India

പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്‍- വിമല ദമ്പതികളുടെ മകള്‍ ഭവ്യ (17) യാണ് ആത്മഹത്യ ചെയ്തത്. പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഭവ്യ. വീട്ടില്‍ അമ്മയും സഹോദരിയും ഇല്ലാത്ത നേരത്താണ് ഭവ്യ ആത്മഹത്യ ചെയ്തത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടി എത്തിയ നാട്ടുകാരാണ് ഭവ്യയെ വീടിന് പുറത്തെത്തിച്ചത്. ഈ സമയത്തിനുള്ളില്‍ തന്നെ ഭവ്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിദേശപൗരത്വ കേസ് സുപ്രീംകോടതി തള്ളി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഇതൊരു പരാതിയായി കാണാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഏതോ കമ്പനിയാണ് രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറഞ്ഞിരിക്കുന്നത്. അങ്ങനെ ഏതെങ്കിലും കമ്പനി പറഞ്ഞത് കൊണ്ട് രാഹുല്‍ ബ്രിട്ടീഷ് പൗരനാകുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച്‌ കോടതിയെ സമീപിച്ചത്.രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നുള്ള പരാതിയുണ്ടെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം

കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് ആരോപണം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയില്‍ ഇക്കാര്യം തുറന്നു പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ സൈബര്‍ പോരിന് തുടക്കമായിരിക്കുകയാണ്. നേരത്തെ സിപിഎമ്മും കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സംഘപരിവാറിനുള്ളില്‍ നിന്ന് തന്നെ ഇക്കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ നേതാക്കളാരും ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

റെഡി ടു വെയിറ്റ് ക്യാംപെയ്ന്‍ പ്രവര്‍ത്തകരില്‍ പ്രധാനിയായ പദ്മ പിള്ളയാണ് ഒരു സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്കിടെ രാഷ്ട്രീയ മുതലെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നത്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പദ്മ പിള്ള അഭിപ്രായപ്പെടുന്നു. ശബരിമല ഒരു വോട്ട് ബാങ്ക് രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നും പദ്മ പിള്ള പറയുന്നു.

അവര്‍ എന്ന് പദ്മ ഉപയോഗിച്ചത് ബി.ജെ.പിയെ ഉദ്ദേശിച്ചാണെന്ന് വാദവുമായി ഒരു കൂട്ടര്‍ രംഗത്തുവന്നു. ഇതോടെ റെഡി ടു വെയിറ്റ് ക്യാംപെയിനിന്റെ ഭാഗമായ സ്ത്രീകളെ പരസ്യമായി അപമാനിച്ച് ചില ബി.ജെ.പി അനുകൂലികളും രംഗത്ത് വന്നു. പദ്മയ്ക്കെതിരെ അസഭ്യ വര്‍ഷമാണ് ഫെയിസ്ബുക്കില് നടക്കുന്നത്. പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുമെന്ന് വരെ ചിലര്‍ പോസ്റ്റിട്ടുകഴിഞ്ഞു.

പിന്നാലെ ആചാരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഇതോടെ ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. റെഡി ടു വെയിറ്റ് പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനൊപ്പമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യമെന്നും വിമര്‍ശനം ഉയര്‍ന്നു. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്ത് വന്ന ആര്‍.എസ്.എസ് പിന്നീട് നിലപാട് മാറ്റിയത് ഇതിന്റെ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നു. ടി.ജി മോഹന്‍ദാസ് അടക്കമുള്ള സംഘപരിവാര്‍ ബുദ്ധി ജീവികള്‍ക്കെതെരിയും വലിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിശ്വസിക്കില്ലെന്ന് കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ്.

‘രാജീവ്ഗാന്ധി അഴിമതിയാരോപണം നേരിട്ടല്ല മരണപ്പെട്ടത്. ആരും അത് വിശ്വസിക്കില്ല. ഞാനും അങ്ങനെ വിശ്വസിക്കുന്നില്ല. രാജീവ് ഗാന്ധിയ്ക്കെതിരെ മോദിയ്ക്ക് സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. ചെറുപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തയാളാണ് രാജീവ് ഗാന്ധി. വാജ്പേയിയെ പോലുള്ള ഉന്നത നേതാക്കള്‍ രാജീവ് ഗാന്ധിയെ കുറിച്ച് നല്ല കാര്യങ്ങളാണ് സംസാരിച്ചത്. ‘ ശ്രീനിവാസ പ്രസാദ് പറഞ്ഞു.

രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന് വിളിച്ച മോദി ബോഫോഴ്സ് കേസ് പ്രതി രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നും മോദി ചോദിച്ചിരുന്നു.

ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിരാടില്‍ രാജീവ്ഗാന്ധി കുടുംബത്തൊടൊപ്പം അവധിയാഘോഷിക്കാന്‍ പോയെന്നും മോദി ഇന്നലെ പ്രസംഗിച്ചിരുന്നു.

