ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ഹന്ദ്വാരയില്‍ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് തങ്ങുന്നതായിട്ടാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. സേനയ്ക്ക് നേരെ തീവ്രവാദികളാണ് ആദ്യം വെടിവെച്ചത്. പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
ജമ്മു പോലീസും 44 രാഷ്ട്രീയ റൈഫിള്‍സ് സേനയും സംയുക്തമായി കുങ്ക്നൂ ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതിന് പിന്നാലെയാണ് ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സൈന്യം സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 15ലധികം തവണ സൈന്യം തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ ആക്രമിച്ചിരുന്നു. മിന്നലാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലും വെടിവെപ്പ് നടക്കുന്നുണ്ട്.
ഇന്നലെ വൈകീട്ട് നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് ആക്രമണം ഉണ്ടായിരിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. മിസൈല്‍ ലോഞ്ചറുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകളെ ആക്രമിക്കുന്നത്. സുന്ദര്‍ബാനിലും നൗഷേരിയിലും പൂഞ്ചിലെ മന്‍കോട്ടിലുമാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ഇന്നലെ മാത്രം അഞ്ചിലധികം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും പിസി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി മത്സരിക്കും. പത്തനംതിട്ടയിൽ ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ നേരിട്ട് മത്സരത്തിനിറങ്ങും.
കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കുന്ന പക്ഷം ജനപക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ജനപക്ഷം എക്സിക്യൂട്ടീവില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന് ഒമ്പതംഗ സമിതിയേയും എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ വെബ്സൈറ്റ് ഇനിയും പ്രവര്‍ത്തനരഹിതമായിട്ടില്ല. എത്രയും പെട്ടെന്ന് തിരികെ വരുമെന്നാണ് ഇന്നലെ മുതല്‍ വെബ്പേജില്‍ അറിയിക്കുന്നത്. എന്നാല്‍ വെബ്സൈറ്റ് വരാന്‍ വൈകിയതോടെ പരിഹാസവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ട്വീറ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ പരിഹസിക്കുന്നത്.
‘നിങ്ങള്‍ കുറേ നേരമായി പ്രവര്‍ത്തനരഹിതമായത് ശ്രദ്ധയില്‍പ്പെട്ടു. തിരിച്ചു വരുന്നതിന് നിങ്ങള്‍ സഹായം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സന്തോഷത്തോടെ അതിന് തയ്യാറാണ്,’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു
ഹാക്കിംഗ് ശ്രമത്തെ തുടര്‍ന്ന് ബിജെപിയുടെ വെബ്‌സൈറ്റ് ഡൗണായിരുന്നു. സൈറ്റ് ചൊവ്വാഴ്ച രാവിലെയോടെ മെയ്ന്റനന്‍സ് മോഡിലേയ്ക്ക് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു മീം ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
Morning @BJP4India, we realise you’ve been down for a long time now. If you need help getting back up, we’re happy to help 🤗 pic.twitter.com/pM12ADMxEj
— Congress (@INCIndia) March 6, 2019
ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ മോദി ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഗൗനിക്കാതെ നടന്നുപോകുന്ന വീഡിയോയും പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് തങ്ങള്‍ ഉടന്‍ തിരിച്ചുവരുമെന്ന അറിയിപ്പ് പേജില്‍ കാണാനായത്. വെബ്സൈറ്റ് വരാന്‍ വൈകിയതോടെ ട്രോളന്മാരും രംഗത്തെത്തിയിരുന്നു. ബിജെപിയെ പരിഹസിച്ച് നിരവധി ട്രോളുകളും പ്രചരിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷം ശക്തമായിരിക്കുന്നതിന് ഇടയിലാണ് ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. പാകിസ്താനി ഹാക്കര്‍മാര്‍ 90 ഗവണ്‍മെന്റ് വെബ്‌സൈറ്റുകളെ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുഎസിലടക്കം പല രാജ്യങ്ങളിലും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് കിട്ടുന്നില്ല. ഇന്ത്യ പാകിസ്താനെതിരെ സൈബര്‍ ആക്രണം നടത്തുന്നതായി പാകിസ്താന്‍ ഫോറിന്‍ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസല്‍ ആരോപിച്ചു.
കോട്ടയം; ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടംഗസംഘം അവസാനം വലയിലായി. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രായമായ സ്ത്രീകളുടെ അടുത്ത് ബൈക്കിലെത്തിയശേഷം ഒരാള്‍ ഇറങ്ങിച്ചെന്ന് വഴിയോ സ്ഥലപ്പേരോ ചോദിച്ച് അവരുടെ മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. ബൈക്ക് ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റെയാള്‍ കൈകൊണ്ട് മുഖം മറച്ചുമാണ് മാല അപഹരിച്ചിരുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയശേഷമാണ് മാല പൊട്ടിക്കാന്‍ ഇറങ്ങുന്നത്.
ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്ന ചാത്തങ്കരി കളത്തില്‍ ശാരദാമ്മയുടെ (78) ഒന്നര പവന്റെ മാലയും പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്ത് ശാന്തമ്മയുടെ (63) ഒന്നര പവന്റെ മാലയും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് നാലിനായിരുന്നു ശാരദാമ്മയുടെ മാല മോഷ്ടിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും ദീപക്കും കടയില്‍ കയറി സോഡാ വാങ്ങി പണം നല്‍കിയശേഷമാണ് ശാരദാമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഞൊടിയിടയില്‍ സ്ഥലം വിട്ടത്. വെളുത്ത രണ്ടു യുവാക്കളാണ് മാല പൊട്ടിച്ചതെന്ന് ശാരദാമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ മാല ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഫെബ്രുവരി 9നാണ് ശാന്തമ്മയുടെയുടെ ഒന്നര പവന്റെ മാലപൊട്ടിച്ചെടുത്തത്.
തിരുവല്ല മനയ്ക്കച്ചിറയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ് പ്രതികളായ ദീപക്കും വിഷ്ണുവും. സ്വകാര്യ സ്ഥാപനത്തില്‍ മാന്യമായ ശമ്പളത്തില്‍ ജോലി ചെയ്തുവന്ന ഇരുവരും നല്ല സാമ്പത്തികശേഷിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇവര്‍ ആര്‍ഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. വിലകൂടിയ മൊബൈല്‍ ഫോണുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആര്‍ടി ഓഫീസുകളില്‍ നിന്നും ഷോറൂമുകളില്‍ നിന്നും ലഭിച്ച ആയിരത്തോളം ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ കുടുക്കിയത്.
തിരുവല്ല ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റ നേതൃത്വത്തില്‍ തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, പുളിക്കീഴ് എസ്.ഐ വിപിന്‍കുമാര്‍, എസ്.ഐ ബി.ശ്യാം, ഷാഡോ ടീമിലെ എ.എസ്.ഐമാരായ അജി ശാമുവേല്‍, എസ്.രാധാകൃഷ്ണന്‍, ടി.ഡി ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍.അജികുമാര്‍, വി.എസ്. സുജിത്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
സജീവമായിരുന്ന സുരേഷ് കുറുപ്പിന്റെയും വി.എൻ.വാസവന്റെയും പേരുകൾ തള്ളിയാണ് സിന്ധുമോൾ ജേക്കബ് കോട്ടയത്തെ സ്ഥാനാർഥിനിരയിലേക്ക് ഉയർന്നു വന്നത്. ഉഴവൂർ പഞ്ചായത്തംഗമാണ് സിന്ധുമോൾ ജേക്കബ്. ഇന്ന് ചേരുന്ന സിപിഎം പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിലപാടും സ്ഥാനാർഥി തീരുമാനത്തില്‍ നിര്‍ണായകമാകും.
അപ്രതീക്ഷിതമായാണ് ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ സിന്ധുമോള്‍ ജേക്കബ് കോട്ടയത്തെ സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ ഇടം പിടിച്ചത്. സിറ്റിങ് എംഎൽഎമാർ മത്സരിച്ചേക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരള സംരക്ഷണ യാത്രക്കിടെ കോട്ടയത്ത് പറഞ്ഞു. ഇതോടെ ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് കോട്ടയത്ത് സ്ഥാനാര്‍ഥിയാകുമെന്ന് പലരും ഉറപ്പിച്ചു.
ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, വൈക്കം നഗരസഭ മുന്‍ ചെയര്‍മാന്‍ പി.കെ. ഹരികുമാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു. പക്ഷേ ഒരുഘട്ടത്തിലും സിന്ധുമോള്‍ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിന്ധുമോളെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന നിര്‍ദേശം വന്നത്. പുതുമുഖ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ നേട്ടമുണ്ടാക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. നിലവില്‍ ഉഴവൂര്‍ പഞ്ചായത്ത് അംഗമായ സിന്ധുമോള്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമാണ്.
പി.കെ. ഹരികുമാറിന്‍റെ പേരും സജീവ പരിഗണനയിലുണ്ട്. 2014ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ഹരികുമാര്‍ ചുമരെഴുത്തും നടത്തി. എന്നാല്‍ അവസാനഘട്ടത്തില്‍ സീറ്റ് ജനതാദളിന് വിട്ട് നല്‍കുകയായിരുന്നു. വിവിധ സമുദായ സംഘടനകളുമായുള്ള ഉറ്റബന്ധവും ഹരികുമാറിനെ പരിഗണിക്കുന്നതില്‍ മുഖ്യ ഘടകമാണ്. ജനതാദളില്‍ നിന്ന് സീറ്റ് തിരിച്ചെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ അനുഭവപ്പെടുന്ന ശക്തമായ ചൂട് ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കൂടി താപനില 38 ഡിഗ്രി സെല്‍ഷ്യസാണ്. സമാനരീതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച താപനില ശരാശരിയില്‍ നിന്ന് രണ്ടുമുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നു.
