ചെന്നൈ: ചലച്ചിത്ര നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടില്‍ റെയിഡ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായാണ് വിവരം. തങ്ങള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ സമിതിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ കുട്ടികളില്‍ ഒരാളുടെ അമ്മയായ പ്രഭാവതിയാണ് ഭാനുപ്രിയക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ഒന്നര വര്‍ഷമായി വീട്ടുജോലിക്ക് നില്‍ക്കുന്ന തന്റെ മകള്‍ക്ക് ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും മകളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവു എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡ് നടന്നത്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും മനുഷ്യക്കടത്താണ് ഇതെന്ന് സംശയമുണ്ടെന്നും പറയുന്ന കത്തില്‍ ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ താരത്തിനെതിരെ നേരത്തേ കേസെടുത്തിരുന്നു. അതിന് ശേഷം നടന്ന അന്വേഷണമാണ് റെയിഡില്‍ എത്തിയത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള വീട്ടമ്മയായ പ്രഭാവതി സമാല്‍കോട്ട് പൊലീസ് സ്റ്റേഷനിലാണ് നടിക്കെതിരെ പരാതി നല്‍കിയത്.
നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്ന് കരുതിയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്ന് വെളിപ്പെടുത്തല്‍. നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്. ദക്ഷിണേഷ്യയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ പുറത്തുവന്നതെന്ന് സിഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ചര്‍ച്ചയ്ക്കിടെ മാപ്പ് നോക്കി നേപ്പാള്‍ ഇന്ത്യയിലാണെന്ന് ട്രംപ് പറയുകയായിരുന്നു. എന്നാല്‍ നേപ്പാള്‍ സ്വതന്ത്രരാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ ഭൂട്ടാന്‍ ഇന്ത്യയിലാണോയെന്ന് ട്രംപ് ചോദിച്ചു. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നേപ്പാളിനെ ‘നിപ്പിള്‍’ എന്നും ഭൂട്ടാനെ ‘ബട്ടണ്‍’ എന്നും ട്രംപ് വിളിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ബീഹാറിലെ വൈശാലിയിൽ സീമാഞ്ചൽ എസ്ക്പ്രസ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3.52 ന് പാറ്റ്നയിൽനിന്നും 30 കിമോമീറ്റർ അകലെ സഹാദായി ബുസർഗിലാണ് അപകടം നടന്നത്.
ബിഹാറിലെ ജോഗ്ബാനിക്കും ഡൽഹി ആനന്ദ് വിഹാർ ടെർമിനലിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ് സീമാഞ്ചൽ എസ്ക്പ്രസ്. ട്രെയിനിന്റെ ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. ഒരു ജനറൽ കോച്ച്, ഒരു എസി കോച്ച്(B3), എന്നിവയ്ക്ക് പുറമെ ഏഴ് സ്ലീപ്പർ കോച്ചുകളും പാളം തെറ്റി.
സോൻപുരിൽനിന്നും ബരൗനിയിൽനിന്നും കൂടുതൽ മെഡിക്കൽ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് റെയിൽവെ ഹെൽപ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. സോൻപുർ: 06158221645, ഹാജിപുർ: 06224272230, ബരൗനി: 06279232222
യാത്രക്കാരന് നെഞ്ചുവേദനയെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കി. എമിറേറ്റ്‌സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനമാണ് യാത്രക്കാരന് ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കിയത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജക്കാര്‍ത്ത സ്വദേശിയായ യാത്രക്കാരനാണ് ഹൃദയാഘാതമുണ്ടായത്.
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പു കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് ഇന്റര്‍പോളിന് കത്തയച്ചു. നടി ലീന മരിയ പോളിന്റെ കൊച്ചി, പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെയ്പിനു പിന്നില്‍ രവി പൂജാരിയാണെന്ന് വ്യക്തമായിരുന്നു. രവി പൂജാരിയെ പിടികൂടിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഇത് രണ്ടാം തവണയാണ് കേരള പോലീസ് ഇക്കാര്യത്തില്‍ ഇന്റര്‍പോളിനെ സമീപിക്കുന്നത്.
