മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ വിമർശിക്കാൻ ആയുധം തിരഞ്ഞ സ്മൃതി ഇറാനി ഒടുവിൽ വടി കൊടുത്ത് അടി വാങ്ങിയ നിലയിലായി. മധ്യപ്രദേശിൽ കർഷകരുടെ കടങ്ങൾ എഴുതി തള്ളിയില്ല എന്നതാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന വാദം. എന്നാൽ വളരെ കുറച്ച് പേരുടെ കാർഷിക കടങ്ങൾ മാത്രമാണ് എഴുതി തള്ളാനുള്ളതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. ഏതായാലും ഭോപ്പാലിൽ പ്രചാരണത്തിനെത്തിയ സ്മൃതി ഇറാനി ഈ വിഷയം ഏറ്റെടുത്ത് ജനങ്ങളുടെ മുന്നിൽ ഇളിഭ്യയായി.
ഭോപ്പാലിനടുത്ത് അശോക് നഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. നിങ്ങൾക്കാർക്കെങ്കിലും വായ്‌പാ ഇളവ് കിട്ടിയോ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം. കിട്ടിയെന്നായിരുന്നു ചുറ്റും കൂടിനിന്നവരുടെ മറുപടി. സ്മൃതി ഇറാനി പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളിലും ഇതിപ്പോൾ ചർച്ചയായിരിക്കുകയാണ്. ജനങ്ങളുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായി തിരിച്ചടി ഉണ്ടായതോടെ പ്രസംഗം സ്മൃതി ഇറാനി കുറച്ച് നേരത്തേക്ക് നിർത്തിവയ്ക്കുന്നതും വീഡിയോയിലുണ്ട്.
നേരത്തെ കർഷകർക്ക് വായ്പാ ഇളവ് നൽകിയില്ലെന്ന് വിമർശിച്ച മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും കനത്ത മറുപടിയാണ് ലഭിച്ചത്. മുതിർന്ന നേതാവ് സുരേഷ് പച്ചോരിയാണ് കെട്ടുകണക്കിന് രേഖകളുമായി ബിജെപി നേതാവ് ശിവ്‌രാജ് സിങ് ചൗഹാന്റെ വീട്ടുപടിക്കൽ എത്തിയത്. ഡിസംബറിൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോൺഗ്രസ് സംസ്ഥാനത്തെ 21 ലക്ഷം കർഷകരുടെ വായ്പ ഇളവ് ചെയ്തതിന്റെ രേഖകളാണ് കെട്ടുകളാക്കി വീട്ടുപടിക്കൽ എത്തിച്ചത്.
കർഷക വായ്പകൾ എഴുതി തള്ളിയെന്ന കോൺഗ്രസിന്റെ വാദം നുണയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ശിവ്‌രാജ് സിങ് ചൗഹാൻ വിമർശിച്ചത്. രേഖകൾ വീട്ടുപടിക്കൽ എത്തിച്ചിട്ടും തന്റെ മുൻ നിലപാടിൽ നിന്ന് ശിവ്‌രാജ് സിങ് ചൗഹാൻ മാറിയില്ല. മന്ത്രി പിസി ശർമ്മയടക്കമുള്ള നേതാക്കൾക്കൊപ്പമാണ് സുരേഷ് പാച്ചോരി ശിവ്‌രാജ് സിങ് ചൗഹാന്റെ വീട്ടുപടിക്കൽ എത്തിയത്. തങ്ങൾ കൊണ്ടുവന്ന കാർഡ്ബോർഡ് പെട്ടികൾ വീട്ടുപടിക്കൽ വച്ച് ശിവ്‌രാജ് സിങ് ചൗഹാനെതിരെ അതിരൂക്ഷ വിമർശനം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
स्मृति ईरानी की हुई किरकिरी :
स्मृति ईरानी ने मप्र के अशोकनगर में मंच से पूछा क्या किसानों का कर्जा माफ हुआ है ? तो सभा के बीच में किसानों ने चिल्ला कर बताया “हां हुआ है, हां हुआ है, हाँ हो गया है”।
—अब जनता भी इन झूठों को सीधे जवाब देने लगी है।
“अब तो झूठ फैलाने से बाज़ आओ” pic.twitter.com/N9g64K7xAC
— MP Congress (@INCMP) May 8, 2019
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ മൂന്നാം വട്ടവും നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ വീണ്ടും നിരസിച്ചത്. മെയ് 28 ന് കേസ് വീണ്ടും കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
ബാങ്ക് തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19 നാണ് ലണ്ടനില്‍ അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന വാദവും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദവും ഇത്തവണയും കോടതി അംഗീകരിക്കുകയായിരുന്നു. സമാന വാദം ഉന്നയിച്ചാണ് ആദ്യ രണ്ട് തവണയും ജാമ്യം നിരസിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി വായ്പയെടുത്താണ് നീരവ് രാജ്യം വിട്ടത്. 17 മാസത്തിന് ശേഷമാണ് നീരവ് മോദി ഇന്ന് പൊലീസ് പിടിയിലായത്. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. യുകെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയിൽ ഒപ്പുവച്ചിരുന്നു.
