India

പൈനാവ്: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക്. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്; 135.9 അടിയിലെത്തിയിട്ടുണ്ട്

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിനു മുമ്പ് ഇടുക്കി ഡാം തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം എം മണി  ഇന്നത്തെ ജനപ്രതിനിധികളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ലെന്നും അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 2400 അടിയിലെത്തുന്നതിനു മുമ്പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കുമെന്നാണ്‌  മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏകോപിപ്പിക്കും. നേരത്തെ തന്നെ റവന്യൂ, ഇറിഗേഷന്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് അണക്കെട്ടിന്റെ താഴെ ഭാഗത്ത് സര്‍വേ നടത്തിയിരുന്നു.

പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോയ്സ് ജോര്‍ജ് എം പി, ജില്ലയില്‍നിന്നുള്ള മറ്റ് എം എല്‍ എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ദീൻദയാൽ ഉപാധ്യായ മാർഗില്‍ ശതകോടികള്‍ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെ അഞ്ചുനിലയിൽ പണിതുയർത്തിയ സൗധം വിട്ട് പഴയ കെട്ടിടത്തിലേക്ക് 2019-ലെ പൊതുതിരഞ്ഞെടുപ്പിന്‍റെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനുളള ‘വാര്‍ റൂം’ ബിജെപി  മാറ്റുന്നു.

പുതിയ മണിമാളിക ഓഫീസ് ബിജെപിക്ക് ഭാഗ്യം കൊണ്ടുവരുന്നില്ലെന്ന ഒരുവിഭാഗം നേതാക്കളുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ലുട്യൻസ് ഡൽഹിയിലെ അശോക റോഡ് മന്ദിരത്തിലേക്ക് തന്നെ മടങ്ങാനൊരുങ്ങുന്നത്.

പഴയ ഓഫീസില്‍ നിന്ന് മാറിയശേഷം ബിജെപിക്ക് നല്ല കാലമല്ലെന്നാണ് ചില നേതാക്കള്‍ വാദിക്കുന്നത്. ഗോരഖ്പുർ, ഫൂൽപുർ, കൈരാന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയും, കർണാടകയില്‍ അധികാരത്തിനെത്താന്‍ കഴിയാഞ്ഞതും, കശ്മീരിൽ സഖ്യസർക്കാരിന്‍റെ വീഴ്ചയും, സഖ്യകക്ഷികളുടെ കൊഴിഞ്ഞു പോക്കും എല്ലാം പുതിയ ഓഫീസിന്‍റെ ശകുനക്കേടായി ഇവര്‍ വ്യാഖ്യാനിക്കുന്നു.

ചില നേതാക്കളാണ് ഈ കാര്യം ഉന്നയിച്ചതെങ്കിലും, ഈ നിര്‍ദേശം അംഗീകരിച്ച് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് പഴയ ആസ്ഥാനത്തിരുന്നു തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തത്വത്തില്‍ തീരുമാനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

2014-ല്‍ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ സിരാകേന്ദ്രം കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്കി‌ന്റെ ലോധി എസ്റ്റേറ്റ് വസതിയായിരുന്നു. 2009-ൽ എൽ.കെ.അദ്വാനിയുടെ പ്രചാരണത്തിനു യുദ്ധമുറിയായതു തുഗ്ലക് ക്രസന്റിൽ കേന്ദ്ര മന്ത്രി അനന്ത്കുമാറിന്റെ വീട്.

ഇത്തരം ഭാഗ്യ-നിര്‍ഭാഗ്യ വിചാരങ്ങള്‍ക്കും, അന്ധവിശ്വാസങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ബിജെപി നേതൃത്വമെന്നുളളതിനാല്‍ ഇത്തരം നടപടികളില്‍ അതിശയപ്പെടാനില്ല. എന്നാല്‍, കോണ്‍ഗ്രസും ഭാഗ്യം മാനദണ്ഡമാക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഭാഗ്യം നോക്കിയാണെങ്കില്‍ 15 ഗുരുദ്വാര റഖബ്ഗഞ്ച് റോഡിലെ ‘വാര്‍ റൂം’ കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കേണ്ടി വരും. അവിടെ ഇരുന്ന് തന്ത്രങ്ങള്‍ക്ക് രൂപം കൊടുത്ത കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്.

