ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നതിന് ശേഷം കേരളത്തിലെ സാഹചര്യങ്ങളില്‍ വലിയ തോതില്‍ മാറ്റം വന്നു. ആരാധനാലയങ്ങളെ സ്‌റ്റേറ്റിന് കീഴില്‍ കൊണ്ടുവരിക എന്ന ദേശീയ അജണ്ടയില്‍ നിന്ന് മാറി നിന്നുകൊണ്ട് ശബരിമലയെ ഒരു പ്രത്യേക വിഷയമായി കണ്ടുകൊണ്ടുള്ള ബിജെപി-ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ ചുവടുമാറ്റമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആദ്യം വിധിയെ സ്വീകരിക്കുകയും പിന്നീട് വിശ്വാസി സമൂഹത്തിനൊപ്പം ചേരുകയും ചെയ്യുന്ന നിലപാട് കേരളത്തില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കമായി തന്നെയാണ് വിലയിരുത്തപ്പെട്ടത്.
ശബരിമല വിധി നടപ്പാക്കുന്നതിനോട് വിയോജിക്കുന്ന, മുന്‍ സത്യവാങ്മൂലത്തില്‍ ഉറച്ച് നില്‍ക്കുന്ന കോണ്‍ഗ്രസിന് എന്നാല്‍ വേണ്ട വിധത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കളം പിടിക്കാനുമായില്ല. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമായിരുന്നു ആദ്യം മുതല്‍ സിപിഎം. സവര്‍ണ സമുദായങ്ങളുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇറങ്ങുമ്പോള്‍ മറ്റ് സമുദായങ്ങളും ന്യൂനപക്ഷ വോട്ടും തങ്ങള്‍ക്ക് അനുകൂലമായേക്കാം എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഈ അപ്രതീക്ഷിത മാറ്റം തിരഞ്ഞെടുപ്പില്‍ കാര്യമായി സ്വാധീനിക്കുമെന്നാണ് മൂന്ന് മുന്നണികളുടേയും കണക്കുകൂട്ടല്‍.
ശബരിമല വിഷയത്തിന് ശേഷം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്ന മാറ്റം, ആര്‍ക്കെല്ലാം രാഷ്ട്രീയ ഗുണം ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാവുന്നതിനിടെയാണ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സര്‍വേഫലം പുറത്തു വരുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ സീറ്റ് നേടുമെന്നാണ് ഇന്ത്യ ടിവിയും- സിഎന്‍എക്‌സ് നടത്തിയ അഭിപ്രായ സര്‍വേ ഫലം പറയുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസ് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും ബിജെപി, ആര്‍എസ്പി, കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടികള്‍ക്ക് ഒന്ന് വീതവും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റുകള്‍ വീതവും ലഭിക്കുമെന്നാണ് സര്‍വേ ഫലം. ശബരിമലയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പോരാടുമ്പോള്‍ ഇതില്‍ ബിജെപിയ്ക്ക് സാധ്യതയുള്ള സീറ്റുകള്‍ ഏതെല്ലാം?
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ട് നേടാന്‍ ബിജെപിക്കായപ്പോള്‍ കാസര്‍ഗോഡ് രണ്ട് ലക്ഷത്തിനടുത്ത് വരെ അത് എത്തി. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഒരുലക്ഷത്തിനും ഒന്നരലക്ഷത്തിനുമിടയില്‍ വോട്ടുകള്‍ നേടി എന്‍ഡിഎ വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. മറ്റ് മണ്ഡലങ്ങളിലും മുമ്പുണ്ടായിരുന്നതിനേക്കാള്‍ വോട്ട് പിടിക്കാനായി.
തിരുവനന്തപുരത്ത് ത്രികോണ മത്സരത്തിനാണ് സാധ്യത എന്ന തരത്തില്‍ നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നാളുകളായി ഉയരുന്നുണ്ട്. കോണ്‍ഗ്രസ് ശശി തരൂരിനെ തന്നെ സ്ഥാനാര്‍ഥിയായി തുടരാന്‍ അനുവദിക്കാനാണിട എന്നും പറയപ്പെടുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം മത്സരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
അവസാന നിമിഷം വരെ ഒ രാജഗോപാല്‍ ജയിക്കുമെന്ന പ്രതീതിയുണര്‍ത്തുന്നതായിരുന്നു ലീഡ് നില. എന്നാല്‍ ഒടുവില്‍ അത് ശശി തരൂരിന് അനുകൂലമാവുകയും 15,470 വോട്ടുകള്‍ക്ക് ശശിതരൂര്‍ വിജയിക്കുകയുമായിരുന്നു. ശശി തരൂരിന് 2,97,806 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാജഗോപാല്‍ 2,82,336 വോട്ടുകളും സ്വന്തമാക്കി. ബന്നറ്റിന് 2,48,941 വോട്ടുകളാണ് നേടാനായത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു. ഒ. രാജഗോപാല്‍ 8671 വോട്ടുകള്‍ക്കാണ് തിരുവനന്തപുരം മണ്ഡലത്തില്‍ പെട്ട നേമത്ത് നിന്ന് വിജയിച്ചത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷ നല്‍കുന്നു. കുമ്മനം രാജശേഖരനെ ഇറക്കി വിജയം ഉറപ്പിച്ച് അക്കൗണ്ട് തുറക്കാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. ശബരിമല വിഷയത്തില്‍ തങ്ങളോടൊപ്പം നില്‍ക്കുന്ന എന്‍എസ്എസിനെ മുന്‍നിര്‍ത്തി ശശി തരൂരിന് ലഭിക്കാനിടയുള്ള നായര്‍ സമുദായ വോട്ടുകള്‍ അനുകൂലമാക്കാമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. ബിജെപിയെ നേരിടാന്‍ സിപിഐയെ മാറ്റി സിപിഎം തന്നെ സ്ഥാനാര്‍ഥിയെ ഇറക്കുമോ എന്നതാണ് ഇനി കാണേണ്ടത്.