2018 ജനുവരിയിലാണ് നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത്. തട്ടിപ്പ് പുറത്തുവരുന്നതിന് ഏതാനും ദിവസം മുൻപാണ് ഇവർ രാജ്യം വിട്ടത്. മോദി യുകെയിലും ചോക്സി ആന്റിഗയിലും ഉണ്ടെന്നായിരുന്നു വിവരം. കഴിഞ്ഞ ദിവസമാണ് ടെലഗ്രാഫ് ന്യൂസ്പേപ്പർ നീരവ് മോദിയുടെ വീഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
എറണാകുളം മരട് നഗരസഭയിലെഅഞ്ചു അപ്പാർട്മെന്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവ്. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്ര്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.
കെട്ടിടങ്ങൾ ഒരു മാസത്തിനകം പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി. അനധികൃത നിർമ്മാണങ്ങൾ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മരട് മുൻസിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയത്. പിന്നീട് മരട് നഗരസഭ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതു മറികടന്നു കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ് ചെയ്തത്. തുടർന്നാണ് തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന് കാട്ടി നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും കെട്ടിട നിർമ്മാതാക്കൾക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മരട് നഗരസഭയിലുളള ഈ അഞ്ചു അപ്പാർട്മെന്റുകളിലായി ഏകദേശം 100 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയോടെ ഇവരെല്ലാം തന്നെ കെട്ടിടം ഒഴിയേണ്ടി വരും. കോടികൾ വില മതിക്കുന്നതാണ് ഇവിടുത്തെ ഓരോ ഫ്ലാറ്റുകളും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ്്ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിക്കുമേല്‍ പോക്സോ ചുമത്തി.
പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ രണ്ടാനച്ഛനായ വ്യക്തി നിരന്തരം ഉപദ്രവിക്കുകയായിരുന്നു. പുറത്തറിയിച്ചാല്‍ കൊല്ലുമെന്നു ഭീക്ഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ചൈല്‍ഡ്‌ലൈന്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. പിന്നീട് ഇവര്‍ കാട്ടാക്കട പൊലീസിനു കൈമാറുകയായിരുന്നു. മറ്റോരു കേസില്‍ ജാമ്യമെടുക്കാനായി കോടതി വളപ്പിലെത്തിയപ്പോള്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതി നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.
ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ബദല്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവസരം നല്‍കണമെന്ന് കാണിച്ച് 21 പാര്‍ട്ടികളുടെ നേതാക്കള്‍ ഒപ്പിട്ട കത്താണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തൂക്കുസഭയാണ് വരുന്നതെങ്കില്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ബിജെപി സര്‍ക്കാരുണ്ടാക്കുന്നത് തടയാനുള്ള മുന്‍കരുതലെടുക്കുകയാണ് പ്രതിപക്ഷം ഈ അസാധാരണ നീക്കത്തിലൂടെ. സര്‍ക്കാര്‍ രൂപീകരണ നീക്കം ശക്തമാക്കി ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി രാവിലെ ചര്‍ച്ച നടത്തി.
