India

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തോടു താന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ ഹര്‍ജിയില്‍ പറയുന്നു.

റിമാന്‍ഡിലായ ബിഷപ്പ് ഇപ്പോള്‍ പാലാ സബ്ജയിലിലാണ് ഉള്ളത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്നു. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട നേരത്തേ ബിഷപ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതു നിരസിക്കുകയാണുണ്ടായത്.

ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ കൊടുത്ത രഹസ്യമൊഴിയില്‍ ബിഷപ്പിനെതിരായ തെളിവുണ്ടെന്നു നിലപാടു വ്യക്തമാക്കിയാണ് അന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഉന്നത നിലയിലുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

തിരഞ്ഞെടുപ്പു വാഗ്ദ്ധാനങ്ങല്‍ പാലിക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വ്യാജ പ്രചരണങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും നല്‍കിയാണ് ബി ജെ പി ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയത് എന്ന തുറന്നുപറച്ചില്‍ സര്‍ക്കാറിനെയാകെ വലക്കുകയാണ്.

ഒരു ചാനല്‍ റിയാലിറ്റി ഷോയ്ക്കിടയില്‍ മന്ത്രി നടത്തിയ പരമര്‍ശങ്ങളാണ് ഗവണ്‍മെന്റിനെ പുലിവാലു പിടിപ്പിച്ചത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് പൂര്‍ണമായി ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കാന്‍ ഉപദേശം ലഭിച്ചത്. അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഇതൊന്നും നടപ്പിലാക്കണ്ടല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി നല്‍കിയ വാഗ്ദ്ധാനങ്ങള്‍ ജനങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം ചിരിച്ച് തള്ളി മുന്നോട്ട് പോകാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയൂ.

ബി ജെ പി നേതാക്കള്‍ ഇപ്പോഴെങ്കിലും സത്യം തുറന്നുപറയാന്‍ തയ്യാറായല്ലോ എന്നായിരുന്നു വീഡിയോ പങ്കു വച്ചുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചത്.വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വ്യാജ വാഗ്ദ്ധാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തിലെത്തിയതെന്ന കോണ്‍ഗ്രസിന്റെ വാദം കേന്ദ്രമന്ത്രി അംഗീകരിക്കുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിച്ചു. തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. ഗഡ്കരി പറഞ്ഞത് ശരി തന്നെയാണ്. രാജ്യത്തെ ജനങ്ങളും ഇപ്പോള്‍ ഇത് തന്നെയാണ് പറയുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറയുന്നുവെന്ന് പറഞ്ഞ ഗഡ്കരി നേരത്തെയും കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. റിസര്‍വേഷന്‍ ആവശ്യപ്പെട്ട് മറാത്ത പ്രക്ഷോഭം നടന്നപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.

 

 

 

ന്യൂസ് ഡെസ്ക്

ചത്തീസ്ഗഢിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 9 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പലരുടെയും പരിക്ക് ഗുരുതരമാണ്. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഭിലായ് നഗരത്തിലെ സ്റ്റീല്‍ പ്ലാന്റിലാണ് സ്‌ഫോടനം നടന്നത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും രക്ഷാ പ്രവര്‍ത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് സ്റ്റീല്‍ പ്ലാന്റ്. ഈ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായി മാനേജ്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട് .

തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. അതേസമയം തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തോളിലെ ഞരമ്പിനാണ് ലക്ഷ്മിക്ക് സാരമായി പരിക്കേറ്റിരിക്കുന്നത്. ഇത് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലക്ഷ്മി ആളുകള്‍ തിരിച്ചറിയുകയും ചിലപ്പോള്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. സ്വയം ശ്വസമെടുക്കാന്‍ ലക്ഷ്മിക്ക് കഴിയുന്നത് വലിയ പുരോഗതിയാണെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ച വിവരം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലക്ഷ്മിയെ അറിയിച്ചതായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി അറിയിച്ചു. നേരത്തെ ഇവരുടെ മരണവിവരം ലക്ഷ്മിയെ അറിയിക്കരുതെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നു.