തിരുവനന്തപുരം പോലെ തന്നെ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണ് കാസര്‍ഗോഡ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,72,826 വോട്ടുകളാണ് കെ സുരേന്ദ്രന്‍ നേടിയത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്റേയോ, രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന്റേയോ ലഭിച്ച വോട്ടുകളുമായി താരതമ്യം ചെയ്താല്‍ അതിന്റെ പകുതി പോലും വോട്ട് സുരേന്ദ്രന് നേടാനായില്ല. എന്നാല്‍ വലിയ തോതില്‍ മുന്നേറ്റം നടത്താനായി എന്നതാണ് ബിജെപി വലിയ കാര്യമായി കാണുന്നത്. പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു നിന്ന് മത്സരിച്ച കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുള്‍ റസാഖിന് 56870 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56,781 വോട്ടുകളും കിട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിഎച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കപ്പിനും ചുണ്ടിനുമിടയില്‍ എംഎല്‍എ സ്ഥാനവും ബിജെപിയുടെ രണ്ടാമത്തെ സീറ്റും നഷ്ടപ്പെട്ടുവെങ്കിലും അത് തങ്ങള്‍ക്ക് ലഭിച്ച വലിയ മൈലേജ് ആയി തന്നെയാണ് ബിജെപി കണക്കുകൂട്ടുന്നത്. സുരേന്ദ്രനെ തന്നെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നിര്‍ത്തിയാല്‍ കാസര്‍ഗോഡ് പിടിക്കാം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീങ്ങുന്നതെന്നാണ് വിവരം.
കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവന്‍ 3,97,615 വോട്ടകള്‍ നേടി വിജയിച്ചപ്പോള്‍ സിപിഎമ്മിന്റെ എ വിജരാഘവന്‍ 3,80,732 വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തും, ബിജെപിയുടെ സി കെ പത്മനാഭന്‍ 1,15,760 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തും വന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റും മറ്റ് പ്രവര്‍ത്തനങ്ങളുമായി രംഗത്ത് സജീവമായി നില്‍ക്കുന്ന കെ സുരേന്ദ്രനെ കാസര്‍ഗോഡ് നിന്ന് മാറ്റി കോഴിക്കോട്ട് ഇറക്കുന്ന കാര്യവും ബിജെപിയുടെ പരിഗണനയിലുണ്ട്. അതിലൂടെ വലിയ മുന്‍തൂക്കം നേടാനായേക്കും എന്നാണ് ബിജെപിയ്ക്കുള്ളിലെ സംസാരം. ശബരിമല വിഷയത്തില്‍ കോഴിക്കോട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വളരെ സജീവമായി രംഗത്തുണ്ടായിരുന്നു എന്നതിനാല്‍ മറ്റ് ആരെ നിര്‍ത്തിയാലും വിജയം നേടിയില്ലെങ്കിലും വോട്ടിങ് ശതമാനത്തില്‍ വലിയ മുന്നേറ്റം നടത്താനാവുമെന്നും ഇവര്‍ കരുതുന്നു.
പാലക്കാട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ 1,36,587 വോട്ടുകള്‍ നേടിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം ബി രാജേഷ് മൃഗീയ ഭൂരിപക്ഷത്തോടെയാണ് പാലക്കാട്ട് വിജയിച്ചത്. 4,12,897 വോട്ടുകളാണ് രാജേഷ് നേടിയത്. എന്നാല്‍ ഇത്തവണ രാജേഷിനെ എം പി സീറ്റില്‍ മത്സരിപ്പിച്ചേക്കില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ഡിവൈഎഫ്‌ഐ വനിതാ നേതാവ് പി കെ ശശിക്കെതിരെ പരാതി ഉന്നയിച്ചതിന് പിന്നില്‍ രാജേഷിന്റെ പിന്തുണയുണ്ടെന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്. പാര്‍ട്ടിക്ക് വലിയ തോതില്‍ പ്രതിസന്ധി സൃഷ്ടിച്ച കേസുമാണ് ശശിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണം. അതിനാല്‍ തന്നെ എം ബി രാജേഷിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായിട്ടുണ്ട്. രണ്ട് തവണ എംപി സീറ്റില്‍ മത്സരിച്ചതിനാല്‍ ഇനി രാജേഷിന് അത് നല്‍കേണ്ടതില്ലെന്ന തീരുമാനം അറിയിച്ച് രാജേഷിനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് മാറ്റാനായിരിക്കും പാര്‍ട്ടിയുടെ നീക്കമെന്നുമാണ് അഭ്യൂഹങ്ങള്‍. പാലക്കാട് ജനസമ്മതിയുള്ള നേതാവാണ് എം ബി രാജേഷ്. രാജേഷിനെ മാറ്റിയാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് നഗരസഭാംഗത്തെ ബിജെപിയിലേക്കെത്തിച്ച് അവിശ്വാസ പ്രമേയം വരെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍ക്കുണ്ട്. ശബരിമല വിഷയത്തില്‍ ഇടപെട്ട് നില്‍ക്കുന്ന നേതാവെന്ന നിലയില്‍ ശോഭാ സുരേന്ദ്രനെ തന്നെ ഇറക്കി അനുകൂല സാഹചര്യങ്ങള്‍ വോട്ട് ആക്കി മാറ്റാനാവും ശ്രമമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.
