വത്തിക്കാൻ സിറ്റി: 2020 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ ലബനനിൽ വച്ച് നടക്കുന്ന കത്തോലിക്കാ – ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി കേരളത്തിൽനിന്നുള്ള ഫാദർ ജിജി പുതുവീട്ടിൽക്കളം എസ്സ്. ജെയെ വത്തിക്കാനിലെ ക്രിസ്‌തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് പുറത്തുള്ള ക്രൈസ്തവ സഭകളുമായി സഭാഐക്യ സംവാദങ്ങൾ നടത്താനും മാർഗ്ഗരേഖകൾ
തയ്യാറാക്കാനുമുള്ള മാർപാപ്പയുടെ പരമോന്നത സമിതിയായ ക്രിസ്‌തീയ ഐക്യത്തിനുവേണ്ടിയുള്ള ഈ പൊന്തിഫിക്കൽ കൗൺസിലിന്റെ ആസ്ഥാനം വത്തിക്കാനിലാണ്.

ലബനനിൽ വച്ച് നടത്തുന്ന ഈ അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിൽ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായ കർദിനാൾ കുർഹ് കോഹിന്റെ ന്വേതൃത്വത്തിൽ സഭാപിതാക്കന്മാരടക്കമുള്ള 14 ദൈവശാസ്ത്രജ്ഞമാരും ഇന്ത്യയിൽനിന്നുള്ള മലങ്കര സിറിയൻ ഓർത്തഡോക്സ് (യാക്കോബായ), മലങ്കര ഓർത്തഡോക്സ് സിറിയൻ (ഇന്ത്യൻ ഓർത്തഡോക്സ്) സഭകളുൾപ്പെടെയുള്ള 6 ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ പ്രതിനിധീകരിച്ചു സഭാ തലവന്മാരടക്കമുള്ള 14 പ്രമുഖ ദൈവശാസ്ത്രഞ്ജരും പങ്കെടുക്കും. ഇരുവിഭാഗങ്ങളിൽനിന്നുമുള്ള നിരീക്ഷകരടക്കം 30 പേര് പങ്കെടുക്കുന്ന ഈ ദൈവശാസ്ത്ര സംവാദത്തിൽ കാത്തോലിക്കാ സഭയെ പ്രതിനിധികരിച്ചുള്ള നിരീക്ഷകനായി നിയമിതനായിരിക്കുന്നത് ഫാദർ ജിജിയാണ്. കത്തോലിക്കാ സഭയ്ക്കും ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലുള്ള സഭകൾക്കും പൊതുവായുള്ള ദൈവശാസ്ത്ര വിജ്ഞാനീയങ്ങളും നിലപാടുകളും തിരിച്ചറിയുക, ഇരു വിഭാഗങ്ങൾക്കിടയിലും
പൊതുധാരണകളായി ഉരുത്തിരിയുന്ന മാർഗനിർദ്ദേശങ്ങൾ വിലയിരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് നിരീക്ഷകനായ ഫാദർ ജിജിയിൽ നിക്ഷിപ്തമായിരിക്കുന്നത്. 2001 – ൽ ഈശോസഭയിൽ പ്രവേശിച്ച ഫാദർ ജിജി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കിയതിന് പുറമെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്‌ഫോർഡ് സർവകലാശാലയിൽനിന്ന് സുറിയാനി പഠനങ്ങളിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ഓക്സ്‌ഫോർഡ് സർവകലാശാലയിൽ
പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ഗവേഷണം നടത്തുന്ന ഫാദർ ജിജി, നിലവിൽ സിറോ-മലബാർ സഭയുടെ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗവും, ഗ്രേറ്റ് ബ്രിട്ടൺ സിറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കൺസൾട്ടറും കാർഡിനൽ ന്യൂമാൻ സീറോ മലബാർ കാത്തലിക് മിഷൻ ഓക്സ്ഫോർഡ്ഷയറിന്റെ കോർഡിനേറ്ററുമാണ്.

സീറോ മലബാർ സഭയുടെ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽ നിന്നും 2017 ഓഗസ്റ്റ് 19 – ന് വൈദികപട്ടം സ്വീകരിച്ച ഫാദർ ജിജി, ആലപ്പുഴ പുന്നക്കുന്നത്തുശ്ശേരിയിലെ പുതുവീട്ടിൽക്കളം പി. റ്റി ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശ്ശേരി അതിരൂപതാ വൈദികനായ ഫാദർ റ്റെജി പുതുവീട്ടിൽക്കളത്തിൻറെ സഹോദരനുമാണ്.