India

മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരും കിഫ്ബിയും ഇതുവരെ രണ്ടു കോടി 29 ലക്ഷം രൂപ ചെലവിട്ടതായി ധനവകുപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16ലക്ഷത്തിലേറെ രൂപ ചെലവായി. ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി.

ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനവകുപ്പ് നല്‍കിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ക്ഷണമനുസരിച്ച് ‘റിങ് ദ ബെല്‍’ ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ കിഫ്ബി 12,98,243 രൂപയാണ് ചെലവിട്ടത്.

ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 3,65000 രൂപയും ചെലവിട്ടു. ആകെ ചെലവായത് 16,63,243 രൂപ. മസാല ബോണ്ട് വില്‍പനയ്ക്കായി ബാങ്കുകള്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും ഫീസായി നല്‍കിയത് 1,65,68,330 രൂപ, ആക്സിസ് ബാങ്ക്,ഡിഎല്‍എ പിപ്പര്‍ യു കെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്.

ഈ കമ്പനികള്‍ വഴിയാണ് ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്‍പന നടത്തിയതെന്ന് കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്നോ നിക്ഷേപകര്‍ ആരെല്ലാമെന്നോ സര്‍ക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല. മസാല ബോണ്ടുകള്‍ വഴി ഇതുവരെ 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.

എഎൻ-32 വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യോമസേന. ഇന്നു രാവിലെയാണ് എട്ടുപേരടങ്ങിയ രക്ഷാസംഘം വിമാനം തകർന്നുവീണ സ്ഥലത്തെത്തിയതെന്നും അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും വ്യോമസേന ട്വീറ്റ് ചെയ്തു. അരുണാചൽപ്രദേശിൽനിന്നും തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത് രണ്ടു ദിവസങ്ങൾ പിന്നിടുമ്പോഴാണ് വ്യോമസേനയുടെ വിശദീകരണം. കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ.ഷെരിന്‍ എന്നിവര്‍ അടക്കം 13 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്നാണ് കാണാതായ വ്യോമസേന വിമാനം എഎന്‍ 32ന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെയാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. വിമാനം അപകടത്തിൽപെട്ടതിനു പിന്നാലെ വലിയ തോതിലുളള തീപിടിത്തവും ഉണ്ടായതായാണ് സൂചന.

ജൂണ്‍ 3 ന് ഉച്ചയ്ക്ക് 12.30 ഓടെ അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്. 1 മണിയോടെ വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടു. വിമാനം കാണാതായി എട്ടാം ദിവസത്തിനൊടുവിലാണ് വിമാനഭാഗങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്. എംഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ചു നടത്തിയ തിരിച്ചിലൊനൊടുവില്‍ അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോ മീറ്റര്‍ അകലെ വച്ച് വിമാനഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

തിരച്ചിലില്‍ വിവിധ സേനാവിഭാഗങ്ങളും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും പങ്കെടുത്തിരുന്നു. അപകടം നടന്ന സ്ഥലം നിബിഡ വനമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും പലപ്പോഴും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

 

നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിക്കും. ഈ മാസം 17നാണ് പരിശോധന. തുടര്‍നടപടി അതിനുശേഷമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലം കോണ്‍ക്രീറ്റ്് സ്പെഷലിസ്റ്റിനെകൊണ്ട് പരിശോധിപ്പിക്കണമെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടു. ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവരുമായി ചര്‍ച്ചനടത്തി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്.

അതേസമയം, പാലാരിവട്ടം മേൽപ്പാലം പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്ന് മദ്രാസ് ഐഐടിയും. പാലം അപകടാവസ്ഥയിലായെന്ന് വ്യക്തമായ ശേഷം സർക്കാർ നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡിസൈൻ പ്രകാരം, എം 35 എന്ന ഗ്രേഡിൽ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതിൽ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്.

പാലത്തിൽ രൂപപ്പെട്ട വിള്ളലുകൾ ഓരോന്നും അനുവദനീയമായ അളവിലധികം വീതിയിൽ വികസിക്കുകയാണ്. ശാസ്ത്രീയമായി കണക്കുകൾ പ്രകാരം പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന റിപ്പോർട്ട് രണ്ട് വാല്യങ്ങളായി ആയിരം പേജോളം ഉണ്ട്. മദ്രാസ് ഐഐടിയിലെ ഡോക്ടർ പി. അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം നാലു മാസത്തിലേറെ നീണ്ട പരിശോധനകൾക്ക് ശേഷമാണ് റിപ്പോർട്ട് നൽകിയത്.

അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ചാണ് രാഷ്ട്രീയനേതാവല്ലാത്ത എസ്.ജയശങ്കറിനെ ബിജെപി വിദേശകാര്യമന്ത്രിയായി നിയമിച്ചത്  എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു .  ‘ഇ.എം.എസിന്റെ ലോകം’ സെമിനാറിന്റെ ഭാഗമായുള്ള ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഇന്ത്യ-യുഎസ് ഇടപാടുകളുടെയും സൂത്രധാരനാണ് അദ്ദേഹം. ഇടതുപക്ഷത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നവര്‍ പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട ശേഷം ഇടതുപക്ഷം നടത്തിയ വലിയ തിരിച്ചുവരവുകള്‍ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിലെ ജനവിധിയിൽനിന്ന് പാഠമുൾക്കൊള്ളാതെ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന്  അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത ആരോടും വിദ്വേഷമോ അകല്‍ച്ചയോ ഇല്ലെന്നും ജനവിധി മാനിക്കുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ബിജെപിക്കും ആര്‍എസ്എസിനുമെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തക്കസ്വാധീനം ഇടതുപക്ഷത്തിനില്ലെന്ന ചിന്ത ജനങ്ങളില്‍ ശക്തമായതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്. ആ ദൗര്‍ബല്യം മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ ബിജെപിയെ പുറത്താക്കി സര്‍ക്കാരുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ജനം കേരളത്തില്‍ യുഡിഎഫിന് വോട്ട് ചെയ്തത്. ആ തരത്തില്‍ യുഡിഎഫ് നടത്തിയ പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരോ ജയിച്ചാല്‍ എല്ലാമായെന്നു കരുതുന്നവരോ അല്ല ഇടതുപക്ഷം. കിട്ടിയ വോട്ടോ സീറ്റോ നോക്കാതെ എല്ലാക്കാലത്തും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് ഇടതുപക്ഷത്തിന്റെ രീതി. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാകാത്ത വിധം വര്‍ഗീയപ്രചാരണം നടന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കു പകരം തീവ്രഹിന്ദുത്വവും പാക്കിസ്ഥാന്‍ വിരുദ്ധതയും പ്രസംഗിച്ച് എല്ലാക്കാലത്തും മുന്നോട്ടുപോകാന്‍ ബിജെപിക്കു കഴിയില്ല.

ഇടതുപക്ഷത്തിന് കൂടുതല്‍ സാധ്യതയുള്ള സാഹചര്യമാണ് ദേശീയരാഷ്ട്രീയത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. തീവ്രവലതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയില്‍ വീണ്ടും അധികാരത്തിലെത്തിയത് ഇന്ത്യയിലെ ഹിന്ദുത്വ പ്രചാരണം കൊണ്ടു മാത്രമാണെന്ന് പരിമിതപ്പെടുത്തല്‍ ശരിയല്ല. അമേരിക്കയും ഓസ്ട്രേലിയയും ഫ്രാന്‍സും ഇസ്രയേലുമുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വലതുപക്ഷത്തേക്കുള്ള പോക്കിന്റെയും കോര്‍പറേറ്റ് അജൻഡകളുടെയും ഭാഗമായി വേണം ഇന്ത്യയിലെ സ്ഥിതിയും വിലയിരുത്താന്‍.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ നവാസിനെ കാണാതായതായി പരാതി. സെന്‍ട്രല്‍ സി.ഐ, വി.എസ് നവാസിനെ കാണാനില്ലെന്നാണ് പരാതി.

സി.ഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.

ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് സന്ദേശം അയച്ചതായും സൂചനയുണ്ട്.

ഗ്ലോബല്‍ പീസ് ഇന്റക്‌സ് സന്തോഷവും സമാധാനും ഉള്ള രാജ്യങ്ങളെ പ്രഖ്യാപിച്ചു. ആഭ്യന്തരമായോ രാജ്യാന്തരമായോ ഒരു രീതിയിലുമുള്ള സംഘര്‍ഷം ഇല്ലാത്ത രാജ്യങ്ങളെയാണ് സമാധാന രാജ്യങ്ങളായി ഗ്ലോബല്‍ പീസ് ഇന്റക്‌സ് കണക്കാക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ഐസ്‌ലന്റാണ്.