ഈ മാസം 21ന് പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ചന്ദ്രബാബു നായ്ഡു മുന്‍കൈയെടുക്കുന്നുണ്ട്. 23നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത്.
തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ ബിജെപിയെ വെട്ടിലാക്കി കശ്മീരില്‍ നിന്ന് പുതിയ വാര്‍ത്ത. ലഡാക്കിലെ മാധ്യമപ്രവർത്തകർക്ക് ബിജെപി നേതാവ് കവറിൽ പൊതിഞ്ഞ് പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വാർത്താ സമ്മേളനത്തിനിടെ ബിജെപി എംഎൽഎ വിക്രം റന്ധാവ കവറുകൾ മാധ്യമപ്രവർത്തകർക്ക് നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്നയും പണം കൈമാറാനായി എംഎൽഎയുടെ കൂടെ ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ സംഘടന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ആരോപണം നിഷേധിച്ച പാര്‍ട്ടി, പ്രസ് ക്ലബിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും പറഞ്ഞു.
നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതാക്കള്‍ പണമടങ്ങിയ കവര്‍ കൈമാറുകയായിരുന്നവെന്ന് റിന്‍ചന്‍ അഗ്മോ എന്ന മാധ്യമപ്രവര്‍ത്തകയാണ് ആദ്യം തുറന്നുപറഞ്ഞത്. ‘ഹാളിനകത്ത് വെച്ച് അവര്‍ ഒരു കവര്‍ തന്നു.
അവിടെ വെച്ച് കവര്‍ തുറന്ന് നോക്കരുതെന്ന് അവര്‍ പറയുകയും ചെയ്തു. എന്നാല്‍ ആകാംക്ഷ തോന്നി തുറന്നു നോക്കി. അഞ്ഞൂറിന്റെ കുറേ നോട്ടുകളായിരുന്നു അതില്‍. ഞാന്‍ അപ്പോള്‍ തന്നെ അത് അദ്ദേഹത്തിന് തിരിച്ചുകൊടുത്തു. എന്നാല്‍ അദ്ദേഹം അത് വാങ്ങാന്‍ തയ്യാറായില്ല. ഇതോടെ കവര്‍ മേശപ്പുറത്ത് തന്നെ വെച്ച് ഞാന്‍ ഇറങ്ങി..’ ഇതായിരുന്നു മാധ്യപ്രവർത്തകയുടെ വാക്കുകള്‍.
പണം തന്ന് സ്വാധീനിക്കാൻ ശ്രമിക്കുന്നത് വഴി തങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്നും ആരും ബിജെപി സമ്മാനിച്ച പണം സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പെരുമാറ്റച്ചട്ടലംഘനത്തിന് ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വിഷയത്തില്‍ ലേ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌ന ലവാസയും അന്വേഷണത്തിന് ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരുന്ന നടപടിയാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പോളിങ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സംരക്ഷിച്ചുവെന്ന് മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ശരിയെങ്കില്‍ തന്നെ എന്നെന്നേക്കുമായി നശിപ്പിക്കണമേയെന്നാണ് മന്ത്രി ജലീല്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. റമദാന്‍ മാസത്തില്‍ തന്റെ ഒരേയൊരു പ്രാര്‍ത്ഥന ഇത് മാത്രമാണെന്നും ജലീല്‍ ഫെയിസ്ബുക്കില്‍ കുറിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലുമായി മന്ത്രി കെ ടി ജലീലിന് അടുത്ത ബന്ധമുണ്ടെന്ന് വി.ടി ബല്‍റാം എം.എല്‍.എയും ലീഗും ആരോപിച്ചിരുന്നു. മന്ത്രിയുമായി ഇയാളുടെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ ബല്‍റാം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് യു.ഡി.എഫ്.
പ്രതി ഷംസുദ്ദീനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. മന്ത്രിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഷംസുദ്ദീനെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജലീല്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ ഇയാളുടെ ആഢംബര കാറാണ് ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രി ജലീല്‍ പ്രതിയായ ഷംസുദ്ദീനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു.