വിദ്യാര്‍ഥിനി ഹനാന്‍ ഹന്നയ്ക്കെതിരായ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റിലായി. ഹനാന്‍ യൂണിഫോമില്‍ മീന്‍ വിറ്റത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് നൂറുദ്ദീന്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.

ഹനാന്‍ പാലാരിവട്ടം പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ നൂറുദ്ദീനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ താമസിക്കുന്ന ഈ വയനാട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഹനാന്‍റെ മീന്‍ വില്‍പന നാടകമാണ് എന്നായിരുന്നു പ്രതിയുടെ ഫെയ്സ്ബുക്ക് ലൈവ്.

അരുണ്‍ ഗോപിയുടെ സിനിമയ്ക്കായുള്ള പ്രചാരണ തന്ത്രമാണ് ഇതെന്നും പ്രതി വിഡിയോയില്‍ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുപറച്ചില്‍ വിഡിയോയുമായി നൂറുദ്ദീന്‍ രംഗത്തെത്തി. പിന്നീട് പക്ഷേ ആ വിഡിയോ ഡിലീറ്റ് ചെയ്തു. ഇന്നലെ മുഖ്യമന്ത്രി ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നപടിക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഒരു ഓണ്‍ലൈന്‍‌ മാധ്യമത്തിന്‍റെ ചതിക്കുഴിയില്‍ താന്‍ പെടുകയായിരുന്നു എന്ന വിശദീകരണവുമായും പ്രതി രംഗത്തെത്തി.

കൂടുതൽ പേരെ കണ്ടെത്താൻ പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലും സൈബർ ടോമും ജില്ലകളിലെ സൈബർ സെല്ലുകളും പരിശോധന തുടങ്ങി. ഹനാന്റെ കേസിന് പുറമേയും സമൂഹ മാധ്യമങ്ങളിൽ വ്യക്തികളെ അധിക്ഷേപിക്കുന്നവരെ നിരീക്ഷിക്കാൻ പൊലിസ് നടപടി തുടങ്ങുന്നുണ്ട്. മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് ഹനാനും രംഗത്തെത്തിയിരുന്നു.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനില വീണ്ടും മോശമായതായി സൂചന. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസ് എത്തിയെന്നാണ് വിവരം. മക്കളായ സ്റ്റാലിനും അഴഗിരിയും ഗോപാലപുരത്തെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്.

കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രക്തസമ്മർദം കുറഞ്ഞതിനാലാണെന്ന് ഡിഎംകെ നേതാവ് എ.രാജ. ഇപ്പോൾ രക്തസമ്മർദം സാധാരണ നിലയിലായെന്ന് അറിയിച്ച അദ്ദേഹം അണികൾ സംയമനം പാലിക്കണമെന്നും ആവസ്യപ്പെട്ടു.

അതിനിടെ, കരുണാനിധിയെ കാവേരി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് അദ്ദേഹത്തെ ഗോപാലപുരത്തെ വീട്ടിൽ നിന്നും അൽവാർപേട്ടിലുള്ള ആശുപത്രിയിലേക്ക് മാറ്റിയത്.

കാവേരി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ. രക്തസമ്മർദം കുറഞ്ഞതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇപ്പോൾ രക്തസമ്മർദം സാധാരണനിലയിലായിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അതോടൊപ്പംതന്നെ കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും വിദഗ്ധ ഡോക്ടർമാരുടെ പൂർണ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ബുള്ളറ്റിനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് അദ്ദേഹത്തെ ഗോപാലപുരത്തെ വീട്ടിൽ നിന്നും അൽവാർപേട്ടിലുള്ള ആശുപത്രിയിലേക്ക് മാറ്റിയത്.

