വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞാലുടന്‍ ചില നേതാക്കളുടെ യഥാര്‍ഥമുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മതേതരത്തിന് വേണ്ടി വാദിക്കുന്നവരുടെ മുഖംമൂടി അഴിഞ്ഞ് വീഴുന്നത് നിങ്ങള്‍ക്ക് കാണാം. വയനാട്ടിലെ സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അടുത്തമാസം നാല് വരെ സമയമുണ്ടെന്നും കേരളത്തില്‍ സി.പി.എം പൂജ്യം സീറ്റിലേക്കെത്തുമെന്നും മുല്ലപ്പള്ളി വടകരയില്‍  പറഞ്ഞു.

വയനാട് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോള്‍ പ്രചാരണം എങ്ങനെ തുടങ്ങുമെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വം ആശങ്കയിലാണ്. ഇതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഏറ്റവും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകള്‍ മാറ്റിവക്കേണ്ടി വന്നു.

വയനാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫിനുളളില്‍ സര്‍വത്ര ആശയക്കുഴപ്പമാണ്. സ്ഥാനാര്‍ഥിയായി പറയുന്ന പേര് രാഹുല്‍ ഗാന്ധിയുടേതായതുകൊണ്ട് വിഷമങ്ങളൊന്നും പുറത്തു പറയാനാവാത്ത വിങ്ങലിലാണ് നേതാക്കള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിയും മുന്‍പ് പ്രഖ്യാപനം വരുമെന്ന ഒറ്റ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ കാത്തിരുപ്പ്. സ്ഥാനാര്‍ഥിയെ അറിയാതെ എങ്ങനെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേരുമെന്ന ചോദ്യം ഉയര്‍ന്നതോടെ യു.ഡി.എഫിന് ഏറ്റവും ഭൂരിപക്ഷം നല്‍കുന്ന വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ കണ്‍വെന്‍ഷന്‍ മാറ്റി വക്കേണ്ടിവന്നു.

ആദ്യം സ്ഥാനാര്‍ഥിയാണന്നു പറഞ്ഞ് പ്രചാരണം ആരംഭിച്ച സിദ്ദീഖിന് വോട്ടഭ്യര്‍ഥിച്ച് പലയിടങ്ങളിലും ഫ്ലക്സ് ബോര്‍ഡുകളുണ്ട്. എന്നാല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാരെന്ന് എ.ഐ.സി.സി വ്യക്തമാക്കും വരെ പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.

സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയുണ്ടാക്കിയ ആശയക്കുഴപ്പം വയനാട്ടിലെ പ്രചാരണത്തിന്റെ തിളക്കം കുറച്ചുവെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വത്തിനും സംശയമില്ല.