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ വിമർശിക്കാൻ ആയുധം തിരഞ്ഞ സ്മൃതി ഇറാനി ഒടുവിൽ വടി കൊടുത്ത് അടി വാങ്ങിയ നിലയിലായി. മധ്യപ്രദേശിൽ കർഷകരുടെ കടങ്ങൾ എഴുതി തള്ളിയില്ല എന്നതാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന വാദം. എന്നാൽ വളരെ കുറച്ച് പേരുടെ കാർഷിക കടങ്ങൾ മാത്രമാണ് എഴുതി തള്ളാനുള്ളതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. ഏതായാലും ഭോപ്പാലിൽ പ്രചാരണത്തിനെത്തിയ സ്മൃതി ഇറാനി ഈ വിഷയം ഏറ്റെടുത്ത് ജനങ്ങളുടെ മുന്നിൽ ഇളിഭ്യയായി.

ഭോപ്പാലിനടുത്ത് അശോക് നഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. നിങ്ങൾക്കാർക്കെങ്കിലും വായ്‌പാ ഇളവ് കിട്ടിയോ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം. കിട്ടിയെന്നായിരുന്നു ചുറ്റും കൂടിനിന്നവരുടെ മറുപടി. സ്മൃതി ഇറാനി പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളിലും ഇതിപ്പോൾ ചർച്ചയായിരിക്കുകയാണ്. ജനങ്ങളുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായി തിരിച്ചടി ഉണ്ടായതോടെ പ്രസംഗം സ്മൃതി ഇറാനി കുറച്ച് നേരത്തേക്ക് നിർത്തിവയ്ക്കുന്നതും വീഡിയോയിലുണ്ട്.

നേരത്തെ കർഷകർക്ക് വായ്പാ ഇളവ് നൽകിയില്ലെന്ന് വിമർശിച്ച മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും കനത്ത മറുപടിയാണ് ലഭിച്ചത്. മുതിർന്ന നേതാവ് സുരേഷ് പച്ചോരിയാണ് കെട്ടുകണക്കിന് രേഖകളുമായി ബിജെപി നേതാവ് ശിവ്‌രാജ് സിങ് ചൗഹാന്റെ വീട്ടുപടിക്കൽ എത്തിയത്. ഡിസംബറിൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോൺഗ്രസ് സംസ്ഥാനത്തെ 21 ലക്ഷം കർഷകരുടെ വായ്പ ഇളവ് ചെയ്തതിന്റെ രേഖകളാണ് കെട്ടുകളാക്കി വീട്ടുപടിക്കൽ എത്തിച്ചത്.

കർഷക വായ്പകൾ എഴുതി തള്ളിയെന്ന കോൺഗ്രസിന്റെ വാദം നുണയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ശിവ്‌രാജ് സിങ് ചൗഹാൻ വിമർശിച്ചത്. രേഖകൾ വീട്ടുപടിക്കൽ എത്തിച്ചിട്ടും തന്റെ മുൻ നിലപാടിൽ നിന്ന് ശിവ്‌രാജ് സിങ് ചൗഹാൻ മാറിയില്ല. മന്ത്രി പിസി ശർമ്മയടക്കമുള്ള നേതാക്കൾക്കൊപ്പമാണ് സുരേഷ് പാച്ചോരി ശിവ്‌രാജ് സിങ് ചൗഹാന്റെ വീട്ടുപടിക്കൽ എത്തിയത്. തങ്ങൾ കൊണ്ടുവന്ന കാർഡ്ബോർഡ് പെട്ടികൾ വീട്ടുപടിക്കൽ വച്ച് ശിവ്‌രാജ് സിങ് ചൗഹാനെതിരെ അതിരൂക്ഷ വിമർശനം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ മൂന്നാം വട്ടവും നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ വീണ്ടും നിരസിച്ചത്. മെയ് 28 ന് കേസ് വീണ്ടും കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

ബാങ്ക് തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19 നാണ് ലണ്ടനില്‍ അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന വാദവും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദവും ഇത്തവണയും കോടതി അംഗീകരിക്കുകയായിരുന്നു. സമാന വാദം ഉന്നയിച്ചാണ് ആദ്യ രണ്ട് തവണയും ജാമ്യം നിരസിച്ചത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി വായ്പയെടുത്താണ് നീരവ്​ രാജ്യം വിട്ടത്​. 17 മാസത്തിന് ശേഷമാണ് നീരവ്​ മോദി ഇന്ന് പൊലീസ്​ പിടിയിലായത്​. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. യുകെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയിൽ ഒപ്പുവച്ചിരുന്നു.