കെ ടി ജലീലിന്റെ പോസ്റ്റ് ചുവടെ
‘പ്രാര്‍ത്ഥനക്കുത്തരം കിട്ടുന്ന നന്‍മയുടെ പൂക്കാലമാണ് വന്നണഞ്ഞിരിക്കുന്നത്. ഈ റംസാന്‍ കാലത്ത് എനിക്ക് ഒരേയൊരു പ്രാര്‍ത്ഥനയേ ഉള്ളൂ; ‘ലോക രക്ഷിതാവായ നാഥാ, ബന്ധു നിയമന വിവാദത്തിലും പീഢന കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടും എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അന്യായമോ അനീതിയോ ശരികേടോ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്നെ നീ എന്നന്നേക്കുമായി നശിപ്പിക്കേണമേ.’ അസഭ്യങ്ങള്‍ ചൊരിഞ്ഞ് ഈയുള്ളവനെ അപമതിക്കുന്ന എല്ലാ സുഹൃത്തുക്കളും ഈ പ്രാര്‍ത്ഥനയിലെങ്കിലും പങ്കാളികളായി ദയ കാണിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എപ്പോഴും എന്റെ കരുത്ത് സത്യമറിയുന്ന ഒരു ശക്തി എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നുള്ളതാണ്.’
നഗരമധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 16നു കോടിമതയ്ക്കു സമീപം കൊല്ലപ്പെട്ടതു ബംഗാൾ ജയ്പാൽഗുരി സ്വദേശി പുഷ്പനാഥ് സൈബിയാണെന്നും ( പുഷ്കുമാർ) ഇയാളെ സുഹൃത്ത് അപ്പു റോയ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഇന്നലെ ഉച്ചയോടെ ബെംഗളൂരു വൈറ്റ് ഫീൽഡിൽ നിന്നു അപ്പു റോയിയെ പൊലീസ് അറസ്റ്റു ചെയ്തു. പണത്തിനു വേണ്ടിയാണു സുഹൃത്തായ പുഷ്കുമാറിനെ കൊന്നതെന്നു അപ്പു സമ്മതിച്ചു. പുഷ് കുമാറിന്റെ എടിഎം കാർഡ് ഉപയോഗിച്ചു അപ്പു പണം പിൻവലിച്ചതായും കണ്ടെത്തി. ജയ്പാൽഗുരി സ്വദേശികളായ പുഷ് കുമാർ എരുമേലിയിലും അപ്പു റോയ് കോട്ടയത്തുമാണു ജോലി ചെയ്തിരുന്നത്. പുഷ് കുമാർ 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി അപ്പു മനസിലാക്കി. ജോലി സ്ഥലത്തു നിരന്തരം വഴക്കുണ്ടാക്കി മാറുന്ന അപ്പുവിന് ആരും സ്ഥിരം ജോലി നൽകിയിരുന്നില്ല
പണം ആവശ്യത്തിന് ആയെന്നും നാട്ടിലേക്കു തിരികെ പോയി കൃഷി തുടങ്ങുമെന്നും പുഷ് കുമാർ അപ്പുവിനോടു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തേക്കു പുഷ് കുമാറിനെ വിളിച്ചുവരുത്തിയ അപ്പു നഗരത്തിലെ കെട്ടിടത്തിന്റെ മുകളിൽ വച്ചു കൊലപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. എടിഎം കാർഡിൽ പുഷ് കുമാർ പിൻ നമ്പർ എഴുതിയിരുന്നതു പണം എടുക്കാനും സൗകര്യമായി. കോടിമതയിലെ ഹോട്ടലിനു സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ച ചിത്രമാണ് തുമ്പായത്.
