കെഎം മാണിയുടെ കൂടെ നാണം കെട്ട് ഇനിയും തുടരണമോയെന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിജെ ജോസഫ് മുന്നണി വിട്ട് വന്നാല്‍ കൂടെ ചേര്‍ക്കുന്ന കാര്യം ആലോചിക്കാമെന്നും ആദ്യം ജോസഫ് താല്‍പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു. മഴയ്ക്ക് മുമ്പ് കുടപിടിക്കേണ്ടന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പി ജെ ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, കേരളാ കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റിന് ആഗ്രഹിച്ച സീറ്റ് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ആ പാര്‍ട്ടിയില്‍ യാതൊരു വിലയുമില്ലെന്നാണ് അര്‍ത്ഥമെന്നും കോടിയേരി പറഞ്ഞു. ഇത്തരത്തില്‍ നാണം കെട്ട് ആ പാര്‍ട്ടിയില്‍ തുടരാനാണ് താല്‍പര്യമെങ്കില്‍ തുടരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചിരുന്നു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണി പ്രതികരിച്ചത്. ഒരു പകല്‍ മുഴുവന്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിലേക്കെന്ന സൂചന നല്‍കിയാണ് മാണിയുടെ വാര്‍ത്താക്കുറിപ്പ് ഇറങ്ങിയത്.

സഹോദരന്‍ ബാബു ചാഴിക്കാടന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനാര്‍ത്ഥിയായെത്തിയ തോമസ് ചാഴിക്കാടന്‍ അപ്രതീക്ഷിതമായാണ് പാര്‍ലമെന്റിലേക്കുള്ള മത്സര രംഗത്തും എത്തിയത്. പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പറയുമ്പോഴും ജോസഫിന്റെ നീക്കങ്ങള്‍ നിര്‍ണായകമാകും.