നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റൺവേ അടച്ചിടുന്നതിനാലാണിത്.
നിലവിൽ 31 ആഭ്യന്തര സർവീസുകളും 7 രാജ്യാന്തര സർവീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സർവീസുകൾ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ നിശ്ചയപ്രകാരം നവംബർ 6 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടും. മൂന്നു പാളികളായി റൺവേ പുനർനിർമിക്കുന്ന (റീകാർപ്പെറ്റിങ്) ജോലികളാണു നടത്തുന്നത്. പകൽ നിർമാണപ്രവർത്തനങ്ങൾ നടത്തി റൺവേ വൈകിട്ടോടെ വ്യോമഗതാഗതത്തിന് സജ്ജമാക്കേണ്ടതുണ്ട്.
ഓരോ പത്തു വർഷത്തിലും റൺവേ റീകാർപ്പറ്റിങ് നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദ്ദേശം. 1999ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിന്റെ റൺവേയുടെ ആദ്യ റീകാർപ്പെറ്റിങ് ജോലികൾ 2009ൽ നടന്നു. രണ്ടാമത്തേതും കൂടുതൽ മികവേറിയതുമായ ജോലികളാണ് ഇക്കുറി നടത്തുക.
സ്റ്റേഷന്‍ ജീവനക്കാരും ട്രെയിന്‍ ഓപ്പറേറ്റര്‍മാരും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷും ഹിന്ദിയും മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന നിർദേശവുമായി ദക്ഷിണ റെയിൽവേയുടെ നോട്ടീസ്. ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുത് എന്നും നോട്ടീസ് വ്യക്തമാക്കുന്നു.
കണ്‍ട്രോള്‍ റൂമുകളിലും, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളിലും ആശയക്കുഴപ്പം വരാതിരിക്കാനുള്ള ഉപായം എന്ന നിലയില്‍ മാത്രമാണ് രണ്ട് ഭാഷകള്‍ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ദക്ഷിണ റെയില്‍വേയുടെ വാദം. സിഗ്‍നലുകള്‍ തെറ്റാതിരിക്കാനുള്ള വഴിയാണിതെന്നും ദക്ഷിണ റെയിൽവേ ജി.എം.ഗജാനന്‍ മല്യ മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ 12ന് അയച്ച കത്തില്‍ ചീഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് മാനേജര്‍ ആര്‍.ശിവയാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സെക്ഷന്‍ കണ്‍ട്രോളര്‍മാര്‍, സ്റ്റേഷന്‍ ജീവനക്കാര്‍, ട്രാഫിക് ഇൻസ്പെക്ടര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവരെയാണ് കത്തില്‍ അഭിസംബോധന ചെയ്യുന്നത്.
ഉദ്യോഗസ്ഥര്‍ തമ്മിലുളള ആശയവിനിമയത്തിന് പുതിയ നിര്‍ദേശം സഹായകമാകുമെന്നാണ് ശിവ പറയുന്നത്. ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിന് ഇടയ്‍ക്കാണ് ഭാഷയുടെ പേരില്‍ റെയിൽവേയിലും വിവാദം.
ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമാക്കുന്ന പാഠ്യപദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് നയം തയ്യാറാക്കിയിരുന്നു. തമിഴ്‍നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോയിരുന്നു.
മച്ചാനെ ആ മെനകെട്ടവന്റെ പരിപാടിക്കൊന്നും പോയേക്കല്ലേ… ആസിഫ് അലിയോട് ആരാധകര്‍ പറയുന്നു. പൂഞ്ഞാര്‍മണ്ഡലത്തിലുള്ള മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്‌സലേഷ്യ അനുമോദന ചടങ്ങില്‍ ആസിഫ് അലിയോട് പങ്കെടുക്കരുതെന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന.
മണ്ഡലത്തിലെ എംഎല്‍എ പിസി ജോര്‍ജാണ് ചടങ്ങിന്റെ മുഖ്യ സംഘാടകന്‍. പിസിയോടുള്ള വെറുപ്പാണ് പുറത്തുവരുന്നത്. മുസ്ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിങ്ങള്‍ എന്ന് പറയുന്ന പിസി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.