തൃശൂരില്‍ സിപിഐ സ്ഥാനാര്‍ഥിയായ സിഎന്‍ ജയദേവനാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്. കേരളത്തില്‍ സിപിഐയുടെ ശക്തികേന്ദ്രമായ മണ്ഡലം കൂടിയാണ് തൃശൂര്‍. എന്നാല്‍ ജയദേവന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും എല്‍ഡിഎഫിനുള്ളിലും പല അഭിപ്രായങ്ങളുണ്ട്. ബിജെപി ശക്തരായ നേതാക്കളെ ഇറക്കിയാല്‍ വോട്ട് പിടിക്കാമെന്ന പ്രതീക്ഷയിലുമാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന കെ പി ശ്രീശന്‍ 1,02,681 വോട്ടുകള്‍ നേടിയിരുന്നു. കെ. സുരേന്ദ്രന്റെ പേര് ഇവിടെയും ഒരു വിഭാഗം ബിജെപിക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
ശബരിമലയും ഉള്‍പ്പെട്ട മണ്ഡലമായതിനാല്‍ പത്തനംതിട്ട മണ്ഡലം മൂന്ന് മുന്നണിക്കും വളരെ പ്രധാനപ്പെട്ടതാവും. കഴിഞ്ഞ തവണ ആന്റോ ആന്റണി 3,58,842-ഉും, പീലിപ്പോസ് തോമസ് 3,02,651 വോട്ടും, എം ടി രമേശ് 1,38,954 വോട്ടും നേടി. ക്രിസ്ത്യന്‍ സമുദായ വോട്ടുകള്‍ വലിയ തോതില്‍ സ്വാധീനിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. നായര്‍ സമുദായത്തിനും മേല്‍ക്കൈ ഉണ്ട്. ശബരിമല വിഷയത്തില്‍ നാമജപ പ്രതിഷേധങ്ങളും നാമജപ ഘോഷയാത്രയ്ക്കുമെല്ലാം അണിനിരന്ന സംഘപരിവാര്‍-എന്‍എസ്എസ് കൂട്ടുകെട്ടിലൂടെ വലിയ വിജയം നേടാനാവുമെന്ന പ്രതീക്ഷയാണ് ബിജെപി പ്രവര്‍ത്തകര്‍ പങ്കുവക്കുന്നത്. ശബരിമല പ്രതിഷേധങ്ങളില്‍ ഇടപെട്ട് സജീവമായി നിന്ന എം ടി രമേശിന് വിജയമൊരുക്കാന്‍ കഴിയുക എന്നത് ബിജെപിയുടെ പ്രസ്റ്റീജ് പ്രശ്‌നം കൂടിയായാണ് പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. രമേശ് തന്നെ മത്സരിക്കാനുള്ള സാധ്യതകളാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ബിഡിജെഎസ് രൂപീകരണവും ബിഡിജെഎസ് എന്‍ഡിഎയില്‍ കക്ഷി ചേര്‍ന്നതുമെല്ലാമാണ് വോട്ടിങ് ശതമാനത്തില്‍ വര്‍ധനവുണ്ടാക്കിയതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ ശബരിമല വിഷയം മുന്നില്‍ നിര്‍ത്തി ബിഡിജെഎസിന്റെ സഹായമില്ലാതെ തന്നെ പതിനഞ്ച് ശതമാനം വോട്ട് സ്വന്തം നിലയ്ക്ക് ഉണ്ടാക്കിയെടുക്കാനാണ് ബിജെപി നീക്കം. ബിഡിജെഎസിനെ ഒപ്പം നിര്‍ത്തി കൂടുതല്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാവും എന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. വാഗ്ദാനം ചെയ്തിരുന്ന സ്ഥാനങ്ങളൊന്നും നല്‍കാതിരുന്നതോടെ ബിഡിജെഎസ്-എന്‍ഡിഎ ബന്ധത്തില്‍ വിള്ളലുകള്‍ വന്നിരുന്നു. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിയേയും ബിഡിജെഎസിനേയും കൂടെ നിര്‍ത്തി പോരാട്ടത്തിനിറങ്ങിയതോടെ അകല്‍ച്ച ഏറെക്കുറെ പരിഹരിക്കാനായിട്ടുണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. തുഷാര്‍ വെള്ളാപ്പള്ളിയും ശ്രീധരന്‍ പിള്ളയുമായിരുന്നു എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര നയിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂരം പ്രഖ്യാപിച്ചിരുന്ന എന്‍എസ്എസ് മുമ്പെങ്ങുമില്ലാത്ത വിധം ബിജെപിയോട് ഐക്യപ്പെട്ടത് ഗുണം ചെയ്യുമെന്ന് തന്നെയാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബിഡിജെഎസ് വഴി ഈഴവ വോട്ടുകളും, എന്‍എസ്എസുമായി സഹകരിച്ച് നായര്‍ വോട്ടുകളും ലഭിച്ചാല്‍ പലയിടത്തും വലിയ തോതില്‍ മുന്നേറ്റം നടത്താനാവും എന്ന് തന്നെയാണ് പ്രവര്‍ത്തകര്‍ പങ്കുവക്കുന്ന പ്രതീക്ഷ. ശബരിമല വിഷയം ചൂടോടെ തന്നെ നിര്‍ത്തി, ‘ഹിന്ദു വികാരം’ ഉണര്‍ത്തി, അത് വോട്ടാക്കാനായിരിക്കും ബിജെപിയുടെ ശ്രമം. അങ്ങനെയെങ്കില്‍ ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേദിയാവുക.
ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ കുംഭമേളയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ഷണിക്കാന്‍ യുപി മന്ത്രി ഡോ. നീല്‍കണ്ഠ് തിവാരി. കുംഭമേളയുടെ ഒരുക്കങ്ങള്‍ പ്രയാഗ് രാജ് നഗരിയില്‍ പൂര്‍ത്തിയായതായി കായിക യുവജനക്ഷേമ മന്ത്രിയായ തിവാരി തിരുവനന്തപുരത്ത് അറിയിച്ചു.
കുംഭമേളയിലേക്കും ജനുവരി 21 മുതല്‍ 23 വരെ വരാണസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലേക്കും മുഖ്യമന്ത്രിയെയും ഗവര്‍ണര്‍ പി സദാശിവത്തെയും ക്ഷണിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാിയിരുന്നു മന്ത്രി. കുംഭമേളയില്‍ കേരളവുമായി സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി കേരള ടൂറിസം വകുപ്പിന്റെ പങ്കാളിത്തവും അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും വിശ്വാസികളും വിനോദ സഞ്ചാരികളും എത്തുന്ന കുംഭമേള ജനുവരി 15ന് പ്രയാഗ് രാജിലെ ത്രിവേണി സ്‌നാനഘട്ടങ്ങളിലാണ് ആരംഭിക്കുന്നത്.
ജനുവരി 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 192 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കുക. 71 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തീര്‍ത്ഥാടനത്തിന് മുന്നോടിയായി കൊടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. കുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ 250 കിലോമീറ്റര്‍ റോഡുകളും 22 പാലങ്ങളും നിര്‍മ്മിച്ച് വലിയൊരു നഗരം തന്നെ സജ്ജമാക്കിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെ ഇവിടെ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും തിവാരി അറിയിച്ചു.
തീര്‍ത്ഥാടനത്തിനൊപ്പം സന്ദര്‍ശകര്‍ക്കായി സാംസ്‌കാരിക വിനോദ പരിപാടികളും ഭക്ഷ്യോല്‍സവങ്ങളും ടൂറിസം വാക്കും ഒരുക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും വിവിധ നിലവാരത്തിലുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1,22,000 ശൗചാലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുംഭമേള അടുക്കും ചിട്ടയോടും നടത്താനായി 116 കോടി രൂപ മുടക്കിയാണ് കണ്‍ട്രോള്‍ ആന്‍ഡ് കമാന്റ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. 1400 സിസിടിവികളുടെ നിരീക്ഷണത്തിലായിരിക്കും കുംഭനഗരി.
പ്രവാസ് ദിവസ് ജനുവരി 22ന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. നോര്‍വെ പാര്‍ലമെന്റ് അംഗം ഹിമാന്‍ഷു ഗുലാത്തി, ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് അംഗം കന്‍വാല്‍ജിത് സിംഗ് ബക്ഷി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്ത എന്നിവര്‍ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രി വികെ സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
23ലെ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പുരസ്‌കാര നിര്‍ണയ സമിതിയില്‍ മലയാളി വ്യവസായി എം എ യൂസഫലിയും അംഗമാണ്. സമ്മേളനത്തിനായി പ്രത്യേക പ്രവാസി ഗ്രാമമാണ് ഒരുക്കിയിരിക്കുന്നത്. പ്രവാസികളെ ഡല്‍ഹിയില്‍ നിന്നും വരാണസിയിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിനുകള്‍ തടയുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട നാലുട്രെയിനുകള്‍ തടഞ്ഞു. ചെന്നൈ മെയില്‍ എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ തടഞ്ഞിട്ടു. കോഴിക്കോട്ടും അല്‍പസമയത്തിനകം ട്രെയിനുകള്‍ തടയാനാണ് സംയുക്ത ട്രേഡ് യൂണിയന്റെ നീക്കം. രാവിലെ അഞ്ചുമണിക്ക് പുറപ്പെടേണ്ട വേണാട് എക്സ്പ്രസാണ് ആദ്യം തടഞ്ഞത്. പിന്നീട് ജനശതാബ്ദി, രപ്തിസാഗര്‍ എക്സ്പ്രസ് ട്രെയിനുകളും തടഞ്ഞു.
