന്‍ പ്രവര്‍ത്തനത്തിന് ഇനി മകനെ വിളിക്കരുതെന്ന് അപേക്ഷിച്ചു. പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ ചികില്‍സയ്ക്കായി കുറച്ച് പണം കൊടുത്ത് പാര്‍ട്ടി പ്രശ്നം ഒതുക്കി. അതേ എസ്.എഫ്.െഎ നേതാക്കള്‍ തന്നെയാണ് ഇത്തവണയും ഉമൈറിനെ മര്‍ദിച്ചത്.

ഇത്തവണ ഉമൈറും കൂട്ടുകാരും വെറുതെയിരുന്നില്ല.നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ പരസ്യമായി തെരുവിലിറങ്ങി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles