നീതിക്കുവേണ്ടി തെരുവില്‍ വിലപിച്ച് കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്.
കൊച്ചി: നീതിക്കുവേണ്ടി തെരുവില്‍ വിലപിച്ച് കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്.
മൊഴി രേഖപ്പെടുത്തലല്ലാതെ കേസിൽ ഒന്നും നടക്കുന്നില്ല . സഭയും സർക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നു . നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് കന്യാസ്ത്രീകൾ വിശദമാക്കി.
സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പൊലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. പരാതിപ്പെട്ട കന്യാസ്ത്രീ മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.
സഭയും സര്‍ക്കാരും സംഭവത്തില്‍ നീതി പുലര്‍ത്തിയില്ല. ഇനിയുള്ള പ്രതീക്ഷ കോടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ സഭ ഒന്നു ചെയ്തില്ല. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീ പറഞ്ഞു.
കാലപ്പഴക്കത്താല്‍ തകര്‍ന്ന പോലീസ് സ്റ്റേഷൻ ലേലത്തിന്, പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ലേലത്തിനു മുൻപ് 10,000 രൂപ കെട്ടിവയ്ക്കണം. അതോടൊപ്പം സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ 22ന് വൈകിട്ട് അഞ്ചിനകം ആലപ്പുഴ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നല്‍കണം. ഇത്രയൊക്കെയാണ് പോലീസ് സേറ്റഷന്‍ സ്വന്തമാക്കാന്‍ ചെയ്യേണ്ടത്. എന്തായാലും ഇങ്ങനെയൊരു പോലീസ് സ്റ്റേഷൻ ലേലം എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.
കേരളത്തില്‍ ഇനിയുള്ള നാളുകള്‍ അത്ര സുഖകരമായിരിക്കില്ലെന്ന സൂചനകള്‍ തന്നെയാണ് ഭൗമശാസ്ത്ര വിദഗ്ധര്‍ നല്കുന്നത്. കൊടുംപ്രളയത്തിന്റെ ശേഷിപ്പുകള്‍ വിരല്‍ ചൂണ്ടുന്നത് കൊടുംവരള്‍ച്ചയാകും കേരളത്തില്‍ വരാനിരിക്കുന്നതെന്നാണ്.
മഹാപ്രളയത്തിനുശേഷം നദികളിലെ ജലനിരപ്പ് വലിയതോതില്‍ താഴ്ന്നു. പലയിടത്തും വേനല്‍ക്കാലത്ത് ഒഴുകിയിരുന്നതിനേക്കാള്‍ കുറവാണ് വെള്ളം. ഇടുക്കിയില്‍ മാത്രമല്ല പാലക്കാടും മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം ഈ പ്രതിഭാസം ദൃശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം വിദഗ്ധര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെല്ലാം ഒരേ നിഗമനത്തിലേക്കാണ് എത്തിച്ചേരുന്നത്. കൊടുംപ്രളയത്തിനുശേഷം കേരളം കൊടുംവരള്‍ച്ച നേരിടാന്‍ ഒരുങ്ങേണ്ടിയിരിക്കുന്നുവെന്ന്.
വാട്ടര്‍ ടേബിള്‍ എന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രതിഭാസം മുന്‍പ് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര ശാസ്ത്രഏജന്‍സികള്‍ പഠനം തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രതലത്തെ സംബന്ധിച്ച ഇരുന്നൂറിലേറെ ചോദ്യാവലികള്‍ മുഖേനയാണ് നാസ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ വിവരശേഖരണം നടത്തുന്നത്.
പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശക്തമായ കുത്തൊഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തിട്ടുണ്ട്. ജലത്തില്‍ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കായല്‍, നദി എന്നിവിടങ്ങളില്‍ വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കും. പുതിയതരം രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും ഭൗമഘടനയിലെ മാറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രളയക്കെടുതി നേരിട്ട ആറ് ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയുടേയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ 16,232 കിണറുകളില്‍ നിന്നുള്ള വെള്ളം ആദ്യഘട്ടമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും. ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഇതിലുള്‍പ്പെടും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ജലപരിശോധനയ്ക്കായുള്ള കിറ്റുകള്‍ നല്‍കുന്നത്. തദ്ദേശഭരണ വകുപ്പിന് കീഴിലെ പഞ്ചായത്ത്, മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട ജില്ലകളിലെ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ പരിശോധനയ്ക്കെത്തും. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വെബ്സൈറ്റിലും പരിശോധനാഫലം പ്രസിദ്ധീകരിക്കും. ഇതിനു പുറമേ അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും കിണറുകളുടെ ഉടമസ്ഥരെയും ഫലം അറിയിക്കും.
മുംബൈ: രൂപയുടെ മൂല്യതകര്‍ച്ച തുടരുന്നു. സര്‍വ്വകാല തകര്‍ച്ചയായി ഡോളറിന് 72 രൂപയും പിന്നിട്ടു. വ്യാപാര വേളയില്‍ ഒരു ഘട്ടത്തില്‍ 72.80 എന്ന നില വരെ എത്തിയിരുന്നു. തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത് അസംസ്‌കൃത എണ്ണവില വര്‍ധനവാണ്. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം 10 ശതമാനത്തിലധികം മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക് മൂല്യതകര്‍ച്ച ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം വിഷയത്തില്‍ റിസര്‍വ്വ് ബാങ്ക് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവ് പ്രധാനമായും ബാധിച്ചിരിക്കുന്ന ഇന്ത്യ, ഇന്തോനേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളെയാണ്. രൂപയോടപ്പം, ലീറ, റുപ്പ എന്നിവയുടെ മൂല്യവും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ തുടര്‍ച്ചയായി മൂല്യതകര്‍ച്ചയാണ് ഇന്ത്യന്‍ കറന്‍സി നേരിടുന്നത്. സര്‍ക്കാര്‍ തലത്തില്‍ തകര്‍ച്ച നേരിടാന്‍ സാമ്പത്തിക നീക്കങ്ങളൊന്നും നടത്തുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
യു.എസ്, ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ആശങ്കകളും തുര്‍ക്കി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില 78 ഡോളര്‍ കടന്നതും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകര്‍ പിന്‍മാറുന്നതും വിനിമയ നിരക്ക് ഇടിയാന്‍ കാരണമാകുന്നു. അമേരിക്കയുടെ സാമ്പത്തിക നീക്കങ്ങള്‍ ആഗോള നിക്ഷേപകരെ സ്വാധീനിക്കുന്നതായും ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രണയം, അത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും തോന്നുന്ന വികാരം എന്ന ‘ചട്ടക്കൂടി’ൽ നിന്നും പുറത്തു വരികയാണ്. അതിനപ്പുറമുള്ള പ്രണയങ്ങള്‍ നേരിട്ട അപഹാസങ്ങള്‍ ഇനി മതിയാക്കേണ്ടി വരും. സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ചരിത്ര വിധിയിലൂടെ മാറ്റിയെഴുതപ്പെടുന്നത് പ്രണയമെന്ന സുന്ദര തീക്ഷ്ണ വികാരത്തിന്റെ ചില ‘മുൻവിധി’കളാണ്. ഇനി ആർക്കും ആരെയും പ്രണയിക്കാം എന്നുവരുന്നു. അങ്ങനെയുള്ള പ്രണയത്തെ കുറ്റമെന്നുകണ്ട കണ്ണുകളെയാണ് ഈ വിധി തടയുന്നത്.
സ്വവർഗ്ഗരതി ഉൾപ്പെടെയുള്ള പ്രകൃതിവിരുദ്ധ രതി കുറ്റകരമാണെന്നാണ് ഇന്ത്യൻ നിയമ വ്യവസ്ഥയിലെ 377–ാം വകുപ്പിൽ പറഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് അവർ ഇന്ത്യന്‍ ജനതയ്ക്കുമേൽ പടച്ച പല നിയമങ്ങളിൽ ഒന്നാണ് ഇത്.
157 വർഷത്തെ ചരിത്രമാണ് ഇവിടെ തിരുത്തപ്പെട്ടത്. അത് രഹസ്യമാക്കി വയ്ക്കേണ്ടതോ അതിൽ പാപഭാരം ചുമക്കേണ്ടതോ ആയ ആവശ്യം ഇനി ഇന്ത്യയിലെ ജനതയ്ക്കില്ലെ്നന് ഈ വിധി പറയുന്നു
പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല. ഇത്തരം ലൈംഗികബന്ധം കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമം മുന്നൂറ്റി എഴുപത്തേഴാം വകുപ്പിലെ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. ഈ വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവും യുക്തിഹീനവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബഞ്ച് വിധിച്ചു. ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശം മൗലികാവകാശമാണെന്ന് ഉറപ്പിച്ചാണ് അഞ്ചംഗബഞ്ചിന്റെ ചരിത്രവിധി.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അഞ്ച് ജഡ്ജിമാര്‍. പരസ്പരപൂരകമായ നാല് വിധിന്യായങ്ങള്‍. ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികബന്ധത്തിന് നിയമസാധുത ലഭിച്ചു. ഒപ്പം ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണവും. സമൂഹം നിശ്ചയിക്കുന്ന സദാചാരത്തിന്റെ പേരില്‍ ഒരുവ്യക്തിയുടേയും മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞാണ് സുപ്രീംകോടതി ചരിത്രവിധി പ്രസ്താവിച്ചത്. ഇതിനുവിരുദ്ധമായ ഐപിസി മുന്നൂറ്റിഎഴുപത്തേഴാം വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമാണ്. താന്‍ എന്താണോ അത് പൂര്‍ണമായി വെളിപ്പെടുത്താന്‍ കഴിയുക എന്നത് പൗരന്റെ മൗലികാവകാശമാണെന്ന് കോടതി വിധിച്ചു.
അതേസമയം പരസ്പരസമ്മതമില്ലാത്ത സ്വവര്‍ഗരതിയും മറ്റ് പ്രകൃതിവിരുദ്ധലൈംഗികബന്ധങ്ങളും കുറ്റകരമായി തുടരും. ഭിന്നലൈംഗികസമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍ക്കും അര്‍ഹരാണെന്ന് ആവര്‍ത്തിച്ചുപറയുന്ന വിധിയില്‍ പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ സമൂഹം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടെ 2013 ലെ ഡിവിഷന്‍ ബഞ്ച് വിധി അപ്രസക്തമായി.
2009ലെ നാസ് ഫൗണ്ടേഷന്‍ വിധിയെ പിന്തുടര്‍ന്നാണ് സ്വവര്‍ഗരതി സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് മുന്നിലെത്തുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കോടതിമുറിക്കുളളില്‍ വലിയതോതില്‍ വിശകലനം ചെയ്തു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അടക്കം പ്രമുഖ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.
ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗബന്ധത്തിനാണ് നാസ് ഫൗണ്ടേഷന്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി 2009ല്‍ അംഗീകാരം നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുളള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധി ചരിത്രത്തിലിടം പിടിച്ചു. എന്നാല്‍, സുരേഷ് കുമാര്‍ കൗശല്‍ കേസില്‍ സ്വവര്‍ഗരതി കുറ്റകരമാണെന്ന് സുപ്രീംകോടതി രണ്ടംഗബെഞ്ച് വിധിച്ചത് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി.
ഇതോടെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പ് റദ്ദുചെയ്യണമെന്ന ആവശ്യത്തിന് ശക്തികൂടി. രാജ്യത്തെ കലാകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും വ്യവസായികളും ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. വകുപ്പ് ഭരണഘടനാവിരുദ്ധമാണെോയെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. വിക്ടോറിയന്‍ കാലത്തെ സദാചാരബോധത്തിന്‍റെ പ്രതിഫലനമാണ് മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പായി നിയമത്തിലെത്തിയതെന്ന് നര്‍ത്തകി നവ്തേജ് സിങ് ജോഹറിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു.
വകുപ്പ് റദ്ദാക്കുന്നത് പൊതുസമൂഹത്തില്‍ വിപ്ലവകരമായ ചലനമുണ്ടാക്കും. ലൈംഗിക ന്യൂനപക്ഷങ്ങളെ മനുഷ്യനായി കാണാനും, അവരുടെ ജീവിതം മെച്ചപ്പെടാനും വഴിയൊരുങ്ങുമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിലപാട് വ്യക്തമാക്കിയില്ല. കോടതിയുടെ തീരുമാനത്തിന് വിട്ടു. കോടതിക്ക് വകുപ്പ് റദ്ദാക്കാന്‍ അധികാരമില്ലെന്നും, പാര്‍ലമെന്‍റിന് മാത്രമെ കഴിയുകയുളളുവെന്നും എതിര്‍കക്ഷികള്‍ നിലപാടെടുത്തു.
നിരപരാധിയെ കുടുക്കാൻ യുവതിയും മറ്റൊരാളും ചേർന്ന് നടത്തിയ ശ്രമങ്ങൾ പൊലീസിന്റെ മിടുക്ക് കൊണ്ട് പൊളിച്ചടുക്കിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ ലോകത്തും ചർച്ച.
സംഭവിച്ചത് ഇങ്ങനെ: കഴിഞ്ഞ 31ന് വെളുപ്പിന് മൂന്നു പേർ തന്റെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചതായി കുളത്തൂർ സ്വദേശിനി പ്രീത (32) തുമ്പ പോലീസിലെത്തി പരാതി നൽകുന്നു. മർദനത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ഇവർ ചികിൽസ തേടിയതായും പരാതിയിൽ സൂചിപ്പിക്കുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പരാതിയിൽ പറഞ്ഞ സുരേഷ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
ഒടുവിൽ പൊലീസ് യുവതിയെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചു. അവിടെയാണ് കേസിന്റെ വഴിത്തിരിവ്. ആക്രമിച്ചു എന്ന പരാതി നൽകിയ യുവതിയ്ക്ക് സുരേഷിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് സംശയത്തിലായ പോലീസ് യുവതിയെക്കുറിച്ച് വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും നടത്തി. ഇതോടെ യുവതിയുടെ കള്ളത്തരം പുറത്തുവന്നു. മനപൂർവം നിരപരാധിയായ യുവാവിനെ കുടുക്കാൻ യുവതി കളിച്ച നാടകമായിരുന്നു ഇൗ കേസ്.
യുവതി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ സുബ്രഹ്മണ്യൻ പറഞ്ഞിട്ടാണ് യുവാവിനെതിെര വ്യാജ പരാതി നൽകിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ഇതിനായി ഇയാൾ പതിനായിരം രൂപ വാഗ്ദാനം ചെയ്തിരുന്നതായും ഇവർ പറയുന്നു. വീട്ടുടമസ്ഥനും സുരേഷും ബന്ധുക്കളാണ്. ഇവർ തമ്മിൽ വസ്തു തർക്കവുമായി ബന്ധപ്പെട്ട് അടിപിടി നടന്നിരുന്നു. ഈ വിരോധത്തിൽ സുരേഷിനെ കുടുക്കാനായിട്ടായിരുന്നു യുവതിയെ ഉപയോഗിച്ച് കള്ള പരാതി നൽകിയത്.
ഒടുവിൽ കള്ളപ്പരാതി നൽകിയതിന് യുവതിക്കെതിരെ തുമ്പ പോലീസ് കേസെടുത്തു. ഇതോടെ വീട്ടുടമയായ സുബ്രഹ്മണ്യൻ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ പരാതി നൽകാനെത്തിയ തന്നെ സ്റ്റേഷനിൽ തടഞ്ഞുവച്ച് പോലീസ് ക്രൂരമായി മർദിച്ചെന്ന് യുവതി വാദിക്കുന്നു. ഏതായാലും കൃത്യമായ ഇടപെടലിലൂടെ വാദി പ്രതിയുമായി ഒരു നിരപരാധിയെ രക്ഷിച്ച പൊലീസിന് സമൂഹമാധ്യമങ്ങളിൽ അഭിന്ദനപ്രവാഹമാണ്.
കൂട്ടുകാരന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയതിന്റെ ദുഃഖത്തിൽ മോഹനൻനായരുടെ മകൻ പ്രമോദിന്റെ കൂട്ടുകാർ. അനിൽകുമാർ ചെമ്പകപ്പിൽ, ശരത്ത് ശ്യംനിവാസ്, ശ്യാം ശ്യാംനിവാസ്, റജി ഐക്കുന്നം, സുജി വള്ളിത്തറ എന്നിവരുടെ ജീവൻ പണയം വച്ചുള്ള ശ്രമമാണു ഫലം കാണാതെ പോയത്. അപകടത്തെ കുറിച്ച് ഇവർ പറയുന്നതിങ്ങനെ: ശ്വാസ തടസ്സത്തെ തുടർന്നു മോഹനൻ നായരെ ചമ്പക്കുളം ആശുപത്രിയിൽ വൈകിട്ട് 4 ന് എത്തിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് വരുത്തി മോഹൻ നായരെ സ്ട്രെച്ചറിൽ കിടത്തി.
ഭാര്യ സരളമ്മയേയും ഒപ്പം ഇരുത്തി. മോഹനൻ നായരെ ആംബുലൻസിൽ കിടത്തിയ ഉടനെ വാഹനത്തിന്റെ ഡ്രൈവർ സീറ്റിനു പിറകിലിരുന്ന സിലിണ്ടറിൽ നിന്നു തീപടരുകയായിരുന്നു.108 ലെ നഴ്സായ സെയ്ഫുദീന്റെ സഹായത്തോടെ മോഹനൻ നായരെ വലിച്ചു പുറത്തേക്കിടാൻ ശ്രമിച്ചെങ്കിലും ആദ്യം സ്ട്രെച്ചർ ഉടക്കിനിന്നു. ഇൗസമയം കൊണ്ടു തലഭാഗത്തു തീപിടിച്ചു. ഇതിനിടെ നഴ്സിന്റെ കയ്യിലും തീപിടിച്ചിരുന്നു. 5 സെക്കൻഡിനുള്ളിൽ സ്ട്രെച്ചറുമായി പുറത്തേക്ക് ഓടി. ഇതിനിടയിൽ വൻ ശബ്ദത്തോടെ ആംബുലൻസ് പൊട്ടിത്തെറിച്ചു. അടുത്തു കണ്ട ഓട്ടോയിൽ എടത്വയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു ശ്രമിച്ചത്. ഇതിനിടയിൽ ചമ്പക്കുളത്ത് ആംബുലൻസിനു തീപിടിച്ചതറിഞ്ഞ് എടത്വയിൽ നിന്നു മറ്റൊരു 108 ആംബുലൻസ് വരുന്നതു കണ്ടു തായങ്കരിയിൽ വച്ചു തടഞ്ഞു നിർത്തി അതിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. പക്ഷെ മോഹനൻ നായരെ രക്ഷിക്കാനായില്ല.
ചമ്പക്കുളം ഗവ.ആശുപത്രിക്കു മുന്നിൽ ഇന്നലെ വൈകിട്ട് ഓക്സിജൻ സിലിണ്ടർ പൊട്ടിയുണ്ടായ ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നെടുമുടി നടുഭാഗം കൂലിപ്പുരയ്ക്കൽ ജോസി വർഗീസ് (32) പറഞ്ഞു. അപകടം നേരിൽക്കണ്ടവരിൽ ഒരാളാണു ജോബി. പനി ബാധിച്ച ഭാര്യയെ ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങാൻ ക്യൂവിൽ നിൽക്കുകയായിരുന്നു.
തൊട്ടടുത്ത് ഒരു ആംബുലൻസ് വന്നുനിന്നു. ഒരു രോഗിയെ അകത്തേക്കു കയറ്റിയപ്പോൾ കാതടപ്പിക്കുന്ന ശബ്ദത്തോടെ ആംബുലൻസിൽ നിന്നു തീ പടർന്നു. നാലുപാടും ഓടുന്നവരെയാണു പിന്നെ കണ്ടത്. ആശുപത്രിയുടെ മുൻഭാഗം കത്തിവീണതോടെ കെട്ടിടവും വീഴുമെന്നു ചിലർ വിളിച്ചുപറഞ്ഞു. ഞങ്ങൾ വന്ന ബൈക്ക് കത്തിച്ചാമ്പലായതിനാൽ അത് ഉപേക്ഷിച്ചു. വള്ളത്തിൽക്കയറി ഭാര്യയെ അക്കരെ ഇറക്കിയിട്ടു തിരികെ വരികയായിരുന്നു. ആശുപത്രിക്കു സമീപമുള്ള താമസക്കാർ വീടുകൾ ഉപേക്ഷിച്ചു പാലത്തിൽ കയറി ഓടുന്നതും കണ്ടു–ജോസി പറഞ്ഞു.
ആശുപത്രിയിലുണ്ടായ പതിനഞ്ചോളം രോഗികളും ഡോക്ടറും ജീവനക്കാരും ജീവൻ കയ്യിലെടുത്താണു നാലുപാടും ചിതറിയത്. ചിലർ ജീവനും കൊണ്ടു സമീപത്തുള്ള ആറ്റിലേക്കു ചാടി. കലക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ, ഡിവൈഎസ്പി പി.വി.ബേബി, ഡിഎംഒ സി.മുരളീധരൻപിള്ള, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, തഹസിൽദാർ ആന്റണി സ്കറിയ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം തുടങ്ങിയവർ സ്ഥലത്തെത്തി.
ആംബുലൻസിന്റെ മുൻ ഭാഗത്തു നിന്നുണ്ടായ പുകയാണു സ്ഫോടനത്തിനു കാരണമായതെന്ന് അഗ്നിരക്ഷാസേന അധികൃതർ. പുക ഉയർന്ന ഉടൻ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആംബുലൻസ് ചിതറി തെറിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.സ്ഫോടനം ഉണ്ടായ ഉടൻ സമീപത്തെ കാറിലും ഓട്ടോ ടാക്സിയിലും ഒരു സ്കൂട്ടറിലും ബൈക്കിലും തീ പടർന്നു പിടിച്ചു പൂർണമായും അഗ്നിക്കിരയായി. രണ്ട് ബൈക്കും ഓട്ടോ ടാക്സിയും ഭാഗികമായി കത്തി നശിച്ചു. എസി റോഡിലെ വെള്ളത്തിലൂടെ കടന്നുവന്ന ആംബുലൻസിൽ തീപ്പൊരിക്കു കാരണം ഷോർട് സർക്യൂട്ടാകാം.
ആലപ്പുഴയിൽ നിന്നു സ്റ്റേഷൻ ഓഫിസർ എം.എ.ജോണിച്ചന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയുടെ മൂന്നു യൂണിറ്റ് രണ്ടു മണിക്കൂറോളം പ്രവർത്തിച്ചു. ചങ്ങനാശേരിയിലെ അഗ്നിരക്ഷാ സേനയും എത്തി. ലീഡിങ് ഫയർമാൻമാരായ കെ.പത്‌മകുമാർ, തോമസ് ഡാനിയൽ, ഫയർമാൻമാരായ സതീഷ് കുമാർ, പി.വി.രഞ്ജിത്ത്, കെ.ആർ.രഞ്ജുമോൻ, വി.ഡി.ഉല്ലാസ്, എം.ജെ.അർജുൻ, വി.ആർ.ബിജു, അർജുൻ, ടി.പ്രജിഷ്, വി.ബിനീഷ് കുമാർ, ഡ്രൈവർമാരായ വി.പ്രവീൺ, വി.ആർ. സുനിമോൻ, കെ.സി.ശെൽവരാജ് എന്നിവരാണു രക്ഷാസംഘത്തിലുണ്ടായിരുന്നത്.
