മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് പരിക്കേറ്റു. പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന പണമടങ്ങുന്ന പേഴ്സ് തട്ടിയെടുക്കുകയും ചെയ്തു.
കുറ്റിപ്പുറം സ്വദേശിനിയായ നീലാഞ്ജനയാണ് ആക്രമിക്കപ്പെട്ടത്. ബലമായി പിടിച്ചു വലിച്ച് കാറില്‍ കയറ്റുകയായിരുന്നെന്നും പണവും മൊബൈലും തട്ടിയെടുത്ത ശേഷം കാറിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നെന്നും നീലാഞ്ജന പറയുന്നു. നീലാഞ്ജനയുടെ കൈക്കും കാലിനും പരിക്കുണ്ട്.ട്രാന്‍സ്ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകയും സംഘടനാംഗവുമായ വിജി റഹ്മാനാണ് സംഭവസ്ഥലത്തെത്തി നീലാഞ്ജനയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെക്കുറിച്ച് നീലാഞ്ജന പറയുന്നതിങ്ങനെ:
കുറ്റിപ്പുറത്ത് ട്രാഫിക് സിഗ്‌നലിനടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് മൂന്നു പേര്‍ ഒരു വെള്ള ഓള്‍ട്ടോ കാറിലെത്തി കയറാനാവശ്യപ്പെട്ടത്. കണ്ടപ്പോള്‍ തന്നെ പന്തികേട് തോന്നി ഞാന്‍ പല തവണ ഒഴിഞ്ഞുമാറി. പക്ഷേ അവരെന്നെ കാറിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു. എന്റെ കൈയില്‍ 4800 രൂപയുണ്ടായിരുന്നു. ചെറിയച്ഛനു സുഖമില്ലാത്തതിനാല്‍ ആശുപത്രിയാവശ്യങ്ങള്‍ക്കായി പിറ്റേ ദിവസം എത്തിക്കാനുള്ള പണമായിരുന്നു.
ഈ 4800 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് വാങ്ങിച്ചതിനു ശേഷം കാറില്‍ നിന്നും തള്ളിപ്പുറത്തിടാന്‍ നോക്കി. കാറിന്റെ ഡോറാണ് എന്റെ കൈയില്‍ കിട്ടിയത്. ഡോറില്‍ ഞാന്‍ മുറുക്കെ പിടിച്ചപ്പോള്‍ ശരീരമാകെ റോഡിലുരഞ്ഞ് പരിക്കുപറ്റി. ഒരൂപാടു ദൂരം ആ അവസ്ഥയില്‍ എന്നെ വലിച്ചിഴച്ചു കൊണ്ട് വളരെ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചത്. അതിനു ശേഷം ഞാന്‍ പുറത്തേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. കാറില്‍ നിന്നും ഞാന്‍ പുറത്തേക്ക് വീഴുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിയെത്തി. അപ്പോഴേക്കും അവര്‍ കാര്‍ നിര്‍ത്താതെ പോയിക്കഴിഞ്ഞിരുന്നു.
അപ്പോഴും ഓടിക്കൂടിയ ആളുകളാരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. വിജി റഹ്മാനെത്തിയ ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അതിനു ശേഷം കുറ്റിപ്പുറം സ്റ്റേഷനില്‍ പോയി പരാതിയും കൊടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ടു നീങ്ങുക തന്നെ ചെയ്യും. ഇന്ന് എനിക്ക് സംഭവിച്ചത് നാളെ ട്രാന്‍സായ മറ്റൊരാള്‍ക്ക് സംഭവിച്ചുകൂടെന്നില്ലല്ലോ. ഞങ്ങള്‍ക്കും ജീവിക്കണ്ടേ? എന്നും നീലാഞ്ജന ചോദിക്കുന്നു.
ചുരുങ്ങിയ കാലത്തിനിടയില്‍ മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് വിജി റഹ്മാന്‍ പറയുന്നു. നേരത്തേ കോട്ടയ്ക്കലും സമാനമായ സംഭവം നടന്നിരുന്നു.