ഫോണ്‍ സംഭാഷണം വൈറലായപ്പോള്‍ പിസി ജോര്‍ജ്ജ് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, പിസിയോടുള്ള കലിപ്പ് മാറിയില്ല. പ്രിയപ്പെട്ട ആസിഫ്, ഒരു നാടിനെയാകെ തീവ്രവാദി എന്നു വിളിച്ച ആളാണ് പിസി, ദയവായി അയാളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.. എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്ന് വിളിച്ച പൂഞ്ഞാര്‍ കോളാമ്പിയുടെ പരുപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക.. എന്നാണു മറ്റൊരാള്‍ എഴുതിയിരിക്കുന്നത്. ‘ആസിഫ്, താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’ എന്നും പറയുന്നുണ്ട്.
ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’. ഇതാണ് വി.എസ്.നവാസ് ഭാര്യ ആരിഫയ്ക്ക് അവസാനമായി അയച്ച സന്ദേശം. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ വി.എസ്. നവാസ് ഇന്നലെ മുതലാണ് ഒളിവിൽ പോയത്.
സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലാണു ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസും കുടുംബവും താമസിക്കുന്നത്. ഡ്യൂട്ടിക്കു ശേഷം ഇന്നലെ പുലർച്ചെ നാലിനു ക്വാർട്ടേഴ്സിൽ എത്തിയ നവാസ്, അഞ്ചരയോടെ വീടുവിട്ടതായാണു കരുതുന്നത്. ഇതിനു ശേഷം, ‘ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’ എന്ന വാട്സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തന്റെ ഭർത്താവിനെ ഉയർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നതായും അദ്ദേഹത്തെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇൻസ്പെക്ടർ നവാസിന്റെ ഭാര്യ ആരിഫ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതേ ആവശ്യമുന്നയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്. നാവസിന്റെ മേലുദ്യോഗസ്ഥൻ എസിപി പി.എസ്. സുരേഷ് കുമാർ വയർലസിലൂടെ അധിക്ഷേപിച്ചെന്നും ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞതായും ചൂണ്ടിക്കാണിച്ചാണ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേർത്തു.
അദ്ദേഹത്തെ കാണാതാകുന്നതിനു തലേ ദിവസം രാത്രി വന്നപ്പോൾ വാഹനത്തിൽ നിന്നു ഫോൺ എടുത്തിരുന്നില്ല. താനാണ് പിന്നീട് ഫോൺ എടുത്തു കൊടുത്തത്. അതു കഴിഞ്ഞ് രാത്രി യൂണിഫോം ധരിച്ച് പോയിട്ട് തിരിച്ചെത്തുന്നത് രാവിലെ നാലു മണിക്കാണ്. വന്നപ്പോൾ വല്ലാതെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. എന്താണെന്നു ചോദിച്ചപ്പോൾ ‘ഒരുപാട് വഴക്കു കേട്ടു, നീ ഇപ്പോൾ ഒന്നും ചോദിക്കരുത്’ എന്നു പറഞ്ഞു. തന്റെ കൂടെ വന്നു കിടക്കുകയും പിന്നെ എഴുന്നേറ്റു പോയി ടിവി വച്ചുകൊണ്ടിരിക്കുന്നതും കണ്ടു. ആ 20 മിനിറ്റിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്.
നേരത്തെ നിരവധി പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അപ്പോഴെല്ലാം പിടിച്ചു നിന്നു. വ്യക്തിപരമായി അധിക്ഷേപിക്കൽ തുടങ്ങി അനാവശ്യമായി കേസെടുക്കാൻ നിർബന്ധിക്കൽ എന്നിങ്ങനെയെല്ലാം അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നത് അറിയാം. എസിയുമായി വയർലസിലൂടെ വിഷയമാണെന്നും പറഞ്ഞിരുന്നു. അപ്പോൾ വിഷമിപ്പിക്കാതിരിക്കാൻ ഉറങ്ങി എഴുന്നേറ്റിട്ട് കാര്യങ്ങൾ ചോദിക്കാമെന്നാണ് വിചാരിച്ചത്. ഭർത്താവിനെ കാണാതായപ്പോൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാതിരുന്നപ്പോഴാണ് പരാതി കൊടുത്തത്. സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് മൊഴിയെടുത്തു പോയതല്ലാതെ ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
പിന്നീട് സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് അദ്ദേഹം കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിന് തെളിവു ലഭിച്ചതായി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും കാണിച്ചു. അതുമാത്രമാണ് ഏക ആശ്വാസം.. മറ്റൊരു മറുപടിയും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന ഡിസിപിയുമായും സംസാരിച്ചിരുന്നു. അവർ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്, കുട്ടികളെ ആശ്വസിപ്പിക്കൂ എന്നാണ് പറഞ്ഞത്. മക്കൾ അച്ഛൻ മിഠായിയുമായി വരുന്നത് കാത്തിരിക്കുന്ന കുഞ്ഞു കുട്ടികളല്ല. അവരോട് എനിക്ക് സമാധാനം പറയണം.
പൊലീസിന്റെ സഹായമില്ലാതെ വേറെ ഒരു വഴിയും മുന്നിലില്ല. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടില്ല. അക്കാര്യത്തിൽ തീരുമാനം എടുക്കാൻ സമയം വേണം. ആദ്യം ഭർത്താവിനെ കണ്ടെത്തുകയാണ് വേണ്ടത്. ഇതിനിടെ സഹപ്രവർത്തകരും ബാച്ച് മേറ്റ്സും എല്ലാവരും വന്ന് ആശ്വസിപ്പിക്കുകയും കണ്ടെത്തുന്നതിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കാണാതായതിന്റെ തലേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എല്ലാം മൊഴിനൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴിയെടുക്കണമെന്നും വയർലെസ് സന്ദേശം പരിശോധിക്കണമെന്നും ഉയർന്ന ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.
24 മണിക്കൂറും ഒപ്പം കൊണ്ടുനടക്കുന്ന വയര്‍ലെസെറ്റിലൂടെ മേലുദ്യോഗസ്ഥരുടെ ശകാരവര്‍ഷം ഏല്‍ക്കാത്ത പൊലീസുകാര്‍ ഉണ്ടാകില്ല. ചുരുക്കം ചിലര്‍ പ്രതികരിക്കാന്‍ മുതിരുമ്പോള്‍ സ്ഥിതി ആകെ വഷളാകും. അതാണ് ഇക്കഴിഞ്ഞ പുലര്‍ച്ചെ കൊച്ചി സിറ്റി പൊലീസില്‍ ഉണ്ടായത്. സിഐ നവാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സെറ്റിലെത്തി ചൂടായ അസിസ്റ്റന്റ് കമ്മിഷണറോട് സിഐ തിരിച്ചടിച്ചു. രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ, എസിയുമായി കൊമ്പുകോര്‍ത്തു. സിറ്റി പൊലീസില്‍ ആ നേരത്ത് ഉണര്‍ന്നിരുന്നവരെല്ലാം ഇതിന് സാക്ഷികളായി. എല്ലാം ശാന്തമായെന്ന് കരുതിയ പ്രഭാതം പുലര്‍ന്നപ്പോഴാണ് നവാസിനെ കാണാനില്ലെന്ന് വീട്ടില്‍ നിന്ന് അറിയിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്.
പുലര്‍ച്ചെ തന്നെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പിച്ച്, ഒരു യാത്ര പോകുന്നുവെന്ന് ഭാര്യക്ക് മെസേജും അയച്ചശേഷമാണ് പോയിരിക്കുന്നത്. നഗരത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതോടെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടുമുട്ടിയ പൊലീസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് സിഐ നവാസ് പ്രതികരിച്ചത്. സ്വന്തം മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഓഫുചെയ്ത നിലയിലാണ്.
സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്ടി സുരേഷ് കുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിഐക്കായി തിരച്ചില്‍ നടക്കുന്നത്. പൊലീസില്‍ മികച്ച പ്രതിഛായയുള്ള സിഐ നവാസ് പക്ഷെ മുന്‍പും ഔദ്യോഗിക വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
കേരള കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് സമയവായ ഫോര്‍മുലയുമായി പി.ജെ.ജോസഫ്. സി.എഫ്.തോമസിനെ ചെയര്‍മാന്‍ സ്ഥാനവും ജോസ് കെ.മാണിക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയും പി.ജെ. ജോസഫിന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും ലഭിക്കും വിധമാണ് ഫോര്‍മുല.നിര്‍ദേശം തളളിയ ജോസ് കെ മാണി തര്‍ക്കപരിഹാരം പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് മറുപടി നല്‍കി. ആദ്യം സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. ജോസഫിന്റെ പ്രസ്താവന സമവായശ്രമത്തിന് കളങ്കമാണെന്ന് റോഷ് അഗസ്റ്റിൻ എംഎൽഎയും പ്രതികരിച്ചു.
മധ്യസ്ഥ ചര്‍ച്ചകളിലും ചെയര്‍മാന്‍ സ്ഥാനം വിട്ടു നല്‍കാനാകില്ലെന്ന നിലപാടിലുറച്ച് ജോസ്.കെ. മാണി പക്ഷം. പി.ജെ. ജോസഫിന് നിയമസഭകക്ഷി നേതാവും, വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം. ചെയര്‍മാന്‍ സ്ഥാനം വിട്ടു നല്‍കാന്‍ പി.ജെ. ജോസഫ് തയ്യാറായെങ്കിലും ജോസ്.കെ. മാണിയെ ചെയര്‍മാനാക്കരുതെന്ന് നിലപാടെടുത്തു.
രണ്ടാംഘട്ട ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിനായി രൂപപ്പെട്ടത് രണ്ട് സമവാക്യങ്ങള്‍.
സി.എഫ്. തോമസ് ചെയര്‍മാന്‍, പി.ജെ. ജോസഫ് നിയമസഭാകക്ഷിനേതാവ്, ജോസ്.കെ. മാണി വര്‍ക്കിങ് ചെയര്‍മാന്‍ എന്നതാണ് സമവാക്യങ്ങളില്‍ ഒന്ന്. ജോസ്.കെ. മാണി ചെയര്‍മാനും പിജെ നിയമസഭ കക്ഷി നേതാവും എന്നതാണ് രണ്ടാമത്തേത്. സി.എഫ് തോമസിനെ ചെയര്‍മാനാക്കുന്നതില്‍ പിജെയ്ക്ക് എതിര്‍പ്പില്ല പക്ഷെ നിയമസഭാകക്ഷിനേതാവിന് പുറമെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും വേണം. ഇരട്ടപദവി വഹിക്കില്ലെന്ന് പിജെ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇത് അനിവാര്യമാകും. വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ സംഘടന തലത്തില്‍ ജോസഫ് വിഭാഗത്തിന് പ്രാതിനിധ്യം നഷ്ടപ്പെടുമെന്നാണ് വിശദീകരണം.
ജോസഫിന് ഇരട്ടപദവി നല്‍കുന്നതില്‍ ജോസ് പക്ഷത്തിന് എതിര്‍പ്പില്ല പക്ഷെ ചെയര്‍മാന്‍ ജോസ്.കെ. മാണിയാകണം. ഗ്രൂപ്പിന്‍റെ നിലനില്‍പ്പിന് ചെയർമാൻ സ്ഥാനം അനിവാര്യമാണെന്ന നിലപാടാണ് ജോസ് പക്ഷത്തിന്. ആദ്യ ആറു മാസം സി.എഫ്. തോമസിനെ ചെയർമാനാക്കി പിന്നീട് ജോസ് കെ. മാണിയെ ചെയർമാനാക്കാമെന്ന ജോസഫ് വിഭാഗം തയ്യാറാണ്. പക്ഷെ തീരുമാനം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയെന്ന് ജോസ് പക്ഷം വിലയിരുത്തുന്നു. ചെയർമാൻ സ്ഥാനമില്ലെങ്കില്‍ പിളരാന്‍ തന്നെയാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. ബദല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ജോസഫിനെ അനുകൂലിച്ച നേതാക്കളുടെ പിന്തുണ നേടിയെടുക്കാനായതിന്‍റെ ആത്മവിശ്വാസവും ജോസ് പക്ഷത്തിനുണ്ട്. ഇത്തവണയും സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു തിരഞ്ഞെടുപ്പു നടത്തുക എന്നതാണ് മധ്യസ്ഥരുടെ അവസാന നിര്‍ദേശം.
സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ അനന്ത്നാഗ് ഭീകരാക്രമണത്തിനു പിന്നിൽ ഇന്ത്യ വിട്ടയച്ച ഭീകരനെന്ന് സംശയം. കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടർന്ന് ബന്ധികളെ മോചിപ്പിക്കാൻ ഇന്ത്യ വിട്ടയച്ച അൽ ഉമർ മുജാഹുദ്ദീൻ ഭീകരൻ മുഷ്താഖ് അഹമ്മദ് സർഗാർ എന്ന ഭീരകരനാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. ആക്രമണത്തിനു ശേഷം മുഷ്താഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള അൽ ഉമർ മുജാഹുദ്ദീൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. മുഷ്താഖ് അഹമ്മദാണ് അനന്ത്നാഗ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് സൈന്യത്തിന്റെ നിഗമനം.
ആക്രമണത്തിൽ ജെയ്ഷെമുഹമ്മദിനും പങ്കുണ്ടെന്ന് അധികൃതർ പറയുന്നു. കാഷ്മീരിൽ ഭീകരസംഘടനകളായ അൽ ഉമർ മുജാഹുദ്ദീനും ജെയ്ഷെ മുഹമ്മദും ചേർന്നുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ കരുതുന്നു. രണ്ടു സംഘടനകളെയും ഒന്നിപ്പിച്ചത് മുഷ്താഖ് അഹമ്മദാണെന്നുമാണ് കരുതുന്നത്. അൽ ഉമർ മുജാഹുദ്ദീന്‍ അനന്ത്നാഗിലെ ആക്രമണം നടത്താനുള്ള ശേഷിയില്ല. മസൂദ് അസ്ഹറിന്റെ ജെയ്ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്തുണ നൽകിയതെന്നാണ് കരുതുന്നത്.
1992 ൽ ആണ് മുഷ്താഖ് അഹമ്മദ് ഇന്ത്യയുടെ പിടിയിലായത്. 1999 ല്‍ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചിയ ഭീകരർ ബന്ധിക്കൾക്കു പകരമായി ആവിശ്യപ്പെട്ടത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഉൾപ്പെടെ മുന്നു പേരെയായിരുന്നു. അക്കൂട്ടത്തിൽ ഉൾപ്പെട്ട ഭീകരനായിരുന്നു മുഷ്താഖ് അഹമ്മദ്. 1999-ല്‍ 180 യാത്രികരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോരുകയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് റാഞ്ചിയത്. പാക്കിസ്ഥാനിലെ തീവ്രവാദി സംഘടനയായ ഹര്‍ക്കത്തുള്‍-മുജാഹിദ്ദീനായിരുന്നു ഇതിനു പിന്നില്‍. വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതിനു ശേഷമായിരുന്നു റാഞ്ചല്‍. റാഞ്ചിയ വിമാനം ലാഹോര്‍, അമൃത്സര്‍, ദുബായ് എന്നിവിടങ്ങളില്‍ ഇറക്കിയ ശേഷം കണ്ഡഹാര്‍ വിമാനത്താവളത്തിൽ ഇറക്കി. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ഭീകരരെ വിട്ടയച്ച ശേഷമാണ് ഏഴു ദിവസത്തെ റാഞ്ചല്‍ നാടകം അവസാനിച്ചത്.
മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരും കിഫ്ബിയും ഇതുവരെ രണ്ടു കോടി 29 ലക്ഷം രൂപ ചെലവിട്ടതായി ധനവകുപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16ലക്ഷത്തിലേറെ രൂപ ചെലവായി. ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി.
ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനവകുപ്പ് നല്‍കിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ക്ഷണമനുസരിച്ച് ‘റിങ് ദ ബെല്‍’ ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ കിഫ്ബി 12,98,243 രൂപയാണ് ചെലവിട്ടത്.
ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 3,65000 രൂപയും ചെലവിട്ടു. ആകെ ചെലവായത് 16,63,243 രൂപ. മസാല ബോണ്ട് വില്‍പനയ്ക്കായി ബാങ്കുകള്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും ഫീസായി നല്‍കിയത് 1,65,68,330 രൂപ, ആക്സിസ് ബാങ്ക്,ഡിഎല്‍എ പിപ്പര്‍ യു കെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്.
ഈ കമ്പനികള്‍ വഴിയാണ് ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്‍പന നടത്തിയതെന്ന് കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്നോ നിക്ഷേപകര്‍ ആരെല്ലാമെന്നോ സര്‍ക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല. മസാല ബോണ്ടുകള്‍ വഴി ഇതുവരെ 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.
എഎൻ-32 വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യോമസേന. ഇന്നു രാവിലെയാണ് എട്ടുപേരടങ്ങിയ രക്ഷാസംഘം വിമാനം തകർന്നുവീണ സ്ഥലത്തെത്തിയതെന്നും അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും വ്യോമസേന ട്വീറ്റ് ചെയ്തു. അരുണാചൽപ്രദേശിൽനിന്നും തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത് രണ്ടു ദിവസങ്ങൾ പിന്നിടുമ്പോഴാണ് വ്യോമസേനയുടെ വിശദീകരണം. കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ.ഷെരിന്‍ എന്നിവര്‍ അടക്കം 13 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്നാണ് കാണാതായ വ്യോമസേന വിമാനം എഎന്‍ 32ന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെയാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. വിമാനം അപകടത്തിൽപെട്ടതിനു പിന്നാലെ വലിയ തോതിലുളള തീപിടിത്തവും ഉണ്ടായതായാണ് സൂചന.
ജൂണ്‍ 3 ന് ഉച്ചയ്ക്ക് 12.30 ഓടെ അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്. 1 മണിയോടെ വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടു. വിമാനം കാണാതായി എട്ടാം ദിവസത്തിനൊടുവിലാണ് വിമാനഭാഗങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്. എംഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ചു നടത്തിയ തിരിച്ചിലൊനൊടുവില്‍ അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോ മീറ്റര്‍ അകലെ വച്ച് വിമാനഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
തിരച്ചിലില്‍ വിവിധ സേനാവിഭാഗങ്ങളും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും പങ്കെടുത്തിരുന്നു. അപകടം നടന്ന സ്ഥലം നിബിഡ വനമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും പലപ്പോഴും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
#Update on #An32 crash: Eight members of the rescue team have reached the crash site today morning. IAF is sad to inform that there are no survivors from the crash of An32.
— Indian Air Force (@IAF_MCC) June 13, 2019
നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിക്കും. ഈ മാസം 17നാണ് പരിശോധന. തുടര്‍നടപടി അതിനുശേഷമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലം കോണ്‍ക്രീറ്റ്് സ്പെഷലിസ്റ്റിനെകൊണ്ട് പരിശോധിപ്പിക്കണമെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടു. ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവരുമായി ചര്‍ച്ചനടത്തി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്.
അതേസമയം, പാലാരിവട്ടം മേൽപ്പാലം പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്ന് മദ്രാസ് ഐഐടിയും. പാലം അപകടാവസ്ഥയിലായെന്ന് വ്യക്തമായ ശേഷം സർക്കാർ നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡിസൈൻ പ്രകാരം, എം 35 എന്ന ഗ്രേഡിൽ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതിൽ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്.