ആശുപത്രി പരിസരത്തു പാർക്ക് ചെയ്തിരുന്ന വാഹന ഉടമകൾ പൊട്ടിത്തെറിയിൽ പരിഭ്രാന്തരായി. സൗദിയിൽ നിന്നും അവധിക്കു നാട്ടിലെത്തിയ ചമ്പക്കുളം മുണ്ടകത്തിൽ മെൽസന്റെ കാർ പൊട്ടിത്തെറിയിൽ കത്തിയമർന്നു. കാറിൽ സൗദി ഇക്കാമ്മ, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡുകൾ ഉൾപ്പെടെയുള്ള രേഖകളും കത്തി നശിച്ചു.
ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ യുവ എന്‍ജിയറുടെ ആത്മഹത്യക്ക് പിന്നില്‍ ബ്ലുവെയില്‍ ഗെയിമെന്ന് സൂചന. 22കാരനായ ശേഷാദ്രിയെ ചൊവ്വാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ആത്മഹത്യയ്ക്ക് പ്രേരണയായത് ഇത്തരം പുസ്തകങ്ങളാണെന്നാണ് സൂചന.
ബ്ലുവെയില്‍ ചലഞ്ചിന് സമാനമായ രീതിയിലാണ് ആത്മഹത്യ നടന്നിരിക്കുന്നത്. മരണത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പുകളോ മറ്റു രേഖകളോ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷമെ എന്തെങ്കിലും പറയാന്‍ സാധിക്കുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോണ്ടിച്ചേരിയിലെ മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശേഷാദ്രി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനുള്ള ശ്രമങ്ങളിലാണ് പോലീസ്. സൈബര്‍ വിംഗിന്റെ സഹായത്തോടെ ഫോണ്‍ പരിശോധിക്കും. ബ്ലെവെയില്‍ ചലഞ്ചാണ് മരണത്തിന് പിന്നിലെങ്കില്‍ ഫോണ്‍ പരിശോധനയില്‍ ഇത് വ്യക്തമാകുമെന്നാണ് കരുതുന്നത്.
നേരത്തെ മറ്റൊരു കൊലയാളി ഗെയിമായ മൊമോ ചലഞ്ച് ബംഗാളില്‍ പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് യുവാക്കളുടെ ആത്മഹത്യ മൊമോ ചലഞ്ചുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ നടൻ മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം പാളി. തന്നെ ആർഎസ്എസ് പാളയത്തിൽ കെട്ടുന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നതിൽ പോലും താരം അസ്വസ്ഥനാണെന്ന സൂചനയാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. എന്നാല്‍, ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ മോഹന്‍ലാല്‍ ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടെന്നും വ്യക്തമല്ല.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരില്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്‍ ആരംഭിക്കുന്ന പാവപ്പെട്ടവര്‍ക്കായുള്ള കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കാനും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുമായി കഴിഞ്ഞ ദിവസം താരം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ ബിജെപിയിലേക്കെന്ന പ്രചരണം വന്നു തുടങ്ങിയത്.
അതേസമയം, സംഘപരിവാര്‍ നേതൃത്വം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ ഇക്കാര്യം ആർഎസ്എസ്-ബിജെപി നേതൃത്വം മോഹൻലാലുമായി സംസാരിച്ചിട്ടില്ല. മോഹന്‍ലാലിനോട് അടുപ്പമുള്ള ആര്‍എസ്എസ് നേതാക്കള്‍ വഴി ലാലിനെക്കൊണ്ട് സമ്മതിപ്പാക്കാനായിരുന്നു പരിവാര്‍ നീക്കം. ഈ നീക്കം തുടക്കത്തിൽ തന്നെ മോഹൻലാൽ നിരുത്സാഹപ്പെടുത്തിയെന്നാണ് വിവരം.