തിരുവനന്തപുരം: ബിജെപിയെ ഭയന്ന് കഴിയാൻ ബിഡിജെഎസിനെ കിട്ടില്ലെന്ന് വെളളാപ്പളളി നടേശന്‍. തുഷാറും ഭാര്യയുമടക്കം ബിഡിജെഎസ് പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുക്കും. വനിതാ മതിലിനെതിരെ എൻഡിഎ എന്ന പേരിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുന്നണി പൊതുതീരുമാനമെടുക്കാത്ത പക്ഷം ബിജെപിയുടെ നിലപാടല്ല വനിതാ മതിലിൽ ബിഡിജെഎസിനുണ്ടാവുക എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മുൻപൊന്നും ഇല്ലാത്ത വിധം ബിജെപി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയാണെന്നും വെളളാപ്പളളി ആരോപിച്ചു. ഇങ്ങനെ ആണെങ്കിൽ 100 വർഷം കഴിഞ്ഞാലും ബി ജെ പി അധികാരത്തിലെത്തില്ല. പണപ്പിരിവും ഗ്രൂപ്പിസവും മാത്രമാണ് കേരളത്തിലെ ബിജെപിയില്‍ നടക്കുന്നത്. കേരളത്തില്‍ എന്‍ഡിഎ എന്നൊന്നില്ല, വല്ലപ്പോഴും ഒരു മീറ്റിംഗ് നടന്നാലായിയെന്നും വെളളാപ്പളളി പരിഹസിച്ചു.
ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുന്നു.റിട്ട.സർക്കാർ ഉദ്യോഗസ്ഥന്റെ പെൻഷൻ തുക അടക്കം രണ്ടു ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയിരിക്കുന്നത്. വ്യാജ ഫോൺ കോളിലൂടെ റിസര്‍വ് ബാങ്കിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആറു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന തട്ടിപ്പിനെക്കുറിച്ച് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.പ്രാഥമിക അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തുന്ന സംഘമാണ് ഈ സംഭവത്തിനു പിന്നിലെന്നു ബോധ്യപ്പെട്ടതായി സൈബര്‍ സെല്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 22ന് ഉച്ചയ്ക്കാണ് സംഭവം. കോട്ടയം തിരുവാറ്റയിലെ ഇറിഗേഷന്‍ വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പി.കെ.ഏബ്രഹാമിനു ആണ് പണം നഷ്ടമായത്. മൂന്നു മണിയോടെ റിസര്‍വ് ബാങ്കില്‍ നിന്ന് സുബ്രഹ്മണ്യനാണെന്നു പരിചയപ്പെടുത്തിയ ഫോണ്‍ കോളെത്തി. മുന്‍പു നിരവധി തവണ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് അധികൃതര്‍ വിളിക്കാറുള്ളതിനാല്‍ ഏബ്രഹാമിന് ആ ഫോണ്‍ കോളില്‍ സംശയം തോന്നിയില്ല. എത്ര എടിഎം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നും കാര്‍ഡുകള്‍ നിലവില്‍ ബ്ലോക്കാണെന്നും പറഞ്ഞാണു തട്ടിപ്പുകാരന്‍ വിശ്വാസം ആര്‍ജിച്ചത്.
ഫോണ്‍ ഭാര്യ ഓമനയെ ഏല്‍പ്പിച്ചതോടെ എടിഎം കാര്‍ഡ് നമ്പര്‍, സിവിവി, എക്‌സ്പയറി ഡേറ്റ് തുടങ്ങിയ വിവരങ്ങളും തട്ടിപ്പുകാ!ര്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ ഈ സംഘം ഫോണിലേക്കയച്ച ചില വ്യാജ സന്ദേശങ്ങള്‍ തിരികെ അയച്ചു തരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഫോണിലെത്തിയ ബാങ്ക് ഇടപാടിനുള്ള വണ്‍ ടൈം പാസ് വേര്‍ഡും (ഒടിപി) ഇതേ രീതിയില്‍ തിരികെ വാങ്ങിയ സംഘം പല തവണയായി 1.84 ലക്ഷം രൂപ മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്നായി കവര്‍ന്നു. പെന്‍ഷന്‍ ലഭിച്ച തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു.
റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഹൃദ്രോഗിയായ ഒരു വയസ്സുകാരി മരിച്ചു. ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചില്‍ സീറ്റ് കിട്ടാതെയും കൃത്യസമയത്തു ചികിത്സ ലഭിക്കാതെയും മാതാവിന്റെ മടിയില്‍ കിടന്നാണ് കുഞ്ഞ് മരിച്ചത്. കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍ സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. സീറ്റിനും കുഞ്ഞിന് വൈദ്യ സഹായത്തിനും വേണ്ടി മാതാവ് അഭ്യര്‍ത്ഥിച്ചെങ്കിലും റെയില്‍വേ ജീവനക്കാര്‍ അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. സ്ലീപ്പര്‍ കോച്ചില്‍ നിന്ന് അടുത്ത കോച്ചിലേക്ക് മാറണമെന്നാവശ്യപ്പെട്ട് ഓരോ സ്‌റ്റേഷനിലേക്കും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിടുകയായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയ മംഗലാപുരം തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണു സംഭവം. കണ്ണൂരില്‍നിന്നു കയറിയതായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. ട്രെയിന്‍ കുറ്റിപ്പുറം എത്തുമ്പോഴേക്കും പനി കൂടി കുട്ടി തളര്‍ന്നുപോവുകയായിരുന്നു. ഇതേതുടര്‍ന്ന്, യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദ്രോഗിയായ മറിയം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ആണ് ചികിത്സ തേടുന്നത്. മൂന്നു മാസം മുന്‍പ് കുട്ടിക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോള്‍ ഇരിക്കൂര്‍ ഉള്ള ഡോക്ടറെ കാണിച്ചുവെങ്കിലും ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ രാത്രി ഇവര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ജനറല്‍ ടിക്കറ്റാണു ഇവര്‍ക്ക് ലഭിച്ചത്. തിരക്കേറിയ ബോഗിയില്‍ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാല്‍ സുമയ്യയും ഷമീറും സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍ ഇവര്‍ക്ക് ആരും സീറ്റ് നല്‍കിയില്ല. കൂടാതെ ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍നിന്നും ഇവരെഇറക്കിവിട്ടതായി ഇവര്‍ ആരോപിച്ചു. തുടര്‍ന്ന് സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി.
കുറ്റിപ്പുറത്തെത്താനായപ്പോഴാണ് കുട്ടിയുടെ അവസ്ഥ വളരെ ദയനീയമായത്. ഇത് കണ്ട സഹയാത്രികരാണ് ചങ്ങല വലിച്ചുനിര്‍ത്തിയത്. ആര്‍പിഎഫ് അംഗങ്ങള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെത്തി ഷമീറിനെ വിവരമറിയിച്ച് കുട്ടിയെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. ചികിത്സ തേടുന്നതിന് മുമ്പേ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കാക്കനാട്: കൊച്ചിയില്‍ സീരിയല്‍ നടി അശ്വതി ബാബു ലഹരി മരുന്ന് വില്‍പ്പനയ്ക്കിടെ പിടിയിലായ കേസിലെ അന്വേഷണം വഴിത്തിരിവിലേക്ക്. അശ്വതിയെ കാണാനായി കൊച്ചിയിലെ ഫ്‌ലാറ്റിലെത്തുന്ന സിനിമാ-സീരിയല്‍ താരങ്ങള്‍ക്കും ലഹരി മാഫിയയുമായി ബന്ധമുള്ളതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ലാറ്റില്‍ പലതവണ ലഹരി പാര്‍ട്ടി നടന്നതായും പോലീസിന് വ്യക്തമായിട്ടുണ്ട്.
അശ്വതിയുടെ സ്ഥിരം ഇടപാടുകാര്‍ക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും. ഏതാനും സിനിമ, സീരിയല്‍ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അശ്വതിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.
