വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. രാധയെ അക്രമിച്ച സ്ഥലത്തിന് 300 മീറ്റര്‍ അകലെ പഞ്ചാരക്കൊല്ലി സ്വദേശി നൗഫലിന്റെ വീടിനടുത്താണ് കടുവയെ കണ്ടത്.
വനം വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. രാത്രിയില്‍ ജനവാസ മേഖലയില്‍ മാത്രമായി തിരച്ചില്‍ പരിമിതപ്പെടുത്തും.
കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നല്‍കിയ യോഗത്തിലേക്ക് ജില്ലാ കളക്ടര്‍ എത്താതിരുന്നതോടെയാണ് പ്രതിഷേധം കനത്തത്.
തുടര്‍ന്ന് എഡിഎം കെ. ദേവകി എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഇതുപ്രകാരം എട്ട് പേര്‍ വീതം അടങ്ങുന്ന പത്ത് ആര്‍ആര്‍ടി സംഘങ്ങള്‍ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. കൊല്ലപ്പെട്ട രാധയുടെ മക്കളില്‍ ഒരാള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ താല്‍ക്കാലിക ജോലി നല്‍കും. സ്ഥിരപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കും.
രാധയുടെ കുടുംബത്തിന് നല്‍കേണ്ട ബാക്കി നഷ്ടപരിഹാര തുകയായ ആറ് ലക്ഷം രൂപ ബുധനാഴ്ച കൈമാറും. പഞ്ചാരക്കൊല്ലിയിലെ വിദ്യാര്‍ഥികള്‍ക്ക് കടുവയെ പിടികൂടുന്നതു വരെ സ്‌കൂളില്‍ പോകാന്‍ ആറ് സര്‍ക്കാര്‍ വാഹനങ്ങള്‍ സജ്ജമാക്കും.
കടുവയെ കണ്ടെത്തി മയക്കുവെടി വെച്ച് കാഴ്ചബംഗ്ലാവിലേക്ക് മാറ്റുമെന്നും എഡിഎം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ നാട്ടുകാര്‍ പൂര്‍ണ തൃപ്തരല്ല. വനമന്ത്രി എ.കെ.ശശീന്ദ്രന്‍ നാളെ വയനാട്ടിലെത്തും. രാവിലെ 11 ന് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും.
അതിനിടെ പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ട സാഹചര്യത്തില്‍ വനം വകുപ്പ് വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തി. ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്നും വനം വകുപ്പധികൃതര്‍ നിര്‍ദേശം നല്‍കി.
Leave a Reply