എന്നാല്‍ ഇന്ത്യക്ക് ഈ കാര്യത്തില്‍ വലിയ നാണക്കേടാണ് നേരിടേണ്ടി വന്നത്. 160 രാജ്യങ്ങള്‍ ഉള്ളിടത്ത് ഇന്ത്യ 141-ാം സ്ഥാനത്താണ്. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ര്ട കലഹം, സൈനിക സ്വാധീനത്തിന്റെ തോത് എന്നിവയാണ് പട്ടികയില്‍ പ്രധാനമായും നോക്കുന്നത്. കൂടാതെ ഇത്തവണ കാലാവസ്ഥ വ്യതിയാനങ്ങളുമായും ബന്ധപ്പെട്ട സൂചികകള്‍ കൂടി കണക്കിലെടുത്താണ് പട്ടിക തയ്യാറിക്കയത്.

2016 ല്‍ ഇന്ത്യ 141-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2017 ല്‍ ഇന്ത്യ 137-ാം സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഇന്ത്യ വീണ്ടും പഴയ സ്ഥാനത്തേക്ക് തന്നെ പിന്തള്ളപ്പെട്ടു. അതേസമയം ഇന്ത്യയുടെ എക്കാലത്തെയും ശത്രു രാജ്യമായ പാകിസ്ഥാന്‍ 153ാം സ്ഥാനത്താണ് ഉള്ളത്.

ദക്ഷിണേന്ത്യയില്‍ ഭൂട്ടാന്‍ ആണ് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യം. ശ്രീലങ്ക 72ാം സ്ഥാനത്തും നേപ്പാള്‍ 76ാം സ്ഥാനത്തുമാണ് ഉള്ളത്. ബംഗ്ലാദേശ് 101ാം സ്ഥാനത്താണ് ഉള്ളത്. സൗത്ത് സുഡാന്‍, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളാണ് അവസാനത്തെ അഞ്ച് സ്ഥാനക്കാര്‍.

2008 മുതല്‍ തുടര്‍ച്ചയായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനം ഐസ്‌ലന്റിന് തന്നെയാണ്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യം അഫ്ഗാനിസ്ഥനാണ്. 163ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ വര്ഷം ഒരു സ്ഥാനം മെച്ചപ്പെട്ടെങ്കിലും ഈ കുറി വീണ്ടും പിന്നിലേക്ക് പോകുകയായിരുന്നു അഫ്ഗാന്‍. കഴിഞ്ഞ വര്‍ഷം പിന്നിലായിരുന്നു സിറിയ ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.

വീടിനുള്ളിൽ തൊട്ടിലിൽ കിടത്തിയ ഒരു വയസ്സുള്ള കുഞ്ഞിനെ എടുത്തു കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ടെറസിൽ ഉപേക്ഷിച്ചു .കോഴിക്കോട് പന്തീരാങ്കാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാന്റെ കാലിലെ തണ്ടയും, അരഞ്ഞാണും, ചെയിനുമാണ് മോഷണം പോയത്.പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

മുറിയിൽ ഭാര്യയും മൂത്ത കുട്ടിയും മാമുക്കോയയുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ നടത്തിയ തെരച്ചിലിലാണ് വീടിന്റെ ടെറസിൽ അപകടകരമായ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

അതേസമയം മോഷ്ടാവ് ഗോവണിയുടെ വാതിൽ തള്ളിത്തുറന്നാണ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. അയൽവീട്ടിലെ ഇസ്മയിലിന്റെ ജനലിലേക്ക് കയറാൻ ശ്രമിച്ചതായും കാണുന്നുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ് .

ബലാത്സംഗ കേസില്‍ പ്രതിയായ പ്രതിയായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കാര്‍ട്ടൂണിന് പിന്തുണയുമായി, ബിഷപ്പിനെതിരെ രംഗത്ത് വന്നിരുന്ന സിസ്്റ്റര്‍ അനുപമയുടെ പിതാവ് കെഎം വര്‍ഗീസ്. ഫ്രാങ്കോയെ പൂവന്‍ കോഴിയായി ചിത്രീകരിച്ച കാര്‍ട്ടൂണിന് ലളിതകലാ അക്കാഡമി പുരസ്‌കാരം നല്‍കിയതിന് എതിരെ കത്തോലിക്ക സഭ നേതൃത്വം രംഗത്ത് വരുകയും സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ഇടപെട്ട് പുരസ്‌കാരം പിന്‍വലിക്കുകയും ചെയ്തു.