വെള്ളിയാഴ്ച രാത്രി വൈകിയും കരുണാനിധിയുടെ ആരോഗ്യനിലയേക്കുറിച്ച് മെഡിക്കൽ ബുള്ളറ്റിനുകൾ ഒന്നും തന്നെ പുറത്ത് വിട്ടിരുന്നില്ല. ക​ര​ളി​ലും മൂ​ത്ര നാ​ളി​യി​ലും അ​ണു​ബാ​ധ ഉ​ണ്ടാ​യ​താ​ണ് അദ്ദേഹത്തിന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ചി​കി​ത്സ​യ്ക്കാ​യി നേര​ത്തെ കാ​വേ​രി ആ​ശു​പ​ത്രി​യിലെ​ത്തി​ച്ചെ​ങ്കി​ലും വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​യി​രു​ന്നു.‌

ആ​ശു​പ​ത്രി​യി​ൽ ല​ഭി​ക്കു​ന്ന അതേ ചി​കി​ത്സ​യാ​ണ് അദ്ദേഹത്തിന് വീ​ട്ടി​ലും ലഭ്യമാക്കിയ​ത്. അതിനിടെയാണ് രക്തസമ്മർദം കുറഞ്ഞതും വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയതും.

ന്യുഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണം. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ വിധി. കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ് എന്നിവര്‍ക്കെതിരെയും തെളിവുകള്‍ ഉണ്ട്. ഇവരും വിചാരണ നേരിടണമെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ല. ലാവ്‌ലിന്റെ അതിഥിയായി പിണറായി കാനഡയിലുള്ളപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്. ഭീമമമായ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഇതുവഴിയുണ്ടായത്. എന്നാല്‍ ലാവ്‌ലിന്‍ കമ്പനി വലിയ ലാഭമുണ്ടടാക്കുകയും ചെയ്തുവെന്നും സി.ബി.ഐ പറയുന്നു.

കേസില്‍ നിന്നും മൂന്നു പ്രതികളെ ഒഴിവാക്കിയതാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. പിണറായിക്കും മറ്റു ലഭിച്ചതുപോലെയുള്ള ആനുകൂല്യം തങ്ങള്‍ക്കും അര്‍ഹമാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് മറ്റ് മൂന്നു പ്രതികള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവരും വിചാരണ നേരിട്ടതെന്നും മൂന്നു പേരെ ഒഴിവാക്കുകയും മൂന്നുപേര്‍ വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യൂതി പദ്ധതികളുടെ പുനരുദ്ധാരണത്തിന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യൂതിമന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍ ആണ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് വന്ന ഇ.കെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യൂതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ സപ്ലൈ കരാര്‍ ആയി മാറ്റിയെന്നും ഇത് വ്യവസ്ഥാ ലംഘനമാണെന്നുമാണ് കേസ്. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്ത് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേസില്‍ പറയുന്നു.

അതേസമയം, സ്വന്തമായി നേട്ടമുണ്ടാക്കാനോ കമ്പനിക്ക് നേട്ടമുണ്ടാക്കാനോ പിണറായി വിജയന്‍ ശ്രമിച്ചതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് കുടുക്കിയെന്നും കുറ്റപ്പെടുത്തിയ ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധി ശരിവച്ചിരുന്നു. പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ക്ക് രുപം നല്‍കി നടപ്പാക്കിയത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും കുറഞ്ഞകാലം മാത്രം വൈദ്യൂതിമന്ത്രിയിരുന്ന പിണറായി വിജയന് ഇതില്‍ പങ്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിനും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറിലെ ഒരു കാര്യവും പിണറായി മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞുരുന്നു.