വേണാടും ജനശതാബ്ദിയും ഒന്നരമണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. രപ്തിസാഗര്‍ മുക്കാല്‍ മണിക്കൂര്‍ വൈകി. പണിമുടക്കിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നില്ല. കൊച്ചി തുറമുഖത്തെ പണിമുടക്കില്‍ നിന്നൊഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു.
പണിമുടക്കില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് തൊഴിലാളി സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഉറപ്പ് നല്കിയിരുന്നു. ബി.എം.എസ് ഒഴികെയുള്ള സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാലുമാസം മുമ്പ് സമരം പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കം.
വാർഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവർക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്കവോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കം. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. സർക്കാർ ജോലികളിൽ അൻപത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഭരണഘടനാബ ബഞ്ചിന്റെ വിധിയുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഏറെ കാലമായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കാനാണ് കേന്ദ്രസർക്കാർ ഉന്നമിടുന്നത്. ഇതിനാണ് കേന്ദ്രസർക്കാർ നാളെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ നാളെ തന്നെ സംവരണബില്ല് കേന്ദ്രസർക്കാർ പാർലമെന്റില്‍ അവതരിപ്പിച്ചേക്കും എന്നാണ് സൂചന. രാജ്യത്തെ സവർണസമുദായങ്ങൾ എല്ലാം തന്നെ സാമ്പത്തിക സംവരണത്തെ അംഗീകരിക്കും എന്നുറപ്പായതിനാൽ നിർണായക രാഷ്ട്രീയ-സാമുദായിക പ്രതിസന്ധിയാവും രാഷ്ട്രീയ കക്ഷികൾക്ക് നേരിടേണ്ടി വരിക. ഒബിസി-ന്യൂനപക്ഷ-ദളിത് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികൾ സംവരണ നീക്കത്തെ എതിർത്ത് മുന്നോട്ട് വരുമെന്നുറപ്പാണ്. തീരുമാനത്തിനെതിരെ കോടതിയിൽ നിയമപോരാട്ടങ്ങളും നടന്നേക്കാം.
നിയമപരമായി ഈ തീരുമാനം നിലനിന്നില്ലെങ്കിലും രാഷ്ട്രീയമായി നരേന്ദ്രമോദിക്കും ബിജെപിക്കും ഈ നീക്കം ഏറെ ഗുണം ചെയ്യും. മുന്നോക്കവോട്ടുകൾ കയ്യിലാക്കാൻ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ തീരുമാനം ബിജെപിയെ സഹായിക്കും.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.റ്റി.യു തുടങ്ങി പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, കര്‍ഷകര്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും.
രണ്ട് ദിവസം നീളുന്ന പണിമുടക്ക് ഹര്‍ത്തലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കില്ലെന്നും നിര്‍ബന്ധിച്ച് ആരെയും പങ്കാളികളാക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനം തടസ്സപ്പെടില്ല. ആശുപത്രികള്‍, ടൂറിസം മേഖല, വിമാനത്താവളം, വിവാഹങ്ങള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം വിതരണത്തിനുള്ള വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
പണിമുടക്കിന്റെ ഭാഗമായി ഒരു തരത്തിലുള്ള ബലപ്രയോഗവും ഉണ്ടാകില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും വ്യക്തമാക്കി.
വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലെടുക്കുന്നവര്‍ക്കെല്ലാം പ്രതിമാസം 3000 രൂപയില്‍ കുറയാത്ത പെന്‍ഷന്‍ ഉറപ്പാക്കുക, കേന്ദ്രസംസ്ഥാനപൊതുമേഖലാസ്ഥാപനങ്ങളുടെയും തന്ത്രപ്രധാന മേഖലകളുടെയും ഓഹരി വില്പന നിര്‍ത്തലാക്കുക, തൊഴിലുകളുടെ കരാര്‍വത്കരണം അവസാനിപ്പിക്കുക, സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, ബോണസ്, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവക്ക് നിശ്ചയിച്ചിട്ടുള്ള എല്ലാ പരിധികളും എടുത്തുമാറ്റുക, തൊഴിലാളിവിരുദ്ധതൊഴില്‍നിയമഭേദഗതികള്‍ പിന്‍വലിക്കുക, റെയില്‍വേ, ഇന്‍ഷുറന്‍സ്, പ്രതിരോധം എന്നീ മേഖലകളിലെ വിദേശ നിക്ഷേപം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളെല്ലാം ഉന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനിലും പിക്കറ്റിങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കണമെന്ന് തൊഴിലാളി നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം ദേശീയ പണിമുടക്ക് നടക്കുന്ന ദിവസങ്ങളില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചുണ്ട്. പണിമുടക്ക് ന്യായമായതിനാല്‍ തൊഴിലാളികള്‍ക്ക് എതിരെ നടപടി എടുക്കില്ല. ഹര്‍ത്താല്‍ നിരോധിക്കുന്നത് വരെ മുന്നോട്ട് പോകുമെന്നും ടി. നസറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു.
കൊച്ചി: മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ച് ഹൈക്കോടതി. ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും തൊഴില്‍ നിയമത്തിനുള്ള ചട്ടങ്ങള്‍ ഹര്‍ത്താലിനും ബാധകമെന്നും ഹൈക്കോടതി പറഞ്ഞു. നാളത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമാണെന്നും ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഹര്‍ത്താലിനെതിരെ സുപ്രീം കോടതിയടക്കം ഇടപെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശാണ് കോടതിയെ സമീപിച്ചത്.
ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നിലപാട് എടുത്തെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലില്‍ കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഇതില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞപ്പോള്‍ കടകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലുകളുടെ വിശദാംശങ്ങളും ഹരജിയിലുണ്ട്. ഹര്‍ത്താല്‍ സംബന്ധിയായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഭാര്യയുടെ ഫെയ്സ്ബുക്ക് പ്രൈഫൈലിൽ മോശം കമന്റിട്ടയാളെ മലയാളി കലക്ടർ പൊലീസുകാർക്കു മുന്നിലിട്ട് പൊതിരെ തല്ലി. ബെറ്റർ ഇന്ത്യ തെരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്ത് മികച്ച ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയായ നിഖിൽ നിർമ്മലാണ് പൊലീസ് സ്റ്റേഷനിൽ നിയന്ത്രണം വിട്ട് പെരുമാറിയത്. ബംഗാൾ അലിപുർദാറിലെ ജില്ലാ മജിസ്ട്രേറ്റ് ആണ് നിഖിൽ.
ഫലാകട പോലീസ് സ്‌റ്റേഷനില്‍ വച്ച് നിഖിലും ഭാരയും ചേർന്ന് യുവാവിനെ മർദ്ദിക്കുമ്പോൾ എല്ലാത്തിനും സാക്ഷിയായി എസ്.ഐ.സൗമ്യജിത് റായും ഉണ്ടായിരുന്നു.
എന്റെ അധികാരപരിധിയിൽ എനിക്കെതിരെ എന്തെങ്കിലും ചെയ്യാമെന്ന് നീ വിചാരിക്കുന്നുണ്ടോ? ഇനി ഇങ്ങനെ ഉണ്ടായാൽ വീട്ടിൽ കയറി കൊല്ലുമെന്നും നിഖിൽ പറയുന്നു. ഇത്തരം അസഭ്യങ്ങൾ എഴുതി വിടുന്നതെന്ന് നിഖിലിന്റെ ഭാര്യയും ചോദിക്കുന്നു. ക്ഷമ യാചിച്ചു മുട്ടിലിഴയുന്ന യുവാവിനെ ഒരു ദയയും കാണിക്കാതെ നിഖിലും ഭാര്യയും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരാണ് പുറത്തു വിട്ടത്. സംഭവത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് നിർമ്മലിനെ തടയുന്നില്ലെന്നുളളതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
See how Bengal IAS officer, Nikhil Nirmal, district magistrate of Alipurduar district take law in his own hands. He & his wife beat up a youth for making lewd comments on his wife’s Facebook profile. Incident unfolds inside the police station & infront IC of Police @dna @ZeeNews pic.twitter.com/iRCO7SnRa6
— Pooja Mehta (@pooja_zeenews) January 6, 2019
പുതുവർഷം നമ്മെ വരവേറ്റത് സംസ്ഥാനം കണ്ട ഏറ്റവും അക്രമാസക്തമായ ഒരു ഹർത്താലിനാണ്. ശബരിമലയിൽ സുപ്രീം കോടതി വിധി അനുസരിച്ച് യുവതികൾ പ്രവേശിച്ചതിന്റെ പേരിൽ ആണ് ഹർത്താൽ എന്നോർക്കണം. ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമസമിതിയുടെ പ്രധാന നേതാക്കളിൽ ചിലർ മാതാ അമൃതാനന്ദമയി, ഡി ജി പി സെൻകുമാർ, സിനിമ സംവിധയാകൻ പ്രിയദർശൻ എന്നിവരാണ്. മുന്‍ വിസി ഡോ. കെ എസ് രാധാകൃഷ്ണൻ, റിട്ട. ജസ്റ്റിസ് എൻ കുമാർ, പന്തളം രാജ കുടുംബാംഗം പി ശശികുമാർ വർമ്മ, വിജയേന്ദ്ര സരസ്വതി തുടങ്ങിയ പ്രമുഖരും ആ കൂട്ടത്തിലുണ്ട്.
ഹര്‍ത്താലിൽ ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളുണ്ടാക്കുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ നേരത്തെ അറിയിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കയ്യില്‍നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നോ, സ്വത്തു വകകളില്‍നിന്നോ നഷ്ടം ഈടാക്കാനാണു തീരുമാനം. ഇത്തരത്തിൽ ഒരു കോടതി നിർദേശം നേരത്തെ നിലവിൽ ഉണ്ട്. പക്ഷെ അത് പലപ്പോഴും നടപ്പിൽ വരുത്തുന്നതിനുള്ള വീഴ്ചയാണ് പ്രധാന പ്രതിസന്ധി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നയുടൻ ആചാര സംരക്ഷണത്തിനായി സമരങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് 41 ഹിന്ദു സംഘടനകളുടെ യോഗം തൃശൂരില്‍ ചേരുന്നത്.