പൊലീസ് തൊപ്പിക്ക് മുകളില്‍ അടിവസ്ത്രം തൂക്കിയിട്ട അംശവടിയുമായി നില്‍ക്കുന്ന ഫ്രാങ്കോയും പിന്തുണയുമായി താഴെ നില്‍ക്കുന്ന പിസി ജോര്‍ജ്ജും പികെ ശശിയും ഇവരെ കണ്ട് പേടിച്ചോടുന്ന കന്യാസ്ത്രീകളുമാണ് കാര്‍ട്ടൂണിലുള്ളത്. പുരസ്‌കാരം പിന്‍വലിച്ചതിന് എതിരെ മന്ത്രി എകെ ബാലന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് സിസ്റ്റര്‍ അനുപമയുടെ പിതാവ്.

പുരസ്‌കാരം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരമാണ് എന്ന് കെഎം വര്‍ഗീസ് പറയുന്നു. കാര്‍ട്ടൂണ്‍ വരച്ച കെകെ സുഭാഷ് സമൂഹത്തിന്റെ അപചയത്തെയാണ് തുറന്നുകാട്ടുന്നത് എന്നും മെത്രാന്മാരെ പ്രീതിപ്പെടുത്താനായി സത്യസന്ധമായ കാര്‍ട്ടൂണിനെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും കെഎം വര്‍ഗീസ കത്തില്‍ പറയുന്നു. യേശുവിന്റെ ഇടതും വലതുമായി രണ്ട് കുരിശുകളിലായി രണ്ട് കള്ളന്മാരെ തറച്ചിരുന്നു. ആ കുരിശുകളാണ് ഇപ്പോള്‍ ചില മെത്രാന്മാര്‍ ചുമക്കുന്നത്. ഇവര്‍ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമാണ് എന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നില്ലേ എന്നും കെഎം വര്‍ഗീസ് ചോദിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും മന്ത്രിയാണ് താങ്കള്‍, അല്ലാതെ മെത്രാന്മാരുടെ മന്ത്രിയല്ല – കെഎം വര്‍ഗീസ് പറയുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടന്നത്തിയ സമരം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പോപ്പ് ഫ്രാന്‍സിസ് അടക്കമുള്ളവര്‍ക്ക് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി തെര‍ഞ്ഞെടുക്കപ്പെട്ട ധര്‍വേശ് യാദവ് കോടതി വളപ്പില്‍ അഭിഭാഷകന്‍റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ പദവിയിലെത്തുന്ന ആദ്യ വനിതയായ ധര്‍വേശ് യാദവ് രണ്ട് ദിവസം മുമ്പാണ് തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അഭിഭാഷകനായ മനിഷ് ശര്‍മയാണ് ധര്‍വേശിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. ആഗ്രയിലെ സിവില്‍ കോടതിയുടെ പരിസരത്ത് ഇന്ന് വൈകിട്ടോടെയാണ് ധര്‍വേശ് യാദവിന് വെടിയേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അഭിഭാഷകനായ അരവിന്ദ് കുമാറിന്‍റെ ചേംബറിനുള്ളില്‍ ഇരിക്കുകയായിരുന്ന ധര്‍വേശിന് നേര്‍ക്ക് പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. ധര്‍വേശിന്‍റെ മരണം ഉറപ്പാക്കിയ ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന് വേണ്ടെന്ന് കവയത്രി സുഗതകുമാരി. ആദ്യമായാണ് കേരളത്തിലെ സാമുഹിക രംഗത്തെ നിറസാന്നിധ്യമായ വ്യക്തി ഇത്തരത്തില്‍ പ്രതികരിക്കുന്നത്. പലരും മതപരമായ ചടങ്ങുകള്‍ സംസ്‌കാരത്തിന് വേണ്ടെന്ന് ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍ സമൂഹത്തിന്റെ ആദരവോ ഔദ്യോഗിക ബഹുമതികളോ വേ്‌ണ്ടെന്ന് പറഞ്ഞ് പുതു മാതൃകയാവുകയാണ് സുഗതകുമാരി.

‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’

”ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട.  ജീവിച്ചിരിക്കുമ്പോൾ  ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി.”

മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയുംവേഗം അവിടെ നിന്ന് വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യംകിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്.

”ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട”- സുഗതകുമാരി പറഞ്ഞു.

സമയമായെന്ന തോന്നലിലാണ് കവിതയെയും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ഈ പോരാളിയുടെ തുറന്നുപറച്ചില്‍. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം അത്രമേല്‍ ക്ഷീണിതയാക്കിയെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ്. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്.

Copyright © . All rights reserved