സി.ബി.ഐ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനേയും വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയ വിചാരണ കോടതി നടപടി ശരിവച്ച ഹൈക്കോടതി, കെ.എസ്.ഇ.ബി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു.

 

കൊച്ചി: ഹനാനെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തിന് തുടക്കമിട്ട നൂറുദ്ദീന്‍ ഷെയ്ക്ക് പിടിയില്‍. കൊച്ചി സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇയാളാണ് ഹനാന്റെ മത്സ്യ വ്യാപാരം ഒരു സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണെന്ന് ആദ്യമായി പ്രചരിപ്പിക്കുന്നത്. ഇയാള്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഹനാന് നേരെ അസഭ്യ വര്‍ഷമുണ്ടായത്.

ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചനകള്‍. ഹനാനെതിരെ അപവാദ പ്രചരണവും തെറിവിളിയും നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള അസി.കമ്മീഷണര്‍ ലാല്‍ജി വ്യക്തമാക്കി.

ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടത്തിയവരെ പിടികൂടണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തു.

പ്രണവ് രാജ്

കൊച്ചി : ഹനാനെ കണ്ണീരു കുടിപ്പിച്ചത് ഞാനും , ഷാജന്‍ സ്‌കറിയയുടെ മഞ്ഞപത്രമായ മറുനാടന്‍ മലയാളിയും ചേര്‍ന്നാണ്. സത്യം തുറന്ന് പറഞ്ഞ് ഹനാനെതിരെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷേയ്ഖ് . ഷാജന്റെ ഭാര്യയ്‌ക്കെതിരെ വാര്‍ത്തയിട്ട മാതൃഭൂമിയോടുള്ള പക തീര്‍ക്കാന്‍ കാത്തിരുന്ന ഷാജനും , റിപ്പോര്‍ട്ടറും  നൂറുദ്ദീന്‍ ഷേയ്ഖ് എന്ന വ്യക്തിയെ കരുവാക്കുകയായിരുന്നു . അവസാനം പിടിക്കപ്പെട്ടപ്പോള്‍ എല്ലാം നൂറുദ്ദീന്‍ ഷേയ്ഖിന്റെ മേല്‍ ആരോപിച്ച് വാര്‍ത്തയിട്ട് രക്ഷപെട്ടു. എല്ലാത്തിന്റെയും തെളിവുകള്‍ പുറത്ത്. ഇതുമൂലമായിരുന്നു ഹനാന്‍ എന്ന ആ പാവം പെണ്‍കുട്ടി തകര്‍ന്നു പോയതും കേരളീയ സമൂഹത്തില്‍ തട്ടിപ്പുകാരിയായി മാറിയതും .

ഹനാനെ കണ്ണീരു കുടുപ്പിച്ചതും ക്രൂരമായി അക്രമിച്ചതും ആരായിരുന്നു. ഇത് ആരു പ്‌ളാന്‍ ചെയ്തതായിരുന്നു? എങ്ങിനെയാണ് ആ ഫേക്ക് വാര്‍ത്ത സൃഷ്ടിക്കപ്പെട്ടത് ? ആരായിരുന്നു ഇതിന്റെ പിന്നില്‍?. ഇതാ വസ്തുതകള്‍ മറനീക്കി പുറത്തേക്ക് വരുന്നു. മലയാളികളെ മുഴുവന്‍ ചതിച്ച ഫേക്ക് വാര്‍ത്തക്കും തെറ്റായ ലൈവ് വീഡിയോക്കും പിന്നില്‍ ഷാജന്‍ സ്‌കറിയയുടെ മഞ്ഞപത്രമായ മറുനാടന്‍ മലയാളിയായിരുന്നെന്ന് തെളിയുന്നു.