സിപിഎം നേതൃത്വത്തോട്, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എ.കെ.ബാലൻ തുടങ്ങിയവരോടൊക്കെ വളരെ നല്ല വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. കെപിസിസി നേതൃത്വവുമായും അദ്ദേഹത്തിന് ഊഷ്മള ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്കിറങ്ങി സൗഹൃദങ്ങൾ നഷ്ടപ്പെടുത്താൻ താത്പര്യമില്ലെന്നതാണ് മോഹൻലാലിന്‍റെ നിലപാട്.
മോഹൻലാലിനെ ആർഎസ്എസ് ക്യാന്പിൽ എത്തിക്കാനുള്ള നീക്കം ദേശീയ മാധ്യമങ്ങളിലടക്കം മുൻപ് വാർത്തയായിട്ടുണ്ട്. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും എന്ന രീതിയില്‍ ടൈംസ് നൗ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. നോട്ട് നിരോധനത്തെ പിന്തുണച്ച് താരം രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയെ അവിസ്മരണീയം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. സാമൂഹ്യപ്രവര്‍ത്തന രംഗത്തെ മോഹൻലാലിന്‍റെ പുതിയ സംരംഭങ്ങള്‍ വളരെ മികച്ചതും പ്രചോദനം നല്കുന്നതുമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
കേരളത്തില്‍ ആദ്യമായി സോയില്‍ സ്റ്റബിലൈസേഷൻ ആന്‍റ് റീ സൈക്ലിങ്ങ് എന്ന ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ റോഡ് നിർമ്മാണം പത്തനംതിട്ടജില്ലയിലെ അടൂരില്‍ തുടങ്ങി. പരീക്ഷണ അടിസ്ഥാനത്തില്‍ അഞ്ച് കിലോമീറ്റർ റോഡാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ നിർമ്മിക്കുന്നത്. പതിനഞ്ച് വർഷമാണ് റോഡിന്‍റെ ഗ്യാരന്‍റി കാലാവധി
ആനയടി കൂടല്‍ സംസ്ഥാന പാതയിലെ പള്ളിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട അഞ്ച് കിലോമീറ്റർ റോഡാണ് ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിക്ഷണ അടിസ്താനത്തില്‍ നവീകരിക്കുന്നത്. സാധാരണ റോഡ് നിർമാണ സമയത്ത് ഉണ്ടാകാറുള്ള പരിസ്ഥിത് പ്രശ്നങ്ങളും ഈ രീതി ഉപയോഗിക്കുമ്പോള്‍ കുറവാണ്.
നിലവിലെ റോഡിന്‍റെ മുകളിലേക്ക് സിമന്‍റും ജർമ്മന്‍ നിർമ്മിത സ്റ്റബിലൈസറും വിതറും ഇതിന് മുകളിലൂടെ പള്‍വനൈസർ എന്ന യന്ത്രം ഓടിച്ച് റോഡ് ഇളക്കി മറിക്കും മുകള്‍ ഭാഗം ഉറപ്പിച്ചതിന് ശേഷം സിമന്‍റ് ചേർത്ത പ്രത്യേക മ്ശ്രിതം ഉപയോഗിച്ച് ഉപരിതലം ബലപെടുത്തന്നുതോടെ റോഡ് നിമ്മാണം പീർത്തിയാകും.
ഇത്തരത്തില്‍ ഒരുകിലോമീറ്റർ റോഡ് നിർമ്മാണത്തിന് ചെലവ് ഒരുകോടി രൂപയാണ് അഞ്ച് കിലോമീറ്റർ റോഡ് പത്ത് ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് നിർമ്മാണ കമ്പനി പറയുന്നത്. കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ആനയടി കൂടല്‍ റോഡ് നവികരിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ മറ്റ് റോഡികളും ഇതേസാങ്കേതിക വിദ്യ ഉപയോഗിച്ച് നവികരിക്കും ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് റോഡ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.