റിമാന്‍ഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ തമ്മനത്ത് താമസിക്കുന്ന നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഗോവ, ബംഗുളുരു തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകളുമായി നടിക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. നടിയുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സായ്പുങ്ങിലെ കൽക്കരി ഖനനയൂണിറ്റിൽ കുടുങ്ങിയ 15 പേർക്കു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചതിനെതിരെ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. വെള്ളം കയറിയ കൽക്കരി ഖനിയിൽ രണ്ടാഴ്ചയായി 15 തൊഴിലാളികൾ ശ്വാസത്തിനായി ബുദ്ധിമുട്ടുകയാണ്. ആ സമയത്ത് പ്രധാനമന്ത്രി ബോഗിബീൽ പാലത്തിൽ ക്യാമറകൾക്കു പോസു ചെയ്യുകയാണ്. രക്ഷാപ്രവർത്തനത്തിനായി ശേഷികൂടിയ പമ്പുകൾ നൽകാൻ മോദിയുടെ സർക്കാർ തയാറാകുന്നില്ല. പ്രധാനമന്ത്രി ദയവുചെയ്ത് ഈ തൊഴിലാളികളെ രക്ഷിക്കൂ – രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഒരാഴ്ചയ്ക്കു മുകളിലായി 100 കുതിരശക്തിയുള്ള പമ്പിനായി കാത്തിരിക്കുകയാണ് രക്ഷാപ്രവർത്തകർ. എന്നാൽ മേഘാലയ സർക്കാരിന്റെ കൈവശം അത്തരം പമ്പില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 25 കുതിരശക്തിയുള്ള പമ്പുകളാണ് വെള്ളം പുറത്തേക്കു കളയാൻ ഉപയോഗിച്ചിരുന്നത്. മരിച്ചോ ജീവിച്ചോ പോലും ഒരാളെ കണ്ടെത്താൻ ഞങ്ങൾക്ക് ആയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ സഹായത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ മുതിർന്ന ഉദ്യോഗസ്ഥൻ എസ്.കെ.ശാസ്ത്രി പറഞ്ഞു.
വെള്ളത്തിൽ 70 അടി താഴ്ചവരെ ചെന്നുവേണം തിരച്ചിൽ നടത്താൻ. എന്നാൽ ദേശീയ ദുരന്തനിവാരണ സേനയുടെ മുങ്ങൽ വിദഗ്ധർക്ക് 40 അടിമാത്രമേ താഴാൻ കഴിയുന്നുള്ളു. അതിനാൽ ജലം പുറത്തേക്കു കളയാതെ രക്ഷാപ്രവർത്തനം തുടരാൻ കഴിയുകയില്ല. അടുത്തുള്ള നദിയിൽനിന്നും ഉപേക്ഷിക്കപ്പെട്ട ഖനിയിൽനിന്നുമാണ് വെള്ളം ഇവിടേക്കെത്തുന്നത്.
ഇന്നലെ സംസ്ഥാനമാകെ നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജപ്രചരണത്തിനെതിരെ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ് പൊലീസില്‍ പരാതി നല്‍കി. ഋഷിരാജ് സിങിന്റെ മുഖഛായയുള്ള ഫോട്ടോ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്. അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ടാണ് സൈബര്‍ സെല്ലിന് പരാതി നല്‍കിയത്.
ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിക്ക് ബിജെപിയും എന്‍എസ്എസും സംഘപരിവാര്‍ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിലെ ദക്ഷിണനാവികാസ്ഥാനത്ത് ഹെലിക്കോപ്ടര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു . ഇവരുടെ പേരു പുറത്തുവിട്ടിട്ടില്ല. ചീഫ് പെറ്റി ഒാഫിസര്‍ റാങ്കിലുള്ളവരാണ് മരിച്ചത്. ഹെലികോപ്ടറുകള്‍ സൂക്ഷിക്കുന്ന ഹാങ്ങര്‍ ഷെഡിന്റെ വാതലാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്. വിഡിയോ സ്റ്റോറി കാണാം
ഈ സമയം പുറത്തുണ്ടായിരുന്ന ഓഫീസര്‍മാരുടെ ദേഹത്തിക്കാണ് വാതില്‍ വീണത്. ഉടന്‍ ഇവരെ നാവികാസ്ഥാനത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കളെ വിവരം അറിയിച്ച ശേഷം മാത്രമേ മരിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവിടകുയുള്ളൂ.
കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയില്‍ പട്ടാപ്പകലുണ്ടായ വെടിവെപ്പ് കേസ് അന്വേഷണം വഴിമുട്ടുന്നു. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയായിരുന്നു സിനിമാ താരമായ ലീന മരിയ പോളിന്റെ കൊച്ചി പനമ്പളളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറില്‍ രണ്ടംഗ സംഘം വെടിവെച്ചത്. അധോലോക നേതാവ് രവി പൂജാരിയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. രവി പൂജാരിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ലീന മരിയ പോളും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വെടിവെപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് കൃത്യമായ സൂചന പോലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അക്രമികള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് സംശയമുണ്ട്. ഇതിനായി മുംബൈ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തതിന് കാരണമെന്താണെന്ന് പോലീസിന് വ്യക്തമായിട്ടില്ല.
നിലവില്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസാണ് അന്വേഷണോദ്യോഗസ്ഥന്‍. ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് മേല്‍നോട്ടം വഹിക്കും. അന്വേഷണ പുരോഗതി ഐ.ജി. വിജയ് സാഖറെയും കമ്മീഷണര്‍ എം.പി. ദിനേശും വിലയിരുത്തും. എന്നാല്‍ ഇത്രയും വലിയ സംഘമുണ്ടായിട്ടും ആയുധമേതെന്നു പോലും സ്ഥിരീകരിക്കാന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.
സാമ്പത്തിക തട്ടിപ്പുകേസുകളിലടക്കം പ്രതിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോളിന് അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്നെത്തിയ ഭീഷണി സന്ദേശം തന്നെയാണ് ആക്രമണത്തിന് കാരണമായിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. ലീന എന്തെല്ലാമോ മറച്ചു വയ്ക്കുന്നുണ്ടെന്ന സംശയം പൊലീസിനുണ്ട്. ഈ സംശയം ദൂരീകരിക്കാനായി ലീനയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ലീനയ്ക്ക് സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
ന്യൂസ് ഡെസ്ക്
അമേരിക്കയിലെ കോളിര്‍വില്ലെയില്‍ ഇരുനില കെട്ടിടത്തിലുണ്ടായിരുന്ന തീപിടിത്തത്തില്‍ ഇന്ത്യാക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. ഷാരോണ്‍ നായിക് (17), ജോയ് നായിക് (15), ആരോണ്‍ നായിക് (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളായ ഇവര്‍ മിസിസിപ്പിയിലെ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇവര്‍ താമസിച്ച വീടിന്റെ ഉടമ കാരി കോഡ്രിറ്റും(46) തീപിടിത്തത്തില്‍ മരിച്ചു.
ഞായറാഴ്ച അപകടമുണ്ടായതായി മരിച്ച കുട്ടികളുമായി ബന്ധപ്പെട്ടവര്‍ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വീട്ടുടമ കാരിയുടെ ഭര്‍ത്താവ് ഡാനിയല്‍ കോഡ്രിറ്റും മകന്‍ കോളും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. തീപിടിത്തമുണ്ടായ ഉടന്‍ ഡാനിയല്‍ രണ്ടാം നിലയിലെ ജനാലയിലൂടെ പുറത്തുചാടി സഹായത്തിനായി അഭ്യര്‍ഥിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ച കുട്ടികള്‍ തെലങ്കാനയില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഇവരുടെ പിതാവ് ഒരു പാസ്റ്ററാണെന്ന വിവരം മാത്രമാണ് ഇപ്പോള്‍ ലഭ്യമായത്.