മറുനാടന്‍ മലയാളിയുടെ റിപ്പോർട്ടറും ഞാനുമായിരുന്നു ഇതിന്റെ പിന്നിലെന്നും , എന്നെ അവർ തെറ്റിദ്ധരിപ്പിച്ചു എന്നും തുറന്ന് പറഞ്ഞ് നൂറുദ്ദീൻ ഷേയ്ഖ്. നൂറീന്റെ ലൈവ് വീഡിയോ ആയിരുന്നു ഹനാനെതിരേ ആദ്യം വിമർശനം ഉയർത്തിയത്. 40 ലക്ഷം പേർ കണ്ട ആ വീഡിയോ പെട്ടെന്ന് വൈറലായി കടുത്ത സൈബർ അക്രമണത്തിലേക്ക് നീങ്ങി. മാത്രമല്ല നൂറുദ്ദീൻ ഇസ്ളാം നാമധാരി ആയതിനാൽ സൈബർ അക്രമണത്തിന്റെ മുഴുവൻ പേരു ദോഷവും ആ സമുദായത്തിന്റെ മേല്‍ കെട്ടിവയ്ക്കാൻ പിന്നീട് മൽസരമായി. ഇസ്ളാമിക പ്രസ്താനങ്ങളേയും ഫേസ്ബുക്ക് ഗ്രൂപ്പുകളേയും എല്ലാം ടാർജറ്റ് ചെയ്തത് നൂറുദ്ദീന്റെ ഒറ്റ വീഡിയോ വരുത്തിയത് വലിയ ദുരന്തമായിരുന്നു.

എന്നാൽ ഞാൻ ആ വീഡിയോ ഇറക്കിയത് മറുനാടന്‍ മലയാളിയുടെ റിപ്പോർട്ടറുമായി ആലോചിച്ചായിരുന്നു എന്ന് നൂറുദ്ദീൻ പറഞ്ഞു. ഹനാന്റെ വാർത്ത പെയിഡ് വാർത്തയാണ്‌ . അവളുടെ കൈയ്യിലെ മോതിരം വജ്രമോതിരമാണ്‌. ഇത് മാതൃഭൂമിയുടെ പെയിഡ് ന്യൂസ് എന്ന് വരുത്തി തീർക്കണം. ഈ വിധത്തിൽ നീ ഒരു 2 മിനുട്ട് വീഡിയോ തരാമോ. ഈ ഓൺലൈൻ പോർട്ടലിന്റെ റിപോർട്ടർ നിർബന്ധിച്ചു. അങ്ങിനെ ഞാൻ വീഡിയോ കൊടുത്തു. തുടർന്ന് ഈ റിപോർട്ടർ എന്നെ ചതിക്കുകയായിരുന്നു. ഈ പോർട്ടലിന്റെ റിപോർട്ടർ ആയിരുന്നു ഈ വിധത്തിൽ എന്നോട് പറഞ്ഞതും പ്രേരിപ്പിച്ചതും. ഞാൻ കൊടുത്ത വീഡിയോ അവരുടെ കൈയ്യിൽ ഉണ്ട്. മാത്രമല്ല തമ്മനത്തേക്ക് പെൺകുട്ടി നിന്ന സ്ഥലത്തേക്ക് ബൈക്കിന്‌ ഈ ഓൺലൈൻ മാധ്യമത്തിന്റെ ഇതേ റിപോർട്ടറും ഞാനും ഒന്നിച്ചാണ്‌ പോയത്. എല്ലാത്തിനും തെളിവുകളുണ്ട്. ഈ ഓൺലൈൻ മാധ്യമത്തിന്റെ മൈക്ക് വീഡിയോക്ക് പിടിച്ച് കൊടുത്തത് ഞാനാണ്‌. എല്ലാത്തിനും കൃത്യമായ വീഡിയോ, ഓഡിയോ, ഫോൺ രേഖാ തെളിവും ഉണ്ട്.