ശബരിമല കര്‍മ്മ സമിതി രൂപം കൊള്ളുന്നത് ആ യോഗത്തിലാണ്. അമൃതാന്ദമയിയെ സമിതിയുടെ രക്ഷാധികാരിയായും സെന്‍കുമാറും കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസുകാരനുമായ കെ എസ് രാധാകൃഷ്ണന്‍ ഉപാധ്യക്ഷന്മാരാണ്. പ്രിയദര്‍ശന്‍ സമിതി അംഗവും. കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എന്‍ കുമാര്‍ ആണ് സമിതി അധ്യക്ഷന്‍. പന്തളം കൊട്ടാരം പ്രതിനിധി പിജി ശശികുമാര വര്‍മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി തുടങ്ങിയവരാണ് രക്ഷാധികാരികള്‍. മുന്‍ വനിതാകമ്മീഷന്‍ അംഗം ജെ പ്രമീളാദേവി, ന്യൂറോ സര്‍ജ്ജന്‍ മാര്‍ത്താണ്ഡന്‍ പിള്ള തുടങ്ങി ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരും സംഘപരിവാര്‍ അനുകൂലികളുമാണ് സമിതിയിലുള്ളത്.
ആത്മീയ വ്യവസായിയെന്നും ആള്‍ദൈവമെന്നുമെല്ലാം അറിയപ്പെടുന്നുണ്ടെങ്കിലും അമൃതാനന്ദമയിയും അവരുടെ ആശ്രമവും ഒരുകാലത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിറത്തിന് കീഴിലായിരുന്നില്ല. വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ള നേതാക്കൾ അവരുടെ ആശ്രമങ്ങളിൽ സന്ദർശനം നടത്തുന്നവരുമാണ്. മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ ഒരു ബിജെപി നേതാവ് എന്ന രീതിയില്‍ നിലവില്‍ അറിയപ്പെടുന്നില്ലെങ്കിലും ഏത് ദിവസവും ആ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നുവെന്നതിനാല്‍ സംഘപരിവാര്‍ അനുകൂലികള്‍ സെന്‍കുമാര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കാറുമുണ്ട്. സിനിമകളിലൂടെ വളരെ പരസ്യമായി തന്നെ തന്റെയുള്ളിലെ ഹിന്ദുത്വ മനസ് തുറന്ന് കാട്ടിയിട്ടുണ്ട് പ്രിയദര്‍ശന്‍. ഫ്യൂഡലിസത്തോടും ജാതിമേല്‍ക്കോയ്മയോടും പ്രയദര്‍ശനുള്ള വിധേയത്വം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകും.
പറഞ്ഞു വന്നത് മാതാ അമൃതാനന്ദമയിയായാലും,ടി പി സെൻകുമാർ ആയാലും പ്രിയദർശൻ ആയാലും, അവർക്കു ഏതു രാഷ്ട്രീയ പാർട്ടിയോടും ഐക്യപ്പെടാനും, ജനാധിപത്യ രീതിയിൽ ഏതൊരു പ്രതിഷേധത്തിന്റെ ഭാഗം ആകാനും അവകാശമുണ്ട്. അതിൽ തർക്കമില്ല പക്ഷെ നിലവിൽ ഇക്കഴിഞ്ഞ ഹർത്താൽ ദിനങ്ങളിലെ പൊതുമുതൽ നശീകരണത്തിന് ഇവരുടെ പേരിൽ കേസെടുക്കണം. കണ്ണൂരിലും പാലക്കാടും ഇപ്പോഴും അവസാനിക്കാത്ത സംഘര്‍ഷങ്ങള് ചൂണ്ടിക്കാണിക്കുന്നത് ഒരർത്ഥത്തിൽ കലാപ സ്വഭാവമുള്ള ഒരു ഹർത്താൽ ആണ് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്തത് എന്നാണ്.
ഇവര്‍ക്കെതിരെ കേസുകൾ എടുത്താൽ മാത്രം പോരാ കോടതി നിഷ്കര്‍ഷിച്ചത് പോലെ പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഇവരിൽ നിന്ന് തന്നെ ഈടാക്കണം. ഒരു വൈകാരിക തള്ളിച്ചയിൽ തെരുവിൽ ഇറങ്ങിയ ഒരു കൂട്ടം ആക്രമകാരികളെ മാത്രം മുൻ നിർത്തി ഇക്കൂട്ടർ കളിക്കുന്ന പൊറാട്ടു നാടകം അവസാനിപ്പിക്കണം.
സംസ്ഥാനത്തെ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന പൊതുമേഖല സ്ഥാപനമാണ് കെ എസ് ആർ ടി സി ഇക്കഴിഞ്ഞ ദിവസങ്ങളിലെ അവരുടെ നഷ്ട്ടം ഏതാണ്ട് നാല് കോടി രൂപയാണ്. (മുടങ്ങിയ സർവീസുകളുടെ നഷ്ട്ടം വേറെയും) ശബരിമല കർമ്മ സമിതി എന്ന ഓമന പേരിട്ടു അയ്യപ്പസേവാ ആണ് ലക്‌ഷ്യം എന്ന് കള്ളം പറഞ്ഞു അണിയറയിൽ ആത്മീയമായ ആക്രമങ്ങൾ സംവിധാനം ചെയ്ത അമ്മയും, മുൻ പോലീസ് ഏമാനും , പ്രിയദർശൻ നായരും ചുളുവിൽ രക്ഷപ്പെട്ടു പോകാൻ അനുവദിച്ചു കൂടാ. ചെറു മീനുകൾക്ക് മാത്രം അല്ല വമ്പൻ സ്രാവുകൾക്കു മുന്നിലും വഴി മറന്നതല്ല ഇവിടത്തെ നിയമങ്ങൾ എന്ന് ഒരിക്കൽ കൂടി കേരളം തെളിയിക്കണം.