തൃശൂരില്‍ നിന്ന് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ലക്ഷ്മിയും കുടുംബവും അപകടത്തില്‍പ്പെടുന്നത്. രണ്ടര വയസുള്ള മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബാലഭാസ്‌കര്‍ മരണപ്പെടുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ വിലക്കുന്ന നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ന് വിവിധ ഹരജികള്‍ സമര്‍പ്പിക്കപ്പെടുമെന്ന് സൂചന. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് റിവ്യു ഹര്‍ജികളുമായി സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പീപ്പിള്‍ ഫോര്‍ ധര്‍മ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നീ സംഘടനകളാണ് ഹര്‍ജികള്‍ നല്‍കാന്‍ തയ്യാറെടുക്കുന്നത്.

അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നായിരിക്കും ഇരു സംഘടനകളുടെയും അഭിഭാഷകര്‍ ആവശ്യപ്പെടുക. എന്നാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോധ്യമായാല്‍ മാത്രമെ ഹര്‍ജി വേഗത്തില്‍ പരിഗണിക്കുകയുള്ളു. ക്ഷേത്രാചാരങ്ങളില്‍ കടന്നു കയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുക. വര്‍ഷങ്ങള്‍ പഴക്കമുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കും.

അതേസമയം നേരത്തെ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിനായുള്ള പ്രത്യേക സുരക്ഷ ഒരുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞു. ഈ മാസം നട തുറക്കുമ്പോള്‍ വനിതാ പോലീസിനെ വിന്യസിക്കില്ലെന്നാണ് സൂചനകള്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസിനെ വിന്യസിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ പോലീസ് മേധാവിയും ദേവസംബോര്‍ഡും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ നടത്തിയ റോഡ് ഷോയ്ക്ക് ഇടെയാണ് വന്‍ സുരക്ഷാ വീഴ്ചയുണ്ടായത്. ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് സമീപം തീ ആളിപ്പടര്‍ന്നു. അപകടത്തില്‍ നിന്നും രാഹുല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ റോഡ് ഷോയ്ക്കിടെയാണ് സംഭവം. പരിപാടിയോടനുബന്ധിച്ച് വഴിയിലുടനീളം ബലൂണുകള്‍ക്കൊണ്ട് അലങ്കരിച്ചിരുന്നു. പ്രവര്‍ത്തകുടെ കൈയ്യിലുണ്ടായിരുന്ന ഒരു കൂട്ടം ബലൂണുകളാണ് പൊട്ടിത്തെറിച്ച് തീ പടര്‍ന്നത്. വന്‍ ജനാവലിയായിരുന്നു അദ്ദേഹത്തെ അനുഗമിച്ചത്. രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന തട്ടില്‍ നിന്ന് ബലൂണില്‍ തീ പടരുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരെത്തി ജനങ്ങളെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി.

നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. പെട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്റെ വാഹനവും തമ്മില്‍ രണ്ട് മുന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നര്‍മ്മദ നദീ തീരത്തു നിന്നും ആരംഭിച്ച് എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയാണ് രാഹുല്‍ ഗാന്ധി ജബല്‍പൂരില്‍ നടത്തിയത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

പന്തളം: ശബരിമല വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് താഴമണ്‍ തന്ത്രി കുടുംബം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായതിനു ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് താഴമണ്‍ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എന്‍എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബം തീരുമാനം അറിയിച്ചിരിക്കുന്നത്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂവെന്ന് കണ്ഠരര് മോഹനര് പറഞ്ഞു.

തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്നും തന്ത്രി പറഞ്ഞു. തിങ്കളാഴ്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ക്ഷണിച്ചിരുന്നു.
സ്ത്രീപ്രവേശനത്തില്‍ വിധി വന്ന ഘട്ടത്തില്‍ തന്നെ താഴമണ്‍ കുടുംബം പന്തളം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടതിവിധി നടപ്പാക്കുന്നത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് താഴമണ്‍ കുടുംബവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്.

ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തന്ത്രി കുടുംബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചിരുന്നു. ഭരണഘടനാ ബെഞ്ച് വിധി നിയമമായതിനാല്‍ അത് നടപ്പാക്കേണ്ട ബാധ്യത ബോധ്യപ്പെടുത്തുന്നതിനായാണ് തന്ത്രി കുടുംബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചത്. തന്ത്രികുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചത് സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കുന്നതിലെ പ്രായോഗികവശങ്ങള്‍ പരിശോധിക്കുന്നതിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്

കേരള കത്തോലിക്കാ മെത്രാൻ സമിതിയ്ക്ക് (കെസിബിസി) മാവോയിസ്റ്റ് ഭീഷണി. പി.ഒ.സിയുടെ പാലാരിവട്ടം ഓഫീസിലാണ് കത്ത് എത്തിയത്. ദി ചീഫ് കെസിബിസി എന്ന വിലാസത്തിൽ ഉള്ള കത്ത് ചുവന്ന അക്ഷരത്തിലാണ് വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്കി.

കത്ത് ഇങ്ങനെ

“ഞങ്ങൾ ഇതുവരെ നിങ്ങൾക്കെതിരേ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ് ആദിവാസികളും കന്യാസ്ത്രീകളും. ഞങ്ങൾ കാമാത്തിപ്പുരകളല്ല. കുറച്ചുപേർ നിങ്ങളുടെ ഇഷ്ടത്തിനൊത്ത് തുള്ളുന്നവരും തുണിയുരിയുന്നവരുമായി ഉണ്ടായിരിക്കാം.

ഞങ്ങൾക്ക് മാനന്തവാടി എന്നല്ല കേരളത്തിലെ ഏതു സ്ഥലത്തും കൈയെത്തും ദൂരത്താണ്. മെത്രാൻമാരും ബിഷപ്പുമാരും അച്ചന്മാരും ബാവാമാരും ആത്മീയതയിലേക്കാണെങ്കിൽ ഞങ്ങൾ മാറി നിൽക്കാം. സാമ്പത്തിക ചൂഷണവും ശാരീരിക ചൂഷണവും ഇനിയും കണ്ടു നിൽക്കാനാവില്ല. ഞങ്ങളെ തടയാൻ നിങ്ങൾക്കാവില്ല. നിലമ്പൂർക്കാട്ടിലെ ചോരയ്ക്കു പകരം അരമനകളിലാകാതിരിക്കാനാണ് ഈ കത്ത്”….. മാവോയിസ്റ്റുകൾ

നിലമ്പൂരിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സീലിൽ നിന്ന് മനസിലാകുന്നത്. കത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.

അലാസ്‌ക: അലാസ്‌കയില്‍ വാഹനാപകടത്തില്‍ മുന്‍ എംപിയും തെലുങ്കുദേശം നേതാവുമായ എം.വി.എസ്. മൂര്‍ത്തി(76) ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന വാനിന്റെ ഡ്രൈവര്‍ ശിവ, പട്ടാമ്പി രാമയ്യ, ബാസവ, എം.വി.എസ്.മൂര്‍ത്തി എന്നിവരും മരിച്ചു. യു.എസിലെ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് അലുംനി മീറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.

ഒക്ടോബര്‍ ഒന്നിന് വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറി സന്ദര്‍ശിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന വെങ്കിട്ട പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളായ കോളിന്‍, ഭാര്യ ഫെലീഷ്യ എന്നിവര്‍ക്കും പരിക്കുണ്ട്.

മൂര്‍ത്തി വിശാഖപട്ടണത്തില്‍നിന്നു രണ്ടു തവണ (1991, 1999) ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആന്ധ്രപ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് മൂര്‍ത്തി. വിശാഖപട്ടണം ഗാന്ധി യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ കൂടിയാണിദ്ദേഹം. 1991 ല്‍ ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂര്‍ത്തിക്ക് ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കാറുണ്ട്. അവര്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ലക്ഷ്മിയെ ധരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ തോളിലെ ഞരമ്പിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്.

ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ബാലഭാസ്‌കറും മകളും മരിച്ചവിവരം ഇതുവരെയും അറിയിച്ചിട്ടില്ല.

അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ അര്‍ജുനനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്കു മാറ്റി.

Copyright © . All rights reserved