ടിക് ടോക് ഇപ്പോള്‍ വലിയ തരംഗമായി മാറിക്കഴിഞ്ഞു. നടുറോഡില്‍ വാഹനഗതാഗതം സ്തംഭിപ്പിച്ച് നൃത്തം ചെയ്തും സാഹസികത കാട്ടിയുമാണ് യുവാക്കള്‍ ടിക് ടോക് ലഹരിയില്‍ വ്യത്യസ്ത പോസ്റ്റിടുന്നത്. ടിക് ടോക് വിഡിയോയ്ക്കായി കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നുമാണ് പത്ത് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ എടുത്തുചാടിയിരിക്കുന്നത്. തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം. ഇവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. സംഭവത്തിന്റെ വിഡിയോയും വൈറലായിട്ടുണ്ട്.

കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിന് മുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്. പാലത്തിന് കൈവരിയില്‍ കയറി നിന്ന ശേഷം താഴേക്ക് ചാടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ വെളളത്തില്‍ മുങ്ങിത്താഴുന്നത് മുകളില്‍ നിന്നവര്‍ കണ്ട് ബഹളം വച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി എത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന വിഡിയോ ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്.

നേരത്തേ ഇതേ പാലത്തില്‍ നിന്നും ചില യുവാക്കള്‍ വെളളത്തിലേക്ക് ചാടുന്ന വിഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ അതിര് കടന്ന സാഹസിക പ്രകടനം.
ടിക് ടോക് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട്; ഫാൽക്കൺ പോസ്റ്റ്