ഇന്ന് എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ ചില ഭാഗങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്. സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ അതോറിറ്റികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും ചൂടേറിയ ജില്ല കോഴിക്കോടാണ്. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മാസം ഒന്പതുവരെ താപനില 38 ഡിഗ്രിവരെയാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ആലപ്പുഴ, പുനലൂര്‍ എന്നിവിടങ്ങളിലും താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജോലി സമയം കഴിഞ്ഞ ദിവസം പുനഃക്രമീകരിച്ചിരുന്നു. കോര്‍പറേഷനു കീഴില്‍ ജോലി ചെയ്യുന്ന ക്ലീനിംഗ് ജീവനക്കാരുടേതുള്‍പ്പെടെയുള്ളവരുടെ പ്രവൃത്തി സമയം ഉച്ചക്ക് 12 മണി വരെയായി കുറച്ചു. മാറ്റം ഒരാഴ്ചത്തേക്ക് തുടരും.
വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ തൊഴിലാളികള്‍ക്ക് സൂര്യതാപം ഏല്‍ക്കുന്ന ജോലികള്‍ നല്‍കുന്ന കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്‌കൂളുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അസംബ്ലികള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനായി വിദ്യാഭ്യാസ വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തും.
കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഉഷ്ണ തരംഗ മുന്നറിയിപ്പ് ഇന്നു കൂടി മാത്രമേ ഉള്ളുവെങ്കിലും ജാഗ്രതാ നടപടികള്‍ തുടരും. മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ കാര്യക്ഷമമായി എത്തിയോ എന്നും യോഗം പരിശോധിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന്‍ ഒഴികെയുള്ള എല്ലാ സിറ്റിങ് എം.പിമാരേയും മല്‍സരരംഗത്തിറക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റിനെ എറണാകുളത്തേക്കു മാറ്റാനും ആലോചനയുണ്ട്. കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്ന് തിരിച്ചെടുക്കാനും യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് തിരുവനന്തപുരത്തു തുടരുകയാണ്.
ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടും. ആലത്തൂരില്‍ കെ.രാധാകൃഷ്ണന്റെ പേര് ശക്തമായി ഉയര്‍ന്നിരുന്നെങ്കിലും, പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജു തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാലും സീറ്റുറപ്പിച്ചുകഴിഞ്ഞു. കാസര്‍കോട് പി.കരുണാകരന്‍ മല്‍സരരംഗത്തുണ്ടാവില്ല.
ഇന്നസെന്റിനെ ചാലക്കുടിയില്‍ നിന്നു മാറ്റി എറണാകുളത്തു മല്‍സരിപ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുയാണ്. കോട്ടയം തിരിച്ചെടുത്ത് പതിനാറു സീറ്റിലും സി.പി.എം മല്‍സരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ പൊതുവികാരം. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇന്ന് സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടിക നാളെ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍, ചാലക്കുടിയില്‍ പി.രാജീവ്, കോട്ടയത്ത് സുരേഷ് കുറുപ്പ്, വടകരയില്‍ മുഹമ്മദ് റിയാസ്, കോഴിക്കോട് എ.പ്രദീപ് കുമാര്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം മലപ്പുറത്ത് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്.
അനവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനൻ. ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു ജയറാം-രാജസേനൻ കൂട്ടുകെട്ടിന്.
എന്നാൽ ഒരിടവേളക്ക് ശേഷം രാജസേനന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പരാജയമായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. പിന്നീട് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ സജീവമായ രാജസേനൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുകയും ചെയ്തിരുന്നു.കൂടാതെ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവുമായി.
ഇപ്പോൾ പ്രിയപ്പെട്ടവർ എന്ന പേരിൽ എത്തുന്ന പുതിയ സിനിമയിൽ പ്രധാന കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം.കേരളത്തിലെ സംഘ് പരിവാര്‍ പ്രസ്ഥനങ്ങൾക്ക് പിന്തുണയുമായി ഒരുങ്ങിയ ചിത്രമാണ് ‘പ്രിയപ്പെട്ടവർ’.