വനിതാമതില്‍ ചതിയാണെന്ന് തന്റെ അമ്മ പറഞ്ഞതായും എന്നാല്‍ അച്ഛന്‍ അത് വിശ്വസിച്ചില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി. പ്രമുഖ പത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുഷാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ എസ് എന്‍ ഡി പി യോഗത്തെ ചതിച്ചതാണെന്ന് പ്രീതി നടേശന്‍ പറഞ്ഞിരുന്നു എന്ന ചോദ്യത്തിനാണ് ഈ മറുപടി.
‘അതു വളരെ ശരിയാണ്. ജാതി സ്പര്‍ധക്കെതിരായ നവോത്ഥാനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് വനിതാ മതിലെന്നും ശബരിമലയുമായി ഒരു ബന്ധവുമില്ലെന്നുമാണ് അവസാന നിമിഷം വരെ മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം താന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന പ്രചരണം ശുദ്ധ അബദ്ധമാണെന്ന് തുഷാര്‍ വ്യക്തമാക്കി. അടുത്ത ദിവസം എന്‍ഡിഎ യോഗമുണ്ട്. 5 മുതല്‍ എട്ട് സീറ്റുകളില്‍ വരെ ബിഡിജെഎസ് മത്സരിക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാല് എംപിമാര്‍ എന്‍ഡിഎക്കുണ്ടാകും. അതിലൊരാള്‍ ബിഡിജെഎസിന്റേതായിരിക്കും. കേരളത്തിലെ ഏത് സീറ്റും തനിക്ക് എന്‍ഡിഎ നല്‍കുമെന്നും ശരിക്ക് പഠിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും തുഷാര്‍ പറയുന്നു. അതേസമയം കേരളത്തില്‍ ബിഡിജെഎസിന്റെയും എന്‍ഡിഎയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നതിനാല്‍ താന്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും ഇത്തവണ വിജയം ഉറപ്പാണെന്നും തുഷാര്‍ പറയുന്നു.
തനിക്ക് വാഗ്ദാനം ചെയ്ത സീറ്റ് വി മുരളീധരന് നല്‍കിയെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും തുഷാര്‍ പറഞ്ഞു. ഒരേസമയം തനിക്കും മുരളീധരനും സീറ്റ് നല്‍കാന്‍ മുന്നണിക്ക് സാധിക്കുമെന്നാണ് തുഷാര്‍ പറഞ്ഞത്. ശബരിമല കര്‍മ്മ സമിതിയില്‍ എല്ലാ വിഭാഗത്തിലുമുള്ള ഹിന്ദുക്കളുമുണ്ടെന്നും അതിന്റെ നേതാക്കളാരെന്ന് പോലും തനിക്കറിയില്ലെന്നും തുഷാര്‍ പറഞ്ഞു. ബിജെപിയും എന്‍ഡിഎയും അതുമായി സഹകരിക്കുന്നുണ്ട്. അത്രേയുള്ളൂ. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താതെ നിസാരമായി പരിഹരിക്കാവുന്ന പ്രശ്‌നം അങ്ങനെ പരിഹരിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്ക് ഇത്തരമൊരു പ്രശ്‌നമുണ്ടായാല്‍ അവര്‍ക്കൊപ്പവും എന്‍ഡിഎ ഉണ്ടാകുമെന്നും തുഷാര്‍ വ്യക്തമാക്കി.
താപനില പൂജ്യത്തിനും താഴെ തുടരുന്ന മൂന്നാറിൽ കനത്ത മഞ്ഞ് വീഴ്ച. മൂന്നാറിന്റെ കുളിരുതേടി നിരവധി സഞ്ചാരികളാണെത്തുന്നത്. പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വാവുകയാണ് ഈ മഞ്ഞുകാലം.
മഞ്ഞില്‍ ചവിട്ടാനും, കുളിരുതേടിയും വേറെയെവിടെയും പോകേണ്ടതില്ല. ഇടുക്കിയിലെ മിടുക്കിയായ മൂന്നാറിലേയ്ക്ക് വണ്ടികയറാം.

പുൽമേടുകളിലും തേയിലത്തോട്ടങ്ങളിലും മഞ്ഞ് പുതച്ച പ്രഭാതങ്ങള്‍ ഇവിടെയുണ്ട്. തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു. മൂന്നാറിലും വട്ടവടയിലും, കൊളുക്കുമലയിലും മീശപ്പുലിമലയിലുമെല്ലാം പൂജ്യത്തിന് താഴെയാണ് താപനില.
ഈ തണുപ്പിലേയ്ക്ക് സഞ്ചാരികളും എത്തിതുടങ്ങി. മൂന്നാറിലൊ, സൂര്യനെല്ലിയിലൊ, വട്ടവടയിലൊ താമസിച്ച്, അതിരാവിലെ മഞ്ഞ് പുതച്ച മണ്ണിലേയ്ക്കിറങ്ങാന്‍ കാഴ്ച്ചക്കാരുടെ തിരക്കാണിവിടെ.
പ്രളയകാലത്ത് പ്രതിസന്ധിയിലായ മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതിക്ഷ കൂടിയാണ് മഞ്ഞുകാലം.