അധോലോക കുറ്റവാളി രവി പൂജാരി കഴിഞ്ഞ ദിവസം സെനഗലില്‍ നിന്ന് ഇന്റര്‍പോളിന്റെ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഏത് കേസിലാണ്, എപ്പോഴാണ് ഇയാള്‍ പിടിയിലായത് തുടങ്ങിയ കാര്യങ്ങളില്‍ സ്ഥിരീകരണം നല്‍കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളുരു പോലീസ് നല്‍കിയിരിക്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ബെംഗളുരു പോലീസിനെ കേരള പോലീസ് സമീപിച്ചിരുന്നു.
നിലവില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ മൂന്നാംപ്രതിയാണ് രവി പൂജാരി. അതുകൊണ്ട് തന്നെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നതാണ് പോലീസിന്റെ ആവശ്യം. അതേ സമയം ഇന്റര്‍പോളില്‍ നിന്നും രേഖാമൂലം പിടിയിലായതായുള്ള സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ കേസില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.
ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു.
പ്രതിദിനം 17 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന മോദിസര്‍ക്കാരിന്റെ പ്രഖ്യാപനം പരിഹാസ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം.
‘അജ്ഞതയും ധിക്കാരവും നിറഞ്ഞ ഭരണത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ ജീവിതം തകര്‍ത്തുതരിപ്പണമാക്കിയ മോദി സര്‍ക്കാര്‍, പ്രതിദിനം 17 രൂപ വീതം നല്‍കുന്നത് അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണ്.’
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി.ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി.
നാലു വര്‍ഷമായ ധനകമ്മി ടാര്‍ഗെറ്റ് നേടാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ പുതിയ ബജറ്റ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ധനകമ്മി വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ റേറ്റിങ്ങ് ഏജന്‍സി മൂഡീസും ചൂണ്ടിക്കാട്ടി. ബജറ്റില്‍ ചിലവ് കൂടുതലാണെന്നും, വരുമാനം ഉണ്ടാക്കുന്ന പുതിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും മൂഡീസ് നിരീക്ഷിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലെ ധനകമ്മി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2020 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ടാര്‍ഗെറ്റ് പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് ഏറെ വെല്ലുവിളികളുണ്ടാവും. ഇടക്കാല ബജറ്റിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി ഏജന്‍സി പറഞ്ഞു.
മധ്യവര്‍ഗം മുതല്‍ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് സഹായിക്കുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്ത് പുത്തന്‍ മധ്യവര്‍ഗം ഉദയം ചെയ്യുകയാണെന്നും മോദി വ്യക്തമാക്കി.
‘കര്‍ഷകര്‍ക്കായി മുന്‍ സര്‍ക്കാരുകള്‍ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, രണ്ടോ മൂന്നോ കോടി കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. എന്നാല്‍ കിസാന്‍ സമ്മാന്‍ നിധിയിലൂടെ 12 കോടി കര്‍ഷകര്‍ക്കാണ് ഗുണഫലം ലഭിക്കാന്‍ പോകുന്നത്. അതുപോലെ തന്നെയാണ് നികുതി ദായകരുടെ കാര്യവും.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നികുതി നല്‍കിവരുന്ന മധ്യ- വരേണ്യ വര്‍ഗക്കാര്‍ നാടിന്റെ അഭിമാനമാണ്. അവരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു അഞ്ച് ലക്ഷം വരെയുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നത്. സര്‍ക്കാര്‍ അത് നടപ്പിലാക്കിയെന്നും’ മോദി പറഞ്ഞു.
മധ്യവര്‍ഗത്തേയും കര്‍ഷകരേയും ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മധ്യവര്‍ഗക്കാര്‍ക്ക് ആദായ നികുതി പരിധിയില്‍ ഇളവ് അനുവദിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വരുമാനം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
ഡിസംബര്‍ മാസം മുന്‍കാല പ്രാബല്യം കണക്കാക്കി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ വീതം നിക്ഷേപിക്കും എന്നതായിരുന്നു ധനമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. കര്‍ഷകരുടെ പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു ഇവരുടെ അക്കൗണ്ടിലേക്കെത്തും.
പനമ്പള്ളി നഗറിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശികളായ ലൂതർബെന്‍, ജോൺപോള്‍, ആന്‍റണി എന്നിവർ പാലക്കാട് നിന്നാണ് പൊലീസ് പിടിയിലായത്. പനമ്പള്ളി നഗറിലെ കൊച്ചിൻ ഷിപ്പ് യാർഡ് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറയില്‍ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
വിനീത് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വർഷങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കിൽ ഒരു കമന്റ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരിട്ട് കണ്ടപ്പോൾ വിനീതിനെ മർദ്ദിച്ചു ബലമായി ഇവർ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ വിനീത് കാറിൽ നിന്നും ചാടിയതോടെ പ്രതികൾ കാറിന്റെ വേഗത കൂട്ടുകയും തുടർന്ന് മുന്‍പില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്‍റെ തലയ്ക്ക് മുകളിലൂടെ കാർ കയറിയിറങ്ങുകയുമായിരുന്നു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് രാജ്യത്തിന്റെ മുഴുവൻ വെറുപ്പ് സമ്പാദിച്ചിരിക്കുകയാണ് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ. വിവാദങ്ങളുടെ പേരിൽ അറിപ്പെടുന്ന നേതാവാണ് പൂജ ശകുന്‍ പാണ്ഡെ. നാഥൂറാം ഗോഡ്‍സെയെക്ക് മുൻപേ ജനിച്ചിരുന്നെങ്കില്‍ രാഷ്‍ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്‍റെ കെെകള്‍ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന വിവാദ പ്രസ്‌താവനയുമായി നേരത്തെ വാർത്തകളിൽ പൂജ പാണ്ഡെ ഇടം പിടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച് കൊല്ലുമെന്ന് ഇവർ അന്ന് പറഞ്ഞിരുന്നു.
ഹിന്ദു സഭ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജിയുമാണ് പൂജ ശകുന്‍ പാണ്ഡെ. ഗണിതത്തിൽ എംഫിലും പിഎച്ച്ഡിയുമുണ്ടെന്നാണ് ഇവരുടെ വാദം. പ്രൊഫസറാണെന്ന് അവകാശപ്പെടുന്ന പുജ തന്റെ മറ്റൊരു പേരായി ഫെയ്സ്ബുക്കിൽ ചേര്‍ത്തിരിക്കുന്നത് ‘മഹാന്ത് മാ പൂജാനന്ദ് ഗിരി’ എന്നാണ്. പ്രതീകാത്മക ഗാന്ധിവധം നടത്തിയതിന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പൂജ പാണ്ഡെയുടെ ഭർത്താവ് അശോകും ഉണ്ട്.
അങ്ങേയറ്റത്തെ വർഗീയത നിറഞ്ഞ പ്രസ്താവനകളുടെ പേരിൽ ദേശീയ മാധ്യമങ്ങളിൽ പല വട്ടം ഇടം പിടിക്കാറുണ്ട് ഇവർ. മുത്തലാഖ് ബിൽ ചർച്ച നടന്നപ്പോൾ മുസ്ലിം സ്ത്രീകൾ മതംമാറി ഹിന്ദുക്കളാകണമെന്ന് പൂജ പ്രസ്താവിച്ചു. ഇങ്ങനെ മാത്രമേ നീതിനിഷേധത്തിൽ നിന്നും രക്ഷപ്പെടാനാകൂ എന്നവർ പറഞ്ഞു. സർക്കാരിനും കോടതിക്കും നിങ്ങൾക്ക് നീതി നൽകാനാകുന്നില്ലെങ്കിൽ ഞങ്ങൾ നൽകുമെന്നും പൂജ വിശദീകരിച്ചു.
ശരീഅത്ത് കോടതികളെ മാതൃകയാക്കി ഹിന്ദുമതത്തിലും കോടതികൾ ആവശ്യമാണെന്ന് നിലപാടിലാണ് ഹിന്ദു മഹാസഭ ഹിന്ദു കോടതി പ്രാവർത്തികമാക്കിയത്. 2018 ഓഗസ്റ്റിൽ ഹിന്ദു കോടതി സ്ഥാപിച്ച് അതിൽ ആദ്യത്തെ ചീഫ് ജസ്റ്റിസ്സായി പൂജ പാണ്ഡെ സ്ഥാനമേറ്റു. മീററ്റിലെ ശാരദ റോഡിലുള്ള ഹിന്ദു മഹാസഭാ ഓഫീസിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. ഭരണകൂടത്തെ വെല്ലുവിളിച്ച ഹിന്ദു മഹാസഭാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം അന്ന് ആവശ്യപ്പെട്ടെങ്കിലും യോഗി ആദിത്യനാഥ് വിഷയത്തിൽ മൗനം പാലിച്ചു.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും ആരാധകരെ എന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ്. താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് മമ്മൂട്ടി എത്രയോ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. മലയാള സിനിമയിലേക്ക് നോക്കിയാല്‍, നിലവില്‍ ഇന്നസെന്റ്, കെ.ബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ് ഗോപി തുടങ്ങിയവര്‍ സജീവ രാഷ്ട്രീയത്തിലുള്ളവരാണ്. ജഗദീഷ്, ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എന്നാല്‍ മോഹല്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? കുറച്ചധികം നാളുകളായി ഈയൊരു ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അദ്ദേഹം തിരുവനന്തപുരത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.
എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് മത്സരിക്കാനായി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എത്തിയത്.
വീണ്ടും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ മോഹൻലാൽ ആരാധകർ ഒരേ സ്വരത്തിൽ ആ സാധ്യത തള്ളിക്കളയുകയാണ്. എല്ലാ തിരഞ്ഞെടുപ്പിലും ഉള്ള ഊഹാപോഹങ്ങൾ മാത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.
‘ലാല്‍ സാര്‍ മത്സരിക്കുന്നൊന്നുമില്ല. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ ആളുകള്‍ ഇങ്ങനെ പറയും. അദ്ദേഹം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട് ഇക്കാര്യത്തെ കുറിച്ച്. അദ്ദേഹം മത്സരിക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഓരോ കാലത്തും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. അവരോടൊക്കെ ഇല്ല എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്,’ ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി വിമല്‍ പറയുന്നു.
മാധ്യമങ്ങളോട് മാത്രമല്ല, മോഹന്‍ലാല്‍ അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം ഷിബു പറയുന്നത്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തുടക്കമാണെന്നതൊക്കെ മാധ്യമങ്ങള്‍ കെട്ടിച്ചമ്മയ്ക്കുന്നതാണെന്നും ഷിബു വ്യക്തമാക്കി.
‘അദ്ദേഹം മത്സരിക്കില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയത് അദ്ദേഹം തുടങ്ങാന്‍ പോകുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ്. അപ്പോളേക്കും മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കുകയാണ് ഉണ്ടായത്. പുള്ളി മത്സരിക്കുന്നു എന്നൊക്കെ അപ്പോഴേക്കും വാര്‍ത്ത വന്നു. പുള്ളി എന്തായാലും രാഷ്ട്രീയത്തില്‍ വരില്ല,’ ഷിബു വ്യക്തമാക്കി.
ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നതിലൂടെ ബിജെപി പുകമറ സൃഷ്ടിക്കുകയാണ് എന്നായിരുന്നു അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് രാജന്റെ പ്രതികരണം.
‘അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത്. ഇനി സിനിമാ മേഖലയില്‍ നിന്നും രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്താല്‍ പോലും അദ്ദേഹം മത്സരിക്കില്ല. ഒരുപാട് പേര് അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന് രാഷ്ട്രീയം താത്പര്യമില്ല. അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിക്കാന്‍, ഒരു പുകമറ സൃഷ്ടിയ്ക്കാന്‍ ആയിരിക്കും ഒ. രാജഗോപാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക,’ രാജന്‍ പറയുന്നു.
അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി പത്തൊമ്പതിനാണ് സെനഗലിൽ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വച്ച് പൂജാരി അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. പലസംസ്ഥാനങ്ങളിലായി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്തതിനും രവി പൂജാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നാലുമാസം മുൻപാണ് ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗൽ എംബസിക്ക് വിവരം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്.സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്.
സെനഗൽ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് പൂജാരിയെ കുടുക്കാനായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസും ഇയാളുടെ പിന്നാലെയായിരുന്നു. അടുത്തിടെ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത കേസിൽ അന്വേഷണം എത്തിച്ചേർന്നതും പൂജാരിയിലായിരുന്നു.പ്രമുഖ സിനിമ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഭീഷണിപ്പെട്ടുത്തി പണം തട്ടിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്. രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം തുടരുകയാണ്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം പൂജാരിയെ വിട്ടുനൽകാൻ തയ്യാറെന്നു സെനഗൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്.
ആന്‍റണി ഫെർണാണ്ടസ് എന്ന വ്യാജപേരിലാണ് രവി പൂജാരി ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു.സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.