ഹനാൻ എന്ന പെൺകുട്ടിക്കെതിരെ നൂറുദീന്റെ ലൈവ് വീഡിയോ വന്നതോടെ സമാനതകളില്ലാത്ത സൈബർ ആക്രമണം ആണ് അവളുടെ ഫേസ്ബുക് പേജിൽ കമെന്റുകളായും , ആ പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കൊണ്ടും ആളുകൾ അഴിച്ചുവിട്ടത് .ഹനാന്റെ കഥ വെറുമൊരു പെയ്ഡ് ന്യൂസ് ആണെന്ന് പറഞ്ഞു തെറ്റിധരിപ്പിച്ചു    ലൈവ് ഇടാൻ കാരണമായതെന്നും നൂറുദ്ധീൻ പറയുന്നു . എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് അവരായിരുന്നു. എന്നിട്ട് തന്നെക്കൊണ്ട് തന്നെ എല്ലാം ചെയ്യിപ്പിച്ചിട്ട് കഥ തിരിഞ്ഞപ്പോൾ അവര്‍ തന്നെ കുറ്റക്കാരനാക്കുന്ന കള്ളക്കളിക്കെതിരെയാണ് ഇയാൾ ലൈവ് വീഡിയോയിലൂടെ പ്രതികരിക്കുന്നത് . ഒടുവിൽ ഞാൻ പ്രതിയും എനിക്കൊപ്പം എല്ലാം ആസൂത്രണം ചെയ്ത ഓൺലൈൻ മാധ്യമം രക്ഷപെടുകയും ചെയ്തു. ഇതിനെല്ലാം കൃത്യമായ തെളിവുകളുണ്ട്. പോലീസിനും സൈബർ സെല്ലിനും എല്ലാം കൈമാറും. എന്റെ ഫോൺ കോളുകളും ആ ഓൺലൈൻ മാധ്യമത്തിന്റെ വീഡിയോകളും പരിശോധിക്കണം. ഓഡിയോ റെക്കോഡും ഉണ്ട്.

പണം നേടാന്‍ പലര്‍ക്കും വേണ്ടിയും വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അവസാനം കേസ്സുകളില്‍ പെട്ട് കുടുങ്ങുമ്പോള്‍ ആരും അറിയാതെ കാലുപിടിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയുമാണ് ഷാജന്റെ പതിവ് രീതി. ഇവിടെയും  റിപ്പോര്‍ട്ടറെ ബലിയാടാക്കി രക്ഷപെടാന്‍ ഷാജന്‍ സ്കറിയ ശ്രമിക്കുമെന്ന് ഉറപ്പാണ്‌.

ആഷ്ലി സജി എന്ന പതിനാറു വയസ്സുകാരന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനും ആഷ്ലിന്റെ മാതാപിതാക്കളും എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി. നന്നായി നീന്തല്‍ അറിയാവുന്ന കടലിലും കായലിലും പരിശീലിക്കപ്പെട്ട ആഷ്ലി, കുറച്ചുനാള്‍ മുമ്പ് ചെളിവാരി വൃത്തിയാക്കിയ അമ്പലക്കുളത്തില്‍ ആണ് ഈ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ ആഷ്‌ലിന്റെ പാന്റും ഷര്‍ട്ടും കുളത്തിന് അരികില്‍ അല്ലാതെ സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ ആണ് കണ്ടെത്തിയത്.

ഈ സംഭവത്തിന് ഉദ്ദേശം രണ്ടുമാസം മുമ്പ് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കവും അന്നേദിവസം കുളത്തിനു സമീപം നടന്ന അടിപിടിയും മരണശേഷമുള്ള ചില കുട്ടികള്‍ സ്‌കൂളില്‍ വരാത്തതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു ഇതെല്ലാം അന്വേഷിച്ചും കുളത്തിന് സമീപമുള്ള കടകളില്‍ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച് കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
എറണാകുളം പാര്‍ലമെന്റ് കണ്‍വീനര്‍ ശ്രീ ഷക്കീര്‍ അലി, മണ്ഡലം കണ്‍വീനര്‍മാരായ ജോണ്‍ ജേക്കബ്, ഫോജിജോണ്‍, സിസിലി ജോസ്, ഷംസുദ്ദീന്‍ എന്‍.എസ് എന്നിവരും പരാതി നല്‍കിയ സംഘത്തില്‍ ഉണ്ടായിരുന്നു.