2018 ജനുവരിയിലാണ് നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത്. തട്ടിപ്പ് പുറത്തുവരുന്നതിന് ഏതാനും ദിവസം മുൻപാണ് ഇവർ രാജ്യം വിട്ടത്. മോദി യുകെയിലും ചോക്സി ആന്റിഗയിലും ഉണ്ടെന്നായിരുന്നു വിവരം. കഴിഞ്ഞ ദിവസമാണ് ടെലഗ്രാഫ് ന്യൂസ്പേപ്പർ നീരവ് മോദിയുടെ വീഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

എറണാകുളം മരട് നഗരസഭയിലെഅഞ്ചു അപ്പാർട്മെന്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവ്. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്ര്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

കെട്ടിടങ്ങൾ ഒരു മാസത്തിനകം പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി. അനധികൃത നിർമ്മാണങ്ങൾ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മരട് മുൻസിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയത്. പിന്നീട് മരട് നഗരസഭ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതു മറികടന്നു കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ് ചെയ്തത്. തുടർന്നാണ് തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന് കാട്ടി നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും കെട്ടിട നിർമ്മാതാക്കൾക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മരട് നഗരസഭയിലുളള ഈ അഞ്ചു അപ്പാർട്മെന്റുകളിലായി ഏകദേശം 100 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയോടെ ഇവരെല്ലാം തന്നെ കെട്ടിടം ഒഴിയേണ്ടി വരും. കോടികൾ വില മതിക്കുന്നതാണ് ഇവിടുത്തെ ഓരോ ഫ്ലാറ്റുകളും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ്്ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിക്കുമേല്‍ പോക്സോ ചുമത്തി.

പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ രണ്ടാനച്ഛനായ വ്യക്തി നിരന്തരം ഉപദ്രവിക്കുകയായിരുന്നു. പുറത്തറിയിച്ചാല്‍ കൊല്ലുമെന്നു ഭീക്ഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ചൈല്‍ഡ്‌ലൈന്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. പിന്നീട് ഇവര്‍ കാട്ടാക്കട പൊലീസിനു കൈമാറുകയായിരുന്നു. മറ്റോരു കേസില്‍ ജാമ്യമെടുക്കാനായി കോടതി വളപ്പിലെത്തിയപ്പോള്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതി നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.

ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ബദല്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവസരം നല്‍കണമെന്ന് കാണിച്ച് 21 പാര്‍ട്ടികളുടെ നേതാക്കള്‍ ഒപ്പിട്ട കത്താണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തൂക്കുസഭയാണ് വരുന്നതെങ്കില്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ബിജെപി സര്‍ക്കാരുണ്ടാക്കുന്നത് തടയാനുള്ള മുന്‍കരുതലെടുക്കുകയാണ് പ്രതിപക്ഷം ഈ അസാധാരണ നീക്കത്തിലൂടെ. ‌സര്‍ക്കാര്‍ രൂപീകരണ നീക്കം ശക്തമാക്കി ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി രാവിലെ ചര്‍ച്ച നടത്തി.

ഈ മാസം 21ന് പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ചന്ദ്രബാബു നായ്ഡു മുന്‍കൈയെടുക്കുന്നുണ്ട്. 23നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത്.

തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ ബിജെപിയെ വെട്ടിലാക്കി കശ്മീരില്‍ നിന്ന് പുതിയ വാര്‍ത്ത. ലഡാക്കിലെ മാധ്യമപ്രവർത്തകർക്ക് ബിജെപി നേതാവ് കവറിൽ പൊതിഞ്ഞ് പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ‌ പുറത്ത്. വാർത്താ സമ്മേളനത്തിനിടെ ബിജെപി എംഎൽഎ വിക്രം റന്ധാവ കവറുകൾ മാധ്യമപ്രവർത്തകർക്ക് നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്നയും പണം കൈമാറാനായി എംഎൽഎയുടെ കൂടെ ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ സംഘടന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ആരോപണം നിഷേധിച്ച പാര്‍ട്ടി, പ്രസ് ക്ലബിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും പറഞ്ഞു.
നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതാക്കള്‍ പണമടങ്ങിയ കവര്‍ കൈമാറുകയായിരുന്നവെന്ന് റിന്‍ചന്‍ അഗ്മോ എന്ന മാധ്യമപ്രവര്‍ത്തകയാണ് ആദ്യം തുറന്നുപറഞ്ഞത്. ‘ഹാളിനകത്ത് വെച്ച് അവര്‍ ഒരു കവര്‍ തന്നു.

അവിടെ വെച്ച് കവര്‍ തുറന്ന് നോക്കരുതെന്ന് അവര്‍ പറയുകയും ചെയ്തു. എന്നാല്‍ ആകാംക്ഷ തോന്നി തുറന്നു നോക്കി. അഞ്ഞൂറിന്റെ കുറേ നോട്ടുകളായിരുന്നു അതില്‍. ഞാന്‍ അപ്പോള്‍ തന്നെ അത് അദ്ദേഹത്തിന് തിരിച്ചുകൊടുത്തു. എന്നാല്‍ അദ്ദേഹം അത് വാങ്ങാന്‍ തയ്യാറായില്ല. ഇതോടെ കവര്‍ മേശപ്പുറത്ത് തന്നെ വെച്ച് ഞാന്‍ ഇറങ്ങി..’ ഇതായിരുന്നു മാധ്യപ്രവർത്തകയുടെ വാക്കുകള്‍.

പണം തന്ന് സ്വാധീനിക്കാൻ ശ്രമിക്കുന്നത് വഴി തങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്നും ആരും ബിജെപി സമ്മാനിച്ച പണം സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പെരുമാറ്റച്ചട്ടലംഘനത്തിന് ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വിഷയത്തില്‍ ലേ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌ന ലവാസയും അന്വേഷണത്തിന് ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരുന്ന നടപടിയാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പോളിങ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved