അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചത് ആത്മഹത്യയെന്ന് സൂചന. മരിച്ച ബിനീഷ് സംഭവം നടന്ന ദിവസം ആലുവയിലെ പമ്പില്‍നിന്ന് കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്റെയും കാനുമായി തിരികെ വീട്ടിലേക്ക് കയറുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അപകടമുണ്ടായ കിടപ്പുമുറിയില്‍നിന്ന് പെട്രോള്‍ കാനും ലഭിച്ചിട്ടുണ്ട്.
മലഞ്ചരക്ക് വ്യാപാരിയായിരുന്നു ബിനീഷ്. ഇദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും സൂചനകളില്‍ നിന്നാണ് ആത്മഹത്യയാണ് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. രാസപരിശോധനാഫലം വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ.
ജൂണ്‍ എട്ടിനാണ് എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് നാലുപേര്‍ വെന്തുമരിച്ചത്. പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്‌വിന്‍ (5) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം.
മരിച്ച നാലുപേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
രാവിലെ നാലരയോടെ ബിനീഷിന്റെ അമ്മ ചിന്നമ്മ പ്രാര്‍ഥിക്കാനായി എഴുന്നേറ്റപ്പോഴാണ് മുകള്‍നിലയില്‍നിന്ന് ശബ്ദം കേട്ടത്. ചിന്നമ്മ ഉടന്‍ ജോലിക്കാരനായ നിരഞ്ജന്‍ കുണ്ഡലയെ വിളിച്ചുണര്‍ത്തി. ഇരുവരുംചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ആളിപ്പടര്‍ന്നു. പത്രക്കെട്ട് എടുക്കാനായി ഇതുവഴിപോയ ഏജന്റ് ഏലിയാസ് തീ കണ്ട് അയല്‍വാസികളെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. നാട്ടുകാരെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശക്തമായി തീപിടിച്ചതോടെ മുറിയുടെ സമീപത്തേക്ക് പോകാനാവാത്ത സ്ഥിതിയായി. അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചപ്പോഴേക്കും നാലുപേരും കത്തിക്കരിഞ്ഞിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
സംഘടനാ വീഴ്ചക്കൊപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതും തിരിച്ചടിയായി. ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും എം.എ ബേബി പച്ചക്കുതിര മാസികയില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടിക്കകത്തെ ദുഷ്പ്രവണതകള്‍ മതിയാക്കണം. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പിന്നീട് പിണറായി ശൈലിയായി മാറി. യോഗം തുടങ്ങും മുമ്പ് പുറത്തു പോകാന്‍ സന്നദ്ധരല്ലാതിരുന്ന കാമറാമാന്മാരോട് പുറത്തു പോകാന്‍ പറഞ്ഞതില്‍ തെറ്റായോ അസ്വാഭാവികമായോ ഒന്നുമില്ല.
സമൂഹ മാധ്യമങ്ങളിലെ മാധ്യമ വിമര്‍ശനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷകരമായി. മാധ്യമങ്ങളെ വിലക്കിയതും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും തിരിച്ചടിയായി. ബംഗാളിലെ സിപിഎം 15 വര്‍ഷം കൊണ്ട് ഇന്നത്തെ അവസ്ഥയിലേക്ക് എത്തപ്പെട്ടത് ഓര്‍ക്കണം. എത്രയും പെട്ടെന്ന് തിരുത്തലുകള്‍ വേണമെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പിലെ തിരിച്ചടി അതീവ ഗുരുതരമാണെന്ന് സമ്മതിക്കാതെ വയ്യ. തിരഞ്ഞെടുപ്പിലെ പിന്നോട്ടടികള്‍ മാത്രമല്ല പരിശോധനാ വിധേയമാക്കേണ്ടത്. വ്യത്യസ്ത തോതില്‍ ഇടതുപക്ഷ സ്വാധീന മേഖലയില്‍ ബഹുജന സ്വാധീനത്തിലും പ്രതികരണ ശേഷിയിലും ആഘാത ശക്തിയിലും ഇടിവും ചോര്‍ച്ചയും സംഭവിക്കുന്നുണ്ട്.
ഇതിന് ഭരണപരമായ പ്രശ്നങ്ങളും ബഹുജനങ്ങളുമായി ഇടപെടുമ്പോള്‍ സംഭവിക്കുന്ന വാക്കും പ്രവൃത്തിയും ജീവിത ശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാം. ഇന്നത്തേക്കാള്‍ പല മടങ്ങ് സ്വാധീനവും ബഹുജന വിശ്വാസവും ആര്‍ജ്ജിക്കുവാനുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളും പരിശ്രമങ്ങളും ഇടതുപക്ഷം തുടരേണ്ടതുണ്ടെന്നും എം.എ ബേബി ലേഖനത്തില്‍ പറയുന്നു.
ജനങ്ങള്‍ക്ക് ബോധ്യമാകും വിധം സത്യസന്ധവും നിര്‍ഭയവും ഉള്ളു തുറന്നതുമായ സ്വയം വിമര്‍ശനലൂടെയും മാത്രമേ, വാക്കിലും പ്രവൃത്തിയിലും അനുഭവവേദ്യമാവുന്ന തിരുത്തലുകളിലൂടെ മാത്രമേ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ബഹുജന സ്വാധീനം വീണ്ടെടുക്കാനാവൂ. ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും ‘തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും’ എന്ന ലേഖനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് വ്യക്തമാക്കുന്നു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷന്‍ കടകള്‍ അടിച്ചിട്ട് വ്യാപാരികൾ സമരം ചെയ്യും. ഭരണ – പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം രണ്ടു ദിവസം പൂര്‍ണമായും മുടങ്ങാനാണ് സാധ്യത.
സമരത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ രാപ്പകല്‍ പ്രതിഷേധം സംഘടിപ്പിക്കും. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണു തങ്ങളെന്നും, രണ്ട് ദിവസത്തെ രാപകല്‍ സമരം സൂചന മാത്രമാണെന്നും റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു.
സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിലുമായി റേഷന്‍ ഡീലര്‍മാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്. സംഘടനകള്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ പെട്ടെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.
റേഷന്‍ കടകള്‍ നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുക, ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരം നടത്തുന്നത്.
പീഡനക്കേസിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകൻ മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂടാതെ സംഭവത്തില്‍ വിശദീകരണം തേടി കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചിട്ടുണ്ട്.
ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. മനു കഴിഞ്ഞ പത്ത് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചാണ്. പെണ്‍കുട്ടികളെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മനു പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകർത്തിയെന്നും ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നും പിതാവ് ആരോപിച്ചു.
മനു ഇപ്പോള്‍ റിമാൻഡിലാണ്. ക്രിക്കറ്റ് ടൂർണമെന്റിന് പോകുമ്ബോള്‍ മാത്രമല്ല പീഡനം നടന്നതെന്നും കെ സി എ ആസ്ഥാനത്തുവച്ചും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ഒരു പെണ്‍കുട്ടി ശുചിമുറിയില്‍ പോയപ്പോഴും പ്രതി അതിക്രമം നടത്തിയിരുന്നു.
കുട്ടി നിലവിളിച്ചപ്പോള്‍ ബലമായി പിടിച്ചുനിർത്തി സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ഉപദ്രവിച്ചു. പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നതും ഇയാളുടെ രീതിയായിരുന്നു എന്നും പിതാവ് പറഞ്ഞിരുന്നു. തെങ്കാശിയില്‍ കൊണ്ടുപോയാണ് ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചത്. ഒരു കുട്ടി രാവിലെ എഴുന്നേറ്റപ്പോഴാണ് മനുവിന്റെ മുറിയിലാണെന്ന് തിരിച്ചറിഞ്ഞത്. തലേദിവസം രാത്രി മയക്കുമരുന്ന് നല്‍കി കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നിലവില്‍ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂർണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായും നഗ്നചിത്രങ്ങള്‍ പകർത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഒന്നര വർഷം മുമ്ബ് ഇയാള്‍ക്കെതിരെ ഒരു പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. തുടർന്ന് പ്രതി അറസ്റ്റിലാവുകയും കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു.പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും അർദ്ധ നഗ്നചിത്രങ്ങളും മനു സ്വന്തം ഫോണില്‍ പകർത്തുന്നത് പതിവായിരുന്നു. ബോഡി ഷെയ്‌പ്പ് അറിയാനായി ബിസിസിഐക്കും കെസിഎയ്‌ക്കും അയച്ചുകൊടുക്കാനാണ് എന്ന് പറഞ്ഞാണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍, ബിസിസിഐയോ കെസിഎയോ ഇത്തരം ചിത്രങ്ങള്‍ ആവശ്യപ്പെടാറില്ല.
ഏകീകൃത കുര്‍ബാന അര്‍പ്പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന അനുകൂലികളും ജനാഭിമുഖ കുര്‍ബാന അനുകൂലികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ഞായറാഴ്ച പള്ളിയിലെ സിയോന്‍ ഓഡിറ്റോറിയത്തില്‍ ജനാഭിമുഖ കുര്‍ബാന അനുകൂലികള്‍ ഫൊറോന വിശ്വാസ സംഗമം സംഘടിപ്പിച്ചിരുന്നു. സിയോന്‍ ഓഡിറ്റോറിയത്തില്‍ സഭയ്‌ക്കെതിരെയുള്ള സമ്മേളനം നടത്തുവാന്‍ പാടില്ലെന്നാവശ്യപ്പെട്ട് ഫൊറോനയിലെ ഏകീകൃത കുര്‍ബാന അനുകൂലികളുടെ സംഘടനയായ ദൈവജന മുന്നേറ്റം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പള്ളിവളപ്പില്‍ സഭയ്‌ക്കെതിരെയുള്ള യോഗം നടത്തിയാല്‍ പ്രതിരോധിക്കുമെന്ന് കാണിച്ച് ഫൊറോന വികാരിക്കും അതിരൂപതാ അധികാരികള്‍ക്കും പോലീസിനും ഏകീകൃത കുര്‍ബാന അനുകൂലികള്‍ കത്തും നല്‍കിയിരുന്നു. സമ്മേളനം പള്ളി വളപ്പില്‍ നിന്നും മാറ്റിവയ്ക്കണമെന്ന് പോലീസുള്‍പ്പെടെ ഫൊറോന വികാരിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മേളനവുമായി വിമതപക്ഷം മുന്നോട്ടു പോകുകയായിരുന്നു.
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ ഫൊറോനയിലെ ഏകീകൃത കുര്‍ബാന അനുകൂലികള്‍ പള്ളിമുറ്റത്ത് പ്രതിഷേധ സംഗമം നടത്തുന്നതിനിടെ സിയോന്‍ ഓഡിറ്റോറിയത്തിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പ്രകോപനവുമായെത്തി.
ഇതോടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ഏതാനും പേരെ വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയതോടെ വാക്കേറ്റം മൂര്‍ച്ഛിച്ചെങ്കിലും പിന്നീട് പ്രതിഷേധ യോഗം നടത്തി ഏകീകൃത കുര്‍ബാന അനുകൂലികള്‍ പിരിഞ്ഞു.
പമ്പാനദിയില്‍ ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി.
കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകള്‍ ചിത്രാ കൃഷ്ണൻ (34)ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ച പരുമല പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നാണ് ഇന്നലെ വൈകിട്ടോടെ കണ്ടെടുത്തത്.
പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു യുവതി.
കുടുംബ പ്രശ്നമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മാന്നാർ പൊലീസും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും, സ്കൂബ ടീമും രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് : രഞ്ജിത്ത് ആർ.നായർ. മകള്‍ : ഋതിക രഞ്ജിത്ത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തങ്ങളുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. ഇന്ത്യാ സന്ദർശനത്തിനായി സ്റ്റാർമറിനെ മോദി ക്ഷണിച്ചതായും പ്രസ്താവനയിൽ പറയുന്നു.
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഡോ. മസൂദ് പെസെഷ്‌കിയാനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും ദീർഘകാലവുമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
15 വർഷം മുമ്പ് ശ്രീകലയെ കാണാതായതിന് പിന്നാലെ നടന്ന കൊലപാതകം ദുരഭിമാനത്തിന്റെ പേരിലാണെന്ന് കലയുടെ ബന്ധുക്കൾ. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ രണ്ടാംവാർഡിൽ ഐക്കരമുക്കിനു സമീപം മുക്കത്ത് മീനത്തേതിൽ പരേതരായ ചെല്ലപ്പൻ-ചന്ദ്രിക ദമ്പതികളുടെ മകൾ ശ്രീകലയുടേത് പ്രണയവിവാഹമായിരുന്നു.
പ്രണയത്തെ തുടർന്ന് ഇരുസമുദായങ്ങളിൽപെട്ട കമിതാക്കൾ ഒളിച്ചോടിയാണ് വിവാഹിതരായത്. ഈഴവ സമുദായാംഗമായ ഭർത്താവായ മൂന്നാം വാർഡിൽ കണ്ണമ്പള്ളിൽ അനിൽ കുമാറിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും എതിർപ്പ് ശക്തമായിരുന്നു.
ശ്രീകലയെ കാണാതായെന്ന പ്രചാരണത്തിന് പിന്നാലെ 15ാംദിവസമാണ് അനിൽ മറ്റൊരു യുവതിയെ കല്യാണം കഴിച്ചത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തുവെന്നാണ് ഇവരുടെ സംശയം.
സെപ്റ്റിക് ടാങ്കിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അനിലും ബന്ധുക്കളായ മൂന്നുപേരും പ്രതികളായതോടെയാണ് ഇത് ദുരിഭാനക്കൊലയാണെന്ന് സംശയിക്കുന്നത്.
കാണാതായി 15 വർഷം പിന്നിട്ടിട്ടും ശ്രീകലയുടെ പേര്‍ റേഷൻ കാർഡിൽനിന്ന് നീക്കം ചെയ്യാൻ കുടുംബത്തിനു മനസ്സുവന്നില്ല. ഒളിച്ചോടിപ്പോയതായുള്ള പ്രചാരണം ശക്തമായതോടെ ഏതെങ്കിലും ഒരു ദേശത്ത് ജീവിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തിലാണ് അന്ന് പരാതിയുമായി പോകാതിരുന്നതെന്ന് കലയുടെ മൂത്ത സഹോദരൻ അനിൽകുമാറിന്റെ ഭാര്യ ശോഭനകുമാരി പറഞ്ഞു.
എന്നെങ്കിലും സ്വന്തം മകനെയും സഹോദരങ്ങളെയും കുട്ടികളെയും കാണാ%
യു.കെ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇന്ത്യയ്ക്കും അഭിമാന നേട്ടം. ഒരു ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കിയെങ്കിലും പകരമെത്തുന്നത് 26 ഇന്ത്യന്‍ വംശജരായ എംപിമാരാണ്. ഇക്കുറി ബ്രിട്ടീഷ്-ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും 26 പേരാണ് ജയിച്ച് കയറിയത്. ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്.
നേരത്തേ 15 ഇന്ത്യന്‍ വംശജരാണ് ബ്രിട്ടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങളായിരുന്നത്. എന്നാല്‍, ഇക്കുറി തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ എണ്ണം ഉയരുകയായിരുന്നു. 107 ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളാണ് ഇക്കുറി യു.കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2021ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനിലുള്ളത്.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി റിഷി സുനക് ആണ് ഇന്ത്യന്‍ വംശജരില്‍ ഏറ്റവും പ്രമുഖന്‍. റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്നാണ് സുനക് വിജയിച്ചത്. സുവെല്ല ബ്രേവര്‍മാന്‍, പ്രീതി പട്ടേല്‍, ക്ലെയര്‍ കുടിഞ്ഞോ, ഗഗന്‍ മൊഹീന്ദ്ര, ശിവാനി രാജ എന്നിവരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച പ്രമുഖ ഇന്ത്യന്‍ വംശജര്‍.
ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ വിജയിച്ചത്-19 പേര്‍. സീമ മല്‍ഹോത്ര, വലേരി വാസ്, ലിസ നന്ദി, പ്രീതം കൗര്‍ ഗില്‍, തന്‍മന്‍ജീത് സിംഗ് ധേസി, നവേന്ദു മിശ്ര, നാദിയ വിട്ടോമെ എന്നിവര്‍ സീറ്റ് നിലനിര്‍ത്തി.
മലയാളിയായ സോജന്‍ ജോസഫ്, ജാസ് അത്വാല്‍, ബാഗി ശങ്കര്‍, സത്വീര്‍ കൗര്‍, ഹര്‍പ്രീത് ഉപ്പല്‍, വാരീന്ദര്‍ ജസ്, ഗുരീന്ദര്‍ ജോസന്‍, കനിഷ്‌ക നാരായണ്‍, സോണിയ കുമാര്‍, സുരീന ബ്രാക്കണ്‍ബ്രിഡ്ജ്, കിരിത് എന്റ്വിസില്‍, ജീവന്‍ സാന്ദര്‍ എന്നിവരാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കന്നിവിജയം നേടിയ ഇന്ത്യന്‍ വംശജര്‍. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായി മുനീറ വില്‍സണ്‍ വിജയിച്ചു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ കാര്യമായി നേടാന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ഇക്കുറി റെക്കോഡ് ഇന്ത്യന്‍ വംശജരെ മത്സരിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടി ഇതിന് പ്രായശ്ചിത്തം ചെയ്തത്.
650 സീറ്റുകളില്‍ 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. റിഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു.
കേരളം പനിക്കിടക്കയിൽ. സംസ്ഥാനത്ത് ഇതുവരെ 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരോഗ്യവകുപ്പ് പുറത്തുവിട്ട രോഗവിവരകണക്കിലാണ് ഞെട്ടിക്കുന്ന കണക്ക്. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് ദിവസത്തെ കണക്ക് പുറത്തുവരുമ്പോൾ 55,830 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്.
ഇന്നലെ മാത്രം 11, 438 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. അഞ്ച് ദിവസത്തെ കണക്ക് അനുസരിച്ച് 493 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ 1693 പേരാണ് സംശയത്തിലുള്ളത്.രണ്ട് ഡെങ്കി മരണം സംശയിക്കുന്നു. 69 പേർക്ക് എലിപ്പനി, മൂന്ന് മരണം. 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈൽ കേസുകളാണ് സ്ഥിരീകരിച്ചത്.
എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗികളുടെ കണക്കുകൾ ജൂലൈ ഒന്നിനാണ് ആരോഗ്യവകുപ്പ് നിർത്തിവച്ചത്. ശമ്പളം കിട്ടാത്ത എൻ.എച്ച്.എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചത്. ഇന്നലെ എൻ.എച്ച്.എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീകരിച്ചത്.