ആലപ്പുഴ: കാണാതായ യുവതിയുമായി മടങ്ങുകയായിരുന്ന പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. കണ്ടെത്തിയ യുവതി ഹസീന (30), കൊട്ടിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ശ്രീകല (30), സ്വകാര്യ കാറിന്റെ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. ഹസീനയും ശ്രീകലയും ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.

അമ്പലപ്പുഴയ്ക്ക് സമീപം കരൂരിലാണ് സംഭവം. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഹസീന എന്ന യുവതിയെ കണ്ടെത്തി തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം. കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അങ്കമാലിയില്‍ നിന്ന് ഹസീനയെ കണ്ടെത്തി വരും വഴി വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് അപകടമുണ്ടായത്. കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൊച്ചി: സഹായിക്കാനായി പലരും തന്റെ അക്കൗണ്ടിലേക്കയച്ച പണം മുഴുവനും തിരിച്ചുകൊടുക്കുമെന്ന് ഹനാന്‍. സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍. ‘ എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്.’ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ആണ് ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കോളേജ് യൂണിഫോമില്‍ മീന്‍വിറ്റ് വൈറലായ ഹനാൻന്റെ അഭ്യർത്ഥന. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളില്‍ തകര്‍ന്നാണ് ഹനാന്‍ എന്ന പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹനാനെക്കുറിച്ചുള്ള വാര്‍ത്ത ഒരു മാധ്യമത്തില്‍ വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലടക്കം ഹനാന്‍ വൈറലാകുകയായിരുന്നു. അക്കൗണ്ട് നമ്പര്‍ കൊടുത്ത് കാശുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം വന്നതിനു പിന്നാലെയാണ് ഹനാന്‍ വിശദീകരണം നല്‍കിയത്.

അധ്യാപകരോടും മറ്റും ചോദിച്ചിട്ടാണ് താന്‍ അക്കൗണ്ട് നമ്പര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്. തന്റെ അക്കൗണ്ടിലേക്കും ആരും പണം അയയ്ക്കരുതെന്നും ആ പണം ആരാണോ അയച്ചത് അവര്‍ക്ക് തിരികെ നല്‍കാമെന്നും ക്രൂശിക്കരുതെന്നും ഹനാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തന്നെ ജോലിയെടുത്ത് ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി. 21 വയസുകാരിയായ തന്നെ മാനസികമായി പീഡിപ്പിക്കരുതെന്നും ഹനാന്‍ പറഞ്ഞു.  കുടുംബപ്രശ്‌നങ്ങള്‍കൊണ്ട് ആവശ്യത്തിലധികം പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ അനുഭവിച്ചു കഴിഞ്ഞു.

അതേസമയം തമ്മനത്ത് മീന്‍ വില്‍ക്കാനെത്തിയ തന്നെ പോലീസ തടഞ്ഞുവെന്നും ഹനാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മറ്റു വരുമാനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കച്ചവടം തുടരുമെന്നും ഹനാന്‍ വ്യക്തമാക്കി. താന്‍ ഇതുവരെ കച്ചവടം നടത്തിയെടുത്ത് കച്ചവടം തുടരാനാകില്ലെന്നാണ് പോലീസ് തന്നെ അറിയിച്ചത്. എന്നാല്‍ ഒരു കടമുറി ഇട്ടിട്ടായാലും താന്‍ മീന്‍ കച്ചവടം തുടരുമെന്ന് ഹനാന്‍ പറഞ്ഞു.

അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.

RECENT POSTS
Copyright © . All rights reserved