ഇരുവരും ഒരുമിച്ച് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ കോട്ടയത്തെയും പരിസരത്തെയും ലേബർ കരാറുകാരുടെ യോഗം വിളിച്ചു ചേർത്തതിൽ നിന്നാണു അപ്പു റോയിയെ കുറിച്ചു സൂചന ലഭിച്ചത്. പ്രതിയെ ഇന്നു കോട്ടയത്ത് എത്തിക്കും
തിരുവനന്തപുരം: 13 ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് തിരിച്ചു. മെയ് 13ന് ജനീവയിൽ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ലോക പുനർനിർമ്മാണ സമ്മേളനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടി. സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്. 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും.
ഒമ്പതാം തീയതി നെതർലൻഡ്സിലാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒവിന്‍റെ പ്രതിനിധികളുമായും വ്യവസായ കോണ്‍ഫെഡറേഷന്‍റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രകൃതി ക്ഷോഭത്തെ നേരിടുന്നതിന് നെതർലൻഡ്സ് സർക്കാർ നടപ്പിലാക്കിയ ‘റൂം ഫോർ റിവർ’ പദ്ധതി പ്രദേശവും മറ്റ് പദ്ധതികളും അദ്ദേഹം സന്ദർശിക്കും. നെതര്‍ലൻഡ്സിലെ മലയാളി കൂട്ടായ്മയുമായി അദ്ദേഹം സംവദിക്കും.
പിന്നീട് ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. മെയ് 14ന് സ്വിറ്റ്‌സര്‍ലൻഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി സംസാരിക്കും. സ്വിസ് പാര്‍ലമെന്‍റിലെ ഇന്ത്യന്‍ അംഗങ്ങളുമായും പിണറായികൂടിക്കാഴ്ച നടത്തുന്നുണ്ട്. യു.എന്‍.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.
മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
ഇംഗ്ലണ്ടിലെത്തുന്ന മുഖ്യമന്ത്രി മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പിണറായി പങ്കെടുക്കും. ധനകാര്യമന്ത്രി തോമസ് ഐസക്കും, കിഫ്ബി സിഇഒ കെ.എം.എബ്രഹാമും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും അനുഗമിക്കും. മെയ് 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുക. ഇതുവരെയുള്ള മുഖ്യന്ത്രിയുടെ വിദേശപര്യടനങ്ങളിൽ ചുമതല മറ്റ് മന്ത്രിമാർക്ക് നൽകിയിരുന്നില്ല. ഇക്കുറിയും അത് ഉണ്ടാകില്ല എന്നാണ് കരുതുന്നത്.
ബെംഗളൂരു മെട്രോ സ്റ്റേഷനില്‍ ദുരൂഹത പടര്‍ത്തി അജ്ഞാതന്‍. പൊലീസിന്റെ സുരക്ഷാ പരിശോധനയ്ക്ക് നിന്നുകൊടുക്കാത്ത യുവാവാണ് ദുരൂഹതയ്ക്ക് കാരണം. മജെസ്റ്റിക് മെട്രോ സ്റ്റേഷനില്‍ വച്ചാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കൈയില്‍ എന്തോ നിരോധിത വസ്തുവുമായി മെട്രോ സ്റ്റേഷനിലെത്തിയ യുവാവ് പൊലീസിന്റെ സുരക്ഷാ പരിശോധനകള്‍ക്ക് നിന്നുകൊടുക്കാതെ അതിവേഗം ഓടിമറയുകയായിരുന്നു.
ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വക്താവ് സംഭവത്തെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ: “മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ യുവാവിനെ പരിശോധിക്കുകയായിരുന്നു. അതിനിടയില്‍ മെഷീനില്‍ നിന്ന് ബീപ് ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. സംശയം തോന്നിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്നാല്‍, അയാള്‍ അതിവേഗം നടന്നുമറഞ്ഞു. മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ കാരണമായ വസ്തു എന്താണെന്ന് വെളിപ്പെടുത്താതെ അയാള്‍ ഗേറ്റ് കടന്നുപോയി. സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.”
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ബെംഗളൂരു വെസ്റ്റ് ഡിസിപി സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥനുമായി സഹകരിക്കാതെ കടന്നുകളഞ്ഞ വ്യക്തിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഡിസിപി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു മെട്രോ സ്റ്റേഷനിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയതായി അദ്ദേഹം അറിയിച്ചു.