ശക്തമായ സംഘപരിവാർ അനുകൂല പ്രമേയമാണ് ചിത്രത്തിന്റേത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശിക്കുന്ന ചിത്രമാണ് പ്രിയപ്പെട്ടവർ എന്ന് രാജസേനൻ നേരത്തെ പറഞ്ഞിരുന്നു. നവാഗതനായ ഖാദർ മൊയ്‌ദു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചില കേന്ദ്രങ്ങളിൽ റിലീസും ചെയ്തിരുന്നു. എന്നാൽ ഈ മാസം ചിത്രം വീണ്ടും പ്രദർശനത്തിനെത്തുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് രാജസേനൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രാജസേനന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വന്നിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിച്ചും ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയും ചെയുന്ന ചിത്രത്തിന് വലിയ വിമർശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
‘ഹോ ഇനിയിപ്പോ ആരും വടക്കേടത്തമ്മ പുരസ്കാരം പ്രതീക്ഷിച്ചു ഈ വര്ഷം ഇനി പടം ഇറക്കണ്ട പോയി അത് പോയിക്കിട്ടി’,’ടിക്കറ്റ് എടുക്കുമ്പോ രാജ്യസ്നേഹി ആണോ അല്ലെ ന്ന് എങ്ങിനെ നോക്കും സേട്ടാ”പശുവിനെ തൊട്ടാൽ തല്ലി കൊല്ലുന്ന സീൻ ഉണ്ടോ’,’നിലക്കൽ ഓട്ടം… എടപ്പാൾ ഓട്ടം… ഇത് രണ്ടും.. മാറ്റി മറ്റി കാണിക്കണം…. അവസാനം മഞ്ഞൾ കൃഷി പ്രളയം വന്ന് ഒലിച്ച് പോകുന്നിടത്ത് പടം തീരും,,’എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ വന്നിരിക്കുന്നത്



തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. ഇന്ന് ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. സംസ്ഥാനത്താകമാനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താത്പര്യമെന്നും മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. മത്സരിക്കാന്‍ തയ്യാറായാല്‍ ിരുവനന്തപുരം അടക്കം സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി വോട്ട് തേടിയത് തെറ്റായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ബിഡിജെഎസില്‍ ശക്തമാണ്. തുഷാര്‍ മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഗൗരവമായല്ല കാണുന്നതെന്ന പ്രതീതി ബിജെപി നേതൃത്വത്തിനുണ്ടാകുമെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. അത് മറ്റ് സീറ്റുകളില്‍ പാര്‍ട്ടിയുടെ പ്രചരണത്തെ ബാധിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ പറഞ്ഞത്.
ആലത്തൂര്‍, എറണാകുളം, ഇടുക്കി, വയനാട് സീറ്റുകളിലും മറ്റൊരു സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് തുഷാര്‍ പറഞ്ഞിരുന്നു. അതേസമയം എസ്എന്‍ഡിപി ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വെള്ളാപ്പള്ളി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.
എന്നാല്‍ എസ്എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കരുതെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് യോഗത്തിന് ശേഷം തുഷാര്‍ വ്യക്തമാക്കി. എസ്എന്‍ഡിപി ഇടതുമുന്നണിയോട് അടുക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സംഘടന ഒരു പാര്‍ട്ടിയുടെയും വാലും ചൂലും അല്ലെന്നും തുഷാര്‍ പറഞ്ഞു. അഞ്ചു സീറ്റുകളിലേക്കുള്ള പാര്‍ട്ടി സ്ഥാനാത്ഥികളെ തീരുമാനിക്കാന്‍ അഞ്ചംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി
ജാംനഗര്‍: പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചി എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത കാലത്തായി മനസ്സ് മുഴുവന്‍ അയല്‍രാജ്യമാണെന്ന് തമാശരൂപേണ പറഞ്ഞ് മോദി തന്റെ നാക്കുപിഴവില്‍ നിന്നും തടിയൂരി. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യപദ്ധതിയെക്കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്ക് പിഴവുണ്ടായത്.
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വെച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചുവരേണ്ട വശ്യമില്ല. ആയുഷ്മാന്‍ കാര്‍ഡുപയോഗിച്ച് സൗജന്യ ചികിത്സ കൊല്‍ക്കത്തയിലോ കറാച്ചിയിലോ ലഭിക്കും എന്നായിരുന്നു മോദിയുടെ വാഗ്ദാനം.
അബദ്ധം മനസ്സിലായ പ്രധാനമന്ത്രി താന്‍ ഉദ്ദേശിച്ചത് കറാച്ചിയല്ല, കൊച്ചിയാണെന്ന് അടുത്ത നിമിഷം തന്നെ തിരുത്തി. ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍ രാജ്യത്തിന്റെ ചിന്തകളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് മോദി പറഞ്ഞു.