പാലത്തിൽ രൂപപ്പെട്ട വിള്ളലുകൾ ഓരോന്നും അനുവദനീയമായ അളവിലധികം വീതിയിൽ വികസിക്കുകയാണ്. ശാസ്ത്രീയമായി കണക്കുകൾ പ്രകാരം പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന റിപ്പോർട്ട് രണ്ട് വാല്യങ്ങളായി ആയിരം പേജോളം ഉണ്ട്. മദ്രാസ് ഐഐടിയിലെ ഡോക്ടർ പി. അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം നാലു മാസത്തിലേറെ നീണ്ട പരിശോധനകൾക്ക് ശേഷമാണ് റിപ്പോർട്ട് നൽകിയത്.
അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ചാണ് രാഷ്ട്രീയനേതാവല്ലാത്ത എസ്.ജയശങ്കറിനെ ബിജെപി വിദേശകാര്യമന്ത്രിയായി നിയമിച്ചത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു . ‘ഇ.എം.എസിന്റെ ലോകം’ സെമിനാറിന്റെ ഭാഗമായുള്ള ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഇന്ത്യ-യുഎസ് ഇടപാടുകളുടെയും സൂത്രധാരനാണ് അദ്ദേഹം. ഇടതുപക്ഷത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നവര്‍ പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട ശേഷം ഇടതുപക്ഷം നടത്തിയ വലിയ തിരിച്ചുവരവുകള്‍ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിലെ ജനവിധിയിൽനിന്ന് പാഠമുൾക്കൊള്ളാതെ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത ആരോടും വിദ്വേഷമോ അകല്‍ച്ചയോ ഇല്ലെന്നും ജനവിധി മാനിക്കുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബിജെപിക്കും ആര്‍എസ്എസിനുമെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തക്കസ്വാധീനം ഇടതുപക്ഷത്തിനില്ലെന്ന ചിന്ത ജനങ്ങളില്‍ ശക്തമായതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്. ആ ദൗര്‍ബല്യം മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ ബിജെപിയെ പുറത്താക്കി സര്‍ക്കാരുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ജനം കേരളത്തില്‍ യുഡിഎഫിന് വോട്ട് ചെയ്തത്. ആ തരത്തില്‍ യുഡിഎഫ് നടത്തിയ പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.
ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരോ ജയിച്ചാല്‍ എല്ലാമായെന്നു കരുതുന്നവരോ അല്ല ഇടതുപക്ഷം. കിട്ടിയ വോട്ടോ സീറ്റോ നോക്കാതെ എല്ലാക്കാലത്തും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് ഇടതുപക്ഷത്തിന്റെ രീതി. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാകാത്ത വിധം വര്‍ഗീയപ്രചാരണം നടന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കു പകരം തീവ്രഹിന്ദുത്വവും പാക്കിസ്ഥാന്‍ വിരുദ്ധതയും പ്രസംഗിച്ച് എല്ലാക്കാലത്തും മുന്നോട്ടുപോകാന്‍ ബിജെപിക്കു കഴിയില്ല.
ഇടതുപക്ഷത്തിന് കൂടുതല്‍ സാധ്യതയുള്ള സാഹചര്യമാണ് ദേശീയരാഷ്ട്രീയത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. തീവ്രവലതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയില്‍ വീണ്ടും അധികാരത്തിലെത്തിയത് ഇന്ത്യയിലെ ഹിന്ദുത്വ പ്രചാരണം കൊണ്ടു മാത്രമാണെന്ന് പരിമിതപ്പെടുത്തല്‍ ശരിയല്ല. അമേരിക്കയും ഓസ്ട്രേലിയയും ഫ്രാന്‍സും ഇസ്രയേലുമുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വലതുപക്ഷത്തേക്കുള്ള പോക്കിന്റെയും കോര്‍പറേറ്റ് അജൻഡകളുടെയും ഭാഗമായി വേണം ഇന്ത്യയിലെ സ്ഥിതിയും വിലയിരുത്താന്‍.